Follow Us On

23

April

2019

Tuesday

ലെനിന്റെ പ്രതിമയുടെ സ്ഥാനത്ത് ക്രിസ്തു ശില്പം ഉയരുമ്പോള്‍

ലെനിന്റെ പ്രതിമയുടെ സ്ഥാനത്ത് ക്രിസ്തു ശില്പം ഉയരുമ്പോള്‍

സ്തവരില്‍ ഉല്‍ക്കണ്ഠ ജനിപ്പിക്കുന്ന വാര്‍ത്തകളാണ് ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നും കേള്‍ക്കുന്നത്. ഈ നൂറ്റാണ്ടില്‍ ഏറ്റവും പീഡനങ്ങള്‍ അനുഭവിക്കുന്ന വിഭാഗമായി ക്രൈസ്തവര്‍ മാറിക്കഴിഞ്ഞു. സിറിയ, ഉത്തരകൊറിയ, ചൈന, പാക്കിസ്ഥാന്‍ എന്നിങ്ങനെ ക്രൈസ്തവര്‍ക്ക് ജീവിക്കാന്‍ ഏറെ പ്രയാസം നേരിടുന്ന രാജ്യങ്ങളുടെ പട്ടിക നീണ്ടുപോകുന്നു.

ഇന്ത്യയില്‍പോലും ക്രിസ്തീയ വിശ്വാസികളുടെ മുമ്പിലുള്ളത് പൂ വിരിച്ച പാതകളല്ല. പല സംസ്ഥാനങ്ങളിലും ക്രൈസ്തവര്‍ ഭീതിയുടെ നടുവിലാണ് കഴിയുന്നത്. ചൈനയിലോ പാക്കിസ്ഥാനിലോ ഉള്ള വിശ്വാസികള്‍ നേരിടേണ്ടിവരുന്നതുപോലുള്ള പീഡനങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നില്ലെങ്കിലും പലവിധത്തിലുള്ള പ്രതിസന്ധികള്‍ അവരുടെ മുമ്പിലുണ്ട്. അതിനൊരു കാരണമേയുള്ളൂ – അവര്‍ ക്രൈസ്തവരാണ്. ഇനി വിശ്വാസത്തെ തള്ളിപ്പറയാന്‍ അവര്‍ തയാറായാല്‍ പല സൗഭാഗ്യങ്ങളും അവര്‍ക്ക് കരഗതമാകുകയും ചെയ്യും.

ചുറ്റുപാടുകള്‍ നിരീക്ഷിച്ചാല്‍ ക്രൈസ്തവ വിശ്വാസത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കകള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഒരു ഭാഗത്ത് വിശ്വാസികള്‍ പീഡനങ്ങള്‍ നേരിടുമ്പോള്‍ മറ്റൊരു വശത്ത് വിശ്വാസം ക്ഷയിച്ചുവരുന്നതിന്റെ വാര്‍ത്തകളും കാണുന്നുണ്ട്. ക്രിസ്തീയ വിശ്വാസം തകര്‍ച്ചയിലേക്ക് പോകുന്നു എന്ന രീതിയില്‍ ബോധപൂര്‍വമായ പ്രചാരണങ്ങളും നടക്കുന്നുണ്ട്.

അതിന്റെ ലക്ഷ്യം വിശ്വാസത്തെ തകര്‍ക്കുകയും തളര്‍ത്തുകയുമാണ്. വിശ്വാസത്തിന്റെ ഭാവിയെക്കുറിച്ച് യഥാര്‍ത്ഥത്തില്‍ ആശങ്കപ്പെടേണ്ടതുണ്ടോ? വിശ്വാസത്തിന്റെ കണ്ണുകള്‍ ഉയര്‍ത്തി, ചുറ്റുപാടുകള്‍ നിരീക്ഷിച്ചാല്‍ വ്യക്തമാകുന്നത് വിശ്വാസത്തെ തകര്‍ക്കാന്‍ ബാഹ്യശക്തികള്‍ക്ക് കഴിയില്ല എന്നുതന്നെയാണ്. കായികബലംകൊണ്ട് വിശ്വാസത്തെ ഇല്ലാതാക്കാന്‍ സര്‍വശക്തിയും ഉപയോഗിച്ചവര്‍ ദയനീയമായി പരാജയപ്പെട്ട ധാരാളം ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും.

റഷ്യയിലെ വഌഡിവോസ്‌ദോക്ക് നഗരത്തില്‍ ക്രിസ്തുവിന്റെ കൂറ്റന്‍ ശില്പം നിര്‍മിക്കാന്‍ പദ്ധതിയിടുന്നതുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവന്നത് ഏതാനും ആഴ്ചകള്‍ക്കുമുമ്പായിരുന്നു. സോവിയറ്റ് യൂണിയന്റെ ഭരണാധികാരിയായിരുന്ന ലെനിന്റെ പ്രതിമ സ്ഥാപിക്കാന്‍ ഉദ്ദേശിച്ചിരുന്ന സ്ഥലത്താണ് ക്രിസ്തുവിന്റെ പ്രതിമ ഉയരുന്നത് എന്നതാണ് അതിന്റെ ഏറ്റവും വലിയ പ്രത്യേകത. ക്രിസ്തീയ വിശ്വാസത്തെ തകര്‍ക്കാന്‍ എല്ലാ വിധത്തിലും പരിശ്രമിച്ചതാണ് സോവിയറ്റ് യൂണിയന്‍.

അതിന് നേതൃത്വം നല്‍കിയ ഭരണാധികാരിയായിരുന്നു ലെനിന്‍. സോവിയറ്റ് യൂണിയന്റെ പ്രതാപകാലത്ത് ക്രിസ്തീയ വിശ്വാസത്തെ തച്ചുടക്കുമെന്ന് അനേകര്‍ ഭയപ്പെട്ടിരുന്നു. ആ വിധത്തിലുള്ള മതമര്‍ദനങ്ങള്‍ സോവിയറ്റ് യൂണിയനില്‍ ഉണ്ടായി. ദൈവാലയങ്ങള്‍ തകര്‍ക്കപ്പെടുകയും വൈദികരും സന്യസ്തരും തുറങ്കലുകളില്‍ അടയ്ക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്തു. വിശ്വാസികള്‍ക്ക് കഠിനമായ സാഹചര്യങ്ങളെ നേരിടേണ്ടിവന്നു. ക്രിസ്തീയ വിശ്വാസം സോവിയറ്റ് യൂണിയനില്‍നിന്നും എന്നേക്കുമായി അസ്തമിച്ചു പോകുമെന്നായിരുന്നു ലോകം അക്കാലങ്ങളില്‍ വിധിയെഴുതിയത്.

പക്ഷേ സംഭവിച്ചത് നേരെ ഘടകവിരുദ്ധമായ വിധത്തിലാണെന്നുമാത്രം. ക്രിസ്തീയ വിശ്വാസത്തെ തൂത്തെറിയാന്‍ ശ്രമിച്ച സാമ്രാജ്യം തകര്‍ന്നു വീണു. അതിന് നേതൃത്വം നല്‍കിയ ഭരണാധികാരിയുടെ പ്രതിമ സ്ഥാപിക്കാന്‍ നിശ്ചയിച്ച സ്ഥലത്ത് ക്രിസ്തുവിന്റെ ശില്പം ഉയരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് ഇങ്ങനെയൊരു സാധ്യതയെക്കുറിച്ച് ആര്‍ക്കെങ്കിലും ചിന്തിക്കാന്‍ കഴിയുമായിരുന്നോ? അങ്ങനെ ആലോചിച്ചാല്‍പോലും അവര്‍ പരിഹസിക്കപ്പെടുമായിരുന്നു.
വിശ്വാസം ക്ഷയിച്ചുവരുന്നുവെന്നു കരുതുന്ന രാജ്യങ്ങളില്‍ സമര്‍പ്പിത ജീവിതത്തിലേക്കുള്ള ദൈവവിളികള്‍ വര്‍ധിച്ചുവരുകയാണെന്ന് കണക്കുകള്‍ തെളിയിക്കുന്നു.

സോവിയറ്റ് യൂണിയനുമായി താരതമ്യപ്പെടുത്തിയാല്‍ ക്രൈസ്തവ വിശ്വാസത്തെ തകര്‍ക്കാന്‍ ഇപ്പോള്‍ പരിശ്രമിക്കുന്ന ശക്തികള്‍ എല്ലാവിധത്തിലും പിന്നിലാണ്. സോവിയറ്റ് യൂണിയനെ ഒരു കാലത്ത് ഭരിച്ചിരുന്ന ലെനിന്റെ പ്രതിമ സ്ഥാപിക്കാന്‍ ഉദ്ദേശിച്ചിരുന്ന സ്ഥലത്ത് ക്രിസ്തുവിന്റെ ശില്പം ഉയരുമ്പോള്‍ നമ്മുടെ വിശ്വാസവും ഉണരണം. ഇപ്പോഴത്തെ പ്രതിസന്ധികള്‍ക്ക് വിശ്വാസത്തെ തകര്‍ക്കാന്‍ കഴിയില്ലെന്ന് സ്വര്‍ഗം നല്‍കുന്ന ഉറപ്പാണത്. പ്രതിസന്ധികളിലേക്ക് നോക്കി ഉല്‍ക്കണ്ഠപ്പെടുന്നതിനുപകരം നമ്മള്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങണം. ലോകത്തിന് ചിന്തിക്കാന്‍ സാധിക്കാത്ത വിധത്തിലുള്ള പ്രവൃത്തികളിലൂടെ ദൈവം പ്രതിസന്ധികളെ തകര്‍ക്കുകതന്നെ ചെയ്യും.

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Don’t want to skip an update or a post?