Follow Us On

20

May

2022

Friday

പാദങ്ങളിൽ പേപ്പൽ ചുംബനം; അമ്പരന്നത് സൗത്ത് സുഡാൻ മാത്രമല്ല, ലോകം ഒന്നടങ്കം

പാദങ്ങളിൽ പേപ്പൽ ചുംബനം; അമ്പരന്നത് സൗത്ത് സുഡാൻ മാത്രമല്ല, ലോകം ഒന്നടങ്കം

വത്തിക്കാൻ സിറ്റി: സ്ഥിരം വഴക്കാളികളാണ്, വിട്ടുവീഴ്ചാ മനോഭാവവും തൊട്ടുതീണ്ടിയിട്ടില്ല. എങ്കിലും ഫ്രാൻസിസ് പാപ്പയ്ക്കു മുന്നിൽ അച്ചടക്കമുള്ള കുട്ടികളെപ്പോലെ ഹസ്തദാനം പ്രതീക്ഷിച്ചിരുന്ന സൗത്ത് സുഡാനിയൻ നേതാക്കൾക്ക് ലഭിച്ചത് ഫ്രാൻസിസ് പാപ്പയുടെ സ്‌നേഹചുംബനം. കൈയിലോ കരങ്ങളിലോ അല്ല, പാദങ്ങളിൽ!

സൗത്ത് സുഡാൻ നേതാക്കൾമാത്രമല്ല ലോകം ഒന്നടങ്കം അമ്പരന്നു പോയി, അപ്രതീക്ഷിതവും അത്യപൂർവവുമായ ആ പേപ്പൽ ചെയ്തിക്കു മുന്നിൽ-120 കോടിയിൽപ്പരം വരുന്ന കത്തോലിക്കാ വിശ്വാസികളുടെ വലിയിടയൻ, വത്തിക്കാൻ രാഷ്ട്രത്തിന്റെ ഭരണത്തലവൻ മറ്റൊരു രാജ്യത്തിന്റെ ഭരണാധിപന്മാരുടെ പാദം ചുംബിക്കുകയോ!

ആഭ്യന്തരകലാപങ്ങൾ പതിവായ സൗത്ത് സുഡാനിൽ സമാധാനം സംജാതമാക്കണമെന്ന അപേക്ഷയോടെയായിരുന്നു ഫ്രാൻസിസ് പാപ്പയുടെ ഈ ചെയ്തി. സൗത്ത് സുഡാൻ പ്രസിഡന്റ് സൽവാ ഖീർ, വിമതനേതാവ് റെയ്ക് മച്ചാർ എന്നിവരുൾപ്പെടെ നാലു പേരുടെ പാദങ്ങളിലാണ് പാപ്പ ചുംബിച്ചത്. അതിലൊരാൾ വനിതയും.

82 വയസുള്ള പാപ്പ, അദ്ദേഹത്തിന്റെ പാതി വയസുള്ള തങ്ങളുടെ ഓരോരുത്തരുടെയും മുന്നിലെത്തി മുട്ടുകുത്തി പാദങ്ങൾ ചുംബിക്കുന്നത് അമ്പരപ്പല്ല ഒരു തരം മരവിപ്പാണ് അവർക്കുണ്ടായിതെന്ന് അവരുടെ മുഖ ഭാവങ്ങളിൽനിന്ന് വ്യക്തം. ‘സഹോദരാ, സമാധാനത്തിൽ നിലനിൽക്കാൻ ഞാൻ അപേക്ഷിക്കുന്നു. ഹൃദയത്തിന്റെ ഭാഷയിൽ ഞാൻ നിങ്ങളോട് പറയുന്നു, നമുക്ക് മുന്നോട്ടുപോകാം, നിരവധി പ്രശ്‌നങ്ങളുണ്ടാകാം, ആ പ്രശ്‌നങ്ങൾ പരിഹരിക്കാം,’ എന്ന അഭ്യർത്ഥനടെയായിരുന്നു പാപ്പയുടെ സ്‌നേഹചുംബനം.

അനുരജ്ഞനത്തിലൂടെ സമാധാനം വീണ്ടെടുത്ത് സൗത്ത് സുഡാനെ ക്ഷേമരാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ രാഷ്ട്രീയരംഗത്തെ പ്രമുഖർക്കായി വത്തിക്കാനിൽ ദിദ്വിന ധ്യാനം സംഘടിപ്പിച്ചിരുന്നു. ആംഗ്ലിക്കൻ സഭാ തലവൻ കാന്റർബെറി ആർച്ച്ബിഷപ്പ് ജസ്റ്റിൻ വെൽബിയുടെ കാര്യാലയവും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റും സംയുക്തമായി സംഘടിപ്പിച്ച ധ്യാനത്തിന്റെ സമാപനത്തിൽ പാപ്പയാണ് സന്ദേശം പങ്കുവെച്ചത്. അതേ തുടർന്ന് പേപ്പൽ വസതിയിൽ കൂടിക്കാഴ്ചയ്‌ക്കെത്തിയപ്പോഴാണ് ലോകത്തെ അമ്പരപ്പിച്ച ആ കാഴ്ച ലോകം കണ്ടത്.

രാജ്യത്തിന്റെ സമാധാനത്തിനായി ഭരണാധിപന്മാരും സഭാനേതൃത്വവും ധ്യാനത്തിൽ പങ്കെടുക്കുക. ലോകം അമ്പരപ്പോടെ ശ്രവിച്ച ഈ വാർത്ത, പേപ്പൽ ചെയ്തിയിലൂടെ മഹത്തരമായ മറ്റൊരു തലത്തിലേക്ക് ഉയർത്തപ്പെട്ടു എന്നതാണ് വാസ്തവം. ആർച്ച്ബിഷപ്പ് ജസ്റ്റിൻ വെൽബിയാണ് ധ്യാനത്തിന് നേതൃത്വം വഹിച്ചത്. ധ്യാനത്തിനൊടുവിൽ, ഫ്രാൻസിസ് പാപ്പയും ആർച്ച്ബിഷപ്പ് ജസ്റ്റിൻ വെൽബിയും സ്‌കോട്ലൻഡിലെ മുൻ പ്രിസ്ബറ്റേറിയൻ സഭാ മോഡറേറ്റർ റവ. ജോൺ ചാമേഴ്സും ഒപ്പുവച്ച ബൈബിളുകൾ ധ്യാനത്തിൽ പങ്കെടുക്കുന്നവർക്ക് സമ്മാനിക്കുകയും ചെയ്തു.

രാഷ്ട്രീയപ്രാധാന്യം എന്നതിനെക്കാൾ സഭാപരമായി വലിയ പ്രാധാന്യവും ഈ ധ്യാനത്തിനുണ്ട്. ആംഗ്ലിക്കൻ സഭയും കത്തോലിക്കാസഭയും തമ്മിലുള്ള ബന്ധം വർധിപ്പിക്കുന്നതിനുള്ള അവസരംകൂടിയായി ഈ ധ്യാനം മാറി എന്നതുതന്നെ കാരണം.

*******************************

 

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?