Follow Us On

22

July

2019

Monday

മലയാളികളുടെ പ്രാർത്ഥനാജീവിതം മാതൃകാപരം: ഓസ്‌ട്രേലിയൻ ബിഷപ്പ്

മലയാളികളുടെ പ്രാർത്ഥനാജീവിതം മാതൃകാപരം: ഓസ്‌ട്രേലിയൻ ബിഷപ്പ്

മലയാളികളുടെ പ്രാർത്ഥനാജീവിതം, ക്രൈസ്തവ സാക്ഷ്യം, കൂട്ടായ്മ, സഭാസ്‌നേഹം എന്നിവ മാതൃകാപരമാണെന്ന് ഓസ്‌ട്രേലിയയിലെ സെയിൽ രൂപതാ ബിഷപ്പ് ഡോ. പാട്രിക് ഒ’ റിഗാൻ. സെയിൽ രൂപതയ്ക്കായി വൈദിക പരിശീലനം പൂർത്തിയാക്കിയ തലശേരി അതിരൂപതാംഗം ഫാ. ആന്റണി കണയിങ്കലിന്റെ പൗരോഹിത്യ സ്വീകരണ തിരുക്കർമങ്ങളിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം സൺഡേ ശാലോമിനോട് സംസാരിക്കവേയാണ്, ഓസ്‌ട്രേലിയയിലെ മലയാളി സമൂഹത്തെക്കുറിച്ച് വാചാലനായത്.

‘മലയാളികളുടെ പ്രാർത്ഥനാ രീതികൾ അനുകരണീയമാണ്. കുടുംബാംഗങ്ങൾ ഒന്നിച്ചുള്ള പ്രാർത്ഥന, സന്ധ്യാസമയങ്ങളിലെ ജപമാല, വിശുദ്ധരോടുള്ള ഭക്തി തുടങ്ങിയവയെല്ലാംഅനുകരണീയ മാതൃകകൾതന്നെ. സീറോ മലബാർ സഭയിൽ നിന്നുള്ള മിഷനറിമാരുടെ സേവനവും ശ്രദ്ധേയമാണ്. മലയാളികളുടെ രൂപതാ, ഇടവക പ്രവർത്തനങ്ങളെയും ദൈവവിളികളെയും മിഷനറിമാരെയും ഓസ്‌ട്രേലിയൻ സഭ വലിയ താൽപ്പര്യത്തോടെയാണ് കാണുന്നത്,’ അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽനിന്നുള്ള വിശിഷ്യാ, സീറോ മലബാർ രൂപതകളിൽനിന്നുള്ള നിരവധി വൈദിക വിദ്യാർത്ഥികൾ സെയിൽ രൂപതക്കായി പരിശീലനം നടത്തുന്നുണ്ട്. മലയാളി വൈദികരുടെയും സമർപ്പിതരുടെയും സേവനം വിലമതിക്കാനാവാത്തതാണ്. തദ്ദേശീയ സഭാശുശ്രൂഷകരുമായി സഹവർത്തിത്വത്തിലും സ്‌നേഹത്തിലുമാണവർ കഴിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓസ്‌ട്രേലിയയിലെ വിക്‌ടോറിയ സ്റ്റേറ്റിലുള്ള സെയിൽ രൂപതയുടെ ഏഴാമത്തെ ബിഷപ്പാണ് 51 വയസുകാരൻ ഡോ. പാട്രിക്. 1983ൽ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം 2015ലാണ് ബിഷപ്പായി അഭിഷിക്തനായത്. ഓസ്‌ട്രേലിയയിലെ മലയാളി കത്തോലിക്കരുടെ വിശ്വാസതീക്ഷ്ണത സാക്ഷ്യപ്പെടുത്തുന്നതിനൊപ്പം ഓസ്ട്രേലിയയിലെ സഭയുടെ സാധ്യതകളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും അദ്ദേഹം സൺഡേ ശാലോമിനോട് പങ്കുവെച്ചു.

മുൻഗണന യുവജനങ്ങൾക്ക്

കുടുംബത്തകർച്ചകൾ ഒഴിവാക്കാനും കുടുംബങ്ങളുടെ അടിത്തറ ബലപ്പെടുത്താനുമുള്ള ശ്രമങ്ങളിലാണ് ഓസ്‌ട്രേലിയൻ സഭ. കുടുംബബന്ധങ്ങൾ ശിഥിലമാകാതിരിക്കാൻ ഇടവകതലത്തിൽ ശ്രമിക്കുന്നുണ്ട്. യുവജനങ്ങളെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. അതിനാൽത്തന്നെ യുവജനങ്ങളെ സഭയുമായി ചേർത്തു നിർത്തുന്നതിൽ ബദ്ധശ്രദ്ധമാണ് സഭാ നേതൃത്വം.

പോയവർ തിരിച്ചെത്തും, സംശയമില്ല

വിശ്വാസികളിൽ തന്നെ ഒരു വിഭാഗംവിശ്വാസത്തോട് ചേർന്നുനിൽക്കാൻ മടിക്കുകയാണ്. ദൈവാശ്രയമില്ലാത്തവരാണ് മറ്റൊരു വിഭാഗം. സഭാവിശ്വാസം ആവശ്യമില്ലാത്തതാണെന്ന ചിന്തയാണ് അവരെ നയിക്കുന്നത്. സഭാപ്രവർത്തനങ്ങളിൽ അവർ നിഷേധാത്മക നിലപാടെടുക്കുന്നു. അങ്ങനെ വിപരീത ഘടകങ്ങൾ ഉണ്ടെങ്കിലും അതിനെയെല്ലാം വിശ്വാസത്തിൽ മറികടക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസമാണ് ഞങ്ങളെ നയിക്കുന്നത്. അകന്നുപോയവർ യഥാർത്ഥ്യം തിരിച്ചറിയുമ്പോൾ തിരിച്ചെത്തുമെന്നതിൽ അൽപ്പംപോലും സംശയമില്ല.

വിദൂരമല്ല ഉണർവിന്റെ കാലം

2020ൽ കത്തോലിക്ക സഭ ഓസ്‌ട്രേലിയൻ പ്ലീനറി കൗൺസിൽ ചേരുകയാണ്. സഭയെ ശക്തിപ്പെടുത്താൻ ഈ കൗൺസിൽ സഹായിക്കും. ഓസ്‌ട്രേലിയയിലെ കത്തോലിക്കാ സഭയുടെ എല്ലാ വിഭാഗങ്ങളെയും മുഖ്യധാരയിൽ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. പ്ലീനറി കൗൺസിൽ സമ്മേളനം ഇതിന്റെ ഭാഗമാണ്. രാജ്യത്തെ മുഴുവൻ ബിഷപ്പുമാരും സന്യാസസഭാ സുപ്പീരിയർമാരുംഅൽമായ പ്രതിനിധികളും കൗൺസിലിൽ പങ്കെടുക്കും. 70 വർഷത്തിനുശേഷമാണ് ഇത്തരത്തിൽ പ്ലീനറി കൗൺസിൽ സമ്മേളിക്കുന്നത്.

തയാറാക്കിയത്: മാത്യു പ്ലാത്തോട്ടം

**********************

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?