Follow Us On

01

December

2020

Tuesday

സര്‍വ്വശക്തന്റെ നിഴലിന്‍കീഴില്‍…

സര്‍വ്വശക്തന്റെ  നിഴലിന്‍കീഴില്‍…

2013 ജൂലൈയിലെ മാസാദ്യവെള്ളിയാഴ്ചയാണ് ജയിംസ് ദൈവതിരുമുമ്പിലേയ്ക്കു മടങ്ങിയത്. തിരുവല്ല സ്വദേശികളായ ബാബു-മോളി ദമ്പതിയുടെ രണ്ടുമക്കളില്‍ ഇളയവനായിരുന്നു ജയിംസ്. മൂത്തതു മകള്‍, അനു. ക്രിസ്തീയകുടുംബമെന്ന നിലയില്‍, കുടുംബ പ്രാര്‍ത്ഥനകളും ജപമാലയും ഞായറാഴ്ചകളില്‍ ദിവ്യബലിയര്‍പ്പണവും മുടക്കാത്ത ശരാശരി വിശ്വാസജീവിതം നയിച്ചിരുന്ന കുടുംബമായിരുന്നു ബാബുവിന്റേത്. എന്നാല്‍ എപ്പോഴും ജപമാലചൊല്ലാനും നോമ്പെടുത്തു പ്രാര്‍ത്ഥിക്കാനും താല്പര്യംകാണിച്ചിരുന്നയാളായിരുന്നു ജയിംസ്. വിശുദ്ധനാടുകളും യൂറോപ്പിലെ തീര്‍ത്ഥാടനകേന്ദ്രങ്ങളുമെല്ലാം സന്ദര്‍ശിക്കാനുള്ള അവസരവും ദൈവം ജയിംസിനു നല്കി.

നാട്ടില്‍ എഞ്ചിനീയറിംഗ് ബിരുദപഠനം പൂര്‍ത്തിയാക്കിയ ജയിംസ്, നെതര്‍ലന്‍ഡ്‌സില്‍നിന്നാണ് എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദം നേടിയത്. അവിടെത്തന്നെ ജോലിയില്‍പ്രവേശിക്കാനും ജയിംസിനു കഴിഞ്ഞു. എന്നാല്‍ ആറുമാസത്തിനപ്പുറം 2013 ജൂ ണ്‍ 23ന് ഒരു വാഹനാപകടത്തില്‍, ഗുരുതരമായി പരുക്കേറ്റ ജയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. പതിമൂന്നാം ദിവസം ജൂലൈ അഞ്ചിന്, ഇരുപത്തിയാറാംവയസ്സില്‍, ആ യുവാവ്, തന്റെ ലോകജീവിതമവസാനിപ്പിച്ചു നിത്യതയിലേക്കു മടങ്ങിപ്പോയി.

ജയിംസിന്റെ മരണം, കുടുംബത്തിനു വലിയ ആഘാതമാണു നല്കിയത്. മറ്റുള്ളവരുമായി ഇടപെടാനോ സംസാരിക്കാനോപോലും താല്പര്യപ്പെടാതെ എല്ലാത്തില്‍നിന്നുമുള്‍വലിഞ്ഞ ജീവിതമായി കുടുംബാംഗങ്ങളെല്ലാവരും. പതിവുരീതിയിലുള്ള പ്രാര്‍ത്ഥനകളെല്ലാമുണ്ടായിരുന്നു. ഇടയ്ക്കു ചില ധ്യാനങ്ങളിലും സംബന്ധിച്ചിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും വൈദികരുമെല്ലാം ആശ്വാസവാക്കുകളുമായി വന്നെത്തി. എങ്കിലും ഒന്നിലും പ്രത്യാശയര്‍പ്പിക്കാനാവുമായിരുന്നില്ല. നിരാശാപൂര്‍ണ്ണമായ രണ്ടു വര്‍ഷത്തിലധികം അങ്ങനെ കടന്നുപോയി.

ആ സമയത്താണ് തികച്ചും അപരിചിതയായ ഒരു സ്ത്രീയുടെ ഫോണ്‍കോള്‍ മോളിയെത്തേടിയെത്തിയത്. സമാനമായ ദുഃഖത്തില്‍ക്കഴിഞ്ഞിരുന്ന, രേണു എന്ന സഹോദരിയായിരുന്നു അത്. മോളി അനുഭവിക്കുന്ന, അതേ ദുഃഖത്തിലൂടെ കടന്നുപോകുന്ന ആളായതുകൊണ്ടാകാം, രേണുവിന്റെ വാക്കുകള്‍ അതുവരെയുണ്ടായിരുന്ന നിരാശയില്‍നിന്നു മെല്ലെ പ്രത്യാശയിലേക്കു കടന്നുവരാന്‍ സഹായിച്ചു. പിന്നീടു പലതവണ രേണുവുമായി ഫോണില്‍ സംസാരിച്ചു. നഷ്ടപ്പെട്ടെന്നു കരുതുന്ന പുത്രനെ സ്വര്‍ഗ്ഗത്തില്‍ വീണ്ടും കണ്ടുമുട്ടാനാകുമെന്ന പ്രത്യാശ, ജീവിതത്തിനു പുതിയൊരൂര്‍ജം പകര്‍ന്നു.
മകന്റെ ഓര്‍മ്മകള്‍ ഇപ്പോഴും ദുഃഖമുണര്‍ത്തുന്നുണ്ട്, എങ്കിലും അതു ദൈവഹിതമാണെന്നു തിരിച്ചറിഞ്ഞ്, പൂര്‍ണ്ണമനസ്സോടെ സ്വീകരിക്കുന്നു. പുത്രദുഃഖമനുഭവിക്കുന്ന അമ്മമാര്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ അവസരംനല്കുന്ന കര്‍ത്താവിനു നന്ദിപറയുകയാണ് മോളി.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?