Follow Us On

01

December

2020

Tuesday

‘ആത്മാക്കളെത്തരിക, എന്റെ സര്‍വ്വവും എടുത്തുകൊള്‍ക….’

‘ആത്മാക്കളെത്തരിക,  എന്റെ സര്‍വ്വവും  എടുത്തുകൊള്‍ക….’

ചെത്തിപ്പുഴ കാര്‍മ്മല്‍ മൗണ്ട് ധ്യാനകേന്ദ്രത്തിലെ ശുശ്രൂഷകയായിരുന്ന ചങ്ങനാശേരി, മടപ്പള്ളി സ്വദേശിനി ലിസമ്മയുടെ ഹൃദയത്തില്‍ ഈ ഗാനം പതിഞ്ഞത്, അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍, ശുശ്രൂഷകര്‍ക്കുമാത്രമായി ബ്രദര്‍ ഇടുക്കി തങ്കച്ചന്‍ നയിച്ച ധ്യാനത്തില്‍ പങ്കെടുക്കുമ്പോഴാണ്. എന്നാല്‍ എന്തുകൊണ്ടോ ആ ഗാനത്തിന്റെ വരികള്‍ ഉള്‍ക്കൊള്ളാന്‍ അവര്‍ക്കായില്ല.

എങ്കിലും തറയില്‍ മെറ്റല്‍വിരിച്ച്, അതില്‍ മുട്ടുകുത്തിയാണു താന്‍ ജപമാല ചൊല്ലുന്നതെന്ന ബ്രദര്‍ തങ്കച്ചന്റെ സാക്ഷ്യം ലിസമ്മയെ സ്വാധീനിച്ചു. തന്റെ ആത്മീയഗുരുവായ ചെത്തിപ്പുഴ ധ്യാനകേന്ദ്രത്തിലെ സിസ്റ്ററുമായി പ്രാര്‍ത്ഥനാപൂര്‍വ്വം സംസാരിച്ചശേഷം, ലിസമ്മയും തറയില്‍ മെറ്റല്‍വിരിച്ച്, അതില്‍ മുട്ടുകുത്തി, ദിവസവും ജപമാല ചൊല്ലിത്തുടങ്ങി. അപ്പോഴെല്ലാം ഹൃദയത്തിലേക്ക് ആ ഗാനശകലം വീണ്ടുമെത്തി. ‘ആത്മാക്കളെത്തരിക, എന്റെ സര്‍വ്വവുമെടുത്തുകൊള്‍ക….’ എന്നാല്‍ ഓരോതവണയും ഇതെനിക്കുള്ളതല്ല എന്ന ചിന്തയോടെ അതു തള്ളിക്കളഞ്ഞു.

അട്ടപ്പാടിയിലെ ധ്യാനത്തിനുശേഷം ഒരു മാസംകഴിഞ്ഞപ്പോള്‍ മറ്റൊരു ധ്യാനത്തില്‍ക്കൂടി സംബന്ധിക്കാന്‍ കര്‍ത്താവ് അവസരമൊരുക്കി. മകള്‍ ജോലി സ്ഥലത്തുനിന്ന് അവധിക്കെത്തിയപ്പോഴായിരുന്നൂ അത്. കുടുംബം ഒന്നിച്ചു ധ്യാനത്തില്‍ പങ്കെടുക്കണമെന്നായിരുന്നു ആഗ്രഹിച്ചിരുന്നത്. എന്നാല്‍ മകന്റെ എട്ടാം സെമസ്റ്റര്‍ ബി.ടെക് പരീക്ഷകള്‍ ആരംഭിക്കുന്നതിനാലും മകള്‍ക്കു അവധിനീട്ടാന്‍ സാധിക്കാത്തതിനാലും മകളും മാതാപിതാക്കളും ധ്യാനത്തില്‍ സംബന്ധിച്ചു. മകന്റെ പരീക്ഷകള്‍ക്കുശേഷം ധ്യാനത്തി ല്‍ പങ്കെടുക്കാനാകുംവിധം, മകനുവേണ്ടി സീറ്റു ബുക്കുചെയ്യുകയും ചെയ്തു. വലിയ ആത്മീയ സന്തോഷത്തോടെയാണ് എല്ലാവരും ധ്യാനംകഴിഞ്ഞെത്തിയത്.

മകന്‍, ക്രിസ്റ്റഫറിന്റെ ബി.ടെക്. അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ കഴിഞ്ഞു. എന്നാല്‍ ധ്യാനത്തിനു സംബന്ധിക്കേണ്ട ദിവസങ്ങള്‍ എത്തുന്നതിനുമുമ്പേ, 2012 ജൂണ്‍ 14ന് കര്‍ത്താവ്, അവനെ തിരികെവിളിച്ചു. ഒരു ബൈക്ക് ആക്‌സിഡന്റായാണ് ആ ദുരന്തമെത്തിയത്.  ധ്യാനത്തില്‍ സംബന്ധിച്ചു തിരികെയെത്തിയിട്ട്, ഏറെ ദിവസങ്ങളായിരുന്നില്ലെങ്കിലും ക്രിസ്റ്റഫറിന്റെ അപകടമരണം കുടുംബത്തെ ആകെ ഉലച്ചുകളഞ്ഞു. നാലര വര്‍ഷത്തോളം അങ്ങനെ കടന്നുപോയി. ഡോ. സിസ്റ്റര്‍ മാര്‍സ്‌ലെസിനെ പരിചയപ്പെടാനിടയായതാണ് ജീവിതത്തെ മാറ്റിമറിച്ചത്. ബ്ലെസ്ഡ് ഫാമിലി എന്ന കൂട്ടായ്മയെക്കുറിച്ചും അതിന്റെ അമരക്കാരിയായ രേണുവിനെക്കുറിച്ചും സിസ്റ്ററാണു പറഞ്ഞത്. രേണുവിന്റെ നമ്പര്‍ ഡോ. മാര്‍സ്‌ലെസ് നല്കിയെങ്കിലും വിളിക്കാന്‍തോന്നിയില്ല. എന്നാല്‍ അപ്രതീക്ഷിതമായി രേണുവിന്റെ ഫോണ്‍കോള്‍ ലിസമ്മയെ തേടിയെത്തി.

ആ ഫോണ്‍ സംസാരംതന്നെ വലിയൊരഭിഷേകമാണു നല്കിയത്. രേണുവിന്റെ വാക്കുകള്‍ ഹൃദയത്തിനാശ്വാസമായി. എല്ലാത്തില്‍നിന്നും ഉള്‍വലിയാനുള്ള ചിന്തകള്‍ മനസ്സില്‍നിന്നു വിട്ടുപോയി. തുടര്‍ന്ന് ലിസമ്മയുടെ കുടുംബാംഗങ്ങളെല്ലാവരുമായി രേണു സംസാരിച്ചു. മകന്റെ വിയോഗത്തിനുശേഷം ഉറക്കഗുളിക കഴിച്ചുമാത്രം ഉറങ്ങാന്‍കഴിഞ്ഞിരുന്ന ലിസമ്മയെ, ആ അവസ്ഥയില്‍നിന്നു കര്‍ത്താവു മോചിപ്പിച്ചു.  സമാനമായ ദുഃഖത്തിലൂടെ കടന്നുപോകുന്നവര്‍ക്ക് ആശ്വാസംപകരാന്‍ ദൈവം കൃപനല്‍കി. ഇന്ന്, തറയില്‍ മെറ്റല്‍വിരിച്ച്, അതില്‍ മുട്ടുകുത്തി, ജപമാലചൊല്ലുമ്പോള്‍ പണ്ട് അട്ടപ്പാടിയിലെ ധ്യാനത്തില്‍കേട്ട ഗാനത്തിന്റെ അര്‍ത്ഥം, ലിസമ്മയ്ക്കു തിരിച്ചറിയാനാകുന്നു…  ‘ആത്മാക്കളെത്തരിക, എന്റെ സര്‍വ്വവുമെടുത്തുകൊള്‍ക….’

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?