Follow Us On

04

June

2023

Sunday

പൊറുക്കണം

പൊറുക്കണം

”എന്നെ ഇവിടെ വിറ്റതോര്‍ത്ത് നിങ്ങള്‍ വിഷമിക്കുകയോ വിഷാദിക്കുകയോ വേണ്ട. കാരണം ജീവന്‍ നിലനിര്‍ത്താന്‍വേണ്ടി ദൈവമാണ് നിങ്ങള്‍ക്കുമുമ്പേ എന്നെ ഇങ്ങോട്ടയച്ചത്” (ഉല്‍. 45:5).

പൊറുതി നല്‍കാന്‍ വന്നവനാണ് ക്രിസ്തു. വെള്ളം കിട്ടാതെ പുഴയും തണ്‍ കിട്ടാതെ മരവും മരിക്കുന്നതുപോലെ പൊറുതി കിട്ടാതെ വ്യാകുലപ്പെടുകയായിരുന്നു മനുഷ്യന്‍. വീണവനെ ആര് പിടിച്ചെഴുന്നേല്‍പിക്കും? തളര്‍ന്നവന് ആരു ബലം പകരും? പാപത്തിന്റെ കെട്ടില്‍നിന്നും ആരു മോചനം തരും? മാപ്പിരന്ന് മാപ്പു നല്‍കാന്‍ ദൈവപുത്രന്‍ കടന്നുവന്നു.

ന്യൂയോര്‍ക്ക് സിറ്റിയില്‍ പാക്കോ എന്നൊരു പതിനാലുകാരനുണ്ടായിരുന്നു. പപ്പയുടെയും മമ്മിയുടെയും ഏകമകന്‍. കൗമാരത്തിന്റെ ദൗര്‍ബല്യങ്ങള്‍ക്കിടയില്‍ വീടു വിട്ടുപോകാം എന്നവന്‍ തീരുമാനിച്ചു. വീട് രസകരമായി അവന് തോന്നുന്നില്ല. കൂടുതല്‍ കൗതുകങ്ങള്‍ വീടിനു പുറത്തുണ്ടെന്ന തോന്നല്‍. വീടുവിട്ടിറങ്ങിയ നാഴിക മുതല്‍ അവന്റെ പപ്പ അവനെ തിരയാന്‍ തുടങ്ങി. സ്‌കൂളിലും പള്ളിയിലും മാര്‍ക്കറ്റിലുമെല്ലാം.

വഴക്കിട്ട് ഇറങ്ങിപ്പോയ മകനെ ഒരു വിധേനയും കണ്ടെത്താന്‍ വഴിയില്ലെന്ന് മനസിലായപ്പോള്‍ ലോക്കല്‍ പത്രത്തില്‍ പരസ്യനോട്ടീസ് കൊടുക്കാന്‍ തീരുമാനിച്ചു: ‘എന്റെ പ്രിയമകന്‍ പാക്കോ, വരുന്ന ചൊവ്വാഴ്ച സിറ്റിയിലെ മൊണ്ടാന എന്ന ഹോട്ടലില്‍ ഉച്ചഭക്ഷണത്തിന് വരണം. പപ്പാ എല്ലാം പൊറുത്തു. നിന്റെ സ്വന്തം പപ്പ.’
സമപ്രായക്കാരുമായി ഏറെ കൗതുകങ്ങളില്‍ ഏര്‍പ്പെട്ട്, ഒരുതരം മടുത്ത മനസോടെ ഇരിക്കുന്ന നേരത്താണ് ഈ പരസ്യം കാണുന്നത്.

എങ്ങനെ പപ്പയെ ചെന്നു കാണുമെന്നോര്‍ത്ത് വ്യാകുലപ്പെട്ടിരിക്കുമ്പോള്‍, പപ്പതന്നെ പരസ്യം നല്‍കി ക്ഷണിച്ചിരിക്കുന്നു. ബസില്‍ കയറി ഹോട്ടലിന് സമീപത്തെത്തി. ഏറെ ചെറുപ്പക്കാര്‍ ഹോട്ടലിന്റെ പരിസരത്തുണ്ട്. പാക്കോയ്ക്ക് അകത്തുകയറാനുമാകുന്നില്ല. ട്രാഫിക് പോലീസിനോടു കാര്യം തിരക്കി. ”അക്കാലത്ത് പാക്കോ എന്നു പേരുള്ള നൂറുകണക്കിന് ചെറുപ്പക്കാര്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ ഉണ്ടായിരുന്നു. പപ്പ പൊറുത്തു എന്നു കേട്ടപ്പോള്‍ എല്ലാവരുംകൂടി ഓടിക്കൂടിയതാണ്, ഹോട്ടലില്‍!

എല്ലാം പൊറുത്തു എന്നു കേള്‍ക്കാന്‍ ദാഹിക്കുകയാണ് മനുഷ്യഹൃദയം. ഒരിക്കല്‍കൂടി വിരുന്നുമേശ പങ്കിടാം എന്ന വാര്‍ത്ത കേള്‍ക്കാന്‍ കാത്തിരിക്കുകയാണ് മനുഷ്യന്‍. സ്വര്‍ഗത്തിലെ പപ്പ അയച്ച നീണ്ട പരസ്യക്കുറിപ്പാണ് സുവിശേഷം. കൂട്ടുചേരാന്‍ മകനെ അയച്ചു. വിരുന്നുണ്ണാന്‍ അത്താഴമേശയുമായി കാത്തിരിക്കുന്നു. പൊറുതി സ്വീകരിക്കണം, ആദ്യമേ. ക്രിസ്തു വന്നതും പറഞ്ഞതും കാണിച്ചതും ഈ അപ്പന്റെ പൊറുതിയല്ലാതെ വേറെ എന്താണ്. കുരിശില്‍ കയറിയിട്ടും ആദ്യമൊഴിയും ഇതുതന്നെ. അപ്പാ, പൊറുക്കണം.

മാപ്പ് തരുന്നത് അത് മറ്റുള്ളവര്‍ക്ക് കൊടുക്കാനുംവേണ്ടിയാണ്. ആ ഉപമ ഓര്‍മയില്ലേ: പതിനായിരം താലന്ത് ഇളച്ചുകൊടുത്ത യജമാനന്റെയും നൂറുദനാറ സഹദാസന് ഇളച്ചുകൊടുക്കാന്‍ തയാറാകാതെപോയ ദാസന്റെയും കഥ. ഈ യജമാനന്‍ സ്വര്‍ഗപിതാവല്ലേ. ദാസന്‍ നാം ഓരോരുത്തരും. ഒരുപാട് ഇളച്ചു കിട്ടിയിട്ടും പൊറുതി പങ്കിടുന്നതില്‍ നാമെത്രയോ പിശുക്കു കാണിക്കുന്നു.

നല്‍കുമ്പോള്‍ നാമെന്തോ വലിയ ഔദാര്യം ചെയ്തു എന്ന ധാര്‍ഷ്ട്യവും. എണ്ണിയാലൊടുങ്ങാത്ത കടങ്ങള്‍ ഇളച്ചു കിട്ടിയിട്ടും ഏതാനും ദനാറകളുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ നമുക്ക് എന്തൊരു ബുദ്ധിമുട്ടാണ്. നാം സ്വീകരിച്ചത് വളരെ പെട്ടെന്ന് മറന്നുകളയുന്നു.

അടിമകളാകേണ്ടിവന്ന രണ്ടുപേരെ ഓര്‍ക്കുന്നു: പഴയനിയമത്തിലെ ജോസഫും ചരിത്രത്തിലെ ബക്കീത്തയും. അടിമയ്ക്ക് അഡ്രസില്ല. ഉടമ നല്‍കുന്നതാണ് പേര്. ചോദ്യങ്ങള്‍ ചോദിക്കാന്‍ അവകാശമില്ല. പറയുന്നതു ചെയ്യുക. ഏറ്റം ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായേണ്ടിവന്നാല്‍പോലും ഒന്നുറക്കെ കരയാന്‍ അടിമയ്ക്ക് അവകാശമില്ല.

സഹോദരങ്ങളുടെ അസൂയയാണ് ജോസഫിനെ അടിമയാക്കിയും ഈജിപ്തിലെത്തിച്ചതും. ജയില്‍വാസവും പരിഹാസവും നിന്ദയും എല്ലാം അവന്‍ ഏറെ ഏറ്റുവാങ്ങി. ഈ കഥ വായിക്കുന്നവര്‍ക്കുപോലും അവന്റെ സഹോദരങ്ങളോട് വലിയ ദേഷ്യം തോന്നും. എന്നാല്‍ ജോസഫാകട്ടെ പൊറുത്തു, നിരുപാധികം. ആദ്യകുഞ്ഞിന് അവന്‍ പേരിട്ടതുതന്നെ മനാസെ എന്നാണ്. മനാസെ എന്നാല്‍ ‘നീ പൊറുക്കണം’ എന്നര്‍ത്ഥം. പൊറുത്തപ്പോള്‍ ക്രിസ്തുവിന്റെ നിഴലായി ജോസഫ് മാറി. മാത്രവുമല്ല, സഹോദരങ്ങളെയും കുടുംബത്തെയും അവന് തിരിച്ചു കിട്ടി. അവന്‍ പറയുന്നത് ശ്രദ്ധിക്കുക: നിങ്ങളെന്നെ വിറ്റു തുലച്ചതല്ല. ദൈവം എന്നെ ഇങ്ങോട്ടയച്ചതാണ്.

നിങ്ങള്‍ അകാരണമായി മുറിവേല്‍ക്കുമ്പോഴും അതേല്പിച്ചവരോട് പൊറുക്കുമ്പോള്‍ നിങ്ങള്‍ എത്രയോ സൗഖ്യമുള്ളവരായി മാറുന്നു എന്നു നോക്കുക. ചിലതിലൂടെ കടന്നുപോകേണ്ടത് ആവശ്യമായിരുന്നു എന്നറിയാവുന്ന ഉടയവന്‍ അനുവദിച്ചു തരുന്നവയാണിവ. അവ നിങ്ങളെ നിങ്ങളാകും ജോസഫിനെ നേതാവാക്കിയതുപോലെ.

ബക്കീത്തയുടെ കഥ ഏറെ വിസ്മയകരംതന്നെ. സുഡാനില്‍ കൊട്ടാരസമാനമുള്ള വീട്ടിലും സംരക്ഷണയിലും കഴിഞ്ഞവളായിരുന്നു ഇവള്‍. അടിമക്കച്ചവടക്കാരുടെ ഇടയില്‍ ചെന്നുപെട്ട ഇവള്‍ പന്ത്രണ്ട് യജമാനന്മാരുടെ കരങ്ങളിലൂടെയാണ് വ്യാപാരം ചെയ്യപ്പെട്ടത്. ക്രൂരമര്‍ദനത്തിന്റെ നൂറ്റിപതിനാലു കഥകള്‍ അവള്‍ക്ക് ഓര്‍മിക്കാനുണ്ട്. മാനസിക പീഡനങ്ങള്‍ വേറെയും. വിണ്ടുകീറിയ ആ ശരീരം നിരന്തരം മുറിവേല്‍പിക്കപ്പെട്ടു.

അങ്ങനെയിരിക്കെ ഒരു ഇറ്റാലിയന്‍ കുടുംബം അവരെ വിലയ്ക്കു വാങ്ങി. അവര്‍ ഒരു യാത്രയ്ക്കു പോയപ്പോള്‍ കനോസിയന്‍ സിസ്റ്റേഴ്‌സിന്റെ കന്യാമഠത്തില്‍ ഇവളെ ഏല്‍പിച്ചു. അവര്‍ അവളെ സ്‌നേഹിച്ചു. ക്രിസ്തുവിന്റെ വെളിച്ചത്തിലേക്ക് നയിച്ചു. ജോലികള്‍ക്കിടയിലും ബക്കീത്ത പ്രാര്‍ത്ഥിക്കാന്‍ മറന്നില്ല.

ഒരു വല്ലാത്ത സന്തോഷവും പുതിയ ജീവിതം കിട്ടിയ ആനന്ദവും അവളില്‍ നിറഞ്ഞു. അത് അധികകാലം നീണ്ടുനില്‍ക്കുംമുമ്പേ ഇറ്റാലിയന്‍ വ്യാപാരികള്‍ അവളെ തിരിച്ചേല്‍പിക്കാന്‍ ആവശ്യപ്പെട്ടു. അനീതിപരമായും ക്രൂരമായും ഇവള്‍ കടന്നുപോയ അടിമപ്പണിയെക്കുറിച്ച് കോടതിയെ ബോധ്യപ്പെടുത്തിയപ്പോള്‍ കോണ്‍വെന്റില്‍ തുടരാന്‍ അവള്‍ക്ക് അനുവാദം നല്‍കി.

ക്രിസ്തുവിനോടുള്ള സ്‌നേഹം അവളില്‍ വര്‍ധിച്ചു. കന്യാസ്ത്രീ ആകാനുള്ള ആഗ്രഹവും അവള്‍ അറിയിച്ചു. ആര്‍ച്ച് ബിഷപ്പില്‍നിന്നും മാമോദീസ സ്വീകരിച്ചു. എന്തു പേരില്‍ അറിയപ്പെടണം എന്നന്വേഷിച്ചപ്പോള്‍ അവള്‍ പറഞ്ഞു, ‘ബക്കീത്ത.’ ക്രൂരരായ യജമാന്മാര്‍ അവള്‍ക്കു നല്‍കിയ പേരാണിത്. ബക്കീത്തയെന്നാല്‍ ‘ഭാഗ്യവതി’ എന്നര്‍ത്ഥം.

തീര്‍ത്തും നിര്‍ഭാഗ്യകരമെന്നു കാണുന്ന ആ ജീവിതത്തിന് അവര്‍ ബക്കീത്ത എന്നു വിളിച്ചു. വ്രതാനുഷ്ഠാന ജീവിതത്തിനായി കന്യാസ്ത്രീയായി. നാളുകള്‍ പിന്നിടുമ്പോള്‍ സിസ്റ്റര്‍ ജോസഫൈന്‍ ബക്കീത്തയോട് സഹോദരങ്ങള്‍ ചോദിച്ചു: ജീവിതയാത്രയില്‍ എന്നെങ്കിലും നിന്നെ തട്ടിക്കൊണ്ടുപോവുകയും വില്‍ക്കുകയും ചെയ്തവരെ കണ്ടുമുട്ടിയാല്‍ നീ എന്തു ചെയ്യും?

ആശങ്കയ്ക്ക് ഇട നല്‍കാത്തവിധം അവള്‍ പറഞ്ഞു: ഞാന്‍ മുട്ടുകുത്തി അവരുടെ കൈകള്‍ ചുംബിക്കും. അവരന്ന് എന്നെ തട്ടിക്കൊണ്ടുപോയിരുന്നില്ലെങ്കില്‍ ഞാനിന്ന് വിശുദ്ധമായ ഈ വസ്ത്രം ധരിക്കുമായിരുന്നില്ല! ഒരു ക്രിസ്ത്യാനിയും ആകുമായിരുന്നില്ല! അവളിന്ന് വിശുദ്ധ ബക്കീത്തയാണ്.

ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയ്ക്കും ബനഡിക്ട് പതിനാറാമന്‍ പാപ്പയ്ക്കും ഏറെ ഇഷ്ടപ്പെട്ട സുഡാനിലെ സ്വര്‍ഗീയ മധ്യസ്ഥ സെന്റ് ബക്കീത്ത. നിര്‍ഭാഗ്യകരമെന്ന് തോന്നുന്ന ചിലത് നിങ്ങളുടെ തലയില്‍ വന്നു വീഴുന്നത് നിങ്ങളും ബക്കീത്തയാകാനാണ്. ഭാഗ്യവതിയാകാന്‍. പരിഭവമില്ലാതെ പൊറുക്കാം. പൊറുതി സ്വീകരിക്കാം.

പ്രാര്‍ത്ഥന: കടന്നുപോകുന്ന വഴികളില്‍ പുഷ്പങ്ങള്‍ക്കൊപ്പം മുള്ളുകളുമുണ്ട്. പുഷ്പങ്ങള്‍ വിതറിയവര്‍ക്ക് നന്ദി പറയുന്നതിനൊപ്പം മുള്ളുകള്‍ വിതറിയവരോട് കാരുണ്യപൂര്‍വം പെരുമാറാന്‍ രക്ഷകാ, എനിക്ക് കൃപ തരണമേ.

റവ.ഡോ റോയി പാലാട്ടി സി.എം.ഐ

***********************************************

ഓഡിയോ വേർഷൻ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?