Follow Us On

08

July

2020

Wednesday

വീണവന്റെ സുവിശേഷം

വീണവന്റെ സുവിശേഷം

”പത്രോസ് അവനെ മാറ്റിനിര്‍ത്തി തടസം പറയാന്‍ തുടങ്ങി: ദൈവം ഇത് അനുവദിക്കാതിരിക്കട്ടെ. കര്‍ത്താവേ, ഇതൊരിക്കലും നിനക്ക് സംഭവിക്കാതിരിക്കട്ടെ” (മത്താ. 16:22).

ദൈവത്തില്‍നിന്നും സ്വീകരിക്കുന്നതിനുപകരം അവിടുത്തെ പഠിപ്പിക്കാന്‍ തുടങ്ങുന്നവരിലൊക്കെ തുടര്‍ച്ചയുടെ കാലടികള്‍ നിങ്ങള്‍ക്കു കേള്‍ക്കാം. ദൈവം എന്തു ചെയ്യണമെന്നും എന്തു ചെയ്യരുതെന്നും മനുഷ്യന്‍ നിര്‍ദേശിക്കാന്‍ തുടങ്ങുന്നു. കുറെക്കൂടി ദൈവത്തെ ദൈവമാക്കാനുള്ള പരിശ്രമമാണ് അവരുടേത്. അത്തരം വീഴ്ചയില്‍ പെട്ടുപോകുന്ന ഒരുപിടി മനുഷ്യരുടെ പ്രതിനിധിയാണ് പത്രോസ്.

അവന്റെ വീഴ്ചയുടെ മൂന്നു കാരണങ്ങള്‍ നമുക്ക് കാണാം: ഒന്ന്, അധികമായ സ്വയാശ്രയത്വം. രണ്ട്, മനുഷ്യപ്രീതി തേടല്‍. മൂന്ന്, ചിന്തിക്കാതെയുള്ള സംസാരം.
യേശുവും പത്രോസും തമ്മിലുള്ള സംഭാഷണങ്ങള്‍ ശ്രദ്ധിക്കുക. ശിഷ്യരുടെ പാദം കഴുകുന്നിടം. തീര്‍ച്ചയായും ഗുരു-ശിഷ്യ ബന്ധത്തിന്റെ പവിത്രത അറിയുന്നവര്‍ക്ക് പത്രോസിന്റെ വാക്കുകളില്‍ വിഷമം തോന്നില്ല.

ശിഷ്യന്റെ പാദം ഗുരു കഴുകുന്നതെങ്ങനെ? കേസറിയാ ഫിലിപ്പിയില്‍വച്ച് തന്റെ പീഡാസഹനത്തെക്കുറിച്ച് യേശു മുന്‍കൂട്ടി പ്രവചിച്ചപ്പോള്‍ പത്രോസ് പ്രകടിപ്പിച്ച എതിര്‍പ്പുംകൂടി കൂട്ടിവായിക്കുമ്പോഴേ ഇതിനര്‍ത്ഥം പൂര്‍ണമായും പിടികിട്ടൂ. ചരിത്രത്തിലുടനീളം ക്രിസ്തുവിനോട് പറഞ്ഞുകൊണ്ടിരിക്കുന്നതുതന്നെയാണ് പത്രോസും പറയുന്നത്. നീ ജയശാലിയാണ്; നീ ശക്തിമാനാണ്; നീ നിന്നെത്തന്നെ താഴ്ത്തുകയോ എളിമപ്പെടുത്തുകയോ ചെയ്യരുത്!

ക്രിസ്തു പറയുന്നതാകട്ടെ ഇതിന്റെനേരെ വിപരീതവും: ഒരു സാധാരണ ഗുരുവല്ല ഞാന്‍, ഒരു സാധാരണ രാജ്യമല്ല എന്റേത്. തന്നെത്തന്നെ താഴ്ത്തി വേണം ഉയരാന്‍. പത്രോസേ, ഒരു സാധാരണ കൂട്ടായ്മയിലേക്കല്ല നിന്നെ വിളിച്ചിരിക്കുന്നത്. ഒരു സാധാരണ ശിഷ്യത്വവുമല്ലിത്. മരിക്കാനുള്ള വിളിയാണിത്!
പീഡനങ്ങളെക്കുറിച്ച് പറയുമ്പോള്‍ എത്രയോ ശക്തിയോടെയാണവന്‍ പറയുന്നത്.

‘ആരൊക്കെ ഉപേക്ഷിച്ചാലും ഞാന്‍ നിനക്കൊപ്പമുണ്ടാകും’ (മത്താ. 26:31). നിനക്കായി മരിക്കാനും ഞാന്‍ തയാറാണ് (യോഹ. 13:37). ശരിയാണ്, ഒലിവുമലയില്‍ ക്രിസ്തു അറസ്റ്റു ധരിക്കുമ്പോള്‍ അവനുണ്ട്. രക്തസാക്ഷിത്വം സാഹസികമായിട്ടാണ് അവനെടുത്തത്. സാഹസികനേട്ടമല്ലിത്. ക്രിസ്തുവിനൊപ്പം സഹിക്കാനുള്ള വരദാനമാണ് (ബെനഡിക്ട് പതിനാറാമന്‍ പാപ്പ). വീരപ്രവൃത്തിയിലൂടെ ക്രിസ്തുശിഷ്യനാകാന്‍ കഴിയില്ല, വിനയത്തിലൂടെ മാത്രമേ കഴിയൂ. ഇതൊരു തിരഞ്ഞെടുപ്പാണ്.

ഉന്നതമായ ദൈവാനുഭവത്തിനുശേഷം ഒരു പരീക്ഷ കാത്തിരിപ്പുണ്ട്, എല്ലാവര്‍ക്കും. മാമോദീസയ്ക്കുശേഷമാണ് ക്രിസ്തുവിന്റെ പരീക്ഷ. അന്ത്യാത്താഴത്തിനുശേഷം പത്രോസിന്റേതും. ക്രിസ്തുവിനെ പിടിച്ചുകൊണ്ടുപോയ സമയം മുതല്‍ പത്രോസ് മനുഷ്യരെ ഭയക്കാന്‍ തുടങ്ങി. അവരുടെ അപ്രീതി അവനെ വിഷമിപ്പിക്കുന്നു. ക്രിസ്തുവിനൊപ്പം യാത്ര ചെയ്യുന്ന ഒരാള്‍ മറ്റുള്ളവര്‍ തന്നെക്കുറിച്ചും തന്റെ ആത്മീയ യാത്രയെക്കുറിച്ചും എന്തു വിചാരിക്കുമെന്ന് ചിന്തിച്ചു തുടങ്ങിയാല്‍ കാലിടറാന്‍ തുടങ്ങും. കാരണം പിന്നീട് നിങ്ങളുടെ നിലപാടുകള്‍ മറ്റുള്ളവരുടെ പ്രീതിയെ തേടിയാകും.

അന്ന് പത്രോസിനോട് പരിചാരിക ചോദിക്കുമ്പോള്‍ മൂന്നാവര്‍ത്തി തള്ളിപ്പറയുന്നത് അവന്റെ ഭയമല്ലാതെ മറ്റെന്താണ്. ”മനുഷ്യനെ ഭയപ്പെടുന്നത് ഒരു കെണിയാണ്. കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കുന്നവന്‍ സുരക്ഷിതനത്രേ” (സുഭാ. 29:25). ആരുടെ വാക്കുകളാണ് ദൈവത്തിന്റെ വാക്കുകളെക്കാള്‍ ഉപരിയായി നിങ്ങളെ ഭരിക്കുന്നത്? ചിന്തയില്ലാത്ത സംസാരം ആത്മീയയാത്രയില്‍ നമ്മെ തകര്‍ത്തുകളഞ്ഞത് ഓര്‍ക്കുക. അവന്‍ ശപഥം ചെയ്യുകയാണ്, അറിയില്ലെന്ന്. സത്യം ചെയ്തപ്പോള്‍ ഇനി അവന്‍ അന്ധകാരത്തിന്റെ ഭാഗമാകുന്നു എന്നറിയുക.

വിശുദ്ധ ഫ്രാന്‍സിസ് ഡി സാലെസ് പറയും: ‘കോഴി കൂവിയപ്പോഴാണ് കരഞ്ഞത്. അതുകൊണ്ട് എല്ലാ ദിവസവും അവര്‍ കരച്ചിലായിരുന്നു, നിറുത്താത്ത കരച്ചില്‍. കോഴി കൂവുനന ശബ്ദം കേള്‍ക്കുമ്പോഴൊക്കെ അവന്റെ ചങ്കുലയും. അതാണ് ഇരു കണ്ണിനും കീഴെ കണ്ണീരിന്റെ ചാലുകള്‍ രൂപപ്പെടുത്തിയത്.’ അവന്റെ കൃപാജീവിതത്തിലേക്കുള്ള പുറപ്പാടായിരുന്നു. വീണ പത്രോസിനെ സഭയുടെ താക്കോല്‍ ഏല്‍പിച്ചത്, വീഴുന്നവന് എഴുന്നേല്‍ക്കാന്‍ ഇടം നല്‍കുന്നതാണ് സഭയെന്ന് പറയാനാകും. വീഴാത്ത യോഹന്നാന്‍ അവിടെ ഉണ്ടായിരുന്നു എന്നും ഓര്‍ക്കണം.

പരാജിതരില്‍നിന്നും ഏറെ പഠിക്കാനുണ്ട്, നമുക്ക്. അതുകൊണ്ടല്ലേ അവരുടെ കഥകള്‍ വെള്ളം ചേര്‍ക്കാതെ സുവിശേഷം വിളിച്ചു പറയുന്നത്. സഭാനേതൃത്വത്തിന്റെയും തനയരുടെയും പിഴവുകള്‍ രേഖപ്പെടുത്തുന്നതും തുറന്നു സമ്മതിക്കുന്നതും കുറവല്ല, മറിച്ച് ചരിത്രത്തിലൂടെ നയിക്കുന്ന ദൈവത്തോട് കാണിക്കുന്ന തുറവിയാണ്. അന്തഃസത്ത തകര്‍ന്നു വീണിട്ടും പ്രതിഛായ നിലനിര്‍ത്താന്‍ കഷ്ടപ്പെടുകയല്ലേ നമ്മളിന്ന്. അങ്ങനെയാകുമ്പോള്‍ വീണ പത്രോസ് നമുക്കൊരു ബാധ്യതയും അത്തരം സംഭവങ്ങളുടെ രേഖപ്പെടുത്തല്‍ നാണവും ജനിപ്പിക്കും. വീണെഴുന്നേല്‍ക്കുന്നവന്റെ കെല്പ് നാമറിയണം. ഒപ്പം, അപമാന ഭാരത്തിന്റെ നെഞ്ചുരുക്കവും.

ഒരുപക്ഷേ, അന്ന് രാത്രിയില്‍ ആ കോഴി യൂദാസിനെ തേടിയും പോയിരിക്കും. ഒന്നു കൂവി അവന്റെ വിളിയെക്കുറിച്ച് ഓര്‍മപ്പെടുത്താന്‍. പക്ഷേ കോഴി അവിടെയെത്തുംമുമ്പ് ഒരാള്‍ക്കും കടന്നുചെല്ലാനാകാത്തവിധത്തില്‍ ജാലകങ്ങള്‍ അവന്‍ കൊട്ടിയടച്ചു. രാത്രിയെ തിരഞ്ഞെടുത്തവനെ പ്രകാശത്തിലേക്ക് കടക്കാന്‍ ഒരു കോഴികൂവല്‍ മതിയാവില്ല.

ഒരിക്കല്‍ പ്രകാശം ലഭിക്കുകയും സ്വര്‍ഗീയസമ്മാനം ആസ്വദിച്ചറിയുകയും ആത്മാവില്‍ പങ്കുകാരാവുകയും വരാനിരിക്കുന്ന യുഗത്തിന്റെ ശക്തിയും രുചിച്ചറിഞ്ഞവര്‍ വീണുപോയാല്‍ അനുതപിക്കാനുള്ള അവസരം കിട്ടുക എളുപ്പമല്ല (ഹെബ്രാ. 6:4). നമുക്കു ചുറ്റും കോഴികൂവല്‍പോലെയുള്ള മണിനാദം ഉയര്‍ന്നിട്ടും വചനമുഴക്കങ്ങള്‍ അലയടിച്ചിട്ടും എന്തേ നാം ഉണരുന്നില്ല. വീണവനില്‍നിന്നും ശിഷ്യപ്രമുഖനിലേക്കും കുരിശുമരണത്തിലേക്കും നമുക്കേറെ ദൂരമുള്ളതുപോലെ അനുഭവപ്പെടുന്നു. പത്രോസിനാകട്ടെ, ഹൃദയം തകര്‍ന്നുള്ള ഒരു കരച്ചിലിന്റെ ഒരു കരച്ചിലിന്റെ നിശമാത്രം.

പ്രാര്‍ത്ഥന: വീണവനെ പിടിച്ചെഴുന്നേല്‍പ്പിക്കുന്ന രക്ഷകാ, പലയാവര്‍ത്തി എന്നെ പിടിച്ചെഴുന്നേല്‍പിച്ചിട്ടും നീ ക്ഷീണിക്കാത്തതെന്തേ.

റവ.ഡോ റോയി പാലാട്ടി സി.എം.ഐ

***********************************************

ഓഡിയോ വേർഷൻ കേൾക്കാം

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?