Follow Us On

29

November

2020

Sunday

ഈ ജീവിതം ദൈവത്തിന് സ്വന്തം

ഈ ജീവിതം  ദൈവത്തിന് സ്വന്തം

അതിമനോഹരമായ വെന്റിലേറ്റര്‍. എല്ലാം ശുഭ്രമയം. കര്‍ട്ടന്‍, പുതപ്പ്, വിരികള്‍… എല്ലാമെല്ലാം തൂവെള്ള നിറം. സ്വര്‍ഗമാണോയെന്നു തോന്നിപ്പോകുന്ന ഇടം. മരണം പലപ്പോഴും ആത്മാവിനെയും പേറി വെള്ളരിപ്രാവിനെപ്പോലെ സ്വര്‍ഗത്തിലേക്ക് പോകുന്ന നിശബ്ദതയുടെ താഴ്‌വര. അവിടെ റോഷ് പ്രശാന്തതയോടെ കിടക്കുന്നു. സ്വര്‍ഗത്തില്‍നിന്നൊരു മാലാഖ വന്നു. റോഷിന്റെ ആത്മാവിനെയും വഹിച്ച് ദൈവസന്നിധിയിലേക്ക് പറന്നു…

ഏശയ്യാ 40:31 – ”എന്നാല്‍ ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്തി പ്രാപിക്കും; അവര്‍ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലും ക്ഷീണിക്കുകയില്ല; നടന്നാല്‍ തളരുകയുമില്ല.”

റോഷ്, രാജീവ് ജേക്കബിന്റെയും രേണു രാജീവിന്റെയും രണ്ട് ആണ്‍മക്കളില്‍ ഇളയവന്‍. 2015 ജൂലൈ പത്തിന് മരിക്കുമ്പോള്‍ പ്രായം 29. (സഹോദരന്‍ റെക്‌സ്. ഭാര്യ റീബ, രണ്ട് മക്കള്‍). തിരുവനന്തപുരം നാലാഞ്ചിറ സര്‍വോദയ സ്‌കൂളില്‍ പത്താം ക്ലാസ് വരെ പഠിച്ചു. പ്ലസ് വണ്‍, പ്ലസ് ടു സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍. 95.5 ശതമാനം മാര്‍ക്കോടെ ഒന്നാം റാങ്കില്‍ പ്രശസ്ത വിജയം.

ഗോവ ബിര്‍ല ഇന്‍സ്റ്റ്റ്റിയൂട്ടില്‍ ബിടെക് കഴിഞ്ഞ് പൂനയില്‍ ജര്‍മന്‍ കമ്പനിയില്‍ മൂന്നു വര്‍ഷം ജോലി ചെയ്തു. എം.എസ്‌സി പി.ജി കോഴ്‌സിനായി സ്വിറ്റ്‌സര്‍ലന്റ് ലൂഗാനോ യൂണിവേഴ്‌സിറ്റിയില്‍ പഠനം. പിന്നീട് ഇ.റ്റി.എച്ച് യൂണിവേഴ്‌സിറ്റിയില്‍ പഠനം. വിശ്രുത ശാസ്ത്ര പ്രതിഭ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പഠിച്ചതും പഠിപ്പിച്ചതുമായ വിശ്വവിഖ്യാത സഥാപനം. ലോകത്തെ രണ്ടാമത്തെ മികച്ച ഗവേഷണ സ്ഥാപനമായ പോള്‍ ഷെറര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നാനോ ടെക്‌നോളജിയില്‍ ഗവേഷണം. അത്യന്തം കഠിനാധ്വാനവും കഠിന പ്രയത്‌നവും നിറഞ്ഞ ദിനങ്ങള്‍. ഒരു ഗ്രാമമാകെ വ്യാപിച്ചിരിക്കുന്നു സ്ഥാപനം.

ഒരു പേപ്പര്‍ സമര്‍പ്പിച്ചശേഷം മനസ് ശാന്തമാക്കാനും സ്വസ്ഥമാക്കാനും കൂട്ടുകാര്‍ 110 കിലോമീറ്റര്‍ ദൂരെയുള്ള തടാകത്തിലേക്ക് വിനോദയാത്ര സംഘടിപ്പിച്ചു. ഇഷ്ടമില്ലാതിരുന്നിട്ടും കൂട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി റോഷും യാത്രയില്‍ പങ്കാളിയായി. 38 ഡിഗ്രി ചൂടുണ്ടായിരുന്നു. മഞ്ഞുരുകിയ നല്ല തണുത്ത വെള്ളമായിരുന്നു തടാകത്തില്‍. തടാകത്തിലെ വെള്ളം നമ്മുടെ ശരീരോഷ്മാവുമായി അനുരൂപപ്പെട്ടിട്ടുവേണം തടാകത്തിലിറങ്ങി കുളിക്കാന്‍.

അന്നാട്ടുകാര്‍ കരയില്‍നിന്ന് വെള്ളം സാവധാനം ശരീരത്തിലേക്കൊഴിച്ച് താപനില ക്രമീകരിച്ചശേഷമേ വെള്ളത്തിലിറങ്ങുകയുള്ളൂ. ഇതറിയാതെ റോഷ് തടാകത്തിലിറങ്ങി. പെട്ടെന്ന് റോഷിന്റെ പേശികള്‍ വലിഞ്ഞു മുറുകി. ഹൃദയമിടിപ്പ് സാവധാനത്തിലായി. ഒപ്പം അബോധാവസ്ഥയിലേക്കും. സുഹൃത്തുക്കള്‍ ഉടന്‍തന്നെ യൂണിവേഴ്‌സിറ്റിയോട് ചേര്‍ന്നുള്ള പ്രശസ്തമായ ആശുപത്രിയില്‍ വിവരമറിയിച്ചു. ഹെലികോപ്റ്ററെത്തി, ആശുപത്രി ഐ.സി യൂണിറ്റിലേക്കും വെന്റിലേറ്ററിലേക്കും റോഷിനെ ഉടനെ മാറ്റി.

വീട്ടില്‍ മാതാപിതാക്കളുടെ ഫോണിലേക്ക് റോഷ് ‘കോമ’യിലാണെന്ന സന്ദേശങ്ങള്‍ വരാന്‍ തുടങ്ങി. അവര്‍ക്കൊന്നും മനസിലായില്ല. തിരികെ മകന്റെ ഫോണിലേക്ക് വിളിച്ചിട്ടും പ്രതികരണമൊന്നും ഉണ്ടായില്ല. അടുത്ത ദിവസം കാര്യങ്ങളെല്ലാം അറിഞ്ഞു. സ്വിറ്റ്‌സര്‍ലന്‍ഡില്‍ പോകുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. റോഷിന്റെ സഹപാഠിയായിരുന്ന കളക്ടര്‍ അനുപമ ഐ.എ.എസിന്റെ സഹായത്താല്‍ യാത്രയ്ക്കുള്ള തടസങ്ങള്‍ മാറി, യാത്ര എളുപ്പമായി. മകന്റെ അപകടാവസ്ഥ അറിഞ്ഞതുമുതല്‍ അച്ഛന്‍ രാജീവ് ജേക്കബിന്റെ സമനിലപോലും തെറ്റിയ അവസ്ഥയിലായിരുന്നു. എന്നാല്‍ ഒരു സ്വര്‍ഗീയ ദര്‍ശനം കണ്ടത് രാജീവിന് കരുത്തും ധൈര്യവും പകര്‍ന്നു. ഒരു പ്രകാശവലയത്തില്‍ ദൈവപിതാവിനൊപ്പം റോഷ്. ചുറ്റും മാലാഖമാരും. മകന്‍ ദൈവിക സംരക്ഷണയിലാണെന്ന് ഉള്‍ബോധ്യമുണ്ടായി.

വിമാനത്തിലിരിക്കുമ്പോള്‍ രേണുവിന്റെ മനസാകെ അസ്വസ്ഥമായിരുന്നു. അപരിചിതമായ രാജ്യം. ഒന്നിനെക്കുറിച്ചും അറിയില്ല. എവിടെ താമസിക്കും? സഹായിക്കാന്‍ ആരെങ്കിലുമുണ്ടാകുമോ? ആകുലതകള്‍ക്കിടയിലും മനസിന്റെ കോണില്‍ പ്രാര്‍ത്ഥനയുടെ ജ്വലനമുണ്ടായിരുന്നു. ആശുപത്രിയില്‍ ചെന്നു. വിശുദ്ധിയുടെ വെണ്മയാല്‍ ധന്യമായ വെന്റിലേറ്റര്‍. വെള്ള വിരികള്‍…. കര്‍ട്ടനുകള്‍… പുതപ്പുകള്‍….. സ്വര്‍ഗത്തിന്റെ പരിഛേദംപോലെ. അവിടെ വിശുദ്ധനെപ്പോലെ ശാന്തതയോടെ മകന്‍ റോഷ് കിടക്കുന്നു. ഏതു മാതൃഹൃദയവും തേങ്ങുന്ന, ഏതു പിതൃഹൃദയവും സങ്കടപ്പെടുന്ന കാഴ്ച…
ആശുപത്രിയില്‍ ദൈവദൂതന്മാരെപ്പോലെ സഹായിക്കാന്‍ അനേകരുണ്ടായിരുന്നു.

ദൈവം ഒരുക്കിയ മാലാഖമാര്‍. റോഷിനുവേണ്ടി നിറഞ്ഞ പ്രാര്‍ത്ഥനകള്‍ ഉയര്‍ന്നു. ദിവ്യബലികള്‍, ജപമാല പ്രാര്‍ത്ഥനകള്‍, നൊവേനകള്‍, കരുണക്കൊന്തകള്‍, മധ്യസ്ഥപ്രാര്‍ത്ഥനകള്‍…… ആശുപത്രി ചാപ്ലയിന്‍ കൂടിയായ ഇറ്റാലിയന്‍ വൈദികന്‍വന്ന് രോഗീലേപനം നല്‍കി. മാതാപിതാക്കളുടെ കണ്ണീര്‍ കണ്ട് രാത്രി മുഴുവന്‍ ഉണര്‍ന്നിരുന്ന് റോഷിനുവേണ്ടി പ്രാര്‍ത്ഥിക്കുമെന്ന് അദ്ദേഹം വാഗ്ദാനം നല്‍കി. ഒരു മലയാളി വൈദികനും രോഗീലേപനം നല്‍കാനെത്തി. അടുത്ത ദിവസം ഡോക്ടര്‍മാരുടെ മീറ്റിങ്ങുണ്ട്. അതില്‍ മാതാപിതാക്കള്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതുണ്ട്. ഇംഗ്ലീഷ്, ജര്‍മന്‍, ഇറ്റാലിയന്‍ ഭാഷകളില്‍ ഡോക്ടര്‍മാര്‍ സംസാരിക്കും. അത് പൂര്‍ണരീതിയില്‍ മാതാപിതാക്കള്‍ ഉള്‍ക്കൊള്ളാന്‍, കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഒരു മലയാളി ഡോക്ടറുടെ സാന്നിധ്യവും ഉണ്ടായിരുന്നു.

റോഷിന്റെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം ഓരോന്നായി നിലച്ചുകൊണ്ടിരുന്നു. തിരികെ ജീവിതത്തിലേക്ക് വരിക അസാധ്യമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ഇനി രക്ഷയില്ല. രേണു പരിഭ്രാന്തയായി ആശുപത്രി ചാപ്പലിലേക്കോടി. ചാപ്പലിലെ ക്രൂശിത രൂപം നോക്കിയിരുന്നു. കൈയില്‍ എപ്പോഴും ചെറിയൊരു കുരിശുരൂപവുമായി ഓടി നടക്കുന്ന കുഞ്ഞുറോഷ് പെട്ടെന്ന് മനസിലേക്കോടി വന്നു. അവന് കുരിശ് വലിയ ഇഷ്ടമായിരുന്നു. അവന്‍ കുരിശിനെ സ്‌നേഹിച്ചു. കുരിശിലെ ഈശോയെയും.

അപ്പോഴേക്കും നവദമ്പതിമാരായ രണ്ടുപേര്‍ വന്നു. അടുത്തുതന്നെ ഹോളി ട്രിനിറ്റി പള്ളിയുണ്ട്. അവിടെ പോയി പ്രാര്‍ത്ഥിക്കാമെന്നു പറഞ്ഞു. ത്രിതൈ്വക ദൈവത്തിന്റെ നാമത്തിലുള്ള പള്ളി. അള്‍ത്താരക്ക് പിന്നില്‍ പിതാവായ ദൈവത്തിന്റെയും പുത്രനായ ദൈവത്തിന്റെയും പരിശുദ്ധാത്മാവായ ദൈവത്തിന്റെയുംചിത്രം. അഗ്നിജ്വാലകള്‍പോലെ സ്ഫുരിക്കുന്ന ദൈവത്തിന്റെ തീക്ഷ്ണമായ നയനങ്ങള്‍ രേണുവിനെ നോക്കുന്നതുപോലെ തോന്നി. ”പിതാവേ, എന്റെ ഹിതമല്ല; അങ്ങയുടെ ഇഷ്ടംപോലെ നടക്കട്ടെ എന്ന് രേണു പ്രാര്‍ഥിച്ചു.

പിതാവായ ദൈവം റോഷിനെ ആലിംഗനം ചെയ്തു നില്‍ക്കുന്നതായി ദര്‍ശനത്തില്‍ കണ്ടു. എന്റെ മകന്‍ ദൈവസന്നിധിയിലുണ്ട്. ഞാന്‍ കരഞ്ഞു കണ്ണീരൊഴുക്കേണ്ട കാര്യമില്ല. ദുഃഖിച്ചും വാടിത്തളര്‍ന്നും തകരേണ്ടതില്ല.” വലിയ പ്രത്യാശയും ആത്മവിശ്വാസവും ആത്മധൈര്യവുംകൊണ്ട് രേണു നിറഞ്ഞു. കണ്ണുനീരും സങ്കടങ്ങളും വേദനകളും മഞ്ഞുപോലെ എങ്ങോ പോയ്മറഞ്ഞു. ജൂലൈ പത്തിന് റോഷിനെ വെന്റിലേറ്ററില്‍നിന്നു മാറ്റി. രേണുവിന്റെ മുന്നില്‍ ഡോക്ടര്‍ വന്നു മുട്ടുകുത്തി. ‘സോറി മാം, സോറി മാം’ എന്നു പറഞ്ഞുകൊണ്ടേയിരുന്നു. ദൈവമല്ലേ എന്റെ മകനെ കൊണ്ടുപോയത്. അത് ദൈവിക പദ്ധതിയും നീതിയുമല്ലേ? ദയവായി ഡോക്ടര്‍ വിഷമിക്കരുത്. ആ അമ്മയുടെ സാന്ത്വനവാക്കുകള്‍ കേട്ട് ഡോക്ടര്‍ ഞെട്ടിയിരിക്കണം.

ആശ്വാസവാക്കുകളും സാന്ത്വനവുമായെത്തിയവരെ രേണു ആശ്വസിപ്പിച്ചത് ഏവരെയും അത്ഭുതപ്പെടുത്തി.റോഷിന്റെ ആത്മശാന്തിക്കുവേണ്ടി അവിടെ അടുത്ത ദിവസം വിശുദ്ധ കുര്‍ബാനയുണ്ടായിരുന്നു. റോഷിന്റെ ഫോട്ടോയ്ക്കടുത്ത് മറ്റൊരു മകന്റെ ഫോട്ടോയും കണ്ടു. റോഷിനെ വെന്റിലേറ്ററില്‍നിന്നും മാറ്റുന്ന സമയത്ത് കാഞ്ഞിരപ്പള്ളിയിലെ കൊച്ചുറാണി-സാബു ദമ്പതികളുടെ മകന്‍ ബോണിയും മറ്റൊരു തടാകത്തില്‍ കുളിക്കാനിറങ്ങി മരിച്ചിരുന്നു. നാലാം ദിവസമാണ് ബോണിയുടെ ശരീരം കിട്ടുന്നത്.

”ഗവേഷണ കാലത്ത് റോഷ് താമസിച്ച വീട്ടില്‍ ഞങ്ങള്‍ പോയി. മക്കളില്ലാത്ത ആ ദമ്പതികള്‍ക്ക് മകനെപ്പോലെയായിരുന്നു റോഷ്. അങ്കിള്‍ ജോലിക്ക് പോകുമ്പോള്‍ ആന്റി തനിച്ചാകും. കൈ വല്ലാതെ വിറയ്ക്കുന്ന ആന്റിക്ക് റോഷ് കപ്പ് ചുണ്ടോടടുപ്പിച്ചു കുടിപ്പിക്കും. സംയുക്തമായി ഇരുവരും ഭക്ഷണം പാകം ചെയ്യും. ഇന്ത്യന്‍ ഭക്ഷണരീതികള്‍ അവര്‍ക്കിഷ്ടമാണ്. അക്കാര്യമെല്ലാം രേണുവിനും രാജീവിനുമറിയാം. റോഷിന്റെ മുറിയില്‍ അവന്റെ ഫോട്ടോ, പുസ്തകങ്ങള്‍, വസ്ത്രങ്ങള്‍ എല്ലാം ഭംഗിയായി ക്രമീകരിച്ചിരിക്കുന്നു.

മേശയില്‍ ഉറങ്ങുന്ന മാലാഖയുടെ രൂപം. രേണു ആന്റിക്ക് ജൂസ് ചുണ്ടോടടുപ്പിച്ചു കൊടുത്തു, റോഷ് ചെയ്യുന്നതുപോലെ. അവര്‍ക്ക് ആശ്ചര്യമായി. ഇക്കാര്യംപോലും റോഷ് മാതാപിതാക്കളെ അറിയിച്ചുവല്ലോ? വീണ്ടും അവരുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. സ്വിറ്റ്‌സര്‍ലാന്‍ഡില്‍ രാത്രി എട്ടര ആകുമ്പോള്‍ എന്നും റോഷ് അമ്മയെ വിളിക്കും. അപ്പോള്‍ ഇന്ത്യന്‍ സമയം രാത്രി 11.30. മുഴുവന്‍ വിശേഷങ്ങളും അമ്മയോട് പറയും. രാത്രി പത്തുമണിക്ക് ജോലിയെല്ലാം കഴിഞ്ഞ് മകനുവേണ്ടി നൊവേനയും ജപമാലയും കരുണക്കൊന്തയും എത്തിച്ച് രേണു കാത്തിരിക്കും.

നാട്ടിലായിരിക്കുമ്പോഴും റോഷ് പ്രാര്‍ത്ഥിക്കും. ബൈബിള്‍ വായിക്കും, വലതുകൈകൊണ്ട് ദാനം ചെയ്യും. ദൈവത്തെക്കുറിച്ചും സ്വര്‍ഗത്തെക്കുറിച്ചുമുള്ള ദര്‍ശനങ്ങള്‍ ലഭിക്കുകയും അവ പങ്കുവയ്ക്കുകയും ചെയ്യുമായിരുന്നു. ജോലിക്ക് കയറിയാല്‍ തുടക്കത്തില്‍ത്തന്നെ വന്‍ ശമ്പളമാണ് റോഷിന് ലഭിക്കുക. അതുകൊണ്ട് വീടിനടുത്ത് ചേരിപോലുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്ക് വീട് വച്ചുകൊടുക്കണമെന്നതായിരുന്നു അവന്റെ ആഗ്രഹം.

ഞങ്ങള്‍ നാട്ടിലേക്ക് മടങ്ങി. നിയമപരവും സാങ്കേതികവുമായ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി ജൂലൈ 19-ന് റോഷിന്റെ മൃതദേഹം നാട്ടില്‍ കൊണ്ടുവന്നു. ജൂലൈ 20-ന് ബാര്‍ട്ടന്‍ഹില്‍ പള്ളിയുടെ കീഴിലുള്ള കുമാരപുരത്തെ സെമിത്തേരിയില്‍ റോഷിന്റെ മൃതദേഹം സംസ്‌കരിച്ചു. ആയിടെ കഴക്കൂട്ടത്ത് ബോബി ജോസ് അച്ചന്റെ ധ്യാനത്തിന് പോയി. ദൈവസ്‌നേഹത്തെക്കുറിച്ച് എഴുതിയത് അച്ചന് വായിക്കാന്‍ കൊടുത്തു. അച്ചനത് വായിച്ച് നെഞ്ചോടു ചേര്‍ത്തു. ചാപ്പലില്‍ ധ്യാനത്തിലായിരിക്കാന്‍ പറഞ്ഞു. ലൂക്കാ 10:8 – വിളമ്പിയത് ഭക്ഷിക്കുക. ആ മുള്ളവിടെ ഇരിക്കട്ടെ. കൃപ ഒഴുക്കുക. അര്‍ത്ഥസമ്പുഷ്ടമായിരുന്നു അച്ചന്റെ വാക്കുകള്‍.

ആ വന്‍ കൃപയാണ് 2016 ജനുവരി 15-ല്‍ സാക്ഷാല്‍ക്കരിച്ച ‘ബ്ലസ്ഡ് ഫാമിലീസ്’ അഥവാ അനുഗ്രഹീത കുടുംബങ്ങള്‍ എന്ന കൂട്ടായ്മ. ഇപ്പോള്‍ ഇതിന്റെ വാട്‌സാപ്പ് കൂട്ടായ്മയില്‍ നൂറ് അമ്മമാര്‍ അംഗങ്ങളായുണ്ട്, സ്വദേശത്തും വിദേശത്തുമായി. സഹനത്തിന്റെ നാളുകളില്‍ ദൈവസ്‌നേഹം ആളിക്കത്തിക്കൊണ്ടിരിക്കുമ്പോള്‍ എത്ര വലിയ കൊടുങ്കാറ്റ് ആഞ്ഞടിച്ചാലും അന്തരാത്മാവില്‍ തെളിയുന്ന തിരി കെടുത്താനാവില്ല. കുരിശുമെടുത്ത് യേശുവിന്റെ പിന്നാലെ പോകുന്നതിനും പരിശുദ്ധ അമ്മയുടെ ദുഃഖത്തിലും വ്യാകുലതകളിലും പങ്കുചേരുന്നതിനുള്ള ഭാഗ്യമാണ് ‘ബ്ലസ്ഡ് ഫാമിലി’യിലെ അമ്മമാര്‍ക്ക് ലഭിച്ചിരിക്കുന്നത്.

പാളയം സമാധാനരാജ്ഞി ബസിലിക്കയില്‍ അനുഗ്രഹീത വചനപ്രഘോഷകന്‍ ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ത്രിദിന ധ്യാനത്തില്‍ സംബന്ധിക്കാനുള്ള അവസരം 2016 ഡിസംബറിലുണ്ടായത് മറ്റൊരു വഴിത്തിരിവായി. ബ്ലസ്ഡ് ഫാമിലിയെക്കുറിച്ച് അച്ചനോട് സംസാരിക്കുകയും അതിന്റെ ആത്മീയ പിതാവായി ഡാനിയേല്‍ പൂവണ്ണത്തില്‍ അച്ചന്‍ നിയോഗിക്കപ്പെടുകയും ചെയ്തു. വര്‍ഷത്തിലൊരിക്കല്‍ ഒന്നിച്ചുകൂടുന്ന ബ്ലസ്ഡ് ഫാമിലീസിനെ അനുഗ്രഹിക്കാന്‍ അച്ചനും വരാറുണ്ട്.

സ്വദേശത്തും വിദേശത്തുമുള്ളവരുണ്ട് ഈ കൂട്ടായ്മയില്‍. നിരന്തരമായ പ്രാര്‍ത്ഥനയുടെ ധന്യതയിലാണ് ഈ കൂട്ടായ്മ നിലനില്‍ക്കുന്നതും വളരുന്നതും. വിഷമവും വേദനയും വരുമ്പോള്‍ പരസ്പരം വിളിക്കും, പ്രാര്‍ത്ഥിക്കും, ആശ്വസിപ്പിക്കും. ബൈബിള്‍ വചനങ്ങള്‍ പങ്കുവയ്ക്കും. സമാനദുഃഖിതര്‍ തമ്മിലുള്ള പങ്കുവയ്ക്കല്‍ മനസിന്റെ ഭാരം കുറയ്ക്കും. രാത്രി പത്തുമണിക്ക് നിയോഗം വച്ച് കരുണക്കൊന്ത, അഖണ്ഡ ജപമാല, നൊവേനകള്‍, ശുദ്ധീകരണാത്മാക്കള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍, മധ്യസ്ഥപ്രാര്‍ത്ഥനകള്‍, ലോകത്തിലെ തിന്മയ്‌ക്കെതിരെയുള്ള പ്രാര്‍ത്ഥനകള്‍, പാപത്തില്‍ വീഴുന്ന യുവജനങ്ങള്‍ക്കുവേണ്ടി, വിശ്വാസമില്ലാത്ത യുവജനങ്ങള്‍ക്കുവേണ്ടി, സഭയ്ക്കുവേണ്ടി തുടങ്ങി എല്ലാ വിഷയങ്ങള്‍ക്കും ഇവര്‍ പ്രാര്‍ത്ഥിക്കുന്നു.

മക്കള്‍ മരിച്ച അമ്മയുടെ ദുഃഖവും വേദനയുടെ തീവ്രതയും അതനുഭവിച്ച അമ്മമാര്‍ക്കേ അറിയൂ. പരിശുദ്ധ ദൈവമാതാവിന്റെ ഹൃദയത്തില്‍ തറച്ച ആ വേദനയുടെ വാള്‍ മക്കള്‍ തിരിച്ചുപോയ എല്ലാ അമ്മമാരുടെയും ഹൃദയത്തില്‍ ആഴത്തില്‍ പതിച്ചിട്ടുണ്ടെന്ന് രേണു രാജീവ് ജേക്കബ് സാക്ഷ്യപ്പെടുത്തുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?