Follow Us On

01

December

2020

Tuesday

തന്റെ വിശുദ്ധരുടെ മരണം കര്‍ത്താവിന് അമൂല്യമാണ്…

തന്റെ വിശുദ്ധരുടെ മരണം  കര്‍ത്താവിന് അമൂല്യമാണ്…

ന്യൂജഴ്‌സി സെന്റ് തോമസ് ക്‌നാനായ യാക്കോബായ പള്ളിയിലെ വികാരിയായ ഫാ. ജേക്കബ് ജോസിന്റെയും (ജോസച്ചന്‍) ജോളിയുടെയും മൂന്നു മക്കളില്‍ മൂത്തയാളായിരുന്നു ജോസഫ് ജേക്കബ് (ജോയി). ക്രിസ്റ്റീന്‍, ജാസ്മിന്‍ എന്നിവരുടെ ഏകസഹോദരന്‍. ക്രിസ്തീയ വിശ്വാസത്തിലും പ്രാര്‍ത്ഥനകളിലും അടിയുറച്ചുതന്നെയാണ് കുട്ടികള്‍ മൂന്നുപേരും വളര്‍ന്നുവന്നത്. കുടുംബ പ്രാര്‍ത്ഥനകളും ദൈവാലയശുശ്രൂഷകള്‍ക്കുംപുറമേ വ്യക്തിപരമായ പ്രാര്‍ത്ഥനകള്‍ക്കും അവര്‍ സമയംകണ്ടെത്തി.

എങ്കിലും അമേരിക്കയില്‍വളരുന്ന കുട്ടികള്‍ എന്നനിലയില്‍, അവര്‍ വിശ്വാസത്തില്‍നിന്നു വ്യതിചലിക്കാതിരിക്കാനായി ജോളി ഉപവാസത്തോടെ പ്രാര്‍ത്ഥിക്കുകയും വചനം വായിക്കുകയുംചെയ്തു. ഒരു പുരോഹിതന്റെ മകനെന്ന നിലയില്‍, ജോയിയും പിതാവിനെപ്പോലെയാകണമെന്നു ജോളി ആഗ്രഹിച്ചു. മകന്‍ ദൈവത്തോടു കൂടുതലടുക്കണമെന്ന ആഗ്രഹത്തോടെയാണു ജോളി എപ്പോഴും പ്രാര്‍ത്ഥിച്ചത്.

2018 ജൂലൈ മൂന്നാം തിയതി, പുലര്‍ച്ചെ വാഹനാപകടത്തില്‍, ഇരുപത്തിയഞ്ചാംവയസ്സില്‍, ജോയി ദൈവസന്നിധിയിലേയ്ക്കു യാത്രയായി. ജോയി ഓടിച്ചിരുന്ന ബൈക്ക്, റോഡില്‍ മറിഞ്ഞനിലയില്‍ കണ്ടെത്തിയെന്നും ജോയിയെ കാണാനില്ലെന്നുമറിയിച്ചുകൊണ്ട്, നേരം പുലര്‍ന്നപ്പോള്‍ തന്നെ ജോസച്ചന്റെ വീട്ടിലെത്തി, പോലിസുകാരുടെ സന്ദേശം. ഇത് ആ കുടുംബത്തെ പരിഭ്രാന്തരാക്കി. പിന്നീട് മകന്റെ മൃതദേഹം കിട്ടിയപ്പോഴും ദൈവികപദ്ധതിയെ സ്വീകരിക്കാനാണ് ആ കുടുംബം ഹൃദയംകൊണ്ട് തയാറായത്.

”എന്റെ മകന്‍ ദീര്‍ഘകാലം ജീവിച്ചിരിക്കുകയും ലോകമോഹങ്ങളില്‍ കുരുങ്ങിപ്പോകുകയുംചെയ്യുന്നതിനേക്കാള്‍ എത്രയോ അനുഗൃഹീതമാണ്, വിശ്വാസത്തിലും പ്രാര്‍ത്ഥനയിലുമായിരിക്കുമ്പോള്‍ അവന്‍ ദൈവസന്നിധിയിലേക്ക് മടങ്ങിയത്!’ അവന്‍ പ്രാര്‍ഥിക്കുകമായിരുന്നു, വചനം വായിക്കുമായിരുന്നു…’ജോളി പറയുന്നു.

ഇന്ന്, രേണുവിന്റെ നേതൃത്വത്തിലുള്ള ബ്ലസ്ഡ് ഫാമിലിയുടെ സജീവാംഗങ്ങളിലൊരാളാണു ജോളി. മക്കള്‍ നഷ്ടപ്പെട്ട മാതാപിതാക്കളെക്കുറിച്ചോ, മാതാപിതാക്കള്‍ നഷ്ടപ്പെട്ട മക്കളെക്കുറിച്ചോ അറിഞ്ഞാല്‍ അവര്‍ക്ക് ആശ്വാസവും സാന്ത്വനവും നല്കാനും കര്‍ത്താവിന്റെ വചനവും സ്‌നേഹവും പകര്‍ന്നുനല്കാനുമുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതയാണു ജോളി.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?