Follow Us On

23

April

2019

Tuesday

ഒരു അടയാളം ഉയര്‍ത്തുവിന്‍; ജനതകള്‍ അറിയട്ടെ!

ഒരു അടയാളം ഉയര്‍ത്തുവിന്‍;  ജനതകള്‍ അറിയട്ടെ!

ഏശയ്യായുടെ പുസ്തകം 62:10 വചനത്തിന്റെ ഒരു ഭാഗമാണ് ഈ ലേഖനത്തിന്റെ തലക്കെട്ടായി നല്‍കിയിരിക്കുന്നത്: ഒരു അടയാളം ഉയര്‍ത്തുവിന്‍; ജനതകള്‍ അറിയട്ടെ! നമുക്ക് ചോദിക്കാം: ജനതകള്‍ എന്ത് അറിയണം? അവരെ എന്ത് അറിയിക്കാനാണ് ഒരു അടയാളം ഉയര്‍ത്തുന്നത്? യേശുക്രിസ്തു രക്ഷകനായ ദൈവമാണ് എന്ന് ജനതകള്‍ അറിയണം.

ഇത് അവരെ അറിയിക്കാനാണ് ഒരു അടയാളം ഉയര്‍ത്തേണ്ടത്. ഏശയ്യായുടെ പ്രവചനം ഓശാന ഞായറാഴ്ച യേശുവില്‍ പൂര്‍ത്തിയായി. യേശു രക്ഷകനായ ദൈവമാണ് എന്ന് എല്ലാവരോടും വിളിച്ചു പറഞ്ഞുകൊണ്ട് അന്ന് അനേകര്‍ ഒരു അടയാളം ഉയര്‍ത്തി: ഒലിവുചില്ലകള്‍. ഒലിവുചില്ലകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സര്‍വജനങ്ങളോടുമായി ആള്‍ക്കൂട്ടം വിളിച്ചു പറഞ്ഞു: ദാവീദിന്റെ പുത്രന് ഹോസാന! കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍! ഉന്നതങ്ങളില്‍ ഹോസാന!

ഓശാന പാടുക എന്നൊരു ചൊല്ല് നമ്മുടെ ഇടയില്‍ ഉണ്ടല്ലോ. ഒരാളെ പുകഴ്ത്തുന്നതിനാണ് ഓശാന പാടുക എന്ന പദം നമ്മള്‍ കൂടുതലായി ഉപയോഗിക്കുന്നത്. ഒരാളെ അമിതമായി പുകഴ്ത്തുന്നതിനും സ്വാര്‍ത്ഥലക്ഷ്യങ്ങളോടെ ഒരാളെ ഉള്ളതും ഇല്ലാത്തതുമായ നന്മകള്‍ പറഞ്ഞ് പുകഴ്ത്തുന്നതിനും ഓശാന പാടുക എന്ന് നമ്മള്‍ പറയാറുണ്ട്.

സക്കറിയായുടെ പുസ്തകം 9:9-ല്‍ പറഞ്ഞിരിക്കുന്ന പ്രവചനം ഓശാന ഞായറാഴ്ച യേശുവില്‍ പൂര്‍ത്തിയായി: സീയോന്‍ പുത്രീ, അതിയായി ആനന്ദിക്കുക; ജറുസലേം പുത്രീ, ആര്‍പ്പുവിളിക്കുക. ഇതാ നിന്റെ രാജാവ് നിന്റെ അടുക്കലേക്ക് വരുന്നു. അവന്‍ പ്രതാപവാനും ജയശാലിയുമാണ്. അവന്‍ വിനയാന്വിതനായി, കഴുതപ്പുറത്ത്, കഴുതക്കുട്ടിയുടെ പുറത്ത്, കയറിവരുന്നു.

യേശു കടന്നുപോകുമ്പോള്‍ ജനങ്ങള്‍ യേശുവിനെ സ്തുതിക്കുകയും തങ്ങളെ രക്ഷിക്കണമേ എന്ന് പ്രാര്‍ത്ഥിക്കുകയുമായിരുന്നു. സങ്കീര്‍ത്തനം 118:24-29 വചനങ്ങളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഓശാന ഞായറാഴ്ച നടപ്പാകുകയാണ്. ”കര്‍ത്താവ് ഒരുക്കിയ ദിവസമാണിന്ന്; ഇന്നു സന്തോഷിച്ചുല്ലസിക്കാം. കര്‍ത്താവേ, ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു, ഞങ്ങളെ രക്ഷിക്കണമേ! കര്‍ത്താവേ, ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു, ഞങ്ങള്‍ക്കു വിജയം നല്‍കണമേ! കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍; ഞങ്ങള്‍ കര്‍ത്താവിന്റെ ആലയത്തില്‍നിന്നു നിങ്ങളെ ആശീര്‍വദിക്കും.

കര്‍ത്താവാണു ദൈവം; അവിടുന്നാണു നമുക്കു പ്രകാശം നല്‍കിയത്; മരച്ചില്ലകളേന്തി പ്രദക്ഷിണം തുടങ്ങുവിന്‍; ബലിപീഠത്തിങ്കലേക്കു നീങ്ങുവിന്‍. അങ്ങാണ് എന്റെ ദൈവം; ഞാന്‍ അങ്ങേക്കു കൃതജ്ഞതയര്‍പ്പിക്കും; അവിടുന്നാണ് എന്റെ ദൈവം; ഞാന്‍ അങ്ങയെ മഹത്വപ്പെടുത്തും. കര്‍ത്താവിനു കൃതജ്ഞത അര്‍പ്പിക്കുവിന്‍; അവിടുന്നു നല്ലവനാണ്; അവിടുത്തെ കാരുണ്യം എന്നേക്കും നിലനില്‍ക്കുന്നു.”

ദൈവത്തെ മനുഷ്യര്‍ പാടിപ്പുകഴ്ത്തുന്ന പല സംഭവങ്ങള്‍ ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ചെങ്കടല്‍ കടന്ന മോശ ദൈവത്തെ പാടി പുകഴ്ത്തുന്നത് പുറപ്പാട് 15-ാം അധ്യായത്തില്‍ വായിക്കുന്നു. ദാവീദിന്റെ വിജയകീര്‍ത്തനം 2 സാമുവല്‍ 22-ാം അധ്യായത്തില്‍ വായിക്കുന്നു. താന്‍ പണി കഴിപ്പിച്ച ജറുസലേം ദൈവാലയം ദൈവത്തിന് പ്രതിഷ്ഠിച്ചുകൊണ്ട് സോളമന്‍ നടത്തുന്ന സ്തുതിപ്പും പ്രാര്‍ത്ഥനയും 1 രാജാക്കന്മാര്‍ 8:22-61 വചനങ്ങളില്‍ വായിക്കുന്നു.

ശത്രുപാളയത്തില്‍ കടന്ന് ശത്രുരാജാവായ ഹോളോഫര്‍ണസിന്റെ കിടപ്പുമുറിയില്‍ കടന്ന്, അദ്ദേഹത്തെ വധിച്ചശേഷം സ്വന്തം ജനങ്ങളുടെ ഇടയില്‍ തിരിച്ചെത്തിയ യൂദിത്ത് ദൈവത്തെ സ്തുതിക്കുന്ന കീര്‍ത്തനം, യൂദിത്തിന്റെ പുസ്തകം പതിനാറാം അധ്യായത്തില്‍ വായിക്കുന്നു. ഗര്‍ഭിണിയായ എലിസബത്തിന്റെ ഭവനത്തിലെത്തിയ പരിശുദ്ധ മറിയം ആലപിക്കുന്ന സ്‌തോത്രഗീതം ലൂക്കാ 1:46-55 വചനങ്ങളില്‍ വായിക്കുന്നു.

ഇതുപോലെ ഓശാന ഞായറാഴ്ച യേശുവിനെ രക്ഷകനായി ജനങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് ഓശാന പാടുകയാണ്. ഒരുപക്ഷേ, യേശു ഏത് അര്‍ത്ഥത്തിലാണ് രക്ഷകന്‍ എന്ന് അവര്‍ ശരിക്കും മനസിലാക്കിക്കാണില്ലായിരിക്കും. എങ്കിലും അവര്‍ പാടിയത്, പ്രവചനങ്ങളില്‍ പറഞ്ഞിരിക്കുന്ന രക്ഷകനെ സ്തുതിച്ചുകൊണ്ട്, ഞങ്ങളെ രക്ഷിക്കണമേ എന്ന പ്രാര്‍ത്ഥനയാണ്.

ഒരു അടയാളം ഉയര്‍ത്തുവിന്‍ എന്ന ഏശയ്യായുടെ ആഹ്വാനം ആദ്യം നിറവേറ്റിയത് ഒലിവുചില്ലകള്‍ ഉയര്‍ത്തിക്കൊണ്ട് ജറുസലേം നഗരവാസികളാണ്. ഓരോ ഓശാന ഞായറാഴ്ചക്കും ലോകമെമ്പാടും കോടിക്കണക്കിന് ക്രിസ്തുവിശ്വാസികള്‍ കുരുത്തോല എന്ന അടയാളം ഉയര്‍ത്തി പ്രഖ്യാപിക്കുകയും ലോകത്തോട് വിളിച്ചു പറയുകയും ചെയ്യുന്നത് ഏശയ്യാ പറഞ്ഞ അതേ കാര്യമാണ്. യേശു രക്ഷകനാണ്; യേശുവേ ഞങ്ങളെ രക്ഷിക്കണമേ.

ഈ ഓശാന ഞായറാഴ്ചയും ജറുസലേം നഗരത്തില്‍ അനേകര്‍ ഒലിവുശിഖരങ്ങള്‍ അടയാളമായി ഉയര്‍ത്തി ഓശാന പാടും. ലോകമെമ്പാടുമായി കോടിക്കണക്കിന് മനുഷ്യര്‍ കുരുത്തോലയോ മറ്റെന്തെങ്കിലും ശിഖരങ്ങളോ ഉയര്‍ത്തി ഓശാന പാടും. യേശു രക്ഷകനാണ്, യേശുവേ ഞങ്ങളെ രക്ഷിക്കണമേ എന്ന് അറിഞ്ഞോ അറിയാതെയോ അര്‍ത്ഥം മനസിലാക്കിക്കൊണ്ടോ അല്ലാതെയോ കോടിക്കണക്കിന് മനുഷ്യര്‍ പാടുകയാണ്.

ഓശാന എന്ന വാക്കിന്റെ കൃത്യമായ അര്‍ത്ഥം അറിഞ്ഞില്ലെങ്കിലും അവരുടെ ഹൃദയത്തില്‍ അവര്‍ യേശുവിനെ രക്ഷകനും നാഥനുമായി അംഗീകരിച്ച് ഏറ്റുപറയുകയും യേശുവില്‍ രക്ഷയ്ക്കായി അഭയം തേടുകയുമാണ്. അതിനാല്‍ ഓശാന ഞായറാഴ്ച കൈകളില്‍ കുരുത്തോല പിടിക്കുമ്പോള്‍ ഓര്‍ക്കാം: നമ്മള്‍ യേശു രക്ഷകനും ദൈവവുമാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഒരു കൊടി ഉയര്‍ത്തുകയാണ്.

കുരുത്തോലയുമായി വീട്ടിലേക്ക് പോകുമ്പോള്‍ നമ്മള്‍ യേശുവിന്റെ നാമത്തില്‍ ഒരു കൊടി വഹിക്കുകയാണ്. വീട്ടില്‍ കുരുത്തോല കൊണ്ടുപോയി സ്ഥാപിക്കുമ്പോള്‍ നമ്മള്‍ ഭവനത്തില്‍ ഒരു കൊടി സ്ഥാപിക്കുകയാണ്. ഇക്കാര്യങ്ങളെല്ലാം ചെയ്യുമ്പോള്‍ നമ്മുടെ ഹൃദയത്തിലും മനസിലും ഒരു പ്രാര്‍ത്ഥന ഉണ്ടായിരിക്കട്ടെ: യേശുവേ, ഞങ്ങളെ രക്ഷിക്കണമേ! എന്തെന്നാല്‍ അങ്ങയിലും അങ്ങുവഴിയുമാണ് രക്ഷ.

ഫാ. ജോസഫ് വയലില്‍ CMI

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?