Follow Us On

22

July

2019

Monday

ദുഃഖവെള്ളികള്‍ ഉണ്ടാകുന്നത്…

ദുഃഖവെള്ളികള്‍ ഉണ്ടാകുന്നത്…

സഹനജീവിതത്തില്‍ അദ്ദേഹത്തെ ആശ്വസിപ്പിക്കാന്‍ ഓടിയെത്തിയവര്‍ അനേകം.  അദ്ദേഹത്തെ അക്കാലങ്ങളില്‍ കണ്ട പലരും മുഖംതിരിച്ച് ‘ദൈവമേ, ഈ ജീവന്‍  തിരികെ എടുക്കണമേ’ എന്നുപോലും പ്രാര്‍ത്ഥിച്ചു.  എങ്കിലും ചുണ്ടില്‍ സദാ  തങ്ങിനില്‍ക്കുന്ന പുഞ്ചിരിയോടെ ആ പുരോഹിതന്‍ എല്ലാ  പ്രതിസന്ധികളെയും തരണം ചെയ്തുകൊണ്ടിരിക്കുന്നു.

യുവത്വത്തില്‍ തന്നെ തന്റെ ശരീരത്തെ കാര്‍ന്നുതിന്നുന്ന അനേകം നൊമ്പരങ്ങളിലൂടെ കടന്നുപോയിട്ടും, നിരവധി തവണ ശസ്ത്രക്രിയകള്‍ക്ക് തുടര്‍ച്ചയായി വിധേയനായിട്ടും ‘ഹല്ലേലൂയാ’ പാടി സഹനങ്ങളെ സ്വീകരിച്ച ഒരു വൈദികനുണ്ട്, ഫാ. ജേക്കബ് തെക്കേമുറി.  യുവത്വത്തിത്തന്നെ വിശ്രമജീവിതത്തിലേക്ക് കാലൂന്നേണ്ടി വന്നിട്ടും അദ്ദേഹത്തിന്റെ മുഖത്ത് ഇന്നും വേദനയുടെ ഞൊറിവുകളോ സഹനത്തിന്റെയോ തിക്താനുഭവങ്ങളോ ലേശവുമില്ല.

34 വയസുള്ളപ്പോഴാണ് ഫാ. ജേക്കബിന് കിഡ്‌നിക്ക് തകരാറുണ്ടെന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ കണ്ടെത്തുന്നത്. അവിടെ നിന്നാരംഭിക്കുന്നു മുള്ളുകള്‍ നിറഞ്ഞ വഴിത്താരകളിലൂടെയുള്ള പ്രയാണം. പിന്നീട് ആശുപത്രികളില്‍നിന്നും ആശുപത്രികളിലേക്കുള്ള സ്ഥലമാറ്റങ്ങള്‍. ചെറുതും വലുതുമായ സൂചികളും കത്തികളും നിരവധി തവണ ആ ശരീരത്തില്‍ കയറിയിറങ്ങി.

ജീവനുള്ള ശരീരം പല തവണ പരീക്ഷണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും വിധേയമായി. മരുന്നു മണക്കുന്ന കിടക്കയില്‍ കിടന്ന് അദ്ദേഹം നിരന്തരം നടത്തിയ ഏകാന്തധ്യാനങ്ങള്‍ പിന്നീട് പുസ്തകരൂപത്തിലും പ്രസിദ്ധീകരിച്ചു. അച്ചന്റെ പല പുസ്തകങ്ങള്‍ക്കും നിരവധി പതിപ്പുകളിറങ്ങിയത് സഹനച്ചൂളയിലെ ഈ താപതീക്ഷ്ണതയാകാം.  ”പൗരോഹിത്യത്തിലൂടെ ക്രിസ്തുവിന് സാക്ഷിയാകണം, ഒരുറച്ച വചനപ്രഘോഷകനാകണം-ഈ ലക്ഷ്യത്തോടെയാണ് 1987-ല്‍ ഞാന്‍ ബലിവേദിയിലെത്തുന്നത്.

ധ്യാനാനുഭവത്തിലൂടെ യേശുവിനെ തിരിച്ചറിഞ്ഞതോടെ ആ സ്‌നേഹത്തിന്റെ ആഴം മറ്റുള്ളവരുമായി പങ്കുവയ്ക്കണമെന്നുള്ളതായി ചിന്ത. അങ്ങനെ ഇടവകകള്‍ തോറും ഓടിനടന്ന് ധ്യാനം സംഘടിപ്പിച്ചു. എന്നാല്‍ അക്കാലങ്ങളില്‍ ഇടയ്‌ക്കൊക്കെ ഉണ്ടാകുന്ന കഠിന തലവേദനയും ഛര്‍ദ്ദിയും മൂലം വളരെയേറെ ക്ലേശിച്ചു. ഇടുക്കി ജില്ലയിലെ കല്‍ത്തൊട്ടി ദൈവാലയത്തില്‍ വികാരിയായിരിക്കുമ്പോഴായിരുന്നു ആ സംഭവം.

ഇടുക്കി തങ്കച്ചനെന്നറിയപ്പെടുന്ന വി.വി. അഗസ്റ്റിന്റെ നേതൃത്വത്തില്‍ ഇടവകയില്‍ ധ്യാനം നടക്കുന്നു. ആ സമയത്താണ് കഠിന തലവേദനയും ഛര്‍ദ്ദിയും മൂലം ക്ലേശിച്ച എന്നെ ഇടവകക്കാര്‍ ആശുപത്രിയിലെത്തിക്കുന്നത്. പരമാവധി 80 ഡിഗ്രി വരെ നില്‍ക്കേണ്ട പ്രഷര്‍, 120 മുതല്‍ 230 വരെ വരെയായി ഉയര്‍ന്നു. അതോടെ ഞാന്‍ മരണത്തിന്റെ പിടിയിലായെന്ന് ഡോക്ടര്‍മാര്‍ കണക്കുകൂട്ടി.

ഇത്രയേറെ പ്രഷര്‍ ഉയരാനിടയായതെങ്ങനെ? എന്ന അന്വേഷണത്തിനിടയിലാണ് എന്റെ രക്തവും മൂത്രവും മറ്റും പരിശോധിക്കുന്നത്. അന്ന് കിഡ്‌നിയുടെ തകരാര്‍ ചെറുതായി കണ്ടെങ്കിലും കാര്യമാക്കാതെ ഞാന്‍ ആശുപത്രിയില്‍ നിന്നും മടങ്ങി. ദൈവാലയത്തില്‍ വിശുദ്ധകുര്‍ബാനയര്‍പ്പിക്കാന്‍ പോകുമ്പോള്‍ ഒരു ചെറിയ കുന്ന് കറയണം. ഈ കയറ്റം കയറാന്‍ വയ്യാതെ ഞാന്‍ ക്ലേശിച്ചു. വയറിനു താഴ്ഭാഗത്തായി അതിശക്തമായ വേദന. അസ്വസ്ഥത ശക്തമായപ്പോള്‍ ഞാന്‍ വീണ്ടും ആശുപത്രിയില്‍ പോയി. യൂറിനറി ബ്ലാഡറിന്റെ നെക്കില്‍ ആയിരുന്നു വേദന.

ഇടയ്‌ക്കൊക്കെ മൂത്രം ഒഴിക്കണമെന്നു തോന്നും. ശരീരത്തിനു മുഴുവന്‍ നൊമ്പരം. ദിവ്യബലിയ്ക്കിടയില്‍ പോലും വേദനയുടെ ആധിക്യത്താല്‍ പൂര്‍ത്തീകരിക്കാന്‍ പറ്റാതെ ഞാന്‍ പലവുരു കുഴഞ്ഞുവീണു.  അങ്ങനെ എറണാകുളം ലിസിഹോസ്പിറ്റലില്‍ പോയി. കിഡ്‌നി സംബന്ധമായ തകരാറാണെന്നു കണ്ടെത്തിയതോടെ അവര്‍ കിഡ്‌നി സ്‌പെഷ്യലിസ്റ്റിനെ കാണുവാനാണ് എന്നോട് നിര്‍ദ്ദേശിച്ചത്. മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലായി തുടര്‍ ചികിത്സ. പരീക്ഷണങ്ങളും നിരീക്ഷണങ്ങളും തുടര്‍ന്നു.

കൂടുതല്‍ വിശ്രമമാണ് ഉചിതമെന്നു ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതോടെ രൂപതാധ്യക്ഷന്റെ നിര്‍ദ്ദേശമനുസരിച്ച് എന്റെ താമസം പ്രീസ്റ്റ് ഹോമിലേക്കായി. കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും റിട്ടയര്‍ ചെയ്ത ആളായിരുന്നു എന്റെ യൂറോളജിസ്റ്റ്. ‘ഇത്രയേറെ തവണ ഓപ്പറേഷന്‍ തിയേറ്ററില്‍ പ്രവേശിപ്പിച്ച ഒരു രോഗിയെ താനിതുവരെ കണ്ടിട്ടില്ല’ എന്നദ്ദേഹം പിന്നീടൊരിക്കല്‍ എന്നോടു പറയുകയുണ്ടായി.

ഇക്കാലങ്ങളിലെല്ലാം ദൈവം നല്‍കിയ സഹനങ്ങള്‍ക്ക് നന്ദി പറഞ്ഞു പ്രാര്‍ത്ഥിക്കാന്‍ കൃപ ലഭിച്ചിരുന്നു. ഇതേസമയത്തു തന്നെയാണ് എന്റെ ശരീരത്തെ മുഴുവന്‍ ഞെരിച്ചുകളയുന്ന രീതിയില്‍ മറ്റൊരു രോഗവും കൂടി ആക്രമിച്ചത്. ബ്ലാഡറിന്റെ ഭാഗത്ത് വീണ്ടും കഠിനനൊമ്പരം. വൃഷണം ഞെരിഞ്ഞുടയുന്നതുപോലെ. ‘ബ്ലാഡര്‍ നെക്ക് സ്പാസം’ ആണിതെന്നു മൂത്രനാളിയിലൂടെ തുളച്ചുകയറ്റുന്ന ‘സിക്‌റ്റോസ് കോപ്പി’ എന്ന ഉപകരണത്തിന്റെ സഹായത്താല്‍ കണ്ടെത്തി.

പലപ്പോഴും വേദനമൂലം ഞാന്‍ നിലത്തുകിടന്ന് ഉരുണ്ടിട്ടുണ്ട്. കോഴിക്കോട് നാഷണല്‍ ഹോസ്പിറ്റലിലെ വിദഗ്ധ ഡോക്ടര്‍ ഇതിന് ഓപ്പറേഷന്‍ നടത്തി. അതിസൂക്ഷ്മമായ ശസ്ത്രക്രിയ ആയിരുന്നു ഇത്. എങ്കിലും ബ്ലീഡിംഗ് ഉണ്ടായി. അങ്ങനെ സഹനത്തിന്റെ ശരശയ്യയില്‍ യേശുവിന്റെ കുരിശിലേക്ക് നോക്കിക്കിടക്കുമ്പോള്‍ ആ വേദനയുടെ ആഴങ്ങളിലേക്ക് മനസ് തുറക്കാന്‍ അവിടുന്നെന്നെ അനുവദിച്ചു.

സഹനം ക്രിസ് തുവിന്റെ കുരിശിന്റെ ഭാഗമായി മനസിലാക്കാനും ക്രൂശിതനോട് ചേര്‍ത്ത് എന്റെ പൗരോഹിത്യ ധര്‍മ്മത്തിന്റെ അവശ്യഭാഗമായി കണ്ട് ആസ്വദിക്കാനും കഴിഞ്ഞു. പീഡിപ്പിക്കപ്പെടുകയും ക്രൂശിലേറ്റപ്പെടുകയും ചെയ്യുക എന്നത് ബലിവസ്തുവായ പുരോഹിതന്റെ അവകാശവും അവനുള്ള ആനുകൂല്യവുമാണെന്നും വ്യക്തമായി.

ധാരാളം ഉള്‍ക്കാഴ്ചകളും പുതിയ ബോധ്യവും ലഭിച്ച ഈ നാളുകളില്‍ മനുഷ്യരില്‍ നിന്നുള്ള മഹത്വം തേടാതെ ജീവിക്കേണ്ടതിന്റെ ആത്മീയവശവും കര്‍ത്താവെന്നെ പഠിപ്പിച്ചു. പുസ്തകരചന ഒരു ശുശ്രൂഷയായി ആരംഭിക്കുന്നത് ഈ നാളുകളിലാണ്.  ”കിഡ്‌നി ട്രാന്‍സ്പ്ലാന്റ് ശസ്ത്രക്രിയയ്ക്കുശേഷം ഒരു മാസത്തിനകം ‘യൂറിറ്റര്‍’ (കിഡ്‌നിയില്‍ നിന്നും ബ്ലാഡറിലേക്കുള്ള ട്യൂബ്) തകരാറിലായി. മൂത്രം ബ്ലോക്കായി.

‘കീ ഹോള്‍’ സര്‍ജറി വഴി അത് തുന്നിച്ചേര്‍ക്കാനുള്ള പരിശ്രമവും പരാജയമായി. വീണ്ടും വയര്‍ തുറന്ന് ഒരു മേജര്‍ ഓപ്പറേഷന്‍ കൂടി. അപ്പോഴേക്കും ഞാന്‍ വളരെ ശോച്യാവസ്ഥയിലായിരുന്നു. ”ഒരുപക്ഷേ ജീവന്‍ തന്നെ നഷ്ടപ്പെടേണ്ടി വരുന്ന ഈ സമയത്ത് എന്തെങ്കിലും സംഭവിച്ചാല്‍ ഞങ്ങളെ കുറ്റപ്പെടുത്തരുത്. ഞങ്ങള്‍ ചെയ്യാവുന്നത് ചെയ്തു.” ഒരു ഡോക്ടര്‍ എന്നോടൊപ്പമുണ്ടായിരുന്നവരോട് പറഞ്ഞത്രേ……

”എന്നെ പരിശോധിച്ചുകൊണ്ടിരുന്ന നെഫ്രോളജിസ്റ്റ് (കിഡ്‌നി സ്‌പെഷ്യലിസ്റ്റ്) പറഞ്ഞു. ”ഫാദര്‍, അത്ഭുതമായിരിക്കുന്നു. കിഡ്‌നി മാറ്റിവച്ചവരില്‍ മൂവായിരത്തില്‍ ഒരാള്‍ക്കുപോലും ഇത്തരത്തിലുള്ള തകറാറുകള്‍ ഉണ്ടാകാറില്ല….പക്ഷേ…..” അദ്ദേഹം പൂര്‍ത്തിയാക്കിയില്ല. ഓരോ തവണയും എന്നെ പരിശോധിച്ചു കഴിയുമ്പോള്‍ അദ്ദേഹത്തിന്റെ മുഖം കൂടുതല്‍ മ്ലാനമാകുന്നത് ഞാന്‍ കണ്ടു.

എല്ലാവരുടെയും പ്രതീക്ഷ അസ്മതിച്ചുകഴിഞ്ഞു എന്ന് എനിക്കുറപ്പായി. പിന്നീട് സഹനങ്ങളുടെ വന്‍ കൂടാരത്തിലൂടെയാണ് ദൈവമെന്നെ നയിച്ചത്. ആശുപത്രി വാസമില്ലാതെ മുന്നോട്ട് ഒരിഞ്ച് പോലും നീങ്ങാനാവില്ലെന്ന അവസ്ഥ. എന്നിട്ടും ദൈവം ഇന്നുമെന്നെ അവിടുത്തെ കരങ്ങളില്‍ ചേര്‍ത്ത് നയിക്കുന്നു.” ”ബലവാനായ കര്‍ത്താവ് നമ്മോടുകൂടെ. നമ്മുടെ രാജാവ് നമ്മോടുകൂടെ. നമ്മുടെ ദൈവം നമ്മോടുകൂടെ. യാക്കോബിന്റെ ദൈവം നമ്മുടെ സഹായവും.” വിശുദ്ധബലിയിലെ ഈ വാക്കുകളായിരിക്കണം സഹനത്തിലും നമുക്ക് സഹായകവും തുണയും…..

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?