Follow Us On

22

July

2019

Monday

വിശ്വാസത്തിന്റെ പരിച

വിശ്വാസത്തിന്റെ പരിച

ദേവസിചേട്ടന്‍ രാവിലെ 5.30-നുതന്നെ പളളിയിലെത്തും. വിശ്വാസത്തില്‍ അടിയുറച്ച ജീവിതശൈലി. വിശുദ്ധ കുര്‍ബാന കേന്ദ്രീകൃതമായ ജീവിതം. വിശുദ്ധ കുര്‍ബാന കഴിഞ്ഞാല്‍ ഉടനെതന്നെ മടങ്ങിപ്പോകുന്ന ദേവസിചേട്ടന്‍ ഇടവകക്കാരനല്ലാത്തതിനാല്‍ കൂടുതല്‍ പരിചയപ്പെട്ടിട്ടില്ല. എന്നാല്‍ കുര്‍ബാനയ്ക്കും ഏറെ മുമ്പേ വന്ന് ഏറെ പ്രാര്‍ത്ഥിക്കുന്ന അദ്ദേഹത്തെ ശ്രദ്ധിച്ചിട്ടുണ്ട്. വളരെ യാദൃശ്ചികമായി അദ്ദേഹത്തിന്റെ വീട്ടില്‍ ഒരു സന്ദര്‍ശനം നടത്താന്‍ ഇടയായി. നാലുമക്കളില്‍ മൂന്നുപേരും മാനസിക വളര്‍ച്ചയില്ലാത്തവര്‍. അവരെ ശുശ്രൂഷിച്ച് ക്ഷീണിതയും രോഗിയുമായ ഭാര്യ.

രാവിലെ എട്ടുമുതല്‍ വൈകിട്ട് എട്ടുവരെയുള്ള ഒരു സെക്യൂരിറ്റി പണിക്കാണ് ദേവസിചേട്ടന്‍ എന്നും രാവിലെ ഓടുന്നത്. ആ പതിനായിരം രൂപ മാസവരുമാനംകൊണ്ട് രണ്ടറ്റം കൂട്ടിമുട്ടുന്നില്ല എന്നു വ്യക്തം. അല്പം സ്തബ്ദനായി… അല്ല അല്പം വിഷമത്തോടെതന്നെ… അദ്ദേഹത്തോട് കാര്യങ്ങള്‍ അന്വേഷിക്കുമ്പോള്‍ എനിക്ക് ലഭിച്ച മറുപടികളിലൊന്ന് ഇതായിരുന്നു. ‘

എന്തൊക്കെ പ്രശ്‌നമുണ്ടായാലും നാം വിശ്വസിക്കുന്ന ദൈവമുണ്ടല്ലോ. അതുകൊണ്ട് ആര്‍ക്കും എന്നെ തട്ടിവീഴ്ത്താനാവില്ല.’ അമ്പരന്നുപോയി ആ വിശ്വാസതീക്ഷ്ണതയുടെ മുന്നില്‍. പൗലോസ് ശ്ലീഹ പറഞ്ഞതുതന്നെയാണ് ദേവസിചേട്ടനും പറയുന്നത്. വിശ്വാസം ഒരു പരിചയാണ്. എന്തു പ്രശ്‌നവും പ്രതിസന്ധിയും കടന്നുവന്നാലും അവയെയെല്ലാം അകറ്റി നിര്‍ത്താനും പ്രശ്‌നകാരണമാക്കാതിരിക്കാനുമുള്ള വലിയ പരിച (എഫേ. 6:16).

ആഴമായ വിശ്വാസത്തിന്റെ പരിച സംവഹിക്കുന്നതാണോ നമ്മുടെ ആത്മീയജീവിതം എന്ന് കൃത്യതയോടെ മനസിലാക്കാന്‍ ശ്രമിക്കാം. ഈശോ എന്നും ആഞ്ഞടിച്ചത് വിശ്വാസമുണ്ടെന്ന് പറഞ്ഞു നടക്കുകയും അത് ഇല്ലാതിരിക്കുകയും ചെയ്യുന്നതിനെയാണ്. കര്‍ത്താവേ, കര്‍ത്താവേ എന്നു വിളിക്കുന്നവരല്ല… സ്വര്‍ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവരാണ്… (മത്തായി 7:21). ദൈവരാജ്യം നിങ്ങളില്‍നിന്നെടുത്ത് ഫലം പുറപ്പെടുവിക്കുന്ന ജനതയ്ക്ക് നല്‍കും (മത്തായി 21:43). തെക്കുനിന്നും വടക്കുനിന്നും കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വരുന്നവന്‍ വിരുന്നിനിരിക്കും.

അന്ധവിശ്വാസം, അവിശ്വാസം, അല്പവിശ്വാസം, വിശ്വാസം തുടങ്ങിയ വേര്‍തിരിവുകളും സുവിശേഷ സങ്കല്പങ്ങളാണല്ലോ. വിശ്വാസം കുറെ പ്രകടനങ്ങളല്ല എന്നു വ്യക്തം. പള്ളിയില്‍ കുര്‍ബാനയ്‌ക്കെത്തുന്ന ഇരുന്നൂറു പേരുടെയും വിശ്വാസം വ്യത്യസ്തമാണ്. ഇടവകയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന എനിക്കാണ് ഇവിടെ ഏറ്റവും കൂടുതല്‍ വിശ്വാസം എന്നത് വെറും തെറ്റിദ്ധാരണ മാത്രം. ഒരു വിദ്യാഭ്യാസവുമില്ലാത്ത, ഒരു ദൈവശാസ്ത്രവുമറിയാത്ത ഒരു വ്യക്തിക്ക് ഇതെല്ലാമുള്ള ആളെക്കാള്‍ കൂടുതല്‍ വിശ്വാസമുണ്ടാവുക സ്വാഭാവികം. എന്നാല്‍ ഇത് കൃത്യമായി അളന്നെടുക്കാന്‍ നമ്മുടെ പക്കല്‍ യന്ത്രങ്ങളൊന്നുമില്ല. എന്നാല്‍ നേമ്പാചരണത്തിന്റെ ഒരു വിലയിരുത്തലും അളന്നെടുക്കലും ഇതാവട്ടെ.

ദൈവവിശ്വാസത്തെ ദൈവസ്‌നേഹമെന്നുകൂടി നിര്‍വചിച്ചാല്‍ പത്രോസിനോട് കര്‍ത്താവ് ഇതിന്റെ അളവ് ചോദിക്കുന്നുണ്ട്. യോനായുടെ പുത്രനായ ശിമയോനെ ഇവരെക്കാള്‍ അധികമായി നീ എന്നെ സ്‌നേഹിക്കുന്നുവോ? വിശ്വാസത്തിന്റെ ആഴമെന്നാല്‍ ദൈവസ്‌നേഹത്തിന്റെ ആഴമാവട്ടെ. എന്റെ ഇടവകയില്‍ എല്ലാവരെയുംകാള്‍ അധികമായി ഒന്നാമത് ഈശോയെ സ്‌നേഹിക്കുന്ന ആളാണ് ഞാന്‍ എന്നതാവും ഇടവക വികാരി എന്ന നിലയില്‍ എന്റെ ഏറ്റവും വലിയ നേട്ടം.

ഈ ദൈവാലയത്തില്‍ കുര്‍ബാനയ്ക്കായി നില്‍ക്കുന്നവരില്‍ ആരെക്കാളും കൂടുതലായി ഈശോയെ സ്‌നേഹിക്കുന്നത് ഞാനാണെന്ന് പറയാനായാല്‍ അവിടെ ദൈവസ്‌നേഹ ത്തിന്റെ ആഴം വര്‍ധിക്കുകയാണ്. വിശ്വാസത്തില്‍ ആഴപ്പെടുകയാണ്. അതിലൂടെ നമ്മുടെ ജീവിതത്തിലെ ഏതേതു പ്രശ്‌നങ്ങള്‍ക്കു നടുവിലും വിശ്വാസം പരിചപോലെനിന്ന് നമ്മെ രക്ഷിക്കുകയാണ്.

ആരംഭത്തില്‍ സൂചിപ്പിച്ച ദേവസിചേട്ടന്റേതുപോലെ ചില അനുഭവങ്ങള്‍ നമുക്കും ഉണ്ടാകുന്നില്ലേ. സഹനങ്ങള്‍, പ്രതിസന്ധികള്‍, പരാജയങ്ങള്‍, പ്രശ്‌നങ്ങള്‍. യഥാര്‍ത്ഥ ദൈവസ്‌നേഹവും വിശ്വാസവും ആഴപ്പെടുമ്പോള്‍ ഏതു പ്രശ്‌നങ്ങളും ജീവിതത്തിലേക്ക് കടന്നുവരാത്ത പരിചയായി അതേ വിശ്വാസം നമ്മെ കാത്തുസൂക്ഷിക്കും. എന്തെങ്കിലും ചെറുതായൊന്നു സംഭവിക്കുമ്പോഴേ ദൈവത്തെ പഴിക്കുകയോ ദൈവാഭിമുഖ്യം ഇല്ലാതിരിക്കുകയോ ചെയ്യുന്നത് വിശ്വാസത്തിന്റെ കുറവുതന്നെയാണ്.

ഫാ. ജിമ്മി പൂച്ചക്കാട്ട്‌

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?