Follow Us On

04

June

2023

Sunday

സ്‌നേഹക്കനലില്‍

സ്‌നേഹക്കനലില്‍

അഗ്നിയും, ജലവും അവിടുന്നു നിന്റെ മുന്നില്‍ വച്ചിരിക്കുന്നു. ഇഷ്ടമുളളത് എടുക്കാം ജീവനും, മരണവും മനുഷ്യന്റെ മുന്നിലുണ്ട്. ഇഷ്ടമുളളത് അവനു ലഭിക്കും. കര്‍ത്താവിന്റെ ജ്ഞാനം മഹോന്നതമാണ്.
(പ്രഭാ. 15:16-18)

ഈജിപ്തില്‍ കഠിനതപസ്സനുഷ്ഠിച്ചിരുന്ന ഒരു താപസന്‍. ഒരല്‍പ്പം വെള്ളവും റൊട്ടിയും മാത്രം കഴിച്ച് പ്രാര്‍ത്ഥനയിലും ഉപവാസത്തിലും കഴിഞ്ഞുപോന്നു. ബലിയര്‍പ്പിക്കാന്‍ മാത്രം ഗുഹവിട്ട് പുറത്തിറങ്ങും. വ്യത്യസ്ത ദേശങ്ങളില്‍നിന്നും പ്രാര്‍ത്ഥന തേടാനും ഉപദേശം സ്വീകരിക്കാനും ജനങ്ങളെത്തുക പതിവായി. വാര്‍ധക്യത്തിലെത്തിയ അദ്ദേഹത്തിന് കുന്നുകയറ്റവും ഇറക്കവും എളുപ്പമല്ലാതായി. മലയുടെ താഴ്‌വരയില്‍ താമസമുറപ്പിക്കാമെന്നും തീരുമാനിച്ചു.

ഗുരുവിനെത്തേടി എത്തുന്നവര്‍ക്ക് സന്ദര്‍ശനവും എളുപ്പമായി. കുന്നിന്‍ മുകളിലെ പഴയഗുഹ തന്റെ പ്രിയ ശിഷ്യരിലൊരുവന് തപസ്സനുഷ്ഠിക്കാനായി കൊടുത്തു.
നാളുകള്‍ കടന്നുപോയി. കുന്നിന്‍ മുകളിലെ ഗുഹയില്‍ തപസ്സനുഷ്ഠിക്കുന്ന ശിഷ്യന്റെ ജ്ഞാനത്തെയും വിശുദ്ധിയെയുംകുറിച്ച് ജനങ്ങളറിഞ്ഞു. താഴ്‌വരയിലെ ഗുരുവിനെ കാണാന്‍ എത്തുന്നവരുടെ എണ്ണം ക്രമേണ കുറഞ്ഞു. ശിഷ്യന്റെ കാര്യം എല്ലാവരും പറയുന്നു.

അയാളുടെ പുണ്യം ചര്‍ച്ചാവിഷയമാകുന്നു. ഗുരുവിന്റെ മനസ്സില്‍ അസ്വസ്ഥതയുടെ കാറ്റായി അതു മാറി. ഗുരുവിന്റെ ഉള്ളിലെ വെളിച്ചത്തെ മുഴുവന്‍ ആ കാറ്റ് കെടുത്തിക്കളഞ്ഞു. അസൂയ മൂത്ത ഗുരു ഗുഹ ഒഴിയാന്‍ ശിഷ്യനോട് കല്‍പ്പിച്ചു! ഗുരു കുന്നിന്‍ മുകളിലേക്കും ശിഷ്യന്‍ താഴ്‌വാരത്തേക്കും യാത്രയായി.
അസൂയ ശവക്കുഴിപോലെ അഗാധമെന്ന് പ്രഭാഷകന്‍ പറയും. സ്‌നേഹത്തില്‍ നാമൊരാളെ ഉയര്‍ത്തിവിടുന്നതും സ്‌നേഹമില്ലാതെ വെറുതെ കാര്യം കാണാന്‍ ഉയര്‍ത്തിപ്പറയുന്നതും തമ്മില്‍ ഏറെ വ്യത്യാസമുണ്ട്. ശിഷ്യന്‍ വളരുന്നതുകണ്ട് ഗുരുവിന് ആനന്ദിക്കണമെങ്കില്‍ സ്‌നേഹത്തിന്റെ തീക്കനലില്‍ അസൂയയുടെ വേരുകള്‍ കത്തിച്ചാമ്പലാകണം.

മനുഷ്യകുലത്തിലെ ആദ്യകൊലപാതകം അസൂയയില്‍ നിന്നാണെന്നോര്‍ക്കുക. അനുജന്റെമേലുള്ള ജേഷ്ഠന്റെ അസൂയ. കായേന്റെ  അസൂയയില്‍ ആബേല്‍ രക്തം ചൊരിയേണ്ടി വന്നു. രക്തബന്ധങ്ങളില്‍ അസൂയയുടെ വിത്ത് പാകിയതാരാണ്? ഏറെ സ്‌നേഹിച്ച്  ജീവിക്കേണ്ടവര്‍ പോലും വളരെപ്പെട്ടെന്ന് അസൂയയില്‍ കുടുങ്ങുന്നതുകാണാം. എന്തിന്, സഭയുടെ പല പിളര്‍പ്പുകള്‍ക്കുമുള്ള കാരണങ്ങള്‍ അന്വേഷിക്കുമ്പോള്‍ അവിടെയും അസൂയയുടെ തീപ്പൊരി കാണാനാകും. പ്രത്യക്ഷത്തില്‍ കാണുന്ന കാരണങ്ങളാകണമെന്നില്ല യഥാര്‍ത്ഥ കാരണങ്ങള്‍.

രണ്ടുപേര്‍ക്കിടയിലെ അസൂയ വളര്‍ന്ന് വേര്‍പിരിയേണ്ടി വരുമ്പോള്‍ ദൈവശാസ്ത്രപ്രശ്‌നത്തില്‍ ചാരുന്നെന്നേയുള്ളൂ. ഫിലിസ്ത്യരുടെ ശക്തിയായ ഗോലിയാത്തിനെ നേരിടാന്‍ കഴിവുള്ളവര്‍ ആരുമില്ലാതിരിക്കെയാണ് ദാവീദ് ഉദയം ചെയ്യുന്നത്. സാവൂള്‍ ആദ്യം അതിലാനന്ദിക്കുകയും ചെയ്തു. രാജ്യരക്ഷ സാധ്യമാകുമല്ലോ എന്നോര്‍ത്തു. രാജാവായ സാവൂള്‍ ദാവീദിനെ ആശീര്‍വദിച്ചാണയയ്ക്കുന്നത്. തന്റെ പോര്‍ച്ചട്ട അവനെ അണിയിപ്പിക്കുകയും ചെയ്തു. ഇതിലപ്പുറം എന്തുവേണം?

കല്ലും കവിണയുമുപയോഗിച്ച് ദാവീദ് ഗോലിയാത്തിനെ തകര്‍ത്തു. കാരണം, ദൈവം അവന്റെ യുദ്ധമുഖത്തുണ്ടായിരുന്നു. വിജയിച്ചു വരുന്ന ദാവീദിനെ കണ്ട് ജനം ആര്‍ത്തു പാടി: ”സാവൂള്‍ ആയിരങ്ങളെ കൊന്നു; ദാവീദോ പതിനായിരങ്ങളെയും.” ഇതുകേട്ടപ്പോള്‍ സാവൂളില്‍ അസ്വസ്ഥതയുണ്ടായി. നിഷ്‌കളങ്കനായ ദാവീദിനെ നശിപ്പിക്കാന്‍ സാവൂള്‍ ഓടിനടന്നു. അസൂയയുടെ വേരുകള്‍ യഥാസമയം പിഴുതെറിഞ്ഞില്ലെങ്കില്‍ അതു നമ്മെത്തന്നെയും സഹോദരങ്ങളെയും നശിപ്പിക്കും.

ഒരുപക്ഷേ, ‘സാവൂള്‍ ആയിരങ്ങളെക്കൊന്നു, ദാവീദ് നൂറിനെയും’ എന്ന് പാടിയിരുന്നെങ്കില്‍ കുഴപ്പമുണ്ടാകുമായിരുന്നില്ല. അല്ല, ഒരു പക്ഷേ, രണ്ടാളും ആയിരങ്ങളെ കൊന്നു എന്നു പറഞ്ഞാലും സഹിക്കാം. നാം ആശീര്‍വദിച്ചു വിട്ടവന്‍ നമ്മെക്കാള്‍ വലിയവനോ? സ്‌നേഹമില്ലാത്ത ആശീര്‍വാദങ്ങളൊന്നും ആത്മീയവളര്‍ച്ചയ്ക്ക് ഉതകുന്നതല്ല. മറ്റുള്ളവര്‍ വളരാനായി ആശീര്‍വദിക്കാതെ, ആശിക്കാതെ, എന്ത് ആശീര്‍വാദം? അസൂയയെന്ന വൃക്ഷത്തിന്റെ വേരിന് കോടാലി വെക്കുക. ദൈവം ഒരാളെ ഉയര്‍ത്തുന്നതും താഴ്ത്തുന്നതും മനുഷ്യന്റെ കണക്കുകൂട്ടലുകള്‍ അനുസരിച്ചല്ല.

മനുഷ്യന്‍ ഒരാളെ ഉയര്‍ത്തുന്നതും താഴ്ത്തുന്നതും ഏറെ കണക്കുകള്‍ കൂട്ടിക്കൊണ്ടാകാം. സ്‌നേഹമില്ലാതെ ഒരാളെ ഉയര്‍ത്തിയാല്‍ അത് ഉയര്‍ത്തുന്നവന്റെ ആത്മനാശത്തിന് വഴിമാറാം. ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പ് ജീസസ് യൂത്തില്‍ പ്രവര്‍ത്തിക്കുന്ന സമയം. ഞാന്‍ അന്ന് ആ ഗ്രൂപ്പിന്റെ ലീഡറായിരുന്നു. ഓരോരുത്തരും സ്‌റ്റേജില്‍ കയറുന്നതിനുമുന്‍പ് ലീഡര്‍ തലയില്‍ കൈവെച്ച് പ്രാര്‍ത്ഥിക്കണം. അതാണ് അന്നത്തെ ചട്ടം.

നാളുകള്‍ക്കുമുന്‍പ് ഒരു ക്രിസ്റ്റീന്‍ ധ്യാനാവസരത്തില്‍ ക്രിസ്തുവിലേക്ക് തിരിഞ്ഞ ഒരനുജനെയാണ് അന്ന് അനുഗ്രഹിച്ച് പ്രാര്‍ത്ഥിച്ചത്. ആദ്യമായി സ്റ്റേജില്‍ കയറുന്നതുകൊണ്ട് സഭാകമ്പമുണ്ടെന്നു പറഞ്ഞു. എങ്ങനെയാകുമോ എന്ന ആകുലതയൊക്കെ അന്നവന്റെ മുഖത്തുണ്ടായിരുന്നു. എന്തായാലും കാര്യമായി പ്രാര്‍ത്ഥിച്ചു. ആ സഹോദരന്‍ പ്രസംഗിക്കുന്ന മുഴുവന്‍ സമയവും ഞാന്‍ മുട്ടിന്മേല്‍നിന്നു.

പ്രോഗ്രാം കഴിഞ്ഞപ്പോള്‍ എല്ലാവര്‍ക്കും ആ സഹോദരനെ കാണണം, പ്രാര്‍ത്ഥിക്കണം. ശുശ്രൂഷകള്‍ക്കു ക്ഷണിക്കണം. പതിവില്ലാതെ പുറത്ത് ആവശ്യത്തിലധികം എളിമ ഞാനന്ന് കാണിച്ചു, ഉള്ളില്‍ ഏറെ രോഷവും. ഞാന്‍ അനുഗ്രഹിച്ചതുകൊണ്ടാണ് അവന്‍ പ്രസംഗിച്ചതെന്ന് എന്തേ ഇവരറിയുന്നില്ല അന്ന് രാത്രിയില്‍ എന്തായാലും സ്വസ്ഥമായുറങ്ങാനോ പ്രാര്‍ത്ഥിക്കാനോ എനിക്കായില്ല.

എന്റെ അനുജനെ അഥവാ സഹോദരനെ സ്വര്‍ഗത്തിലെ പിതാവ് എടുത്ത് ഉപയോഗിക്കുന്നത് എന്തേ എനിക്കിഷ്ടമായില്ല? അസൂയ എന്ന ഒരേയൊരു കാരണം. ഞാന്‍ അവനെ അനുഗ്രഹിച്ചാലും സ്‌നേഹം കാണിച്ചാലും മുട്ടിന്മേല്‍ നിന്നാലും നല്ല വാക്കു പറഞ്ഞാലും അസൂയപ്പെടാത്ത സ്‌നേഹം എന്റെ ഹൃത്തിലില്ലെങ്കില്‍ ആത്മീയമായി ഞാന്‍ ഇനിയും ദരിദ്രനാണ്.

ആര്‍സിലെ വികാരിയായിരുന്ന ജോണ്‍ വിയാനിയുടെ അടുത്ത് ജനം കൂടാന്‍ തുടങ്ങിയപ്പോള്‍ ചുറ്റുപാടുള്ള ഇടവകകളിലെല്ലാം പ്രശ്‌നമായി. ഇവിടുത്തെ ജനത്തെ നയിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ട് നടന്നിട്ടില്ല; പിന്നെയല്ലേ നേരേ ചൊവ്വേ ദൈവശാസ്ത്രം പോലും പഠിച്ചിട്ടില്ലാത്ത ജോണ്‍ വിയാനി ഇവരെ മാറ്റിമറിക്കാന്‍ ശ്രമിക്കുന്നത്?

ബുദ്ധിജീവികള്‍ എന്നു കരുതിയവര്‍ മാറിമാറി വിമര്‍ശിച്ചു. ഫാദര്‍ ജോണിന്റെ പരാജയവും തിരിച്ചോട്ടവും കാണാന്‍ അവര്‍ കാത്തുനിന്നു. ഇവര്‍ തന്നെയായിരുന്നു ബൊക്കെ കൊടുത്ത് അദ്ദേഹത്തെ സ്വീകരിച്ചത്. പതുക്കെ പതുക്കെ ജനം മാറുന്നതു കണ്ടപ്പോള്‍ വിമര്‍ശനത്തിന്റെ മുനകള്‍ ഒടിയാന്‍ തുടങ്ങി.
ആത്മനാശം ഭവിക്കാമായിരുന്ന ഒരു ജനത ഫാദര്‍ ജോണ്‍ വിയാനിയുടെ നിലവിളിയില്‍ മനംമാറി. വിമര്‍ശനം നടത്തിയവര്‍ സ്വന്തം ശവക്കുഴിതോണ്ടി.

ഫാദര്‍ ജോണ്‍ ഇന്ന് വിശുദ്ധ വിയാനി, വിമര്‍ശിച്ചവര്‍ കാലത്തിന്റെ കണക്കുപുസ്തകത്തിലില്ല. അസൂയയ്ക്ക് സ്‌നേഹിക്കാനാവില്ല. അപരന്റെ വളര്‍ച്ചയില്‍ ആനന്ദിക്കാനുമാകില്ല. മറ്റുള്ളവരുടെ പരാജയത്തിലും അധഃപതനത്തിലുമാണ് അതിന്റെ ശ്രദ്ധ. നിങ്ങള്‍ക്ക് അസ്വസ്ഥത തോന്നുന്ന വ്യക്തികളെയും സംഭവങ്ങളെയും സംവിധാനങ്ങളെയും ഒരിക്കല്‍കൂടി ധ്യാനപൂര്‍വം പരിശോധിക്കുക.

കുറ്റം ചുമത്താനാകുന്ന വിധം കുറ്റങ്ങളുണ്ടോ അവരിലും അവയിലും. അതോ, നിങ്ങളുടെ അസൂയയാണോ കുറ്റം വിധിക്ക് പുറകിലുള്ളത്. ”അസൂയ ആരില്‍ ജന്മമെടുക്കുന്നുവോ അത് അവനെത്തന്നെ കാര്‍ന്നുതിന്നുന്നു. ശത്രുവിനെ നശിപ്പിക്കുന്നതിന് അസൂയക്കാരന്‍ ശ്രമിക്കുമ്പോള്‍ അവന്‍ സ്വയം നശിക്കാന്‍ തുടങ്ങും” (വിശുദ്ധ ജെറോം).

ഭൗതിക മണ്ഡലത്തേക്കാള്‍ ആത്മീയ മണ്ഡലത്തിലാണ് അസൂയയുടെ പിശാച് കൂടുതല്‍ തേരോട്ടം നടത്തുന്നത്. ഭൗതിക വളര്‍ച്ചയുടെ കാരണങ്ങളല്ല ആത്മീയ മണ്ഡലത്തിന്റേത് എന്നതുതന്നെ കാരണം. ആത്മീയ മേഖലയില്‍ ഉയര്‍ത്തുന്നതും താഴ്ത്തുന്നതും ദൈവമാണ്. അഭിഷേകം നല്‍കുന്നതും എടുത്തുമാറ്റുന്നതും അവന്‍തന്നെ. മനുഷ്യന്റെ അധ്വാനമോ പ്രയത്‌നമോ അല്ല, ദൈവത്തിന്റെ കരുണയാണ് പ്രധാനം. ഭൗതിക മണ്ഡലത്തിലും ഇതു ബാധകമല്ലാതാകുന്നില്ല.

സഭാസമൂഹത്തിന്റെ ശക്തി അസൂയ ചോര്‍ത്തിക്കളയും. പ്രതിരോധശേഷിയെ നശിപ്പിക്കും. വിവാദങ്ങളില്‍ ദൈവം ഇല്ലാതാകും. സ്‌നേഹം മരവിച്ചുപോകും. ഉള്ളില്‍ സ്‌നേഹമില്ലാതെ ആരു ശുശ്രൂഷിച്ചാലും മാത്സര്യവും അസൂയയും അതിന്റെ ഫലമായുള്ള വെറുപ്പും കയറിവരും. ഇനിമുതല്‍ നമുക്ക് സ്‌നേഹിച്ച് ആശീര്‍വദിക്കാം; സ്‌നേഹിച്ച് അധികാരം കൈമാറാം, സ്‌നേഹിച്ച് ശിഷ്യഗണത്തെ വളര്‍ത്താം.

പ്രാര്‍ത്ഥന: കര്‍ത്താവായ യേശുവേ, അസൂയപ്പെടാത്ത സ്‌നേഹം ഞങ്ങള്‍ക്ക് തരണമേ. നിര്‍മല സ്‌നേഹത്തിന്റെ ഉടമകളും അവകാശികളുമാക്കി ഞങ്ങളെ മാറ്റണമേ. അപരന്റെ വളര്‍ച്ചയില്‍ അവര്‍ക്കൊപ്പം ആനന്ദിക്കാനും, ആ ആനന്ദം പങ്കിടാനും ഞങ്ങളെ പ്രാപ്തരാക്കണമെ. ഞങ്ങളിലെ അസൂയയെന്ന പാപവൃക്ഷത്തിന്റെ വേരിന് കോടാലി വെക്കണമെ. ആമേന്‍.

റവ.ഡോ. റോയി പാലാട്ടി സി.എം. ഐ

***********************************

ഓഡിയോവേർഷൻ:

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?