Follow Us On

25

August

2019

Sunday

കൂടുതല്‍ ദൈവത്തിലാശ്രയിച്ച് മുന്നോട്ട്…

കൂടുതല്‍ ദൈവത്തിലാശ്രയിച്ച് മുന്നോട്ട്…

കുടുംബം സ്‌നേഹത്തിന്റെ നൂലിഴകളാല്‍ കോര്‍ത്തിണക്കിയ പട്ടുവസ്ത്രമാണ്. ഓരോ കുടുംബാംഗവും ഈ പട്ടുവസ്ത്രത്തിന്റെ അനിവാര്യതയാണ്. അതിലൊന്ന് നഷ്ടപ്പെട്ടാല്‍ ആ വസ്ത്രത്തിന്റെ ശോഭയാകെ മങ്ങും. ആധുനിക കാലഘട്ടത്തിന്റെ അതിദ്രുത മുന്നേറ്റത്തിനിടയിലും ഉറ്റവരുടെ അകാല വിയോഗങ്ങളെ ബന്ധുജനങ്ങള്‍ ഏറ്റുവാങ്ങുന്നത് ആഴമായ ഹൃദയവേദനയോടെതന്നെയാണ്. കാലം മായ്ക്കാത്ത മുറിവുകള്‍ ഇല്ലെന്ന് പറയുമെങ്കിലും ചിലരുടെയെല്ലാം ജീവിതം എന്നേക്കുമായി തകര്‍ത്തെറിയാന്‍ ചില മരണങ്ങള്‍ കാരണമായേക്കാം. സമൂഹത്തിന്റെ ഇടപെടലുകളും ആത്മീയ സാന്നിധ്യങ്ങളുമെല്ലാമാണ് ഇത്തരം സാഹചര്യങ്ങളില്‍ സമാശ്വാസ മാര്‍ഗങ്ങള്‍.

അപ്രതീക്ഷിതമായ സമയത്ത് മകനെ നഷ്ടപ്പെട്ടതിന്റെ താങ്ങാനാവാത്ത നൊമ്പരം ഇന്നും ഞങ്ങളുടെ മനസില്‍ നിന്നും മാറിയിട്ടില്ല. മൂന്നു മക്കളില്‍ മൂത്തവനായ സബിന്‍ കാന്‍സര്‍ ബാധിതനായത് ഇരുപത്തിയൊന്നാം വയസിലാണ്. ബി.എസ്.സി വിദ്യാര്‍ത്ഥിയായിരുന്ന മകന്റെ രോഗം ഞങ്ങളുടെ കുടുംബത്തെ വല്ലാതെ ഉലച്ചു.

രോഗനാളുകളില്‍ പ്രാര്‍ത്ഥനയില്‍ ചെലവഴിച്ച സബിന്‍ വേദനകളൊന്നും ഞങ്ങള്‍ അറിയാതിരിക്കാന്‍ കടിച്ചമര്‍ത്തുകയായിരുന്നു. കുടുംബാംഗങ്ങളെ അത്രമാത്രം സ്‌നേഹിച്ച അവന്റെ വിയോഗം സ്വാഭാവികമായും വലിയ ആഘാതമാണ് സൃഷ്ടിച്ചത്. ചെറുപ്പം മുതല്‍ ആത്മീയകാര്യങ്ങളില്‍ അല്പം താല്‍പര്യം കൂടുതല്‍ പ്രകടിപ്പിക്കാറുണ്ടായിരുന്ന സബിന്‍ രോഗാവസ്ഥയില്‍ ദൈവത്തില്‍ മാത്രമാണ് അഭയം കണ്ടത്. തിരുവനന്തപുരം ആര്‍.സി.സിയിലെ ചികിത്സാകാലമെല്ലാം ദൈവത്തോട് അടുക്കാനുള്ള കാലഘട്ടമായിരുന്നു.

ആ സമയത്താണ് തിരുവനന്തപുരത്ത് ഡാനിയേല്‍ പൂവണ്ണത്തിലച്ചന്‍ നടത്തു ന്ന ധ്യാനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത്. അച്ചനില്‍നിന്ന് ബൈബിള്‍ വചനങ്ങള്‍ പറഞ്ഞ് പ്രാര്‍ത്ഥിക്കുവാന്‍ പ്രേരണ ലഭിച്ചു. അതുപ്രകാരം പ്രാര്‍ത്ഥിച്ചുപോന്നു. 2017 ഏപ്രില്‍ 16 ഈസ്റ്റര്‍ ദിനത്തില്‍ സബിന്‍ മരണമടഞ്ഞു. മകന്റെ മരണശേഷം സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങി വരാന്‍ എനിക്ക് വലിയ പ്രയാസമായിരുന്നു. ആ സമയത്താണ് മകന്‍ മരണമടഞ്ഞിട്ടും പ്രത്യാശയോടെ ജീവിതത്തെ അഭിമുഖീകരിച്ച രേണു എന്ന സഹോദരിയുടെ വാക്കുകള്‍ കേള്‍ക്കാന്‍ ഇടയായത്. ജീവിതത്തിന്റെ ലക്ഷ്യവും പ്രാധാന്യവുമെല്ലാം അവരിലൂടെ എനിക്ക് വ്യക്തമായി.

സമാന ദുഃഖത്തിലൂടെ കടന്നുപോയ വ്യക്തികളുടെ സാന്നിധ്യവും വാക്കുകളും പുതിയ പ്രതീക്ഷകള്‍ ഉണര്‍ത്തുന്നതായിരുന്നു. എപ്പോഴും പ്രത്യാശയും ദൈവത്തോട് ചേര്‍ന്ന് നിന്ന് ദുരിതങ്ങളെ നേരിടുവാനുമാണ് ഈ സഹോദരി എന്നെ പഠിപ്പിച്ചത്. ഈ സൗഹൃദം സമാന ചിന്താഗതികളുളള ‘ബ്ലസ്ഡ് ഫാമിലിസ’് എന്ന വാട്ട്‌സ് ആപ്പ് കൂട്ടായ്മയില്‍കൂടി അംഗമായതോടെ കൂടുതല്‍ ദൃഢമായെന്ന് പറയാം. രേണുവാന്റിയുടെ സഹായത്തോടെ ജപമാല പ്രാര്‍ത്ഥന പഠിക്കുകയും ഭക്തിപൂര്‍വം ജപമാല ചൊല്ലുവാന്‍ തുടങ്ങുകയും ചെയ്തു.

യാക്കോബായ കുടുംബമായതിനാല്‍ ജപമാല ചൊല്ലാന്‍ അറിയില്ലായിരുന്നു. എന്നാല്‍ മാതാവിനോടുള്ള ഭക്തി വര്‍ധിച്ചതോടെ ദുഃഖത്തിന്റെ കാഠിന്യത്തെ അതിജീവിക്കാനുള്ള ശക്തി ലഭിച്ചു. വിശുദ്ധമായ ജീവിതം നയിച്ച മകന്റെ കൂടെ സ്വര്‍ഗത്തില്‍ ദൈവത്തെ സ്തുതിക്കുവാനുള്ള കൃപയ്ക്കായാണ് ഞാന്‍ പ്രാര്‍ഥിക്കുന്നത്. പരസ്പരം ഭാരം ഇറക്കി വയ്ക്കുവാനും പ്രാര്‍ത്ഥനയില്‍ മുന്നേറുവാനും ഗ്രൂപ്പ് ഉപകരിക്കുന്നു. സമയാസമയങ്ങളില്‍ വചനങ്ങളും പ്രാര്‍ത്ഥനകളും പങ്കുവച്ച്ഗ്രൂപ്പ് അംഗങ്ങള്‍ അനുഗ്രഹദായകമാക്കുന്നു. മരണത്തിന്റെ നിഴല്‍വീണ താഴ്‌വരയില്‍നിന്ന് ഉത്ഥാനപ്രതീക്ഷയിലേക്ക് എത്തിച്ചേര്‍ന്നതുപോലെ മനസ് സമാശ്വാസം കൊള്ളുന്നു.

കടന്നുപോയ കനല്‍വഴികള്‍ ദൈവത്തിന്റെ പദ്ധതിയുടെ ഭാഗമായി അംഗീകരിക്കാന്‍ ഇന്ന് സാധിക്കുന്നുണ്ട്. സ്‌നേഹിച്ച മകന്റെ വേര്‍പാടിനെ ദൈവം അനുഗ്രഹത്തിനുള്ള വഴിയും പദ്ധതിയുമാക്കി മാറ്റിയത് തിരിച്ചറിയുന്നു. ഇന്ന് ഓരോ നിമിഷവും ഈശോയോടും മാതാവിനോടും ചേര്‍ന്ന് മുന്നോട്ട് പോകാനുള്ള ശ്രമത്തിലാണ്.

ബിന്ദു സജി കട്ടപ്പന
(വീട്ടമ്മ)

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?