Follow Us On

29

March

2024

Friday

പ്രത്യാശയുടെ പ്രതീകങ്ങള്‍

പ്രത്യാശയുടെ പ്രതീകങ്ങള്‍

അപ്രതീക്ഷിതമായി മകളെ ദൈവം തിരിച്ചു വിളിച്ചെങ്കിലും ദൈവത്തിന് ഇഷ്ടമുള്ളവരെ ദൈവം നേരത്തെ വിളിച്ചു എന്ന ബോധ്യത്തോടെ എല്ലാം ദൈവഹിതമാണെന്ന് ഏറ്റുപറഞ്ഞ് പ്രത്യാശയോടെ മുന്നേറുകയാണ് ഗുജറാത്തിലെ ഗാന്ധിധാം സ്വദേശിനി ബീനയെന്ന വീട്ടമ്മ. കോട്ടയം-ചിങ്ങവനം സ്വദേശിയായ ബീന വിവാഹശേഷമാണ് ഗുജറാത്തിലെത്തുന്നത്. ജോജോ-ബീന ദമ്പതികള്‍ക്ക് രണ്ടുമക്കള്‍. മരിയ – അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനി, അന്ന (10).

മൂന്നു വര്‍ഷം മുമ്പാണ് അന്നമോള്‍ ഈ ലോകംവിട്ട് യാത്രയായത്. സ്ഥൈര്യലേപനത്തിന്റെ ക്ലാസു കഴിഞ്ഞ് പിതാവ് ജോജോയുടെ ബൈക്കിന് പുറകിലിരുന്ന് മടങ്ങുകയായിരുന്നു അന്ന. അന്നമോളുടെ ബാഗ് ട്രക്കിലുടക്കി, ട്രക്ക് അന്നമോളെയും വലിച്ചുകൊണ്ടുപോയി, ഈ ലോകത്തുനിന്നും.
2015 ഒക്‌ടോബര്‍ 16-ന് വൈകിട്ട് ആറിനുശേഷമായിരുന്നു അപകടം. ആദ്യകുര്‍ബാന സ്വീകരണം കഴിഞ്ഞ് ഒരു വര്‍ഷത്തിനുശേഷമാണ് ഗുജറാത്തില്‍ സ്ഥൈര്യലേപനം നല്‍കുക.

അതിനുള്ള ഒരുക്കത്തിലായിരുന്നു അന്നമോള്‍. പ്രാര്‍ത്ഥനകള്‍ എഴുതിവയ്ക്കുന്ന ശീലം അന്നമോള്‍ക്കുണ്ടായിരുന്നു. ഒരു പാക്കറ്റിലാക്കി ഈശോയ്ക്ക് കുറെയേറെ എഴുത്തുകള്‍ അന്നമോള്‍ എഴുതിവച്ചത് അവളുടെ മരണശേഷമാണ് ബീന കണ്ടെടുത്തത്. പാട്ടുകളും പ്രാര്‍ത്ഥനകളും അക്കൂട്ടത്തിലുണ്ടായിരുന്നു. ആദ്യകുര്‍ബാന സ്വീകരണ സമയത്ത് ക്ലാസ് എടുത്തിരുന്ന സിസ്റ്ററിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. പക്ഷേ അന്നമോളുടെ മറ്റു സഹപാഠികളൊന്നും ഇത്തരം കത്തുകള്‍ ഈശോയ്ക്ക് എഴുതിയിരുന്നില്ല.

‘എന്റെ ഹോളി കമ്യൂണിയന്‍ സേക്രഡ്‌സ്’ എന്നു പറഞ്ഞ് അന്നമോ ള്‍ മമ്മി ബീനയുടെ കൈയില്‍ ഈ എഴുത്തുകളടങ്ങിയ പാക്കറ്റ് കൊടുത്തിട്ട് വായിക്കരുത്, സൂക്ഷിച്ചുവച്ചാല്‍ മതിയെന്ന് പറഞ്ഞേല്‍പിച്ചു. ആദ്യകുര്‍ബാന സ്വീകരിക്കുമ്പോള്‍ ഈശോയുടെ കുരിശ് ഞാനെടുക്കുന്നു എന്നാണ് ഒരു കത്തിലെ ഉള്ളടക്കം. പത്തുവയസുമാത്രം പ്രായമുള്ള അന്നമോളെക്കൊണ്ട് ഈശോ എഴുതിപ്പിച്ചതാണ് ഇതെല്ലാം എന്നു വിശ്വസിക്കാനാണ് ബീനക്കിഷ്ടം.

ഗുജറാത്തിലെ ഷിപ്പിംഗ് കമ്പനിയിലാണ് ജോജോക്ക് ജോലി. അപകടത്തെ തുടര്‍ന്ന് ജോജോയ്ക്കും ഗുരുതരമായി പരിക്ക് പറ്റിയിരുന്നു. കാലില്‍ രണ്ട് ഓപ്പറേഷന്‍ വേണ്ടിവന്നു. കാല്‍ മുറിച്ചു കളയണമെന്നാണ് ഡോക്ടര്‍ ആവശ്യപ്പെട്ടത്. പക്ഷേ അതൊന്നും ചെയ്യാതെ മുന്നോട്ട് പോയി. പെട്ടെന്ന് ജോജോ സുഖമാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അന്നമോളുടെ മധ്യസ്ഥപ്രാര്‍ത്ഥനകളും ഈ സൗഖ്യത്തിന് പിന്നിലുണ്ട്.

ആറുമാസത്തിനുള്ളില്‍ ജോജോയ്ക്ക് തിരികെ ജോലിയില്‍ പ്രവേശിച്ചു. 1997-ല്‍ വിവാഹിതരായ ജോജോ-ബീന ദമ്പതികള്‍ അന്നമോള്‍ ജനിച്ചശേഷമാണ് ഗുജറാത്തിലെത്തുന്നത്. അതുവരെ സൗദി അറേബ്യയില്‍ നഴ്‌സായിരുന്നു ബീന. അഞ്ചുവര്‍ഷം സൗദിയില്‍ ജോലി നോക്കി. ഗുജറാത്തില്‍ വന്നിട്ട് ഒരു വര്‍ഷംകൂടെ നഴ്‌സിങ്ങ് ജോലിയില്‍ തുടര്‍ന്ന ബീന പിന്നീട് ജോലി ഉപേക്ഷിക്കുകയായിരുന്നു.  അന്നമോള്‍ മരിച്ച് ഒരു മാസം കഴിഞ്ഞ് നാട്ടിലെത്തുമ്പോള്‍ ബന്ധുക്കളൊക്കെ ബീനയെ കണ്ട് അത്ഭുതപ്പെട്ടു. കരഞ്ഞു കലങ്ങിയ കണ്ണുകളാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ ദൈവം നല്‍കിയ പ്രത്യാശയാണ് ബീന എല്ലാവരോടും പങ്കുവച്ചത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?