Follow Us On

28

March

2024

Thursday

സീറോ മലബാർ നാഷണൽ കൺവെൻഷൻ: രജിസ്ട്രേഷൻ മൂവായിരം കടന്നു

സീറോ മലബാർ നാഷണൽ കൺവെൻഷൻ: രജിസ്ട്രേഷൻ മൂവായിരം കടന്നു

ഹൂസ്റ്റൺ: ഏഴ് വർഷത്തെ ഇടവേളയ്ക്കുശേഷം സംഘടിപ്പിക്കുന്ന സീറോ മലബാർ നാഷണൽ കൺവെൻഷന് ഗംഭീര പ്രതികരണം. സെന്റ് ജോസഫ് ഫൊറോനായുടെ ആഭിമുഖ്യത്തിൽ 2019 ഓഗസ്റ്റ് ഒന്ന് മുതൽ നാലുവരെ നടക്കുന്ന കൺവെൻഷനിൽ പങ്കെടുക്കാനുള്ള രജിസ്‌ട്രേഷൻ 3000 പിന്നിട്ടു.വിദൂര ഇടവകകളിൽനിന്നെത്തുന്നവരുടെ സൗകര്യപ്രകാരം റഗുലർ രജിസ്‌ട്രേഷന്റെ തീയതി ഏപ്രിൽ 30വരെ നീട്ടിയതായി കൺവൻഷൻ കമ്മറ്റി അറിയിച്ചു.

ചിക്കാഗോ സീറോ മലബാർ രൂപതാ സഹായമെത്രാൻ മാർ ജോയ് ആലപ്പാട്ട് സെപ്റ്റംബർ ആദ്യവാരമാണ് ആതിഥേയ നഗരമായ ഹൂസ്റ്റണിൽവെച്ച് രജിസ്‌ടേഷൻ കിക്കോഫ് ഉദ്ഘാടനംചെയ്തത്. രൂപതയിലെ എല്ലാ ഫൊറോനകളിലും കിക്കോഫ് പൂർത്തിയാക്കി ആദ്യ റൗണ്ട് പിന്നിട്ടപ്പോൾ തന്നെ വിശ്വാസികൾനിന്ന് മികച്ച പ്രതികരമാണ് ലഭിച്ചത്. ‘മാർത്തോമായുടെ മാർഗം വിശുദ്ധിയിലേക്കുള്ള മാർഗം’ എന്നതാണ് 2019 സീറോ മലബാർ കൺവെൻഷന്റെ തീം.

കൺവീനർ ഫാ. കുര്യൻ നെടുവേലിചാലുങ്കൽ, ചെയർമാൻ അലക്‌സ് കുടക്കച്ചിറ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റിയുടെ കൂട്ടായ പ്രവർത്തനമാണ് അമേരിക്കയിലെ എല്ലാ ഇടവകകളിലും എത്തി കിക്കോഫുകൾ സംഘടിപ്പിക്കാൻ സഹായമായത്. ഡിസ്‌കൗണ്ട് നിരക്കിലുള്ള ഫാമിലി രജിസ്‌ടേഷൻ നേരത്തെ സമാപിച്ചിരുന്നു. നാല് ദിവസത്തെ കൺവെൻഷൻ പങ്കെടുക്കാൻ ഭക്ഷണവും താമസവും ഉൾപ്പെടെയുള്ള ഫാമിലി രജിസ്‌ടേഷൻ റഗുലർ നിരക്ക് 1500 ഡോളറാണ്. മികച്ച സൗകര്യമുള്ള ഹിൽട്ടൺ അമേരിക്കാസ് ഹോട്ടലാണ് കൺവൻഷൻ വേദി.

നാലായിരം പേർക്കായി പരിമിതപ്പെടുന്ന കൺവൻഷന്റെ റഗുലർ നിരക്ക് ഏപ്രിൽ 30 നു സമാപിക്കും. കുട്ടികൾക്കും യുവജങ്ങൾക്കും മുതിർന്നവർക്കുമായി സെമിനാറുകൾ ഉൾപ്പെടെ വിവിധ പരിപാടികളാണ് അണിയറയിൽ ഒരുങ്ങുന്നത്. രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്താണ് കൺവെൻഷൻ രക്ഷാധികാരി. അമേരിക്കയിലെ വിശാസികളുടെ സ്‌നേഹവും സഹകരണവും പങ്കുവെക്കുന്ന വേദികൂടിയാണ് സീറോ മലബാർ കൺവെൻഷൻ.

ഓൺലൈനിൽ രജിസ്‌ടേഷൻ സൗകര്യം ഒരുക്കിയതിനാൽ ഇന്ത്യയിൽനിന്നും കാനഡയിൽനിന്നും രജിസ്‌ടേഷൻ വരുന്നതായി നാഷണൽ രജിസ്‌ടേഷൻ ചെയർ സുനിൽ കുര്യൻ പറഞ്ഞു. ആയിരത്തിനടുത്ത് ഫാമിലി രജിസ്‌ടേഷനുകൾ ഇതിനകം ലഭിച്ചു. കൂടുതൽ യുവജന പ്രാതിനിധ്യം ഇത്തവണ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. ആയിരത്തിൽപ്പരം യുവജനങ്ങൾ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സുനിൽ കുര്യൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ രജിസ്‌ട്രേഷനും: smnchouston.org

മാർട്ടിൻ വിലങ്ങോലിൽ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?