Follow Us On

24

October

2020

Saturday

ഈശോയുടെ സ്വന്തം റാണി

ഈശോയുടെ സ്വന്തം റാണി

വിവാഹത്തിലൂടെ ജോണ്‍സണ്‍ മാസ്റ്ററുടെ ജീവിതത്തിലെ റാണിയായി. പിന്നീട് ഷാനിന്റെയും റെന്നിന്റെയും കുഞ്ഞുജീവിതങ്ങളില്‍ അവര്‍ക്ക് അമ്മറാണിയായി. ഇന്നിപ്പോള്‍ നിരാശയില്‍ നിപതിച്ചവരെ കൈപിടിച്ചുയര്‍ത്താന്‍ പ്രത്യാശയുടെ ഗീതങ്ങളുമായി അവരുടെ റാണിയമ്മയായി റാണി ജോണ്‍സണ്‍ ഓടി നടക്കുന്നു….

കേരളനാടും ഭാരതദേശവും പുളകിതമായ അനേകം നല്ല സംഗീതങ്ങളുടെ സംവിധായകനായിരുന്ന ജോണ്‍സണ്‍മാസ്റ്റര്‍ എന്ന അതുല്യപ്രതിഭയുടെ ജീവിതപങ്കാളിയാണ് റാണി. ഭാര്യ എന്ന നിലയിലും അമ്മ എന്ന നിലയിലും ദുരന്തങ്ങള്‍ ഒന്നിനു പുറകെ ഒന്നായി തന്റെ ജീവിത്തെ തല്ലിത്തകര്‍ത്തു കളഞ്ഞിട്ടും പിടിച്ചുനില്‍ക്കാന്‍ റാണിയെ ശക്തിപ്പെടുത്തിയത് ദൈവത്തിലുള്ള അചഞ്ചല വിശ്വാസമായിരുന്നു. ഒപ്പം പരിശുദ്ധ അമ്മയിലുള്ള ആശ്രയബോധവും.

അഞ്ചു വര്‍ഷങ്ങള്‍ക്കിടെ പ്രിയപ്പെട്ട ഭര്‍ത്താവും രണ്ടു മക്കളും ആകസ്മികമായി തന്റെ കണ്‍മുന്നില്‍നിന്ന് മാഞ്ഞുപോയപ്പോള്‍ ഈ ലോകത്തില്‍ തീര്‍ത്തും ഒറ്റപ്പെട്ടുപോയ ഒരു സ്ത്രീ! വേണമെങ്കില്‍ അവര്‍ക്ക് ദൈവത്തെ ചോദ്യം ചെയ്യാമായിരുന്നു, അല്ലെങ്കില്‍ ദൈവത്തോടും മനുഷ്യരോടും വെറുപ്പ് കാണിക്കാമായിരുന്നു, അതുമല്ലെങ്കില്‍ ഇനി ആര്‍ക്കുവേണ്ടി ജീവിക്കണം എന്ന ചിന്തയില്‍ എല്ലാം അവസാനിപ്പിച്ചുകളയാമായിരുന്നു.

റാണിയുടെ മനസിലൂടെ അങ്ങനെയുള്ള ചിന്തകളൊക്കെ കടന്നുപോയിരിക്കണം. പക്ഷേ ഈ ലോകം ഒരുപാട് നന്മയുള്ളതായിരുന്നു. റാണിയെ അത്തരം പ്രതിസന്ധിഘട്ടങ്ങളിലേക്ക് തള്ളിവിടാന്‍ ദൈവം ആഗ്രഹിച്ചില്ല. അതുകൊണ്ടുതന്നെ ഉറ്റബന്ധുക്കളും മിത്രങ്ങളും വൈദികരും സിസ്റ്റേഴ്‌സുമൊക്കെ അവളുടെ ജീവിതത്തിലേക്ക് ദൈവദൂതരെപ്പോലെ പറന്നിറങ്ങി. അവളെ താങ്ങിനിര്‍ത്താന്‍, അവളെ ബലപ്പെടുത്താന്‍. ഇനിയും അനേകര്‍ക്കായി നീ ജീവിക്കണം എന്ന ദൈവികാഹ്വാനം കേള്‍പ്പിക്കാന്‍.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ അവള്‍ പറന്നുയര്‍ന്നു, നിരാശയുടെ പടുകുഴിയില്‍നിന്നും പ്രത്യാശയുടെ വാനമേഘങ്ങളിലേക്ക്. റാണി ഇന്ന് ജീവിക്കുന്നത് അവള്‍ക്കുവേണ്ടിയല്ല, ചെറുപ്പംമുതലേ അവള്‍ കേട്ടറിഞ്ഞ, കണ്ടറിഞ്ഞ, അനുവിച്ചറിഞ്ഞ ദൈവത്തിനുവേണ്ടി മാത്രമാണ്. ഇതായിരുന്നു യഥാര്‍ത്ഥത്തില്‍ തന്നെക്കുറിച്ചുള്ള ദൈവഹിതം എന്ന് അവള്‍ തിരിച്ചറിയുന്നു.

സന്തോഷത്തിന്റെ നല്ല നാളുകള്‍
മലയാള ചലച്ചിത്ര ലോകത്തെ സംഗീത ചക്രവര്‍ത്തിയായ അര്‍ജുനന്‍ മാസ്റ്ററുടെ മകളുടെ കൂട്ടുകാരിയായിരുന്നു അന്ന് വിദ്യാര്‍ത്ഥിനിയായിരുന്ന റാണി. അദ്ദേഹത്തിന്റെ ഉറ്റസുഹൃത്തായ ജോണ്‍സണ്‍ മാസ്റ്ററുടെ വിവാഹാലോചനകള്‍ നടക്കുന്നത് ആയിടയ്ക്കാണ്. അര്‍ജുനന്‍ മാസ്റ്റര്‍വഴി അങ്ങനെ റാണിയും ജോണ്‍സണ്‍മാസ്റ്ററും തമ്മിലുള്ള വിവാഹം നടന്നു. ഇടക്കൊച്ചി സ്വദേശിയായ റാണിയുടെ വീട്ടില്‍ അപ്പച്ചനും അമ്മച്ചിയും രണ്ട് അനുജത്തിമാരും അനുജനുമാണ് ഉണ്ടായിരുന്നത്. തൃശൂര്‍ സ്വദേശിയായ ജോണ്‍സണ്‍മാസ്റ്ററുടെ വീട്ടില്‍ അദ്ദേഹത്തിന് മൂന്ന് അനുജന്മാരും ഒരു സഹോദരിയും. വിവാഹശേഷം ചെന്നൈയിലുള്ള കോടമ്പാക്കത്തായിരുന്നു താമസം.

വ്യക്തിപരമായ കാര്യങ്ങളും ജോലിസംബന്ധമായ കാര്യങ്ങളുമെല്ലാം ഒന്നും മറച്ചുവയ്ക്കാതെ എല്ലാം തുറന്നു പറഞ്ഞിരുന്ന ആളായിരുന്നു ജോണ്‍സണ്‍മാസ്റ്റര്‍. തന്നെയും മക്കളെയുമൊക്കെ ഒരുപാട് സ്‌നേഹിച്ചിരുന്നു. മിക്കവാറും എല്ലാ കാര്യങ്ങളിലും റാണിയുടെ ഇഷ്ടമായിരുന്നു അദ്ദേഹത്തിന്റെയും ഇഷ്ടം. പള്ളിയില്‍ പോകാനും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനും ഏറെ ശ്രദ്ധിച്ചിരുന്നു. തിന്മയില്‍നിന്നും എപ്പോഴും തങ്ങളെ കാത്തിടണേ എന്ന പ്രാര്‍ത്ഥനയായിരുന്നു റാണിയുടേത്. മക്കളെ രണ്ടുപേരെയും ദൈവവിശ്വാസത്തില്‍ വളര്‍ത്താനും അവര്‍ ശ്രദ്ധിച്ചിരുന്നു.

ജോണ്‍സണ്‍-റാണി ദമ്പതികള്‍ക്ക് രണ്ട് മക്കളാണുണ്ടായിരുന്നത്. മൂത്തമകള്‍ ടിറ്റു എന്ന് വിളിച്ചിരുന്ന ഷാന്‍. ഇളയമകന്‍ അച്ചു എന്നു വിളിച്ചിരുന്ന റെന്‍. അവരുടെ ജീവിതത്തിലെ വലിയ സന്തോഷമായിരുന്നു മക്കള്‍ രണ്ടുപേരും. ഷാന്‍ എല്ലാ കാര്യങ്ങളിലും മിടുക്കിയായിരുന്നു. ഡാഡിയെപ്പോലെ സംഗീതമേഖലയില്‍ അവളും ശോഭിച്ചു. അനിയനെ അവള്‍ ജീവനുതുല്യം സ്‌നേഹിച്ചു. ഡാഡിയെപ്പോലെ ഏതു കാര്യവും ധൈര്യത്തോടെ ഏറ്റെടുക്കാനും ഭംഗിയായി ചെയ്യാനും ഷാന് ഒരു പ്രത്യേക വൈഭവം ഉണ്ടായിരുന്നു.

എന്നാല്‍ റെന്‍ നേരെ തിരിച്ചായിരുന്നു. മമ്മിയുടെ സ്‌നേഹവലയത്തിനുള്ളില്‍നിന്ന് പുറത്തുപോകാന്‍ അവന്‍ ഒട്ടും ഇഷ്ടപ്പെട്ടില്ല. പഠിക്കുന്നതും ജോലിക്ക് പോകുന്നതുമൊക്കെ മമ്മിക്ക് വേണ്ടിയാണെന്നും മമ്മിയുടെ സന്തോഷമാണ് തന്റെയും സന്തോഷമെന്നുമാണ് റെന്‍ കൂടെക്കൂടെ പറഞ്ഞിരുന്നത്. അവന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നത് ബൈക്ക്‌റേസ് ആയിരുന്നു. ഈയിനത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ റെന്‍ നേടിയിട്ടുണ്ട്.

2011 ആഗസ്റ്റ് 18. റാണിക്ക് മറക്കാനാവാത്ത ദിനം. ദിവസവും ഒറ്റയ്ക്ക് ജോലിക്ക് പോയിരുന്ന മകനെ അന്ന് താന്‍ കൊണ്ടുപോയി വിടാമെന്ന് ജോണ്‍സണ്‍മാസ്റ്റര്‍ക്ക് നിര്‍ബന്ധം. ഡാഡിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് മകന്‍ റെന്‍ കൂടെ പോയത്. തിരികെ വന്നപ്പോള്‍ ഭര്‍ത്താവിന് ചെറിയ തലവേദന. റാണി പ്രാര്‍ത്ഥിച്ച് മരുന്ന് പുരട്ടിക്കൊടുത്തു.

പക്ഷേ വേദന കുറയുന്നില്ലെന്നു മാത്രമല്ല, ശക്തിയായി കൂടിക്കൊണ്ടിരുന്നു. ഒപ്പം കുറേശെ നെഞ്ചുവേദനയും ശ്വാസംമുട്ടലും. ആശുപത്രിയില്‍ എത്തുംമുമ്പേ, സംഗീതലോകത്തെ ആ കുലപതിയുടെ ആത്മാവിനെ സ്വര്‍ഗീയ ദൂതന്മാര്‍ വന്ന് ഏറ്റുവാങ്ങി. ഈ ലോകം കീഴ്‌മേല്‍ മറിയുന്നതുപോലെ റാണിക്ക് തോന്നി. താന്‍ സ്‌നേഹിച്ചിരുന്ന, തന്നെ സ്‌നേഹിച്ചിരുന്ന പ്രിയതമന്‍ ഇനി തന്നോടൊപ്പം ഈ ലോകത്ത് ഉണ്ടാകില്ലെന്ന തിരിച്ചറിവ് റാണിയെ തളര്‍ത്തിക്കളഞ്ഞു.

വീണ്ടുമൊരു വാള്‍
വലിയ പ്രക്ഷുബ്ധാവസ്ഥയില്‍നിന്നും ശാന്തതയിലേക്ക് നീങ്ങിത്തുടങ്ങിയ സമയത്താണ് റാണിയുടെ ഹൃദയത്തിലേക്ക് ദുഃഖത്തിന്റെ രണ്ടാമത്തെ വാള്‍ പാഞ്ഞുകയറിയത്. രാവിലെ ജോലിക്ക് പോകാന്‍നേരം മമ്മിക്ക് ഉമ്മയും കൊടുത്തിറങ്ങിയ റെന്‍ എന്ന ഓമനപുത്രന്‍ ബൈക്കപകടത്തില്‍പെട്ട് മരിച്ചുവെന്ന വാര്‍ത്ത കേട്ടപ്പോള്‍ നില്‍ക്കുന്ന ഭൂമി പിളര്‍ന്ന് അതിനുള്ളിലേക്ക് പോയ പ്രതീതിയായിരുന്നു അമ്മയ്ക്ക്. ഭര്‍ത്താവ് മരിച്ചിട്ട് കൃത്യം 191-ാം ദിവസം.

2012 ഫെബ്രുവരി 25-ന് ഇരുപത്തിമൂന്നാമത്തെ വയസില്‍ പൊന്നോമന പുത്രനുംകൂടി റാണിയെ വിട്ടുപോയപ്പോള്‍ അവളാകെ തകര്‍ന്നുപോയി. റോഡ് കുറുകെ കടക്കാന്‍ ശ്രമിച്ച ഒരു പെണ്‍കുട്ടിയെ രക്ഷിക്കാന്‍വേണ്ടി ബൈക്ക് വെട്ടിച്ചപ്പോള്‍ റോഡിന് നടുക്കുള്ള മീഡിയനില്‍ ചെന്നിടിച്ചാണ് റെന്‍ മരണമടഞ്ഞത്. മറ്റൊരു ജീവനെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ ബലികൊടുത്താണല്ലോ തന്റെ പ്രിയപുത്രന്‍ മരിച്ചതെന്ന ഓര്‍മ മാത്രമാണ് റാണിയെ പതറാതെ, തളരാതെ പിന്നീട് ജീവിക്കാന്‍ പ്രേരിപ്പിച്ചത്.

റാണി, നീയെന്നെ കൂടുതല്‍ സ്‌നേഹിക്കുന്നുവോ?
ഭര്‍ത്താവിന്റെയും മകന്റെയും മരണത്തിന്റെ വേദനകളുടെ ഓര്‍മകള്‍ മറക്കാന്‍ ശ്രമിക്കുന്ന കാലഘട്ടമായിരുന്നു അത്. ദൈവം റാണിയെ വീണ്ടും പരീക്ഷിച്ചു, എല്ലാറ്റിലുമുപരിയായി അവിടുത്തെ സ്‌നേഹിക്കുന്നുണ്ടോ എന്നറിയാനായിരുന്നുവോ അത്? മകന്റെ മരണം കഴിഞ്ഞ് നാലുവര്‍ഷം ആയപ്പോഴേക്കും റാണിക്ക് ആകെ കൂട്ടായി ഉണ്ടായിരുന്ന പൊന്നുമോളെയും സ്വര്‍ഗീയാരാമത്തിലേക്ക് ദൈവം പറിച്ചുനട്ടു. 29 വയസ് പ്രായമായിരുന്നു അപ്പോള്‍.

ചലച്ചിത്ര സംഗീത ലോകത്തെ വാനമ്പാടിയായ സുജാതയുമൊത്തുള്ള ഒരു പ്രോഗ്രാം കഴിഞ്ഞ് രാത്രി മുറിയില്‍ വന്നുകിടന്ന മകള്‍ പിറ്റേന്ന് മരിച്ചതായിട്ടാണ് റാണി അറിയുന്നത്. കാര്‍ഡിയാക് അറസ്റ്റ് എന്നാണ് ഡോക്ടര്‍മാര്‍ ഈ മരണത്തെ വിശേഷിപ്പിച്ചത്. 2016 ഫെബ്രുവരി അഞ്ചിനായിരുന്നു ആ ദാരുണ മരണം.
‘ഭര്‍ത്താവിനെയും രണ്ടുമക്കളെയും നഷ്ടപ്പെട്ട ഒരു സ്ത്രീ സ്വാഭാവികമായും മാനസികരോഗിയായി മാറേണ്ടതായിരുന്നു. പക്ഷേ റാണിയെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതി അങ്ങനെയായിരുന്നില്ല. കുഞ്ഞുനാള്‍മുതല്‍ അവളില്‍ നിക്ഷേപിച്ചിരുന്ന ദൈവവചനങ്ങള്‍ ഫലം പുറപ്പെടുവിക്കാന്‍ ദൈവം അനുവദിക്കപ്പെട്ട സമയമായിരുന്നു അത്.

ചെന്നൈയില്‍ താമസിച്ചിരുന്ന സമയത്താണ് റാണിയും കുടുംബവും ഒരിക്കല്‍ കറുകുറ്റി കാര്‍മല്‍ ധ്യാനകേന്ദ്രത്തില്‍ ധ്യാനം കൂടിയത്. അവിടുത്തെ ഡയറക്ടറായ ഫാ. ബോസ്‌കോ ഞാളിയത്തിന്റെ തീക്ഷ്ണമായ പ്രാര്‍ത്ഥനയും മാര്‍ഗദര്‍ശനവുമൊക്കെ റാണിക്ക് ആത്മീയദര്‍ശനം ലഭിക്കാന്‍ ഇടയാക്കി. അച്ചനിലൂടെ ദൈവാത്മാവ് സംസാരിച്ചപ്പോള്‍ റാണി, റാണിയമ്മയായി.

നിരാശയില്‍ നിപതിച്ച് ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചവര്‍ റാണിയമ്മയിലൂടെ പ്രത്യാശയുടെ പുതുജീവിതത്തിലേക്ക് പ്രവേശിച്ചു. ”എല്ലാറ്റിലുമുപരിയായി ഞാന്‍ എന്റെ ഈശോയെ സ്‌നേഹിക്കും” എന്നു പറഞ്ഞ കൊച്ചുത്രേസ്യായെപ്പോലെ ഈശോയുടെ ഈ കൊച്ചുറാണിയും അവിടുത്തെ അനന്തമായി സ്‌നേഹിക്കുന്നു, അനേകര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട്.

1 comment

Leave a Comment

Your email address will not be published. Required fields are marked with *

1 Comment

 • Gladys Higdon
  June 25, 2019, 1:08 am

  Hey there,

  Would you like more clients directed to your website?
  We help connect companies with affiliates to promote your services.

  Affiliates and Influencers promote your brand name utilizing their special links or share content directly to social media.

  The Social network Shoutouts Network is for companies, agencies and brand name marketers to promote your product and services through influencer created material.

  Getting a reference from a popular influencer on social networks is a fantastic way to increase your brand name exposure and credibility.

  Buy and Sell Shoutouts Network
  Offering promos on your social networks page is one of the best ways to monetize your impact.

  Learn more about buy & sell shout outs and the Social network Shoutouts Network on:
  https://link.medium.com/XXrHDmrKHX

  Thanks,

  Gladys, Higdon

  REPLY

Latest Postss

Don’t want to skip an update or a post?