ഭാരം കുറഞ്ഞതും അത്ര ക്ലേശകരവുമല്ലാത്ത നുകത്തെക്കുറിച്ച് പറഞ്ഞത് യേശുവാണ്, ഏറ്റം വലിയ നുകം തോളിലും നെഞ്ചിലുമേന്തിയവന്‍. അധ്വാനിക്കുകയും കഷ്ടപ്പെടുകയും ചെയ്യുന്നവര്‍ക്ക് എക്കാലത്തേക്കുമായി അവന്‍ നല്‍കിയ വചനമാണ്: എന്റെ നുകം വഹിക്കുക; എന്നില്‍നിന്നു പഠിക്കുക (മത്താ. 11:29).
നുകമെന്നാല്‍ അത് നിയമമാകാം, കുരിശാകാം, ഓരോരുത്തരും വഹിക്കേണ്ട പലതുമാകാം. എല്ലാവരും ചില നിയമങ്ങളുടെ കീഴിലാണ്. വീട്ടിലും വിദ്യാലയത്തിലും ആതുരാലയത്തിലും ദൈവാലയത്തിലും ഒക്കെ. എന്നാല്‍, സ്‌നേഹത്തിന്റെ സാന്നിധ്യത്തില്‍ നിയമത്തിന്റെ ഭാവം മാറുന്നു. അതിന്റെ അസാന്നിധ്യത്തിലോ കാര്‍ക്കശ്യത്തിന്റെ വേലിയേറ്റം മാത്രം.
ചില പാരമ്പര്യങ്ങള്‍ കാലങ്ങള്‍ പിന്നിടുമ്പോള്‍ നിയമമാകാറുണ്ട്. സ്‌നേഹം ചോര്‍ന്നുപോകാതെ പാരമ്പര്യങ്ങളെ സൂക്ഷിക്കുന്നിടത്താണ് നുകത്തിന്റെ ഭാരം കുറയുന്നത്. യാഹ്‌വെയെ കൂടുതല്‍ സ്‌നേഹിക്കാനും ആരാധിക്കാനും നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കിയവരാണ് ഫരിസേയര്‍ എന്നോര്‍ക്കണം.
ചട്ടങ്ങള്‍ മെനഞ്ഞതിനിടയില്‍ സ്‌നേഹം ചോര്‍ന്നുപോയതവരറിഞ്ഞില്ല, ദൈവത്തെ സ്‌നേഹിക്കാനും. നിയമനിര്‍മാണത്തിനിടയില്‍ ദൈവപുത്രനെ കുരിശിലുമേറ്റി, നിയമപ്രകാരംതന്നെ! സ്‌നേഹത്തോടെ നിയമങ്ങളെ ചേര്‍ത്തുവെച്ചാല്‍ നുകം ഭാരം കുറഞ്ഞിരിക്കും.
ഒരു തച്ചനെന്ന നിലയില്‍ ക്രിസ്തു ഏറെ നുകങ്ങളും ഉണ്ടാക്കിയിട്ടുണ്ടാകും. ഉഴവുമൃഗങ്ങള്‍ക്കുള്ള നുകങ്ങള്‍ അടിമകളായ മനുഷ്യരെയും മൃഗസമാനം ഉഴുവാന്‍ ഉപയോഗിച്ചിരുന്ന കാലമായിരുന്നു അത്. മറ്റ് ആശാരിമാരൊക്കെ നുകങ്ങള്‍ നേരത്തെ കടഞ്ഞെടുത്തുവെക്കും. ഒരു പൊതുകണക്കിലുള്ള കഴുത്തിന്റെ വലുപ്പവും പാകവുമാകും അതിനുണ്ടാകുക. എന്നാല്‍, ക്രിസ്തുവെന്ന ആശാരി ഉരുക്കളെ കാണണമെന്നു ശഠിക്കും. ഓരോ ഉരുവിന്റെയും തോളിനിണങ്ങിയ നുകം നിര്‍മിക്കും. നുകം ഉരുവിനെ നോവിക്കാന്‍ അത്ര എളുപ്പമല്ല.
എന്താണിതിനര്‍ത്ഥം? നമുക്ക് സഹിക്കാവുന്നതിലധികം ഭാരമുള്ള ഒരു നുകവും ക്രിസ്തു നമ്മുടെ തോളില്‍വെച്ചുതരില്ല. ഓരോരുത്തര്‍ക്കും ഇണങ്ങിയതും ഏറ്റം ചേര്‍ന്നതുമായതേ ലഭിക്കൂ. രക്ഷകന്റെ തോളില്‍ നല്‍കപ്പെട്ടത് അവനിണങ്ങിയ നുകം തന്നെ!
മൂന്നുവിധത്തില്‍ നുകത്തെ വ്യാഖ്യാനിക്കുന്നുണ്ട്. ഒന്ന്: My yoke is soft. നുകം വഹിക്കുക എളുപ്പമാകുന്നു, അത് ക്രിസ്തുവെന്ന ആശാരി നിര്‍മിച്ചതാകുമ്പോള്‍. ഒരേ ജീവിതാവസ്ഥയില്‍ കഴിയുന്ന രണ്ടുപേര്‍ വിധവകളും രണ്ട് കുട്ടികളുടെ അമ്മമാരും. ഒരാള്‍, പരാതിയുടെയും പരിദേവനങ്ങളുടെയും കൂട്ടാളിയാണ്. തനിക്ക് നല്‍കപ്പെട്ട നുകം എത്രയോ ഭാരമേറിയതാണെന്ന ഖേദത്തിലാണവള്‍. ഭര്‍ത്താവ് തന്നെ തനിയെയാക്കി കടന്നുപോയിരിക്കുന്നു, ജോലി ചെയ്ത് നടുവൊടിഞ്ഞു, രണ്ടു പെണ്‍കുട്ടികളെ കെട്ടിച്ചുവിടണം… എന്തൊരു ഭാരമാണെന്നോ.
രണ്ടാമത്തെയാള്‍, നുകം തരുന്ന ക്രിസ്തുവിലേക്ക് നോക്കുന്നു. ഭര്‍ത്താവ് പോയെങ്കിലും കൂട്ടുകിടക്കാന്‍ രണ്ടു പെണ്‍കുട്ടികളുണ്ടല്ലോ, ജോലിയുള്ളതുകൊണ്ട് പട്ടിണിയില്ലല്ലോ, മുമ്പേ പോയ ഭര്‍ത്താവ് കുടുംബത്തിനായി പ്രാര്‍ത്ഥിക്കാനുമുണ്ടല്ലോ… തനിക്ക് ചേരുന്ന നുകംതന്നെ കിട്ടിയല്ലോ. എന്തൊരെളുപ്പമാണെന്നോ! ദൈവക രങ്ങളില്‍നിന്നും ജീവിതനുകങ്ങള്‍ ഏറ്റുവാങ്ങാത്തവര്‍ക്ക് കുരിശിന്റെ വഴിയേ യാത്ര ചെയ്യാനാവില്ല. സ്‌നേഹിക്കുന്നവര്‍ക്ക് സ്‌നേഹിക്കാന്‍ ഏറെ കാരണങ്ങള്‍, വെറുക്കുന്നവര്‍ക്കും കാരണങ്ങളുണ്ട്.
രണ്ട്: My yoke is sweet നുകം മധുരമാകുന്നു. ചിലര്‍ക്ക് കയ്ക്കുന്നത്, മറ്റ് ചിലര്‍ക്ക് തേനിനെക്കാള്‍ മധുരകരമാണ്. ഒരേ സ്രോതസ്സില്‍നിന്ന് മധുരവും കയ്പും സ്വീകരിക്കുക സാധാരണമല്ലല്ലോ. നുകം മധുരകരമാക്കാന്‍ നാം ആര്‍ക്കൊപ്പമാണത് വഹിക്കുന്നത് എന്ന് തിരിച്ചറിയുക. നുകത്തിന്റെ ഒരു ഭാഗത്ത് ഞാനും മറുഭാഗത്ത് ക്രിസ്തുവെന്ന രക്ഷകനും ചേരുമ്പോഴോ? നുകം വഹിക്കുക എളുപ്പമാകുന്നു, മധുരകരവുമാകുന്നു. സൈറിന്‍കാരന്‍ ശിമയോനും രക്ഷകനും ചേര്‍ന്നു വഹിക്കുമ്പോള്‍ നുകം ഉരുക്കളുടെ മധ്യേയാണ്. ജീവിതനിയോഗത്തിന്റെ ഭാഗമായി കിട്ടുന്ന നുകങ്ങള്‍ രക്ഷകനൊപ്പം വഹിക്കുക.
സിസ്റ്റര്‍ ജെസീറ്റ 1927 ഏപ്രില്‍ 26ന് ഒരു സ്പാനിഷ് കോണ്‍വെന്റില്‍ ചേര്‍ന്നപ്പോള്‍ അവര്‍ക്ക് 19 വയസ് പ്രായം. സ്പാനിഷ് ലോകത്ത് ഏറെ പോപ്പുലറായ ഇവള്‍, കോണ്‍വെന്റില്‍, അതും മിണ്ടാമ~ത്തില്‍ ചേര്‍ന്നത് ഏറെ ചര്‍ച്ചാവിഷയമായിരുന്നു. നീണ്ട 85 വര്‍ഷക്കാലം സക്രാരിക്കുമുമ്പില്‍ ചെലവിട്ട ഇവര്‍ ഒരു നാള്‍ ബെനഡിക്ട് പാപ്പയെ കാണാന്‍ പുറത്തിറങ്ങി.
പത്രപ്രവര്‍ത്തകര്‍ ചുറ്റുംകൂടി. ‘നിങ്ങള്‍ അവിടെ ഇത്രയുംകാലം എന്തു ചെയ്യുകയായിരുന്നു?’ അവരുടെ പുഞ്ചിരിക്കുമുമ്പില്‍ പകച്ചുനിന്നവര്‍ പിറ്റേദിവസം കോളമെഴുതി: ‘ഇവര്‍ കോണ്‍വെന്റിനകത്ത് എന്തു ചെയ്യുകയായിരുന്നു എന്നറിയില്ല. പക്ഷേ, ജീവിതം മധുരകരമല്ലാതെ ഇത്രനാള്‍ തള്ളിനീക്കുക സാധ്യമല്ല.’ അതെ, ജീവിതം മധുരകരമാകുന്നത് ക്രിസ്തുവിനായി ജീവിക്കുമ്പോഴാണ്. കയ്പുപോലും മധുരമാകുന്നു.
മൂന്ന്: My yoke is greateful. നുകം കൃപാപൂര്‍ണമാകുന്നു. രക്ഷകന്റെ കുരിശ് ഭാരം കുറഞ്ഞതും മധുരകരവും മാത്രമല്ല, കൃപാപൂര്‍ണവുമാണ്. എക്കാലത്തും അനുധാവനം ചെയ്യാന്‍ രക്ഷകനുള്ളതിനാല്‍ നമ്മുടെ നുകങ്ങള്‍ കഠിനമാവില്ല. ഉറക്കമില്ലാതെ ജീവിക്കാനാവാത്തതുപോലെ, അവന്റെ സ്‌നേഹവലയത്തിനപ്പുറം ജീവിതഭാരം ഏല്‍ക്കാന്‍ നമുക്കാവില്ല.
‘ദൈവത്തിന്റെ പാതകള്‍ തേടുക, എന്നാല്‍, നിങ്ങള്‍ക്ക് വിശ്രാന്തി ലഭിക്കും’ (ജെറ. 6:16). ഒരിക്കലും നമ്മെ അനാഥമാക്കാത്ത രക്ഷകന്‍, നുകങ്ങളെ കൃപാവരങ്ങളാക്കുന്നു. നല്ല വെളിച്ചം ലഭിച്ചവര്‍ ഈ വഴിയെ യാത്ര ചെയ്യേണ്ടവരാണ്. അസ്വസ്ഥമാകാം നമ്മുടെ വഴി കള്‍, അപരിചിതരാകാം നമ്മുടെ സഹയാത്രികര്‍, ക്ലേശകരമാകാം നമ്മുടെ ഭാണ്ഡങ്ങള്‍. എന്നാല്‍, നുകങ്ങള്‍ നമുക്കൊപ്പം വഹിക്കുന്ന ആശ്വാസദായകന്‍ കൂടെയുണ്ട് എന്നോര്‍മിക്കുക.
പ്രാര്‍ഥന: ജീവിതം പോലും ദൈവമേ, നിന്നോട് ചേരുമ്പോള്‍ മധുരതരമാകുമല്ലോ. നിന്നോട് ചേര്‍ന്ന് എന്റെ ജീവിതം ക്രമീകരിക്കപ്പെടുവാന്‍ കൃപ നല്‍കണമേ. ആമ്മേന്‍
***********************************
Leave a Comment
Your email address will not be published. Required fields are marked with *