Follow Us On

22

July

2019

Monday

ഭിക്ഷക്കാരന്‍ തോക്കേന്തി പാഞ്ഞടുത്ത നിമിഷം

ഭിക്ഷക്കാരന്‍ തോക്കേന്തി പാഞ്ഞടുത്ത നിമിഷം

കഴിഞ്ഞ 15 വര്‍ഷത്തോളമായി മുപ്പതോളം രാഷ്ട്രങ്ങളിലൂടെ സഞ്ചരിച്ച് സാമൂഹിക- സാങ്കേതികവിഷയങ്ങളെ ഇതിവൃത്തമാക്കി ക്യാമറാ ചലിപ്പിക്കാന്‍ ദൈവം അനുവദിക്കുന്നു. കടുത്ത പ്രയാസങ്ങളിലൂടെയും ദുരിതങ്ങളിലൂടെയും കടന്നുപോയിട്ടും അവിടെയെല്ലാം ദൈവം എന്നെ ചേര്‍ത്ത് പിടിച്ച അനുഭവമാണുള്ളത്.
അമേരിക്കയിലെ റോഡിലൂടെ ഏതാനും പേരുമായി സംസാരിച്ച് നടക്കുകയായിരുന്നു ഞാന്‍. പെട്ടെന്ന് പാര്‍ക്ക് സൈഡില്‍ ഒരു ഭിക്ഷക്കാരന്‍ പുതച്ച് മൂടിക്കിടക്കുന്ന കാഴ്ചകണ്ടു.

സമ്പല്‍ സമൃദ്ധിക്ക് പുകള്‍പെറ്റ ഈ രാജ്യത്ത് ഭിക്ഷാടകരോ? ആ അതിശയം ക്യമറാകണ്ണുകളില്‍ പകര്‍ത്താനൊരു ജിജ്ഞാസ. ക്യാമറാ ക്ലിക്കുകളുടെ ശബ്ദം കേട്ട് അയാള്‍ ചാടി എണീറ്റ് പോക്കറ്റില്‍ നിന്നും തോക്കെടുത്ത് ആകാശത്തേക്ക് വെടിവച്ചു. പിന്നെ അയാള്‍ എന്റെനേരേ നിറത്തോക്ക് ചൂണ്ടി. ഞാന്‍ സ്തബ്ദനായി. എന്തും സംഭവിക്കാം. കൂട്ടത്തില്‍ ഉണ്ടായിരുന്ന രണ്ടാളും ഓടി രക്ഷപെട്ടു. ഞാന്‍ ഇംഗ്ലീഷ്ഭാഷയില്‍ അയാളോട് സോറി പറഞ്ഞു.

എന്നിട്ടും അയാള്‍ വിടാന്‍ ഭാവമില്ല. നിറതോക്കിനുമുമ്പില്‍ എന്റെ ധൈര്യമെല്ലാം ചോര്‍ന്നോലിച്ചു. മരണത്തിന്റെ മുമ്പില്‍ നിന്ന് ഞാന്‍ വിറക്കാന്‍ തുടങ്ങി. അവസാനം ഞാന്‍ ഫോട്ടോ ഡിലീറ്റ് ചെയ്ത ശേഷമാണ് അയാള്‍ ദേഷ്യത്തോടെ സമ്മതം തന്നത്. ഇതിനായി കാലുപിടിച്ച് കരയേണ്ടി വന്നു എനിക്ക്. എന്റെ ജീവിതത്തിലെ ആദ്യാനുഭവമായിരുന്നു ഇത്. ഭീതിജനകമായ ആ നിമിഷങ്ങളില്‍ ദൈവം കാത്തു എന്നല്ലാതെ മറ്റൊന്നും എനിക്ക് പറയാനില്ല. ഭിക്ഷക്കാരനായ ആ വ്യക്തി ഇത്ര പ്രകോപനം കാണിക്കുമെന്ന് തെല്ലും പ്രതീക്ഷിച്ചിരുന്നില്ല.

മറ്റൊരിക്കല്‍ സൗത്ത് സുഡാന്റെയും ഉഗാണ്ടയുടേയും അതിര്‍ത്തിയില്‍ വഴിതെറ്റി സഞ്ചരിക്കേണ്ടി വന്നു. രണ്ടാം ദിവസമാണ് ഓര്‍ഗനൈസേഷന്റെ വ്യക്തികളുമായി ബന്ധപ്പെട്ടത്. ഭാഷയറിയാതെ വല്ലാതെ ഭയപ്പെട്ടുപോയി.  മാനവികതയില്‍ ചാലിച്ചെടുത്ത ഒരു ഡോക്യുമെന്ററി എത്യോപ്യയില്‍ ചെയ്യുന്ന സമയം. വൈകുന്നേരം നാല് മണി കഴിഞ്ഞ് ജോലി നിറുത്തിയ ശേഷമുള്ള വിശ്രമം. നല്ല ക്ഷീണമുണ്ടെങ്കിലും സുന്ദരമായ പ്രകൃതി കണ്ടപ്പോ ള്‍ ഒന്ന് നടക്കാന്‍ മോഹം. അതിഥേയരായ മലയാളി സിസ്റ്റേഴ്‌സിനോട് ഒന്നും പറയാതെ ഞാന്‍ ഇറങ്ങി.

അല്‍പ്പദൂരം പിന്നിട്ടപ്പോള്‍ മൂന്നാറിനെ അനുസ്മരിപ്പിക്കുന്ന മനോഹര മലമ്പ്രദേശം. മുമ്പോട്ട് പോകണമെന്ന് തോന്നി. ഞാന്‍ നടന്നു കുറെ ദൂരം പിന്നിട്ടപ്പോള്‍ ആരോ വിളിക്കുന്നതുപോലെ. ഞാന്‍ തിരിഞ്ഞ് നോക്കിയപ്പോള്‍ സ്റ്റെണ്‍ഗണ്‍ പോലുള്ള നിറത്തോക്കുമായി രണ്ടു പേര്‍ ഓടിവരുന്നു. ഒരാള്‍ എന്തോ പറഞ്ഞു, എനിക്ക് ഒന്നും മനസിലായില്ല. ഫോട്ടോകള്‍ എടുക്കാന്‍ വന്നതാണെന്ന് ഞാന്‍ ആംഗ്യം കാണിച്ചു. എന്നാല്‍ എന്തോ വലിയപ്രശ്‌നം പോലെയാണ് അവര്‍ക്ക് തോന്നിയത്.

അവരെന്നെ ഇരുകൈകളും ചേര്‍ത്ത് പിടിച്ച് വലിച്ചിഴച്ച് ഗ്രാമത്തിലേക്ക് കൊണ്ടു പോയി. അവിടെ കുറെ ആളുകള്‍ കൂടിയിട്ടുണ്ട്. ആര്‍ക്കും എന്റെ ഭാഷ മനസിലാകുന്നില്ല, എനിക്ക് അവരുടെ ഭാഷയും. എന്തോ ഭാഗ്യത്തിന് ഞാന്‍ സിസ്റ്റര്‍ എന്ന് പറഞ്ഞത് ഒരാള്‍ക്ക് മനസിലായി. ഇയാള്‍ സിസ്റ്ററുടെ ബന്ധുവാണെന്ന് അവര്‍ പരസ്പരം പറഞ്ഞു. അത് സത്യമാണോ എന്നറിയാന്‍ അവര്‍ ഒരാളെ അവരുടെ അടുത്തേക്ക് പറഞ്ഞയച്ചു. കുറെ നേരം കഴിഞ്ഞപ്പോള്‍ സിസ്റ്റേഴ്‌സ് എന്നെ കാണാതെ പരിഭ്രമിച്ച് തിരക്കി വന്നു.

അപ്പോഴാണ് ഈ കോലാഹലങ്ങള്‍ നടക്കുന്നതായി അറിയുന്നത്. അവര്‍ വന്നതോടെ ആളുകള്‍ ശാന്തരായി. ഞാന്‍ സിസ്റ്റേഴ്‌സിന്റെ കൂടെ തിരിച്ച് പോയി. വലിയ അപകടത്തില്‍ നിന്ന് ദൈവം ജീവന്‍ രക്ഷിച്ചുവെന്ന് സിസ്റ്റേഴ്‌സ് എന്നോട് പറഞ്ഞു.  ജീവന്‍ തന്നെ നഷ്ടപ്പെടുമായിരുന്ന ഒട്ടേറെ അവസരങ്ങള്‍.

അലച്ചിലുകളുടെയും ഭീതിജനകമായ അപകടങ്ങളുടേയും സാഹചര്യങ്ങളാണ് മിക്കവാറും മുന്നിലുണ്ടായിരുന്നത്. അപ്പോഴെല്ലാം ദൈവം ഉളളംകയ്യില്‍ താങ്ങി. ചരിത്രം, പാരമ്പര്യങ്ങള്‍, സംസ്‌ക്കാരം, ആചാരാനുഷ്ഠാനങ്ങള്‍, തുടങ്ങിയവയുടെ അന്തര്‍ധാരകളിലേക്ക് ഊളിയിട്ടിറങ്ങി ഷൂട്ട് ചെയ്യാന്‍ എന്റെ ദൈവം അതിനാല്‍ ഇന്നുമെന്നെ അനുവദിക്കുന്നു.

ഷെയ്‌സണ്‍ പി. ഔസേപ്പ്

(യുണൈറ്റഡ് നേഷന്‍സിന്റേത് ഉള്‍പ്പെടെ നിരവധി രാജ്യാന്തര പുരസ്‌കാരജേതാവ്)

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?