Follow Us On

28

March

2024

Thursday

കുരിശിന്‍ ചുവട്ടിലെ അമ്മ

കുരിശിന്‍ ചുവട്ടിലെ അമ്മ

”യേശു തന്റെ അമ്മയും താന്‍ സ്‌നേഹിച്ചിരുന്ന ശിഷ്യനും അടുത്തു നില്‍ക്കുന്നതുകണ്ട് അമ്മയോടു പറഞ്ഞു: സ്ത്രീയേ, ഇതാ നിന്റെ മകന്‍. അനന്തരം അവന്‍ ആ ശിഷ്യനോടു പറഞ്ഞു; ഇതാ നിന്റെ അമ്മ. അപ്പോള്‍ മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു” (യോഹ. 19:26-27).

അന്ന് ബെത്‌ലെഹമില്‍ പുത്രന് ജന്മം നല്‍കാന്‍ മറിയം അധികം അധ്വാനിക്കേണ്ടി വന്നില്ല. എന്നാല്‍ ഇന്ന് യോഹന്നാനെ മുന്‍നിര്‍ത്തി മാനവരാശിയുടെ അമ്മയാകാന്‍ അവള്‍ക്ക് കുരിശോളം കഷ്ടതയനുഭവിക്കേണ്ടവന്നു. പ്രിയസുതന്‍ അത് തന്റെ തോളില്‍ ഏറ്റുവാങ്ങുന്നതുവരെ ആ കുരിശ് കൊണ്ടുനടന്നത് അവളല്ലേ. അതുകൊണ്ട് കുരിശുയാത്രയിലെല്ലാം മറിയം വേണം, നമുക്ക്. അതെങ്ങനെ വഹിക്കണമെന്ന്, എങ്ങനെ സ്വീകരിക്കണമെന്ന്, തളരാതെ എങ്ങനെ മുന്നേറാമെന്ന് എല്ലാം അവള്‍ പറഞ്ഞുതരും.

യേശുവിന്റെ കുരിശിലെ മൊഴികള്‍ക്ക് ഒരു മാനുഷികമായ മുഖം ഉണ്ടല്ലോ. യോഹന്നാനും മറിയവും തനിയെയാണെന്ന് ക്രിസ്തുവിനറിയാം. അവനെ എല്ലാവരും തനിച്ചാക്കിയെങ്കിലും അവന് നമ്മെ തനിയെയാക്കാന്‍ കഴിയില്ല. അമ്മയെ തനിച്ചാക്കി മടങ്ങാനാവില്ല. ഇഷ്ടശിഷ്യനെയും തനിച്ചാക്കാന്‍ ആവില്ല. പരസ്പരം ഏല്പിച്ചുകൊടുത്തു കുരിശിലെ ക്രിസ്തു. ഞാന്‍ നിങ്ങളെ ഒരിക്കലും അനാഥമാക്കില്ല എന്നതായിരുന്നില്ലേ അവന്റെ വാഗ്ദാനം. മരണത്തിലും അതു പാലിച്ചു. അരുമശിഷ്യന് പുതിയൊരു കുടുംബമുണ്ടായി. അവനോടു കരുതലുള്ള ഒരമ്മ. അവന്റെ കരുതല്‍ ആവശ്യമായ ഒരമ്മ. അന്നുമുതല്‍ അവളുടെ വീട് യോഹന്നാന്റെ ഭവനമാണ്.

ഒരു മാനുഷിക പരിഗണനയുടെ വാക്കുകള്‍ മാത്രമല്ല കുരിശില്‍നിന്നും കേട്ടത്. മറിയം സ്ത്രീയാണ്. പുതിയ നിയമത്തിലെ ‘സ്ത്രീ.’ നന്മതിന്മകളുടെ വൃക്ഷത്തിന്റെ ഫലം പറിച്ചുതിന്ന് മനുജന്റെ മാതാവെന്ന സ്ഥാനം ഹവ്വാ നഷ്ടമാക്കി. എന്നാല്‍ ഇന്ന് കുരിശുമരണത്തിന്റെ കീഴെ അനുസരണയോടെ നിന്നുകൊണ്ട് മറിയം ആ സ്ഥാനം ഏറ്റെടുക്കുന്നു. വിശ്വാസികളുടെ മുഴുവന്‍ ജനയിത്രിയാണവള്‍. മറിയം ഒരു വ്യക്തിയും ഒപ്പം സഭയുടെ ബിംബവുമാണ്. ഒരു വ്യക്തിയായും സഭയായും ഓരോ വിശ്വാസിയും അവളെ ഏറ്റുവാങ്ങണമെന്നാണ് ക്രൂശിതന്‍ പറയുന്നത്.

കുറച്ചുകൂടി നമുക്ക് മുന്നോട്ടിപോയി ധ്യാനിക്കാം. കുരിശില്‍ കിടക്കുന്നത് യൂദന്മാരുടെ രാജാവാണ്. മാനവരാശിയുടെ രാജാവ്. അപ്പോള്‍ രാജ്ഞി എവിടെയാണ്? ഇവിടെയാണ് രാജാവിന്റെ മുമ്പില്‍ നിലകൊള്ളാന്‍ അര്‍ഹതയുള്ളത് ആര്‍ക്കാണെന്ന ചോദ്യം ഉദിക്കുന്നത്. പഴയ നിയമത്തില്‍ ഉടനീളം അമ്മയ്ക്കാണ് രാജാവിന്റെ മുമ്പില്‍ നേരിട്ട് കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ അവകാശമുള്ളത്. അമ്മരാജ്ഞി. രണ്ടു കാര്യങ്ങള്‍ അവള്‍ ചെയ്യും: ഒന്ന്, ഭരണകാര്യങ്ങളില്‍ അവള്‍ രാജാവിനെ ഉപദേശിക്കും (സുഭാ. 31, 2 ദിന. 22). രണ്ട്, അവള്‍ മധ്യസ്ഥത വഹിക്കും. പ്രജകള്‍ അവരുടെ ആവശ്യങ്ങള്‍ അമ്മയോടു പറയും. അമ്മ അത് രാജാവായ മകന്റെ മുമ്പില്‍ അവതരിപ്പിക്കും.

ഒരുദാഹരണം കാണുക. അന്ന് സോളമനാണ് ഇസ്രായേലിന്റെ രാജാവ്. അമ്മ ബേത്‌ഷെബായും. അദോനിയാ തനിക്കായി രാജാവിനോട് മധ്യസ്ഥം വഹിക്കാന്‍ ബേത്‌ഷെബായെയാണ് സമീപിക്കുന്നത്. അദോനിയാ കിരീടാവകാശിയായി ആഘോഷങ്ങള്‍ പലതും നടത്തിയിരുന്നു എന്നും സോളമനെ നശിപ്പിക്കാന്‍പോലും ശ്രമിച്ചുവെന്നതും ഓര്‍ക്കുക. എങ്കിലും അദോനിയായ്ക്കുവേണ്ടി സംസാരിക്കാന്‍ രാജസന്നിധിയിലേക്ക് പോകാമെന്ന് അവള്‍ സമ്മതിച്ചു: ”രാജാവ് എഴുന്നേറ്റ് അവളെ അഭിവാദനം ചെയ്തിട്ട് സിംഹാസനത്തില്‍ ഇരുന്നു. മാതാവിന് ഇരിപ്പിടം സജ്ജീകരിച്ചു. അവള്‍ രാജാവിന്റെ വലതുഭാഗത്ത് ഇരുന്നു. ഞാന്‍ നിന്നോട് ഒരു ചെറിയ കാര്യം പറയുന്നു. തള്ളിക്കളയരുത്, അവള്‍ പറഞ്ഞു. എന്താണമ്മേ, അത്? പറയുക. ഞാന്‍ തള്ളിക്കളയുകയില്ല, അവന്‍ മറുപടി പറഞ്ഞു” (1 രാജാ. 2:19-20). ബേത്‌ഷെബയ്ക്കാണ് രാജസന്നിധിയില്‍ നിലകൊള്ളാന്‍ അവകാശം.

ഇതാ, ക്രിസ്തു. സോളമനെക്കാള്‍ വലിയ രാജാവ്. ഇതാ, മറിയം. ബെത്‌ഷെബയെക്കാള്‍ കൃപ നിറഞ്ഞ അമ്മരാജ്ഞി. അവള്‍ ഇനി ദാസിയല്ല, റാണിയാണ്. ദൈവദൂതന്മാര്‍പോലും താണു വണങ്ങിയ റാണി. ശിഷ്യരെ പഠിപ്പിച്ച് പന്തക്കുസ്തായ്ക്ക് ഒരുക്കിയ റാണി. കുരിശിന്റെ താഴെനിന്ന മറിയം സഭയുടെ രൂപമാണ്. അവളാണ് ഇനി രാജകുമാരന്റെ രണ്ടാം വരവിനായി മാനവരാശിയെ ഒരുക്കുന്നവള്‍. പന്തക്കുസ്തയില്‍ ഒരുക്കിയ അവള്‍ക്ക് ഇനിയും ഏറെ പഠിപ്പിക്കാനും നയിക്കാനുമുണ്ട്.

ക്രൂശില്‍ തന്റെ ദൗത്യം ക്രിസ്തു പൂര്‍ത്തിയാക്കി. മറിയത്തിന് ഇനിയും ഏറെ ചെയ്തുതീര്‍ക്കാനുണ്ട്. യോഹന്നാനെയും മറ്റു ശിഷ്യരെയും പഠിപ്പിച്ചതുപോലെ വിശ്വസയാത്രയില്‍ എന്നുമവള്‍ നമ്മെ പഠിപ്പിക്കും. കുരിശുയാത്രയില്‍ പ്രിയസുതനെ അനുഗമിച്ച അവള്‍ നമ്മുടെ യാത്രയിലും കൂട്ടായിരിക്കും. കാലിത്തൊഴുത്തിലും കാനായിലും കാല്‍വരിക്കുന്നിലും അവള്‍ അമ്മയും മധ്യസ്ഥയും രാജ്ഞിയുമാണ്.

പ്രാര്‍ത്ഥന: കാനായില്‍ നിന്നെ കേട്ട പുത്രന്‍, മറിയമെ, സ്വര്‍ഗീയ കാനാനിലും നിന്നെ കേള്‍ക്കും. ഞാന്‍ അവിടെ എത്തുംവരെയും എനിക്കും നീ കൂട്ടായിരിക്കണമേ.

റവ.ഡോ. റോയി പാലാട്ടി സി.എം. ഐ

***********************************

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?