അവന്‍ പറഞ്ഞു: യേശുവേ നീ നിന്റെ രാജ്യത്തു പ്രവേശിക്കുമ്പോള്‍ എന്നെയും ഓര്‍ക്കണേ. യേശു അവനോട് പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങന്നോട് പറയുന്നു, നീ ഇന്ന് എന്നോട് കൂടെ പറുദീസയിലായിരിക്കു (ലൂക്കാ. 23:43)
വിശ്വാസിയുടെ സ്വപ്‌നക്കൂടാരമാണ് പറുദീസ. നീ എന്നെയൊന്ന് ഓര്‍ത്താല്‍ മതിയെന്നാണ് അയാളുടെ പ്രാര്‍ത്ഥന. എന്നാല്‍, അയാള്‍ക്ക് കിട്ടിയതോ പറുദീസയും. ചോദിക്കുന്നതിലധികം തരുന്നുണ്ട്, രക്ഷകന്‍ നമുക്ക്. അവന്‍ നമ്മെ ഓര്‍ത്താല്‍ മതി. അതിനായി നിരന്തരമായ യാത്രകളില്‍ നാം അവനെ ഓര്‍ക്കണം.
ക്രിസ്തുവിന്റെ കുരിശിലെ ആദ്യമൊഴി രണ്ടു കള്ളന്മാരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മാപ്പിന്റെ വാക്കായിരുന്നല്ലോ അത്. ശത്രുവിനെപ്പോലും മരണത്തില്‍ ചേര്‍ത്തുപിടിച്ചെങ്കില്‍, ക്രൂശിതന്‍ സാധാരണക്കാരനല്ലെന്നു നല്ല കള്ളനു മനസ്സിലായി. അതുകൊണ്ടുതന്നെ, അവന്‍ പോകുന്നിടത്തേക്ക് പോകണമെന്ന ആഗ്രഹവും അവനിലുദിച്ചു.
‘നിക്കദേമോസിന്റെ സുവിശേഷം’ എന്ന അപ്പോക്രിഫ്ല്‍ പുസ്തകത്തില്‍ ഇരുകള്ളന്മാരുടെയും പേരുകളുണ്ട്. ദിസ്മസും ഗെസ്റ്റസും. അന്ന് കാല്‍വരിയെന്ന ബലിപീഠത്തില്‍ മൂന്നുപേരുടെയും രക്തമൊഴുകിയിരുന്നു. ദിസ്മസെന്ന നല്ല കള്ളന്റെ, ഗെസ്റ്റസ് എന്ന വിവേകരഹിതനായ കള്ളന്റെ, പെരുങ്കള്ളനായി മുദ്രകുത്തപ്പെട്ട ക്രിസ്തുവിന്റെ. എന്താണിതിനര്‍ത്ഥം? ക്രിസ്തുവിന്റെ ബലി വീണ്ടെടുപ്പിന്റെ ബലിയല്ലേ. അത്, അവനെ തേടുന്ന നല്ല കള്ളന്മാര്‍ക്കും അവനെ പിന്തള്ളിയ വിവേകരഹിതര്‍ക്കും കൂടി വേണ്ടിയാണ്. ഒരാളെയും മാറ്റിനിറുത്താത്ത ബലി.
ചിലരെങ്കിലും കള്ളന്മാരായി തീരുന്നത് ലോകത്തിന്റെ തലതിരിഞ്ഞ നീതിബോധത്തില്‍ നിന്നാണ് എന്നു പറയേണ്ടതില്ലല്ലോ. രണ്ടു രൂപയുടെ ഒരു പേന അടുത്തിരുന്നവനില്‍നിന്നും മോഷ്ടിച്ചതിന് ഒരധ്യാപകന്‍ വിധിച്ച ശിക്ഷ ഇതായിരുന്നു: ഓരോ ക്ലാസ് മുറിയിലും കയറി ഞാന്‍ പേനക്കള്ളനാണെന്ന് വിളിച്ചു പറയണം. കാലം കള്ളനെന്നു വിളിച്ചപ്പോള്‍, വേറെ വഴിയൊന്നുമില്ലാത്തതുകൊണ്ട് അയാള്‍ കുറേക്കാലം കള്ളനായിത്തന്നെ ജീവിച്ചു. വെളിച്ചമുള്ള ഒരു വൈദികനെ കണ്ടുമുട്ടുന്നതുവരെ നാട്ടിലെ കള്ളന്‍ അവനായിരുന്നു. ഒരാള്‍ അങ്ങനെ ആയതെന്തെന്ന് ചോദിക്കാന്‍ നമുക്കു ഭയമാണ്. കാരണം, നാം പിടിയിലാകും.
ദിസ്മസ് വിവേകമുള്ള കള്ളനായിരുന്നു. താന്‍ എത്തിയിരിക്കുന്ന ഈ യാതന തന്റെതന്നെ കര്‍മഫലം കൊണ്ടെന്ന് തിരിച്ചറിയാനുള്ള വെളിച്ചം അയാള്‍ക്കുണ്ടായിരുന്നു. ആ ആത്മബോധമില്ലാതെ രക്ഷകനെ ചീത്തവിളിക്കുന്ന ഗെസ്റ്റസിനെ കുറ്റം വിധിക്കുന്നുമുണ്ട്, ഇവന്‍. ലളിതമായൊരു പ്രാര്‍ത്ഥനയാണ് നല്ല കള്ളന്‍ ഉയര്‍ത്തുന്നത്. രക്ഷകാ നിന്റെ രാജ്യത്തില്‍ പ്രവേശിക്കുമ്പോള്‍ നീയെന്നെ ഓര്‍ക്കണം.
തലേ രാത്രിയില്‍ അത്താഴസമയത്ത് ശിഷ്യരെ ചേര്‍ത്തുപിടിച്ച് ക്രിസ്തുവും പറഞ്ഞിരുന്നു, നിങ്ങള്‍ എന്റെ ഓര്‍മയ്ക്കായി ഇതു ചെയ്യണമെന്ന്. നിറവാര്‍ന്ന ഓര്‍മയാണ് ദൈവസാന്നിധ്യം. മറവിയാണ് പാപം. ഉടമ്പടി, രക്ഷകന്‍ പറഞ്ഞു, നീ ഇന്ന് എന്നോടുകൂടെ പറദീസ പങ്കിടും. ദൈവരാജ്യം ഇന്നാരംഭിക്കണം. ഇവിടെ ആരംഭിക്കണം. സ്വര്‍ഗീയ കാനാന്‍ അങ്ങ് ഇകലെയല്ല, ഇവിടെ ക്രിസ്തുവിനെ കണ്ടുമുട്ടുന്ന ആ സായാഹ്നത്തില്‍ ആരംഭിക്കുകയാണ്.
രക്ഷകനൊപ്പമുള്ള കുരിശുയാത്രയാണ് ദൈവരാജ്യയാത്ര. ഇന്നലെവരെ ദിസ്മസ് കള്ളനായിരുന്നു. ഇന്നവന് രക്ഷകന്റെ കൂട്ടുകിട്ടി. ശേഷിക്കുന്ന വേദന ഇനിയും സഹിച്ചേ അവന്‍ മരിക്കൂ എന്നിരിക്കലും അവനിപ്പോള്‍ മരിക്കുന്നത് വിവേകരഹിതനായ കള്ളന്‍ മരിക്കുന്നതുപോലെയല്ല. പറുദീസയുടെ ആനന്ദത്തിലാണ്.
നല്ല കള്ളനെക്കുറിച്ചുള്ള കഥകളിലൊന്നിങ്ങനെയാണ്. അയാള്‍ കുരിശില്‍കിടന്ന് അന്ന് മരിച്ചിട്ടില്ല.
ശരീരം കുരിശില്‍ നിന്നും ഇറക്കാന്‍ സഹായിച്ചവരാണ് അയാളില്‍ അവശേഷിക്കുന്ന ഒരു മിടിപ്പിനെ തിരിച്ചറിഞ്ഞത്. അയാളെ ഞാന്‍ സംസ്‌ക്കരിക്കാമെന്നു പറഞ്ഞ് പട്ടാളക്കാരെ കബളിപ്പിച്ച് അവരില്‍ ഒരാളുടെ വീട്ടിലേക്കു കൊണ്ടുവന്നു. നല്ല പരിചരണവും ശ്രദ്ധയും നല്‍കി. അയാളില്‍ ശേഷിക്കുന്ന ജീവന്‍ ഊതിക്കത്തിച്ചു. ഏതാനും നാളുകള്‍ കഴിഞ്ഞപ്പോള്‍ ഒരു ഊന്നുവടിയില്‍ അയാള്‍ ഗ്രാമവഴികളിലൂടെ കടന്നു നീങ്ങുമ്പോള്‍ ഒരാള്‍ ആക്ഷേപിച്ചു:
മരണത്തിനുപോലും വേണ്ടാത്തവന്‍! അയാളുടെ കണ്ണുനിറഞ്ഞു. ചങ്കുകലങ്ങി. എങ്കിലും രക്ഷകന്‍ പറഞ്ഞ വാക്കുകള്‍ അയാള്‍ ഓര്‍മ്മിച്ചെടുത്തു. നീയിന്ന് എന്നോടൊപ്പം പറുദീസയില്‍ ആയിരിക്കും. അയാള്‍ അയാളോടുതന്നെ പറഞ്ഞു: നിങ്ങള്‍ കരുതുന്നു ഞാന്‍ ഈ നടക്കുന്നത് ഇടവഴികളിലൂടെയെന്ന്. അല്ല. ഒരിക്കലുമില്ല. ഞാന്‍ നടക്കുന്നത് പറുദീസയിലാണ്. രക്ഷകനൊപ്പം നടക്കുന്ന യാത്ര. പ്രഭുകുമാരന്‍ എനിക്കൊപ്പമുണ്ട്. രക്ഷകനെ കണ്ടുമുട്ടുന്നവര്‍ നടക്കുന്നത് ആ പറുദീസയിലാണ്, അന്നും ഇന്നും, എന്നും.
പ്രാര്‍ത്ഥന: രക്ഷകാ, നിനക്കൊപ്പം കുരിശുയാത്ര നടത്താന്‍ എനിക്കും കൃപ തരണേ!
റവ.ഡോ. റോയി പാലാട്ടി സി.എം. ഐ
***********************************
ഓഡിയോ വേർഷൻ
Leave a Comment
Your email address will not be published. Required fields are marked with *