”ഏകദേശം ഒമ്പതാം മണിക്കൂറായപ്പോള്‍ യേശു ഉച്ചത്തില്‍ നിലവിളിച്ചു: ഏലി, ഏലി ല്മാ സബക്ഥാനി. അതായത്, എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു” (മത്താ. 27:46).
മനുഷ്യന്‍ കൈവെടിഞ്ഞാല്‍ അവന് ദൈവമുണ്ട്. ദൈവവും കൈവിട്ടാല്‍ പിന്നെ അവന്‍ ആരെ വിളിച്ചു കരയും? ഇത്തരമൊരു വേദനയിലാണ് ക്രൂശിതന്റെ നിലവിളി നമ്മെയാകെ ഉലച്ചുകളയുന്നത്. ശ്രീരാമന്റെ വനവാസത്തിനിടയിലെ കഥപോലെ. അമ്പും വില്ലും മരത്തില്‍ കുത്തിവച്ചാണ് അന്ന് പുഴയില്‍ കുളിക്കാനിറങ്ങിയത്. തിരികെയെത്തിയപ്പോള്‍ കണ്ടത് ഭീകരമായിരുന്നു. ഒരു തവളയുടെ വായിലാണ് അത് കുത്തിവച്ചത്.
ഖേദത്തോടെ എന്റെ തവളേ, നിനക്കൊന്നു കരയാമായിരുന്നില്ലേ. എങ്കില്‍ ഈ അപരാധം ഞാനൊരിക്കലും ചെയ്യുമായിരുന്നില്ലല്ലോ എന്ന് രാമന്‍. ശേഷിക്കുന്ന ജീവന്‍വച്ച് തവള പറഞ്ഞു, ചെറുപ്പം മുതലേ രാമാ എന്ന് വിളിച്ചാണ് ജീവിച്ചത്. എന്തെങ്കിലുമൊരു ആപത്തു വരുമ്പോള്‍ ഞാന്‍ ആദ്യം വിളിക്കുന്ന നാമമാണിത്. ആ രാമന്‍തന്നെ ആപത്തുവച്ചു നീട്ടുമ്പോള്‍ പിന്നെ ആരെ വിളിച്ചു കരയാനാണ്!
ദൈവം മറഞ്ഞിരിക്കാറുണ്ട്, ചിലയിടങ്ങളില്‍. അങ്ങനെ വന്നാല്‍ കരയാതിരിക്കാനാവില്ല. മറിയം മഗ്ദലന കരഞ്ഞപ്പോഴല്ലേ തോട്ടക്കാരനില്‍നിന്നും ക്രിസ്തു പുറത്തു വന്നത്. സ്വപുത്രന്റെ കരച്ചിലില്‍ സ്വര്‍ഗപിതാവ് കാതും പൂട്ടി ഇരിക്കുന്നതെന്തേ?
ഒന്നാമതായി, ചിലതു നല്‍കപ്പെടുമ്പോള്‍ സ്വീകരിക്കുകയാണ് ഉത്തമം. നാം കാണാത്ത ചില ചലനങ്ങള്‍ സംഭവിക്കുന്നുണ്ട്. അന്ന് പുത്രനെയും കൂട്ടി കാല്‍വരിയിലേക്ക് നീങ്ങുമ്പോള്‍ ഒരമ്മ പുറകെയുണ്ട്. തീര്‍ച്ചയായും അവള്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പുള്ള ഒരപ്പനും മകനുമായുള്ള മോറിയാ യാത്ര ഓര്‍മിച്ചിട്ടുണ്ടാകും. അബ്രഹാം ഇസഹാക്കിനുനേരെ ബലിയുടെ കൊടുവാള്‍ ഉയര്‍ത്തിയപ്പോള്‍ പകരം ഒരാട്ടിന്‍കുട്ടിയെ അര്‍പ്പിച്ചാല്‍ മതിയെന്നു പറഞ്ഞ്, ഇസഹാക്കിനെ ബലിയില്‍നിന്നും മാറ്റി.
കാല്‍വരിക്കുന്നില്‍ ചെല്ലുമ്പോള്‍ അത്തരമൊരു കുഞ്ഞാടിനെ സ്വര്‍ഗപിതാവ് ഒരുക്കി നിര്‍ത്തിയിട്ടുണ്ടാകുമോ. ഇല്ല, തീര്‍ച്ചയായും ഇല്ല. അത് മറിയത്തിന് നന്നായറിയാം. കാരണം ക്രിസ്തുവിന് പകരംവയ്ക്കാന്‍ മറ്റൊരു ആട്ടിന്‍കുട്ടി അവനുമുമ്പോ പിമ്പോ ഉണ്ടായിട്ടില്ല. കൃതജ്ഞതയോടെ സ്വീകരിക്കുകതന്നെ നിയോഗം. സാധാരണയായി മക്കളുടെ മടിയില്‍ കിടന്ന് അമ്മമാര്‍ പ്രാണന്‍ വെടിയാറുണ്ട്.
എന്നാല്‍ ചേതനയറ്റ മകന്റെ ശരീരം മടിയില്‍ കിടത്തിയപ്പോള്‍, ആപാദചൂഢം മുറിവേറ്റ മകന്റെ ദേഹം കരത്തിലെടുത്തപ്പോള്‍ അമ്മേ, നീ എന്താണ് ചിന്തിച്ചത്? കരഞ്ഞു തീര്‍ക്കാനല്ല ജീവിതം, കരച്ചിലിന്റെ കാരണങ്ങളെ സ്‌നേഹപൂര്‍വം കരങ്ങളിലെടുത്ത് നിയോഗം പൂര്‍ത്തിയാക്കിയതില്‍ കൃതജ്ഞത അര്‍പ്പിക്കുകയാണ് വേണ്ടത്.
രണ്ടാമതായി, ക്രിസ്തുവിന്റെ നിലവിളി അതിന് ഒരായിരം വര്‍ഷം മുമ്പ് ദാവീദ് ഉയര്‍ത്തുന്ന പ്രാര്‍ത്ഥനയാണ് (സങ്കീ. 22). ദൈവം തങ്ങളില്‍നിന്നും മറഞ്ഞിരിക്കുന്നു എന്നതിനാല്‍ സഹിക്കുന്ന ഇസ്രായേലിന്റെയും ലോകം മുഴുവന്റെയും ക്ലേശങ്ങളും പീഡകളും ദുഃഖദുരിതങ്ങളും തന്നിലേക്ക് ഏറ്റെടുക്കുകയാണ് യേശു. യഥാര്‍ത്ഥ പകരക്കാരനാകുകയാണ് ക്രിസ്തു. അതിനാല്‍ യേശു ഒരേസമയം ശിരസും ശരീരവുമാണെന്നതാണ് വിശുദ്ധ അഗസ്റ്റിന്റെ ധ്യാനം.
നമ്മെയെല്ലാം തന്നിലേക്ക് ഇണക്കി നിര്‍ത്തി എന്നതിനാല്‍ അവന്‍ ശിരസാണ്. അതേസമയം നമ്മുടെ ആത്മസംഘര്‍ഷങ്ങള്‍, രോദനങ്ങള്‍, ക്ലേശങ്ങളെല്ലാം ചേര്‍ത്തുവച്ചതിനാല്‍ അവന്‍ ശരീരവുമാണ്. മാനവരാശിയുടെ പാപഭാരമെല്ലാം പേറുമ്പോള്‍ അവന്റെ ശരീരം നുറുങ്ങാതെ തരമില്ല. രക്ഷകന്റെ നിലവിളിയില്‍ പ്രകൃതിയാകെ ഉലയുന്നുണ്ട്. പ്രകൃതി പ്രതികരിച്ചിട്ടും പ്രപഞ്ചത്തിന്റെ ഉടയവന്‍ ഉണരാത്തതെന്തേ? പകല്‍ മുഴുവന്‍ വിളിച്ചിട്ടും ആ അപ്പന്‍ ഒരക്ഷരം ഉരിയാടിയില്ല.
ഒരാശ്വാസവും പകര്‍ന്നില്ല. ആ നിലവിളിയും പരിഹാരവും സമൂഹത്തിലെ മൂന്നു കൂട്ടരെ ചേര്‍ത്തുവച്ചുകൊണ്ടാണ്: ദൈവത്തെ ഉപേക്ഷിച്ചവര്‍; ദൈവസാന്നിധ്യത്തെ സംശയിക്കുന്നവര്‍; ദൈവത്തോട് ആദരവില്ലാത്തവര്‍ (ബിഷപ് ഷീന്‍). ഇവരിലെല്ലാം നിശബ്ദമായി കിടക്കുന്ന ദൈവത്തിനായുള്ള നിലവിളി ക്രൂശിതന്‍ ഏറ്റെടുക്കുകയാണ്. മാത്രവുമല്ല, ഇനിയാര്‍ക്കും ദൈവം എന്നെ ഉപേക്ഷിച്ചുവെന്ന് പരാതി പറയാനുമാവില്ല. ദൈവംതന്നെ ദൈവത്തെ ഉപേക്ഷിച്ച സ്ഥിതിയിലാണ് കുരിശിലെ ക്രിസ്തു!
മരിച്ചു കഴിഞ്ഞാല്‍ പ്രതിയുടെ പേടിപ്പിക്കുന്ന ശവം മറ്റുള്ളവര്‍ക്ക് ഒരു പാഠമാകാന്‍ കുരിശില്‍ത്തന്നെ ബോധപൂര്‍വം ഉപേക്ഷിക്കുകയാണ് റോമാക്കാരുടെ പതിവ്. എന്നാല്‍ അത് അതേദിവസംതന്നെ കുരിശില്‍ നിന്നിറക്കണമെന്നാണ് യഹൂദനിയമം (നിയ. 21:22-23). എന്തായാലും ചേതനയറ്റ ആ ശരീരം പാപത്തിന്റെ ഭീകരത വെളിവാക്കുന്നുണ്ട്.
മൂന്നാമതായി, യഥാര്‍ത്ഥത്തില്‍ രക്ഷാകരചരിത്രത്തിലെ ധൂര്‍ത്തപുത്രന്‍ ക്രിസ്തുവല്ലാതെ മറ്റാരാണ്. പിതാവിന്റെ സ്‌നേഹം മുഴുവന്‍ പാപികളോടും ചുങ്കക്കാരോടും വേശ്യകളോടുമായി പങ്കിട്ടവന്‍. സ്‌നേഹം അവന്‍ ധൂര്‍ത്തടിച്ചു, പാപം ചെയ്തില്ലെങ്കിലും. വചനത്തിലെ ധൂര്‍ത്തപുത്രന്‍ തിരിച്ചു വരുമ്പോള്‍ ആ അപ്പന്‍ പുതുവസ്ത്രം ധരിപ്പിക്കുന്നു. ക്രിസ്തുവിനെയാകട്ടെ നഗ്നനാക്കുന്നു. അന്നവന് കൊഴുത്ത കാളക്കുട്ടിയെ കൊല്ലുന്നു. രക്ഷകനാകട്ടെ ഒരിറുക്കു ദാഹജലത്തിനായി നിലവിളിക്കുന്നു.
മകനെ കണ്ടയുടനെ ഓടിച്ചെന്ന് ആലിംഗനം ചെയ്യുന്നു. കുരിശിലാകട്ടെ മകന്റെ നിലവിളിപോലും ശ്രദ്ധിക്കാത്തവിധം അപ്പന്‍ നിലകൊള്ളുന്നു. അതെ, പിതാവിന്റെ യഥാര്‍ത്ഥ ധൂര്‍ത്തപുത്രന് ഇതിലൂടെയെല്ലാം കടന്നുപോയേ മതിയാകൂ എന്ന് സ്വര്‍ഗപിതാവിനറിയാം. സ്‌നേഹത്തിന് ഏതറ്റംവരെ പോകാം എന്നു ചോദിച്ചാല്‍ സ്വപുത്രനെ കൈവെടിയുംവരെ എന്നു പറയാം.
ആ കൈവെടിയല്‍ മാനവരാശിയെ കൈവെടിയാതിരിക്കാനാണ്. പിതാവിന്റെ സ്‌നേഹം പുത്രനിലൂടെ ധൂര്‍ത്തുപോലെ പകര്‍ന്നു തന്നെങ്കിലേ പ്രപഞ്ചത്തിലെ ധൂര്‍ത്തപുത്രന്മാരെയും പുത്രിമാരെയും സ്വര്‍ഗഭവനത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ കഴിയൂ എന്നറിയാവുന്ന സ്‌നേഹമാണ് ഈ അപ്പന്‍. അപ്പന്‍ അവിടെനിന്ന് ചോദിക്കുന്നുണ്ട്: എന്റെ മകനേ, എന്റെ മകനേ, എന്തുകൊണ്ട് നിന്നെ ഞാന്‍ കൈവെടിഞ്ഞു?
ഞാന്‍ നിന്നെ കൈവിട്ടാലേ, എന്നെ കൈവിട്ടവരെ എന്നോടു ചേര്‍ക്കാനാകൂ എന്ന് പുത്രനോട് പറയുന്ന പിതാവിനെ കേള്‍ക്കുക. ‘ഓ! സ്‌നേഹമേ, പുത്രന്റെ നിലവിളിയില്‍ ചെവി പൊത്തി നിന്നിട്ട് പാപിയുടെ നിലവിളിക്ക് ഉത്തരം നല്‍കുന്ന നിന്നെ ഞാന്‍ എങ്ങനെ ആരാധിക്കണം? ഓ! സ്‌നേഹമേ, പുത്രന്റെ വേദനയില്‍ കണ്ണുപൂട്ടി നിന്നിട്ട് എന്റെ വേദനയില്‍ പങ്കുചേരുന്ന നിന്നെ ഞാന്‍ എങ്ങനെ വാഴ്ത്തിപ്പാടണം?
പ്രാര്‍ത്ഥന: സ്‌നേഹമേ, പുത്രനെ കുരിശില്‍ ഉപേക്ഷിക്കുവോളം എന്നെ ചേര്‍ത്തുപിടിച്ച സ്‌നേഹമേ, നിന്നെ ഉപേക്ഷിക്കാന്‍ ഒരിക്കലും എനിക്കിടവരരുതേ.
***********************************
Leave a Comment
Your email address will not be published. Required fields are marked with *