Follow Us On

29

March

2024

Friday

കാരുണ്യയാത്രകള്‍

കാരുണ്യയാത്രകള്‍

പ്രാര്‍ത്ഥനയും കാരുണ്യ പ്രവര്‍ത്തനങ്ങളും ഒരുമിപ്പിക്കുകയാണ് ഒരു സംഘം ചെറുപ്പക്കാര്‍. ഇരിഞ്ഞാലക്കുട രൂപതയിലെ ചേലൂര്‍ ഇടവകാംഗമായ ബാബു ചെറുപനയ്ക്കല്‍ ആണ് നേതൃത്വം നല്‍കുന്നത്. ഓട്ടോറിക്ഷയാണ് ബാബുവിന്റെ വരുമാനമാര്‍ഗം. ഇതില്‍നിന്നും കിട്ടുന്നതിന്റെ ഒരു ഭാഗം പാവപ്പെട്ടവര്‍ക്കായി മാറ്റിവയ്ക്കാന്‍ ബാബു തീരുമാനിച്ചപ്പോള്‍ കൂടെ നില്‍ക്കാന്‍ ഏറെപ്പേരുണ്ടായി.

പണം കൊടുത്ത് സഹായിക്കുന്നതിലും നല്ലത് തീര്‍ത്തും കഷ്ടതയിലായിരിക്കുന്നവര്‍ക്ക് അന്നന്നത്തെ അപ്പം ലഭിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കുന്നതാണ് എന്ന ബോധ്യം അവരെ പുതിയ വഴികളിലേക്ക് നയിച്ചു. ബാബുവിന്റെ സുഹൃത്തും ഓട്ടോ ഡ്രൈവറുമായ റോയി മാളിയേക്കലുമായി നടത്തിയ സൗഹൃദ സംഭാഷണങ്ങളില്‍നിന്നാണ് ഇങ്ങനെയൊരു ആശയം ഉരുത്തിരിഞ്ഞത്.

ചേലൂര്‍ പള്ളിയിലെ മാതാവിന്റെ ഗ്രോട്ടോക്ക് മുന്നില്‍ ഇടവകയിലെ കുറച്ചുപേര്‍ വൈകിട്ട് 7.30-ന് ജപമാല അര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചശേഷമാണ് വീടുകളിലേക്ക് പോയിരുന്നത്. ആറുപേരായിട്ടാണ് ആദ്യം തുടങ്ങിയത്. കുടുംബയൂണിറ്റുകളില്‍ ഈ ആശയം പങ്കുവച്ചപ്പോള്‍ അവിടുത്തെ സ്ത്രീകളും ഈ കൂട്ടായ്മയില്‍ പങ്കുചേരാന്‍ തയാറായി. അതോടൊപ്പം കുറച്ചു പുരുഷന്മാരും. രാത്രി 7.30 മുതല്‍ 8.30 വരെ നീളുന്ന ജപമാലയായി മാറി. അനുദിനം 30 പേര്‍ പങ്കെടുക്കുന്ന ജപമാല കൂട്ടായ്മയായി അത് വളര്‍ന്നു. നാലുവര്‍ഷമായി മുടക്കമില്ലാതെ ഗ്രോട്ടോയിലെ പ്രാര്‍ത്ഥന തുടരുകയാണിപ്പോഴും.

നാലു മക്കളുള്ള സാധാരണ കുടുംബത്തിലെ അംഗമാണ് ബാബു ചെറുപനയ്ക്കല്‍. അമ്മ ബാബുവിനെ ഗര്‍ഭം ധരിച്ചിരിക്കുമ്പോള്‍ പിതാവ് മരിച്ചു. 22 വര്‍ഷങ്ങള്‍ക്കുമുമ്പ് അമ്മയും. അധികം വൈകാതെ ജ്യേഷ്ഠനും മരണമടഞ്ഞു. ഇപ്പോള്‍ ഭാര്യയോടും രണ്ട് മക്കളോടും അവിവാഹിതയായ സഹോദരിയോടുമൊപ്പം ചേലൂരില്‍ സ്ഥിരതാമസം. കഴിഞ്ഞ 17 വര്‍ഷമായി ഇരിഞ്ഞാലക്കുട ബസ്സ്റ്റാന്റില്‍ ഓട്ടോ ഡ്രൈവറാണ് ബാബു.
ചുറ്റുമുള്ള മനുഷ്യരുടെ വേദനകളാണ് ബാബുവിനെ മാറ്റിമറിച്ചത്. തന്റെ ജീവിതംകൊണ്ട് ആരുടെയെങ്കിലും ജീവിതത്തില്‍ വെളിച്ചം പകരണം – അതായിരുന്നു സ്വപ്‌നം.

2014 ഡിസംബര്‍ എട്ട് – മാതാവിന്റെ അമലോത്ഭവ തിരുനാള്‍ ദിനത്തിലാണ് ഈ ജപമാല കൂട്ടായ്മ ആരംഭിച്ചത്. ഫാ. ഫ്രാന്‍സിസ് കൊടിയനായിരുന്നു അന്നത്തെ ചേലൂര്‍ വികാരി. അച്ചന്റെ പ്രാര്‍ത്ഥനാശീര്‍വാദത്തോടെ തുടക്കം കുറിച്ചതാണ് കൂട്ടായ്മ. രണ്ടു വര്‍ഷം പ്രാര്‍ത്ഥന മുന്നോട്ട് പോയപ്പോള്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും സാധനങ്ങള്‍ നല്‍കി സഹായിക്കണമെന്ന ചിന്ത ഗ്രൂപ്പില്‍ ശക്തമായി. റോയി മാളിയേക്കല്‍, ബൈജു ചെറുവത്തൂര്‍, ബാബു ചെറുപനയ്ക്കല്‍, ജോസ് പാറയ്ക്കല്‍ എന്നിവര്‍ ഒരുമിച്ച് ചേര്‍ന്ന് എല്ലാ കാര്യങ്ങള്‍ക്കും നേതൃത്വം നല്‍കുന്നു.

കുടുംബനാഥന്മാര്‍ കിടപ്പിലായി ജോലിക്ക് പോകാന്‍ കഴിയാത്തവര്‍, ചികിത്സയില്‍ കഴിയുന്നവര്‍ തുടങ്ങിയ വരുമാനം നിലച്ചുപോയ കുടുംബങ്ങള്‍ക്ക് സഹായം ചെയ്യണമെന്ന ചിന്ത വന്നു. അങ്ങനെ കൂട്ടായ്മയിലെ നാലുപേ ര്‍ 400 രൂപവീതം പങ്കുവച്ച് 1600 രൂപ സ്വരുക്കൂട്ടി. ആ പണംകൊണ്ട് പലചരക്കു സാധനങ്ങ ള്‍ വാങ്ങാമെന്നായി. ഈ വിവരം ഇടവകയിലെ കുടുംബകൂട്ടായ്മ പ്രസിഡന്റുമാരെ അറിയിച്ചു. അങ്ങനെ ഒരു വീട് തിരഞ്ഞെടുത്തു.

ഫാ. ആന്റണി മുക്കാട്ടുകരക്കാരന്‍ ചേലൂര്‍ ഇടവകയില്‍ വികാരിയായ കാലത്താണ് വീടുകളില്‍ പലചരക്ക് സാധനങ്ങള്‍ നല്‍കുന്ന പതിവ് ആരംഭിച്ചത്. ചേലൂര്‍ ഇടവകയില്‍ എട്ട് കുടുംബങ്ങള്‍ക്ക് ഇപ്പോള്‍ സഹായം നല്‍കുന്നു. ആദ്യകാലങ്ങളില്‍ ഞായറാഴ്ചകളില്‍ മാത്രമാണ് സഹായം ചെയ്തുകൊണ്ടിരുന്നത്. പക്ഷേ വേദനിക്കുന്ന മുഖങ്ങളുടെ എണ്ണം പെരുകിയപ്പോള്‍ സഹായവിതരണവും വര്‍ധിച്ചു. വെറുതെ സഹായം നല്‍കുന്നതിനൊപ്പം ഭവനസന്ദര്‍ശനവും പ്രാര്‍ത്ഥനയും മനുഷ്യരുടെ സങ്കടങ്ങള്‍ കേള്‍ക്കലുമൊക്കെയുണ്ട് ഈ ഗ്രൂപ്പിന്.

സഹായം കൊടുക്കുന്ന ഓരോ വീട്ടിലും മൂന്ന് നന്മനിറഞ്ഞ മറിയമേ ജപം ചൊല്ലിയിട്ടാണ് ഇവര്‍ മടങ്ങുക. ഇതവര്‍ക്കും വലിയ അനുഭവമാകുന്നു. നാലു പേരുള്‍പ്പെടുന്ന അഞ്ച് ടീമായിട്ടാണ് ഇപ്പോള്‍ ഈ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം. എല്ലാ പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനം അനുദിനമുള്ള ദിവ്യബലിയര്‍പ്പണമാണെന്ന് ബാബുവും കൂട്ടുകാരും ഒരേ സ്വരത്തില്‍ പറയുന്നു. ദിവ്യബലിയില്‍നിന്നും ലഭിക്കുന്ന ഊര്‍ജമാണ് ഈ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ തിളക്കം വര്‍ധിപ്പിക്കുന്നത്.

ദിവസവും ഒരു മണിക്കൂര്‍ സമയം ദിവ്യകാരുണ്യ ഈശോയുടെ മുമ്പില്‍ ചെലവഴിക്കാന്‍ ബാബു സമയം കണ്ടെത്തുന്നു. അതുകൊണ്ടുതന്നെ ഓട്ടോറിക്ഷക്ക് എത്ര ഓട്ടം കുറഞ്ഞാലും ബാബുവിന്റെ കുടുംബത്തിന് ആവശ്യമായത് ദൈവം എന്നും നല്‍കുന്നുണ്ട്. ഇരിഞ്ഞാലക്കുട കത്തീഡ്രല്‍ പള്ളിയിലെ നിത്യാരാധന കേന്ദ്രത്തിലാണ് പ്രാര്‍ഥന. ഇത്തരം ചെറിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി എല്ലാവരും ഇറങ്ങിയാല്‍ സമൂഹത്തില്‍ ദാരിദ്ര്യമനുഭവിക്കുന്നവര്‍ ഉണ്ടാകില്ലെന്നാണ് ബാബു പറയുന്നത്.

2014 ഡിസംബര്‍ എട്ടിന് ആരംഭിച്ച ജപമാല കൂട്ടായ്മ 51 മാസം പിന്നിട്ടിരിക്കുന്നു. എല്ലാ മാസവും എട്ടിന് വികാരിയച്ചന്‍ വചനസന്ദേശം നല്‍കും. നേര്‍ച്ച സാധനങ്ങള്‍ ആശീര്‍വദിച്ച് ഒന്നിച്ച് ഭക്ഷണം പങ്കുവയ്ക്കും. ഇവരെ സംബന്ധിച്ചിടത്തോളം തിരുനാള്‍ ആഘോഷിച്ച അനുഭവമാണത്. നേര്‍ച്ച ഏറ്റെടുത്ത് നടത്താന്‍ ഓരോ വീട്ടുകാരും മുന്നോട്ട് വരുന്നു. ആ ദിവസം ആ വീട്ടുകാര്‍ക്കുവേണ്ടിയും അവരുടെ നിയോഗാര്‍ത്ഥവും പ്രാര്‍ത്ഥിക്കും. ആ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിച്ച അനുഭവങ്ങളും എല്ലാവര്‍ക്കും പറയാനുണ്ട്.

സൈജോ ചാലിശേരി

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?