Follow Us On

04

June

2023

Sunday

ഒരിക്കല്‍കൂടി

ഒരിക്കല്‍കൂടി

ശിമയോന്‍ പത്രോസ് പറഞ്ഞു. നീ ജീവനുളള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്. (മത്താ. 16:15)

വര്‍ഷങ്ങള്‍ കടന്നുപോകുന്നു. നാം അനുവദിച്ചാലും ഇല്ലെങ്കിലും അതങ്ങനെ ആകാതെ വയ്യ. ഒട്ടേറെ തീരുമാനങ്ങളെടുത്ത് ആരംഭിക്കുന്ന യാത്രയ്ക്കിടയില്‍ തെന്നിമാറുന്ന അനുഭവങ്ങളുടെ കഥകളാകാം ഒരു പക്ഷേ നമുക്കധികവും കൈമുതലായുള്ളത്. ചുമരില്‍ കൊളുത്തുന്ന പുതിയൊരു കലണ്ടറിലധികം മാറ്റമൊന്നും നമ്മില്‍ നടക്കുന്നില്ല എന്നത് പച്ചപ്പരമാര്‍ത്ഥവുമാകാം. എങ്കിലും, ചില ആഭിമുഖ്യങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ നമുക്കാവില്ലേ? ക്രിസ്തു പഠിപ്പിച്ച അത്തിവൃക്ഷത്തിന്റെ ഉപമയാണ് ആദ്യം ഓടിയെത്തുക (ലൂക്കാ 13:6-9).

മുന്തിരിത്തോട്ടത്തില്‍ നട്ടുപിടിപ്പിച്ച അത്തിവൃക്ഷത്തിന്റെ കഥ. മുന്തിരിക്കാവശ്യമായ കരുതലോ പരിരക്ഷയോ ആവശ്യമുള്ള ഒന്നല്ല അത്തി. അത് എങ്ങനെയും വളരും, ചില കാട്ടുവൃക്ഷംപോലെ. എന്നിട്ടും യജമാനന്റെ പ്രത്യേക സ്‌നേഹത്തില്‍ അതിനെ മുന്തിരിത്തോട്ടത്തില്‍ നട്ടു. ദിവസത്തില്‍ മൂന്നാവര്‍ത്തി വന്ന് അതിന്റെ വളര്‍ച്ചയും തളര്‍ച്ചയും പരിശോധിക്കും. ആവശ്യമായ വളവും വെള്ളവും സ്‌നേഹവും പരിചരണവും നല്‍കും.

പുഴുക്കുത്തേറ്റ ഇലകള്‍ പ്രത്യേകം പരിചരിക്കും. കവര്‍ച്ച ചെയ്യാതിരിക്കാന്‍ പ്രത്യേക വലയവും സൃഷ്ടിക്കും. എന്നിട്ടും, അതു ഫലം ചൂടിയില്ല. കഴിഞ്ഞ മൂന്നു വര്‍ഷമായിട്ടും കായ്കളൊന്നും വിരിയിക്കാതെ വന്ധ്യമായി നില്‍ക്കുന്ന ആ വൃക്ഷത്തെ വെട്ടിക്കളയാന്‍ യജമാനന്‍ കൃഷിക്കാരനോട് ആജ്ഞാപിക്കുന്നു. ഒരാണ്ടുകൂടി പരിചരിക്കാനുള്ള അനുവാദത്തിനായി കേഴുകയാണ് കൃഷിക്കാരന്‍.

അനര്‍ഹമായ കരുതലും പരിചരണയും ലഭിച്ച ആ അത്തിമരം ആരാണ്? ഞാനും നിങ്ങളുമല്ലേ? വചനമായും വിരുന്നായും അപ്പമായും ആത്മാവായും ഒരുപിടി സ്വീകരിച്ചിട്ടും ഒന്നും മടക്കി നല്‍കാനാകാതെ നില്‍ക്കുന്ന പുതിയ ഇസ്രായേലായ നമ്മുടെ മുന്നിലാണ് ചക്രവാളസീമകളില്‍ അവിടുന്ന് പുതിയ വര്‍ഷത്തെ ഉദിപ്പിക്കുന്നത്. ഒരാനുകൂല്യമാണ് ഈയാണ്ട്; ഒരുപക്ഷേ, അവസാന ആനുകൂല്യം. ആനുകൂല്യമെങ്കില്‍ കടപ്പാടിന്റെ ആഴവുമേറും. വളര്‍ത്താന്‍ കഴിയുന്ന മൂന്നു മനോഭാവങ്ങള്‍ ചുവടെ,

ഒന്ന്: ദൈവത്തിന്റെ ഭരണം അവകാശപ്പെടുക
ഇന്നലെകളില്‍ നമ്മെ ഭരിച്ചത് ഭയവും നീരസവും ഉല്‍ക്കണ്ഠയും വെറുപ്പുമൊക്കെയാകാം. ഇന്നുമുതല്‍ ക്രിസ്തുവിന്റെ ഭരണം നാം അവകാശപ്പെടാന്‍ ആരംഭിക്കുന്നു. ആ ഭരണത്തില്‍ നാം സ്വതന്ത്രരാണ്, ആരുടെയും ഒന്നിന്റെയും അടിമകളല്ല. ”…നിങ്ങള്‍ മനുഷ്യരുടെ അടിമകളായിത്തീരരുത്” (1 കോറി 7:23). മനുഷ്യര്‍ പറയുന്ന പാഴ്‌വാക്കുകള്‍കൊണ്ട് തകര്‍ന്നുപോയവരുണ്ട്. ഗതിയില്ലാത്ത ജന്തുവാണ് താനെന്ന് തനിയെ പറയുന്നവര്‍; തോല്‍ക്കാന്‍ വിധിക്കപ്പെട്ടവരാണെന്ന് കരുതുന്നവര്‍; ജീവിതം പാഴായി എന്നു വിധി എഴുതുന്നവര്‍.

ഈ വാക്കുകള്‍ ദൈവം നമ്മെക്കുറിച്ച് പറഞ്ഞതല്ല. മറിച്ച്, നാം നമ്മെക്കുറിച്ച് കോറിയിട്ടതാണ്. ആ വാക്കുകളല്ല നമ്മില്‍ ഭരണം നടത്തേണ്ടത്. ദൈവത്തിന്റെ ഭരണം അവകാശപ്പെടുന്ന വിശ്വാസി, ദൈവം പറയുന്ന വാക്കുകള്‍ക്കായി കാതോര്‍ക്കണം. ”ആകയാല്‍, നീ ഇനിമേല്‍ ദാസനല്ല, പിന്നെയോ പുത്രനാണ്; പുത്രനെങ്കില്‍ ദൈവഹിതമനുസരിച്ച് അവകാശിയുമാണ്” (ഗലാ 4:7). ദൈവഹിതം നാം തകരണമെന്നല്ല, അനുഗ്രഹിക്കപ്പെടണമെന്നാണ്.

കഴിഞ്ഞയാണ്ടില്‍ തകര്‍ന്നുപോയ പദ്ധതികളിലേക്കു നോക്കാതെ, പുത്തനാണ്ടില്‍ അവന്‍ ഒരുക്കിയിരിക്കുന്ന സമ്മാനങ്ങളിലേക്കു നോക്കുക. ഇന്നലെ ചിലത് അവന്‍ ഉടച്ചുകളഞ്ഞത്, നല്ലതൊന്നു വാര്‍ത്തുതരാനാണ്. ഉടഞ്ഞതില്‍ പരിഭവം പറയാതെ, വാര്‍ക്കാന്‍ കൈകള്‍ നല്‍കുന്ന ദൈവത്തിന്റെ ഭരണം നീ അവകാശപ്പെടുക.

ലോകം തകര്‍ത്തുകളഞ്ഞ ജീവിതയാത്രയിലെ ചില സ്വപ്‌നങ്ങള്‍, ദൈവം പുതുക്കി തിരിച്ചുനല്‍കുന്നതു കാണുക. നിങ്ങളുടെ സ്വപ്‌നങ്ങള്‍ ചില പെട്ടിക്കടകള്‍പോലെ ചെറുതായിരുന്നിരിക്കാം. ആ പെട്ടിക്കടകള്‍ തകര്‍ത്തെങ്കിലേ നിങ്ങള്‍ക്ക് സൂപ്പര്‍മാര്‍ക്കറ്റുകള്‍ നല്‍കാന്‍ അവന് കഴിയൂ. ഇതളല്ല പുഷ്പം, ശാഖയല്ല വൃക്ഷം. ക്രിസ്തുവില്‍ ജീവിക്കുന്നവന്‍ ആത്യന്തികമായി പരാജയപ്പെടില്ല.

രണ്ട്: നിങ്ങളുടെ ദൈവവിളിയില്‍ ജീവിക്കുക
”ദൈവത്തിന്റെ വിളിയും നിയോഗവും അനുസരിച്ച് ഓരോരുത്തരും ജീവിക്കട്ടെ” (1 കോറി 7:17). മറ്റൊരാളുടെ വിളിയില്‍ ജീവിക്കാന്‍ എനിക്കാവില്ല. എന്റെ വിളിയില്‍ ജീവിക്കാന്‍ മറ്റൊരാള്‍ക്കും കഴിയില്ല. എന്നാല്‍, കിട്ടാതെപോയ സന്തോഷങ്ങള്‍ കിട്ടിയ സന്തോഷങ്ങളുടെ മധുരം നശിപ്പിക്കുന്ന അനുഭവമുള്ള ജീവിയാണ് മനുഷ്യന്‍. പറുദീസയിലെ മുഴുവന്‍ സന്തോഷവും വിലക്കപ്പെട്ട കനിയില്‍ തകര്‍ത്തുകളയുന്ന ആദിമാതാപിതാക്കള്‍.

നമ്മുടെ വിളിയില്‍ ജീവിക്കാന്‍ നമുക്കു ശ്രമിക്കാം. ഓരോ വിളിയും ഓരോ നുകമാണ്. അതു നാം വഹിച്ചേ തീരൂ. ആനന്ദത്തോടെ വഹിക്കുമ്പോള്‍ ചാരെ അണയാനും നുകത്തിന്റെ ഭാരം ലഘൂകരിക്കാനും ക്രിസ്തുവുണ്ടെന്ന് മറക്കാതിരിക്കാം. നമ്മുടെ വിളിയെ ദൈവകരങ്ങളില്‍നിന്നും സ്വീകരിക്കാം.
ആകസ്മികമായിട്ടല്ല നാം വിളിക്കപ്പെട്ടത്, ക്രിസ്തുവിന്റെ പദ്ധതിയുടെ ഭാഗമാണ്. ദൈവത്തിനു തെറ്റുപറ്റില്ല.

ജീവിതാവസ്ഥ അംഗീകരിക്കാത്ത ചില സംവത്സരങ്ങളായിരുന്നു കഴിഞ്ഞ നാളുകളെങ്കില്‍, പതുക്കെപ്പതുക്കെ അതിനെ ചേര്‍ത്തുവെക്കാന്‍ ശ്രമിച്ചുനോക്കുക. ഇണങ്ങാത്തതെന്ന് തോന്നുന്ന പലതുമാണ് നിങ്ങള്‍ക്ക് ഏറ്റം ഇണങ്ങുന്നതെന്ന് ചേര്‍ത്തുപിടിക്കുമ്പോഴും ദൈവവിളി എന്തെന്ന് തിരിച്ചറിയുമ്പോഴും മനസിലാക്കാന്‍ തുടങ്ങും. പിന്നെ അതു കൈവിടാന്‍ നിങ്ങള്‍ക്കാവില്ല. കാരണം, അതിനകം ആ വിളി നിങ്ങളെ കീഴ്‌പ്പെടുത്തിയിരിക്കും.

മൂന്ന്: പുതിയ ഭാഷകള്‍ സംസാരിക്കുക
വിതയ്ക്കുന്നത് നാം കൊയ്യുന്നു. നാം നമ്മോടു പറയുന്നത് നാം ആയിത്തീരുന്നു. അനുഗ്രഹം വിതയ്ക്കുന്നവന് അനുഗ്രഹം കൊയ്യാനാകുന്നു. ഭയചകിതരായ ശിഷ്യഗണത്തിന് ആത്മാവിനെ കിട്ടിയപ്പോള്‍ അവരുടെ ഭാഷ മാറി. നമ്മുടെ സമ്പര്‍ക്കങ്ങളില്‍, സമ്മേളനങ്ങളില്‍, ഊട്ടുമേശകളില്‍ ഒക്കെ ഭാഷകള്‍ പുതുക്കി സംസാരിക്കാന്‍ നമുക്കാകും. പ്രോത്സാഹനത്തിന്റെയും അംഗീകാരത്തിന്റെയും ഭാഷ വിതയ്ക്കുന്നവര്‍ക്ക് അതുതന്നെ കൊയ്‌തെടുക്കാനാകും.

മുന്‍വിധിയുടെയും തര്‍ക്കങ്ങളുടെയും കുടിലഭാഷ നല്‍കുന്നവര്‍ക്ക് അതേ തിരിച്ചു ലഭിക്കൂ. ”…നിങ്ങള്‍ അളക്കുന്ന അളവുകൊണ്ടുതന്നെ നിങ്ങള്‍ക്കും അളന്നു കിട്ടും” (മത്താ 7:2). നല്ല വാക്കുകള്‍ വഴങ്ങാത്ത നാവുകളുണ്ട്. നല്ല ചിന്തകള്‍ നിരൂപിക്കാത്ത ഹൃദയങ്ങളുമുണ്ട്. നല്ല വാക്കുകള്‍മാത്രം പറയുമെന്ന് തീരുമാനമെടുക്കാനാകുമോ? ഭാര്യയെക്കുറിച്ച്, ഭര്‍ത്താവിനെക്കുറിച്ച്, മക്കളെക്കുറിച്ച്, വൈദികരെക്കുറിച്ച്, നേതാക്കളെക്കുറിച്ച് എന്നിങ്ങനെ പലതും. നിറയാതെ പോയ ഗ്ലാസുകളിലേക്കല്ല, നിറഞ്ഞു തുളുമ്പിയവയെ കാണുക. കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയ ബസിലേക്കല്ല, നിര്‍ത്തിയവയിലേക്കു നോക്കുക. ലഭിച്ച ശാപവാക്കുകളിലേക്കല്ല, സ്‌നേഹവാക്കുകളിലേക്കു നോക്കുക. നാം ഫലം ചൂടുകതന്നെ ചെയ്യും.

നമുക്ക് പ്രാര്‍ത്ഥിക്കാം
കര്‍ത്താവായ യേശുവേ, ഞങ്ങളുടെ കുടുംബത്തെ അവിടുത്തെ കരങ്ങളിലേക്ക് സമര്‍പ്പിക്കുന്നു. തിരുക്കുടുംബം പോലെ സ്‌നേഹത്തിന്റെയും നന്മയുടെയും വിളനിലമായി ഞങ്ങളുടെ കുടുംബത്തെയും മാറ്റണമേ. നല്ല മാതൃക നല്‍കുന്നവരായി ഞങ്ങളെ മാറ്റണമേ. സ്‌നേഹത്തിന്റെ കെടാവിളക്ക് എന്നും ഞങ്ങളുടെ കുടുംബത്തില്‍ കത്തിനില്‍ക്കട്ടെ. ആ ദീപ്തിയില്‍ അനേകര്‍ ദൈവസ്‌നേഹം അനുഭവിച്ചറിയട്ടെ ആമ്മേന്‍!

റവ.ഡോ. റോയി പാലാട്ടി സി.എം. ഐ
Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?