Follow Us On

24

October

2020

Saturday

കര്‍ത്താവിന് തെറ്റുപറ്റില്ല…

കര്‍ത്താവിന് തെറ്റുപറ്റില്ല…

ഹൃദയംനുറുങ്ങുന്ന വേദനയുടെ നടുവില്‍നില്‍ക്കുമ്പോഴും എബിയും സൂസനും ഉറച്ചശബ്ദത്തില്‍പ്പറയുന്നു: ‘കര്‍ത്താവിനു തെറ്റുപറ്റില്ല. ഞങ്ങളുടെ ആശയും ആശ്രയവുമായിരുന്ന മക്കളെ കര്‍ത്താവ് തിരികെയെടുത്തെങ്കില്‍, അവിടുത്തേക്കു വലിയ പദ്ധതിയുണ്ടാകും. അതെന്തെന്നു വെളിപ്പെടാനായി പ്രാര്‍ത്ഥിച്ചു കാത്തിരിക്കുകയാണു ഞങ്ങള്‍.’

2018 ഒക്ടോബര്‍ 19 ഒരു വെള്ളിയാഴ്ചയായിരുന്നു. അന്നാണ് കോട്ടയം ചിങ്ങവനം സ്വദേശികളായ എബിയുടേയും സൂസന്റേയും മക്കള്‍, എല്‍ദോ (27), എല്‍ജോ (24) എന്നിവരെ കര്‍ത്താവ് തന്റെ സന്നിധിയിലേക്കു തിരികെ വിളിച്ചത്. സഹോദരന്മാര്‍ എന്നതിനേക്കാളുപരി, അടുത്ത സുഹൃത്തുക്കളെപ്പോലെയാണ് എല്‍ദോയും എല്‍ജോയും കഴിഞ്ഞത്. സാധിക്കുന്നിടത്തെല്ലാം അവര്‍ ഒന്നിച്ചായിരുന്നു. ഒരേ കട്ടിലിലായിരുന്നു ഉറക്കം. അന്ത്യനിദ്രയിലും അനുജന്‍ എല്‍ജോയെ തന്നോടുചേര്‍ത്തു പുണര്‍ന്നാണ് എല്‍ദോ കണ്ണടച്ചത്…

തങ്ങളുടെ വിശ്വാസവും പ്രാര്‍ത്ഥനാ ജീവിതവും മക്കളിലേക്കു പകര്‍ന്നുകൊടുത്താണ് എബിയും സൂസനും മക്കളെ വളര്‍ത്തിയത്. വീട്ടിലേയും നാട്ടിലേയും എന്താവശ്യത്തിനും എല്‍ദോയും എല്‍ജോയും മുന്‍പന്തിയിലുണ്ടായിരുന്നു. എല്‍ദോ സമുദായപ്രവര്‍ത്തകനെന്നനിലയിലും എല്‍ജോ വേദപാഠഅദ്ധ്യാപകനെന്നനിലയിലും സജീവമായിരുന്നു. കോഴഞ്ചേരിയില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ഫാര്‍മസിസ്റ്റായിരുന്ന എല്‍ദോയും ചങ്ങനാശ്ശേരിയിലെ സ്വകാര്യസ്ഥാപനത്തില്‍ അക്കൗണ്ടന്റായിരുന്ന എല്‍ജോയും ഒന്നിച്ചാണ് ജോലിസ്ഥലങ്ങളിലേക്കു പോയിരുന്നത്.

2018 ഒക്ടോബര്‍ 18 ഒരു ഹര്‍ത്താല്‍ദിനം. അന്ന്, സഹോദരന്മാര്‍ രണ്ടുപേരുംചേര്‍ന്ന് വീടും പരിസരവും വൃത്തിയാക്കി. എല്ലാം അടുക്കിയൊതുക്കിവച്ചു. പിറ്റേന്ന് രാവിലെ, അമ്മ നല്കിയ ഉച്ചഭക്ഷണപ്പൊതിയും വാങ്ങി, മാതാപിതാക്കള്‍ക്കു സ്‌നേഹചുംബനങ്ങള്‍ നല്കി, സന്തോഷത്തോടെ യാത്രയായവരുടെ, നിര്‍ജീവശരീരങ്ങളാണു വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തിയത്. അതിവേഗതയില്‍ പാഞ്ഞെത്തിയ ഒരു കാര്‍തട്ടി, മറിഞ്ഞസ്‌കൂട്ടര്‍, ടിപ്പര്‍ലോറിക്ക് മുന്നിലേക്കാണു വീണത്. എല്‍ജോ തല്‍ക്ഷണം മരിച്ചു. അല്പമകലെ തെറിച്ചുവീണ എല്‍ദോ റോഡിലിഴഞ്ഞ്, അനുജന്റെയടുത്തെത്തി, അവനെ നെഞ്ചോടുചേര്‍ത്തു പുണര്‍ന്ന് അന്ത്യശ്വാസം വലിച്ചു.

ഇടവകയ്ക്കും നാടിനും വലിയ നടുക്കമേകിക്കൊണ്ടായിരുന്നു ആ വാര്‍ത്തയെത്തിയത്. തങ്ങളുടെ പൊന്നോമനകള്‍ ഇനി തങ്ങളോടൊപ്പമില്ല എന്ന അറിവ് എബിയേയും സൂസനേയും തളര്‍ത്തിക്കളഞ്ഞു. അതുവരെ മുറുകെപ്പിടിച്ചിരുന്ന ക്രിസ്തുവിശ്വാസം പരീക്ഷിക്കപ്പെട്ട രാത്രിയാണു കടന്നുപോയത്. എന്നാല്‍ അനേകരുടെ പ്രാര്‍ത്ഥനകള്‍ ആ ദുരിതരാത്രി നീന്തിക്കടക്കാന്‍ അവര്‍ക്കു ശക്തി നല്കി.

2018 ഡിസംബര്‍ മാസത്തില്‍ ബ്ലെസ്ഡ് ഫാമിലിയുടെ ആത്മീയഗുരുവായ ഫാ. ദാനിയേല്‍ പൂവണ്ണത്തിലിന്റെ നേതൃത്വത്തില്‍ ബ്ലെസ്ഡ് ഫാമിലിയിലെ അംഗങ്ങള്‍ക്കുമാത്രമായി നടത്തിയ ധ്യാനത്തില്‍ പങ്കെടുക്കാനായത് വലിയ ആത്മധൈര്യം നല്കി. മക്കള്‍ മരിച്ചുപോയതല്ല, ദൈവസന്നിധിയിലേക്കു മടങ്ങിപ്പോയതാണ് എന്നു മനസ്സിലാക്കാന്‍ സാധിച്ചതാണ് ആ ധ്യാനംനല്കിയ ഏറ്റവും വലിയനേട്ടം. രണ്ടുമക്കളും ദൈവസന്നിധിയിലേക്കു മടങ്ങിയിട്ട്, ആറുമാസംപോലും തികഞ്ഞില്ലെങ്കിലും തങ്ങളുടെ വേദനകള്‍ വലിയൊരു ദൈവിക പദ്ധതിയുടെ ഭാഗമാണെന്നു തിരിച്ചറിയുന്ന ഈ കുടുംബം വിശ്വാസിസമൂഹങ്ങള്‍ക്കെല്ലാം മാതൃകയാണ്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?