Follow Us On

04

June

2023

Sunday

അവന്‍ ആര്‍ക്കും കടക്കാരനല്ല

അവന്‍ ആര്‍ക്കും കടക്കാരനല്ല

”മനുഷ്യനുവേണ്ടിയല്ല, കര്‍ത്താവിനുവേണ്ടി എന്നപോലെ സന്മനസ്സോടെ ശുശ്രൂഷ ചെയ്യണം” (എഫേ 6:7).

ഇക്കഴിഞ്ഞദിവസം ഒരു വൈദികസുഹൃത്തിന്റെ കത്തുകിട്ടി. അതിലിങ്ങനെ എഴുതിയിരിക്കുന്നു. ”ഞാന്‍ അച്ചനോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു. എന്റെ ദൈവവിളിയെക്കുറിച്ച് ഏറെ സംശയിച്ച സമയത്താണ് ഞങ്ങളുടെ സെമിനാരിയില്‍ അച്ചന്‍ വാര്‍ഷികധ്യാനത്തിനായി എത്തിയത്. അതില്‍ പങ്കെടുക്കാനായില്ലായിരുന്നെങ്കില്‍ ഒരു വൈദികനാകാന്‍ എനിക്ക് കഴിയുമായിരുന്നോ എന്ന് സംശയമാണ്. മനുഷ്യന്റെ കടപ്പാട് എന്നു തീരാന്‍! എങ്കിലും നമ്മുടെ ദൈവം ആരുടെയും കടക്കാരനല്ല, കേട്ടോ.”

അവസാനവാക്കുകള്‍ എന്നെ ഏറെ സ്വാധീനിച്ചു. ദൈവം ആരുടെയും കടക്കാരനല്ല. അവിടുത്തെ സ്‌നേഹത്തോടു തുലനം ചെയ്യുമ്പോള്‍ നാം എവിടെയാണ്? ആ കാരുണ്യത്തിന്റെ ആഴമറിയുമ്പോള്‍ നമ്മുടെ നിസ്സാരതകള്‍ നമ്മെ നാണിപ്പിക്കുന്നു. സമര്‍പ്പണത്തില്‍ ചാഞ്ചല്യമുണ്ടാകുമ്പോഴാണ് പ്രിയപ്പെട്ടവര്‍ കണക്കുപറഞ്ഞുതുടങ്ങുന്നത്. ലാഭനഷ്ടങ്ങളുടെ കണക്കുകള്‍. ശിഷ്യപ്രമുഖനായ പത്രോസ് ഇത്തരമൊരു വിലപേശല്‍ നടത്തുന്നുണ്ട്: ”ഇതാ, ഞങ്ങള്‍ എല്ലാം ഉപേക്ഷിച്ച് നിന്നെ അനുഗമിച്ചിരിക്കുന്നു. ഞങ്ങള്‍ക്കെന്താണ് ലഭിക്കുക?” (മത്താ 19:27).

കുറുനരികള്‍ക്ക് മാളങ്ങളും ആകാശപ്പറവകള്‍ക്ക് കൂടുകളുമുള്ള ഈ ഭൂമിയില്‍ മനുഷ്യപുത്രന് തലചായ്ക്കാനിടമില്ല എന്നു പറഞ്ഞവനോടാണീ ചോദ്യം. എന്നാല്‍ യേശുവിന്റെ മറുപടി ശ്രദ്ധേയമാണ്: എന്നെപ്രതി എന്തെങ്കിലും ത്യജിച്ചിട്ടുള്ളവര്‍ക്ക് ഇവിടെത്തന്നെ നൂറിരട്ടി, ഒപ്പം നിത്യജീവനും. ഇത്തരമൊരു വാഗ്ദാനം നല്‍കാന്‍ ഒരാള്‍ക്കും കഴിഞ്ഞിട്ടില്ല, കഴിയുകയുമില്ല. വലയും പൊടിമീനും എന്നെപ്രതി നഷ്ടമാക്കിയതിന് നീയൊരിക്കലും വിഷമിക്കേണ്ടിവരില്ല എന്നാണിതിന്റെ അര്‍ത്ഥം. അവനുവേണ്ടി കഷ്ടങ്ങള്‍ വഹിക്കുന്നതൊന്നും കഷ്ടങ്ങളുമല്ല. കാരണം, പ്രതിഫലം കിട്ടാത്ത ഓട്ടമല്ലിത്.

ഗണിച്ചെടുക്കാനാവാത്ത പ്രതിഫലമുണ്ട്, നിന്റെ കഷ്ടതകള്‍ ക്രിസ്തുവിനെപ്രതിയെങ്കില്‍. അതുകൊണ്ടല്ലേ വിശുദ്ധ പൗലോസ് പറയുന്നത്: ”വരാനിരിക്കുന്ന മഹത്വത്തോടു തുലനം ചെയ്യുമ്പോള്‍ ഇന്നത്തെ കഷ്ടതകള്‍ വെറും നിസ്സാരമാണ്” (റോമാ 8:18). മതപീഡനകാലത്ത് ക്രിസ്തുവിനുവേണ്ടി ജീവന്‍ ഹോമിക്കാനും രക്തസാക്ഷിത്വം വഹിക്കാനും ജനം ക്യൂ നിന്നത് ഇക്കാരണത്താല്‍ തന്നെയല്ലേ? ദൈവം ആരുടെയും കടക്കാരനല്ല. അവനെക്കാള്‍ കൂടുതലായി സ്‌നേഹിക്കാന്‍ നിനക്കാകുമോ? അവനെക്കാള്‍ കൂടുതല്‍ കരുണ കാണിക്കാന്‍ നിനക്കു കഴിയുമോ?

ശിഷ്യപ്രമുഖന്‍ നഷ്ടമാക്കിയതിലും എത്രയോ അധികമാണവന്‍ പിന്നീട് സ്വീകരിച്ചത്. അവന്റെ നിഴല്‍പോലും വീണ് രോഗികള്‍ ചാടിയെഴുന്നേറ്റു. നരകകവാടങ്ങള്‍ അവനെ നോക്കാന്‍ ഭയപ്പെട്ടു. സ്വര്‍ഗരാജ്യത്തിന്റെ താക്കോല്‍ അവന്റെ കൈവെള്ളയിലെത്തി. സഭയുടെ നെടുംതൂണായി അവന്‍ മാറി. കണക്കുപറഞ്ഞവന്‍ അവസാനം നിനക്കായി ജീവന്‍ ത്യജിക്കാനും (യോഹ 13:37) തയാറാണെന്ന് പറഞ്ഞത് ഓര്‍ക്കുക.

അതെ, നമ്മുടെ ദൈവം ഒരാളുടെയും കടക്കാരനല്ല. ഇനിയൊരിക്കലും നാം പറയരുത്, ഞങ്ങള്‍ സ്‌നേഹിച്ചിട്ട് ഒന്നും തിരിച്ചുകിട്ടിയില്ലെന്ന്. നമുക്ക് നല്‍കപ്പെട്ട കൃപകളോട് തുലനം ചെയ്യുമ്പോള്‍ ക്ഷതങ്ങള്‍ എന്നും കുറവായിരിക്കും. ചാരം മൂടിക്കിടക്കുന്ന തീക്കനല്‍പോലെ നടവഴിയില്‍ നല്‍കപ്പെട്ട കൃപകളെ നാം അവഗണിക്കരുത്. ശരിയാണ്, ചില പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിക്കാതിരുന്നിട്ടുണ്ടാകാം. അനര്‍ഹമായത് കൈകളിലെത്തിയാല്‍ ശരിയാകില്ലെന്നറിയാവുന്ന ദൈവം

അവിടുത്തെ സമയത്തിനായി കാത്തിരിക്കുന്നതാകാം. സങ്കടത്തോടെ നാം അവനായി നിന്നിട്ടുണ്ടെങ്കില്‍ ആനന്ദത്തോടെ നാം നിലയുറപ്പിക്കും. കാരണം, അവനെക്കാള്‍ അധികമായി സങ്കടപ്പെടാന്‍ അവനാരെയും അനുവദിക്കില്ല. രാജാക്കന്മാരുടെ ഒന്നാം പുസ്തകത്തില്‍ പറയുന്ന മനോഹരമായ സംഭവമോര്‍ക്കുക. ദൈവത്തിന്റെ കല്‍പ്പന ആഹാബ് രാജാവിനെ അറിയിക്കാന്‍ പോയതാണ് ഏലിയാ. രാജ്യത്തെ ക്ഷാമത്തില്‍നിന്നും വരള്‍ച്ചയില്‍നിന്നും രക്ഷനേടാന്‍ സീദോനിലെ സറേഫാത്തിലേക്കാണ് ദൈവം ഏലിയായെ നയിച്ചത്.

പ്രവാചകനു ഭക്ഷണമൊരുക്കാന്‍ ദൈവമൊരു വിധവയെ നിയോഗിച്ചിരുന്നു. ദൈവത്തിന്റെ കല്‍പ്പന അനുസരിക്കുന്നവനെ കൈവിടാന്‍ ദൈവത്തിനാവില്ലല്ലോ, അതു പ്രവാചകനായാലും വിധവയായാലും. ഏലിയാ അവളെ കണ്ടെത്തി. വീട്ടിലെ ഭരണിയില്‍ ഒരപ്പത്തിനുമാത്രമുള്ള മാവും അതു ചുട്ടെടുക്കാനുള്ള എണ്ണയും മാത്രം ശേഷിക്കുന്നതുകൊണ്ട് അപ്പം ചുട്ടെടുത്ത് അത് ഭക്ഷിച്ചശേഷം ഏകമകനും അവളും ആത്മഹത്യക്കൊരുങ്ങുകയായിരുന്നു അന്ന് വൈകുന്നേരം.

അവളുടെ ‘അന്ത്യഅത്താഴ’ത്തിന്റെ പങ്കാണ് യഥാര്‍ത്ഥത്തില്‍ പ്രവാചകന്‍ ചോദിക്കുന്നത്. ഏലിയാ പറഞ്ഞു: ”നീ ഭയപ്പെടേണ്ട, ഞാന്‍ പറഞ്ഞതു
പോലെ ചെയ്യുക. ചെറിയ ഒരപ്പം ഉണ്ടാക്കി എനിക്കു തരിക. ശേഷിക്കുന്നത് നിനക്കും നിന്റെ മകനുമായി പങ്കിടുക.” അവളതനുസരിച്ചു. തുടര്‍ന്നുള്ള വചനം ശ്രദ്ധേയമാണ്. ”പിന്നീട് ആ കലത്തിലെ മാവു തീര്‍ന്നുപോയില്ല, ഭരണിയിലെ എണ്ണ വറ്റിയുമില്ല” (1 രാജാ 17:16). ദൈവത്തിനായി പങ്കുവെച്ചിട്ട്, അവനായി ജീവിച്ചിട്ട്,
അവനുവേണ്ടി നഷ്ടമാക്കിയിട്ട്, ഇന്നോളം ആരെങ്കിലും തകര്‍ന്നു പോയിട്ടുണ്ടോ? ഇല്ല, തകരാന്‍ അവന്‍ അനുവദിക്കില്ല. മരിച്ച സ്വന്തം മകന്‍ ഉയിര്‍പ്പിക്കപ്പെടുന്ന വിസ്മയക്കാഴ്ച കൂടി കണ്ടാണ് അന്ന് ആ വിധവ പ്രവാചകനെ യാത്രയാക്കിയത്.

ക്രിസ്തുവിനായി നഷ്ടപ്പെടുത്തിയ കഥകള്‍ പറഞ്ഞ് സാക്ഷ്യങ്ങളുടെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാറുണ്ട്, നാം. ഏകമകന്റെ സമര്‍പ്പണം, ഉന്നതവിദ്യാഭ്യാസത്തിനുശേഷം സ്വീകരിച്ച ദൈവവിളി, ജോലിവിട്ട് ശുശ്രൂഷയ്ക്കിറങ്ങിയത്, വീടുവിട്ട് മിഷനായി ഇറങ്ങിത്തിരിച്ചത്… ഇങ്ങനെ പലതും. എന്തുകൊണ്ടും ഇന്ന് നിങ്ങള്‍ ഉന്നതസ്ഥാനീയരാണ്. ഉപേക്ഷിച്ചത് കല്ലുകളെങ്കില്‍ കൈവെള്ളയിലെത്തിയത് മുത്തുകളാണ്. നഷ്ടമാക്കിയത് പൊടിമീനെങ്കില്‍ നേടിയത് ചാകരയാണ്.

തോറ്റുകൊടുത്തത് മനുഷ്യരുടെ മുന്‍പിലാണ്. വിജയികളാകുന്നത് ദൈവത്തിനു മുന്‍പിലും. ഇതളുകളൊന്നും പുഷ്പങ്ങളല്ല. ശാഖകളൊന്നും വൃക്ഷവുമല്ല. ഇതളിനെ ചേര്‍ത്ത് പുഷ്പമാക്കുന്നതും ശാഖകളെ കോര്‍ത്തിണക്കുന്നതും സ്രഷ്ടാവിന്റെ കരവിരുതാണ്. കര്‍തൃശുശ്രൂഷയില്‍ മുഴുകുന്ന ഏതൊരാളും ചിന്തിക്കട്ടെ, കര്‍ത്താവിനായി ചെയ്യുന്നതൊന്നും നഷ്ടമല്ല. വിശുദ്ധ പൗലോസിന്റെ വാക്കുകളോര്‍ക്കുന്നു: ”മനുഷ്യനുവേണ്ടിയല്ല, കര്‍ത്താവിനുവേണ്ടി എന്നപോലെ സന്മനസ്സോടെ ശുശ്രൂഷ ചെയ്യണം” (എഫേ 6:7). മനുഷ്യനായി ഓടിയാല്‍ ഞാന്‍ തളര്‍ന്നേക്കും, എന്നാല്‍ ദൈവത്തിനായി ഓടുമ്പോള്‍ ഞാന്‍ കൂടുതല്‍ കരുത്തനാകും. കാരണം, അവന്‍ ആര്‍ക്കും കടക്കാരനല്ലല്ലോ.

പ്രാര്‍ത്ഥന: കര്‍ത്താവേ, അവിടുത്തെ സമയത്താനായി കാത്തിരിക്കാനും ഫലം ചൂടാനും എനിക്കിട നല്‍കണമേ. പുറമേ സ്‌നേഹം പുരട്ടി ഞങ്ങളുടെ മനസിനെ തിന്മയിലേക്ക് നയിക്കാന്‍ ശ്രമിക്കുന്ന എല്ലാ അന്ധകാര ശക്തികളില്‍ നിന്നും അകന്നുനില്‍ക്കാന്‍ അവിടുന്ന് ഞങ്ങളെ പഠിപ്പിക്കണമേ, ആമ്മേന്‍

റവ.ഡോ. റോയി പാലാട്ടി സി.എം. ഐ

***********************************

ഓഡിയോ വേർഷൻ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?