Follow Us On

15

July

2020

Wednesday

സഹോദരങ്ങളുടെ ബലി

സഹോദരങ്ങളുടെ ബലി

”കര്‍ത്താവ് കായേനോടു ചോദിച്ചു: നീ കോപിച്ചിരിക്കുന്നതെന്തുകൊണ്ട്? നിന്റെ മുഖം വാടിയിരിക്കുന്നതെന്തുകൊണ്ട്? ഉചിതമായി പ്രവര്‍ത്തിച്ചാല്‍ നീയും സ്വീകാര്യനാവുകയില്ലേ? നല്ലതു ചെയ്യുന്നില്ലെങ്കില്‍ പാപം വാതില്‍ക്കല്‍ത്തന്നെ പതിയിരിപ്പുണ്ടെന്ന് ഓര്‍ക്കണം” (ഉല്‍. 4:6-7).

മനുഷ്യന്‍ ദൈവത്തിനര്‍പ്പിക്കുന്ന ആദ്യബലിയാണ് കായേന്റെയും ആബേലിന്റെയും ബലി. സഹോദരങ്ങള്‍ അവരുടെ ജീവിതമാര്‍ഗത്തിന്റെ ഒരോഹരി ദൈവത്തിന് നല്‍കുന്നു. ഒരാള്‍ക്ക് ഒരു പുഷ്പം നല്‍കുമ്പോള്‍ പുഷ്പത്തിന്റെ വലുപ്പമല്ല, നല്‍കുന്നവന്റെ വലുപ്പമാണ് പ്രധാനം. സ്‌നേഹം സമര്‍പ്പണമാക്കാന്‍ ചിലതു നല്‍കണം. ചങ്ക് പറിച്ചു നല്‍കാനാവാത്തതുകൊണ്ട് കടുത്ത സ്‌നേഹത്തില്‍ ചങ്കിലെ ചോരയുടെ നിറമുള്ള പുഷ്പം നല്‍കുന്നു. സ്‌നേഹം പ്രകടമാക്കാനുള്ള വഴികളില്‍ ചിലതാണ് ബലിയും ദാനവുമൊക്കെ.

കൃഷിക്കാരനായ കായേന്‍ അയാളുടെ വിളവില്‍ ഒരു ഭാഗം കാഴ്ചയായി വച്ചു. ആട്ടിടയനായ ആബേല്‍ ആട്ടിന്‍കൂട്ടത്തിലെ കടിഞ്ഞൂല്‍ക്കുഞ്ഞിനെയെടുത്ത് ബലിയ്ക്കായി അര്‍പ്പിച്ചു. തീര്‍ച്ചയായും നമ്മുടെ വരുമാന മാര്‍ഗങ്ങളില്‍ ചിലതുതന്നെയാണ് നാം അവിടുത്തേക്ക് അര്‍പ്പിക്കേണ്ടത്. കായേലില്‍ പ്രസാദിച്ചില്ല, ആബേലിലും അവന്റെ കാഴ്ചവസ്തുക്കളിലും പ്രസാദിച്ചു.

ഭൂമിയില്‍ നാം നടത്തുന്ന ഒരുപിടി സമര്‍പ്പണങ്ങളില്‍ ചിലത് സ്വീകരിക്കപ്പെടാനും മറ്റുചിലത് തിരസ്‌കൃതമാകാനും കാരണമെന്താണ്? പരിപൂര്‍ണനായ ദൈവത്തിന് മനുഷ്യന്റെ കാഴ്ചവസ്തുക്കളെ നോക്കി ഒരാളെ സ്വീകരിക്കാനും തിരസ്‌ക്കരിക്കാനുമാവില്ല. കാഴ്ചയ്ക്കപ്പുറമുള്ള ചിലതില്‍ ദൈവം കണ്ണു വച്ചിരിക്കുന്നു. അതെന്താണെന്ന് നാം അന്വേഷിക്കണം. അവര്‍ സമര്‍പ്പിച്ച വസ്തുക്കളില്‍ മേന്മയേറിയത് നോക്കിയല്ല ദൈവം ഒന്നിന്റെമേല്‍ കനിഞ്ഞതും മറ്റൊന്ന് തിരസ്‌കരിച്ചതും.

ഒന്ന്: ബലിയര്‍പ്പകന്റെ ഉദ്ദേശശുദ്ധി പ്രധാനമാണ്. ദുഷ്ടന്റെ ബലി വെളുപ്പുളവാക്കുകയും ദുരുദ്ദേശ്യത്തോടെ സമര്‍പ്പിക്കുമ്പോള്‍ ദൈവമത് വെറുക്കുകയും ചെയ്യുന്നു (സുഭാ. 21:27). ബലിവസ്തുവിനെക്കാള്‍ ബലിയര്‍പ്പകന്റെ അന്തഃകരണത്തെ ദൈവം പരിശോധിക്കുന്നു. കായേലിന്റെ ഉദ്ദേശ്യശുദ്ധി വെളിവാകുന്നത് ബലിക്കുശേഷമാണ്. കണ്ടുനിന്നവര്‍ക്ക് ഒരു വ്യത്യാസവും അര്‍പ്പണസമയത്ത് തോന്നിയിരുന്നില്ല.

സഹോദരനായ ആബേലിനെ കൊല്ലാന്‍പോലുമുള്ള നീരസത്തിലാണ് ആ ബലി നടത്തിയത് എന്ന് നാമറിയുമ്പോള്‍, ഒരു കാര്യം വ്യക്തം. മനുഷ്യദൃഷ്ടിയില്‍ ഏറ്റവും ശ്രേഷ്ഠമായതുപോലും ദൈവത്തിന്റെ പ്രസാദത്തെ വിളിച്ചു വരുത്തില്ല. നിങ്ങള്‍ എന്തു ഉദ്ദേശ്യത്തോടുകൂടെയാണ് ബലിവേദിയെ സമീപിക്കുന്നത്. അടക്കിപ്പിടിച്ച കോപത്തിനിടയില്‍ പുഞ്ചിരിയും വാടിപ്പോയ ഹൃദയത്തെ മറച്ചുപിടിച്ച് ചേഷ്ടകള്‍ കാണിച്ചുമാണോ നിങ്ങള്‍ ബലിയെ സമീപിക്കുന്നത്. ബലിവസ്തുവില്‍ പ്രസാദിക്കുന്നതിനുമുമ്പേ ബലിയര്‍പ്പകനില്‍ അവന്‍ പ്രസാദിക്കണം.

കലഹത്തിലായിരിക്കുന്ന ഒരുവന്‍ സമ്മാനപ്പൊതി വച്ചുനീട്ടുമ്പോള്‍ ഉദ്ദേശ്യശുദ്ധിയെ നിങ്ങള്‍ സംശയിക്കാതിരിക്കുമോ? ബലിയര്‍പ്പിക്കുന്നവനാണ് മുഖ്യം.
അന്നൊരിക്കല്‍ ജറുസലെം ദൈവാലയത്തിലേക്ക് ഒരു കുഞ്ഞാടിനെ സമര്‍പ്പിക്കാന്‍ എത്തിയതായിരുന്നു ആ മനുഷ്യന്‍. ഇതള്‍ കൊഴിഞ്ഞ പുഷ്പങ്ങളോ പുഴുക്കുത്തേറ്റ ഇലകളോ ചിറകൊടിഞ്ഞ അരിപ്രാക്കളോ ഒനനും ദൈവത്തിന് സ്വീകാര്യമല്ലെന്ന ബലിസങ്കല്‍പത്തില്‍ കഴിഞ്ഞ കാലം. കറതീര്‍ന്ന കുഞ്ഞാടിനെ നോക്കി പുരോഹിതന്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഒരു കാല്‍ ഒടിഞ്ഞ കുഞ്ഞാടായിരുന്നു അന്നൊരാള്‍ സമര്‍പ്പിച്ചത്.

ആ ആടിനെ അവര്‍ ദൈവാലയത്തിന്റെ പുറത്തേക്ക് വലിച്ചെറിഞ്ഞു. പൂര്‍ണതയില്ലാത്ത ആടിനെ എങ്ങനെ പൂര്‍ണനായ ദൈവത്തിന് ബലിയര്‍പ്പിക്കും. എതിര്‍ വശത്തുകൂടെ നടന്നുവരുന്നവന്‍ നല്ലിടയനായ ക്രിസ്തു. ആ ആടിനെ വാരിയെടുത്ത് തോളിലേറ്റി മുന്നോട്ടുനീങ്ങി. അര്‍പ്പിച്ചവനെയും ചേര്‍ത്തുപിടിച്ചു. ബലിവസ്തു ബലിയര്‍പ്പകന്റെ ആത്മാവിന്റെ ബിംബമാകണം. ബലിയര്‍പ്പകന്‍ ശുദ്ധിയില്ലാത്തവനും ബലിവസ്തു പവിത്രമായതുകൊണ്ട് നിങ്ങളില്‍ ദൈവം പ്രസാദിക്കുമെന്ന് ചിന്തിച്ചാല്‍ നിങ്ങളും കായേലാകും.

രണ്ട്: വിശ്വാസം മൂലമാണ് ആബേലിന്റെ ബലി കായേലിനെക്കാള്‍ ശ്രേഷ്ഠമായതെന്ന് പുതിയ നിയമം (ഹെബ്രാ. 11:4). എന്തുകൊണ്ട് ഒരാളുടെ ബലി മറ്റൊരാളുടേതിനെക്കാള്‍ സ്വീകാര്യമായി മാറിയെന്ന് ആദിമ ക്രിസ്ത്യാനികളും ചോദിച്ചു. അവിടെയാണവര്‍ വിശ്വാസത്തിന്റെ തലം പരിശോധിച്ചത്. കാഴ്ചയാലല്ല, വിശ്വാസത്താലാണ് നാം ജീവിക്കുന്നത് (2 കോറി. 5:7). കായേലിന്റെ വിളവുകള്‍ മനോഹരമായിരുന്നു. ആവശ്യത്തിന് സംരക്ഷണവും അധ്വാനവും എല്ലാം അതിന്റെ പുറകിലുണ്ട്.

നിങ്ങളുടെ സമര്‍പ്പണങ്ങളെ ദൈവം അംഗീകരിക്കുന്നത് അര്‍പ്പിക്കുന്ന വസ്തുവിന്റെ മേന്മയിലോ അതിനായി നിങ്ങള്‍ ചെയ്യുന്ന അധ്വാനത്തിലോ അല്ല, മറിച്ച് നിങ്ങളര്‍പ്പിക്കുന്ന വിനീതമായ വിശ്വാസത്തിലാണ്. സഹോദരനെ കൊല്ലുന്ന കായേലിന്റെമേല്‍ ദൈവശിക്ഷയുടെ വചനങ്ങള്‍ പെയ്തിറങ്ങുമ്പോള്‍ അവനാകെ ഉഴലുന്നത് കാണുക. നിരാശയിലേക്ക് എളുപ്പം കൂപ്പുകുത്തിപ്പോകുന്ന കായേലിനെ ദൈവംതന്നെയാണ് തിരിച്ച് ജീവിതത്തിന്റെ നേര്‍വഴിയിലേക്ക് നയിക്കുന്നത്.

എല്ലാവരും എന്നെ കൊല്ലാന്‍ ശ്രമിക്കുന്നു, ദൈവത്തില്‍നിന്നുപോലും ഞാന്‍ ഓടിയൊളിക്കണം എന്നു പറഞ്ഞു നിലവിളിക്കുമ്പോള്‍, കൊലയാളിയായ കായേലിന് സംരക്ഷണം നല്‍കാം എന്ന് പറയുന്ന ദൈവത്തെ ബൈബിള്‍ പരിചയപ്പെടുത്തുമ്പോള്‍, ഈ ബലി സത്യത്തില്‍ രണ്ടു സഹോദരങ്ങളുടെയല്ല ദൈവത്തിന്റേതുതന്നെയെന്ന് പറയാനല്ലേ നമുക്ക് കഴിയൂ. അതെ, ബലിയര്‍പ്പകന്റെ ഹൃദയത്തെ ശുദ്ധി ചെയ്യുന്ന ദൈവംതന്നെയാണ് യഥാര്‍ത്ഥ ബലി നടത്തുന്നത്.

മൂന്ന്: ആദരവില്ലാതെ ബലിയര്‍പ്പിക്കുമ്പോള്‍ നിങ്ങള്‍ക്കൊന്നും ബലിയില്‍നിന്നും പ്രതീക്ഷിക്കാനില്ല (പ്രഭാ. 34:23). ദൈവപ്രസാദവും പാപമോചനവും പ്രതീക്ഷിച്ചാണ് ഓരോ കാഴ്ചയും അര്‍പ്പിക്കുന്നത്. അത് ആദരവില്ലാതെ അര്‍പ്പിച്ചാലോ? ഓരോ ബലിയിലും കൊടുക്കുന്നത് നമ്മുടെ മനസാണ്. സ്‌നേഹത്തില്‍ നല്‍കുന്ന മനസ്. സ്‌നേഹമില്ലാതെ ദൈവത്തെ ആദരിക്കാനാവില്ല. ആദരിക്കാതെ ബലി നല്‍കാനുമാകില്ല.

കായേലിന്റെ ആദരവ് ദൈവത്തോടായിരുന്നെങ്കില്‍ ദൈവത്തിന്റെ തീരുമാനത്തിന് അവന്‍ വിധേയമാകുമായിരുന്നില്ലേ. കോപിച്ച്, സഹോദരനെ ബലി ചെയ്യുമ്പോള്‍ ആദരവല്ല, അസൂയയാണ് ബലിയുടെ അടിസ്ഥാനം. മത്സരിച്ച് നിങ്ങള്‍ക്ക് ഓടാം. പക്ഷേ, ദൈവപ്രീതി നേടാനാകില്ല. അതവിടുത്തെ തീരുമാനമല്ലേ. നല്ലതു ചെയ്തില്ലെങ്കില്‍ പാപം വാതില്‍ക്കല്‍ കാത്തിരിപ്പുണ്ടെന്നും അതിന്റെ വശ്യതയില്‍ വീഴുമെന്നും ദൈവം പറഞ്ഞിട്ടും കായേലത് അവഗണിച്ചു. അസൂയമൂലം മരണം ലോകത്തില്‍ പ്രവേശിച്ചു (പ്രഭാ. 2:24). അതിന്റെ പിന്തുടര്‍ച്ചയില്‍ കായേലും വീണു.

വിശുദ്ധ ജോണ്‍ മരിയ വിയാനി പറയുന്നു: ‘നമുക്കു തുല്യരായവരെ നാം വെറുക്കുന്നു. കാരണം, അവര്‍ തുല്യരാണ്. നമുക്ക് താഴെയുള്ളവരെ വെറുക്കുന്നു, നമുക്കു തുല്യരാകുമോ എന്ന ഭയത്താലാണത്. നമുക്ക് മുകളിലുള്ളവരെ വെറുക്കുന്നു, കാരണം അവര്‍ നമ്മുടെ മുകളിലാണ്. പിശാചിനെന്നും ദൈവമക്കളെ അസൂയയോടെ നോക്കാനേ കഴിയൂ. മറ്റുള്ളവരുടെ ആത്മീയവും ഭൗതികവുമായ വളര്‍ച്ചയില്‍ ദുഃഖം തോന്നാന്‍ കാരണം നിങ്ങളുടെ അസൂയയാണ്.

പ്രാര്‍ത്ഥന: ബലിവസ്തുക്കളെക്കാള്‍ എന്റെ ഹൃദയത്തിന്റെ വിശുദ്ധിയെ ചേര്‍ത്തുപിടിച്ച് നിന്നെ ആരാധിക്കാന്‍, ദൈവമേ എനിക്ക് കൃപ തരണമേ.

റവ.ഡോ റോയി പാലാട്ടി സി.എം.ഐ

******************************************

ഓഡിയോ വേർഷൺ:

Related Posts

Don’t want to skip an update or a post?