Follow Us On

25

August

2019

Sunday

ഉയിര്‍പ്പിന്റെ വഴികള്‍

ഉയിര്‍പ്പിന്റെ വഴികള്‍

ഒരു വ്യക്തിയോടുള്ള വെറുപ്പ് ആ വ്യക്തി പ്രതിനിധീകരിക്കുന്ന എല്ലാത്തിനോടുമുള്ള വെറുപ്പായി രൂപാന്തരപ്പെടുന്ന സംഭവങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടാകും. വര്‍ഗീയ കലാപങ്ങളുടെയും സാമുദായിക സംഘര്‍ഷങ്ങളുടെയും പിന്നിലെല്ലാം അടിസ്ഥാനപരമായി ഈ പ്രശ്‌നമാണ് നിറഞ്ഞു നില്ക്കുന്നത്.

ഒരു പ്രദേശത്തെ വ്യക്തികളോ ഏതെങ്കിലും സംഘടനകളോ ചെയ്ത തെറ്റിന്റെ പേരില്‍ അവയുമായി യാതൊരു ബന്ധവുമില്ലാത്ത എത്രയോ നിഷ്‌ക്കളങ്കരാണ് ഓരോ ദിവസവും പീഡിപ്പിക്കപ്പെടുന്നത്? വധിക്കപ്പെടുന്നത്? എത്രയോ പേരാണ് ഭിന്നശേഷിക്കാരാകുന്നത്? തെറ്റു ചെയ്തവരുടെ മതത്തില്‍ വിശ്വസിച്ചു എന്നതിന്റെ പേരില്‍ അവരുടെ കുടുംബാംഗമായിരുന്നു എന്നതിന്റെ പേരില്‍ പലരും ശിക്ഷിക്കപ്പെടുന്നു. മനുഷ്യമനസിന്റെ കാടത്തം എന്നു മാത്രമേ ഇതിനെ വിശേഷിപ്പിക്കാന്‍ കഴിയൂ.

ആഫ്രിക്കയിലെ മൊസംബിക് സ്വദേശിയായ ഷോബിക് ചാക്കഌന്‍ എന്നൊരു വ്യക്തിയെ പരിചയപ്പെടാം. ഇരുപതാം വയസില്‍ ദക്ഷിണാഫ്രിക്കയിലുണ്ടായ വംശീയ കലാപത്തില്‍ ഗുരുതരമായി പരുക്കേറ്റതാണ് അദ്ദേഹത്തിന്. എന്നാല്‍ തന്റെ ശരീരത്തിന് ഭിന്നശേഷി സൃഷ്ടിച്ച വ്യക്തികളോട് ഷോബിക് ചാക്കഌന്‍ ക്ഷമിച്ചു, മാത്രവുമല്ല, തന്നെപ്പോലെ ശാരീരികമായി വേദനിക്കുന്നവരുടെ ക്ഷേമകാര്യങ്ങളുമായി അദ്ദേഹമിന്ന് ചുറ്റിസഞ്ചരിക്കുന്നു.

ജീവിതം വീല്‍ചെയറിലാക്കിയ കലാപകാരികളോട് അദ്ദേഹത്തിന് തെല്ലും പിണക്കമില്ല. ”ഒരുപക്ഷേ അത് തന്റെ നിയോഗമാകാം, ഭിന്നശേഷിയുള്ളവര്‍ക്കായി ജീവിക്കാന്‍ ദൈവം തിരഞ്ഞെടുത്തതാകാം;” ഇങ്ങനെയാണ് തന്നെ വീല്‍ച്ചെയറിലാക്കിയവരോടുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍. ഗതകാല സ്മരണകളോര്‍ത്ത് വേദനിക്കാനും നിരാശയില്‍ തകരാനുമൊന്നും ഷോബിക് ചാക്കഌന്‍ തയാറല്ല. തന്റെ ജീവിതം തകര്‍ത്തെറിഞ്ഞവരോട് അദ്ദേഹം ക്ഷമിച്ചിരിക്കുന്നു, മാത്രവുമല്ല അവര്‍ക്കായി അദ്ദേഹം പ്രാര്‍ത്ഥിക്കുന്നു. ശാരീരികശേഷി നഷ്ടപ്പെട്ടവരുടെ കോമണ്‍വെല്‍ത്ത് സംഘടനയുടെ അന്താരാഷ്ട്ര സംഘാടകനാണ് ഇദ്ദേഹം.

”1976 ല്‍ ഇരുപതാം വയസില്‍ ദക്ഷിണാഫ്രിക്കയിലുണ്ടായ വംശീയ കലാപത്തില്‍ ഗുരുതരമായി പരുക്കേറ്റതാണ് എനിക്ക്. കലാപത്തിന് നേതൃത്വം നല്‍കിയ ശത്രുക്കള്‍ ഇട്ട സ്‌ഫോടകവസ്തുക്കള്‍ മൂലം എന്നെപ്പോലെ എത്രപേരുടെ ജന്മമാണ് അന്ന് തകര്‍ന്നടിഞ്ഞത്. ഒന്നുറക്കെ കരയാന്‍ പോലും പറ്റാതെ അവരില്‍ പലരും ഇന്ന് കയ്യും കാലും തകര്‍ന്ന് എവിടെയൊക്കെയോ കഴിയുകയാണ്. അതുകൊണ്ട് ചാകഌനിന്ന് ഭിന്നശേഷിക്കാരെ കാണുമ്പോള്‍ അവരുടെ വേദനകള്‍ അടുത്തറിയാം. സാമ്പത്തികമായി അത്ര മോശമല്ലാത്ത അവസ്ഥ അദ്ദേഹത്തിനുണ്ടായിരുന്നു.

കൂടാതെ വിദ്യാഭ്യാസവും അംഗവിഹീനരെ സംബന്ധിച്ച പരിശീലനവും അദ്ദേഹം നേടിയിട്ടുണ്ട്. ഇതൊക്കെയും അദ്ദേഹത്തെ ജീവിതം പോസിറ്റീവായി കാണാന്‍ പ്രേരിപ്പിച്ചു. എന്നാല്‍ ആഫ്രിക്കയിലെയും ഏഷ്യയിലെയും പിന്നാക്ക പ്രദേശങ്ങളിലെയും മനുഷ്യരുടെ കഥ ഇതൊന്നുമല്ല. ഏഷ്യന്‍ രാജ്യങ്ങളില്‍ വൈകല്യത്തോടെ ജനിക്കുക എന്നാല്‍ ശപിക്കപ്പെട്ട ജീവിതമാണ് പലര്‍ക്കും. സ്വന്തം കുടുംബത്തില്‍ ശാരീരികമോ മാനസികമോ ആയി ആര്‍ക്കെങ്കിലും ഭിന്നശേഷി ഉണ്ടെന്നത് കുടുംബത്തിന് സങ്കടമാണ്. അവരെ പുറത്തിറക്കില്ല. കുടുംബത്തിന്റെ മാനം പോകുമെന്ന് കരുതി പലരും ഇക്കാര്യം തുറന്നു സമ്മതിക്കാറില്ല. അതിനാല്‍ ആവശ്യമായ ശുശ്രൂഷ ലഭിക്കാനോ വേണ്ട പരിശീലനം ലഭിക്കാനോ അവര്‍ക്ക് കഴിയുന്നില്ല. ഇതുമൂലം ഭിന്നശേഷിക്കാരായ പലരും ജീവിതത്തെ ശപിച്ച് നാലു ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങുന്നു.

”മനുഷ്യന്റെ ക്രൂരതയാല്‍ വികലാംഗരാക്കപ്പെട്ടവരുണ്ട്. മുമ്പ് പറഞ്ഞതുപോലെ ഞാനും അവരിലൊരാളാണല്ലോ.” ചാക്കഌന്‍ ചിരിക്കുന്നു. ”പക്ഷേ എന്റെ ദൈവം എന്നെ തളര്‍ത്തിയില്ല. എന്റെ സാഹചര്യങ്ങളെല്ലാം എന്നെ അതില്‍നിന്ന് കരകയറ്റുന്നതായിരുന്നു. അത് എനിക്ക് കൂടുതല്‍ യാത്ര ചെയ്യാനും ഭിന്നശേഷിക്കാര്‍ക്കുവേണ്ടി കൂടുതല്‍ പ്രയത്‌നിക്കാനും വഴിയൊരുക്കി. എന്നെപ്പോലെ എത്രയോ ലക്ഷക്കണക്കിന് ഭിന്നശേഷിക്കാരുണ്ട് ഈ ലോകത്ത്. രാജ്യത്തിനുവേണ്ടി യുദ്ധം ചെയ്ത പട്ടാളക്കാരെ ഉദാഹരണമായി എടുക്കൂ. നല്ല ആരോഗ്യത്തോടെ ഒരിക്കല്‍ ജീവിതം ആസ്വദിച്ചവരാണവര്‍.

രാജ്യരക്ഷ എന്നതുമാത്രമായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ ഉണ്ടായ സ്‌ഫോടനം അവരുടെ ജീവിതം തകര്‍ത്തുകളഞ്ഞു. ഇതോടെ ഭിന്നശേഷിക്കാരായി അന്യരെ ആശ്രയിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി മാറുന്നു. കാര്യം രാജ്യം പെന്‍ഷനും മറ്റും കൊടുക്കുന്നുണ്ടാകും എന്നാലും അവരുടെ മാനസികമായ ക്ഷതം താങ്ങാനാവാത്തതാണ്. തീവ്രവാദവും യുദ്ധവും ശാരീരികാവയവങ്ങളുടെ ശേഷി നഷ്ടപ്പെടുത്തിയവര്‍ നമ്മുടെ ചുറ്റിനുമില്ലേ? കീടനാശിനിയും അന്തരീക്ഷ മലിനീകരണവും അന്ധതയും വൈകല്യവും നല്‍കിയവരില്ലേ? ചില രോഗങ്ങള്‍ ബാധിച്ച് ശരീരം തളര്‍ന്നവര്‍, അവയവങ്ങള്‍ മുറിക്കേണ്ടി വന്നവര്‍… ഇവരുടെ നിര ഇങ്ങനെ അനന്തമായി നീളുകയാണ്.

കാല- ദേശ-ഭാഷ സംസ്‌കാര ഭേദങ്ങളില്ല ഇവരുടെ കഷ്ടതകള്‍ക്ക്…” ചാക്കഌന്‍ വിശദീകരിച്ചു. ”രാജ്യങ്ങളുടെ അതിര്‍ത്തിപ്രദേശങ്ങളില്‍ താമസിക്കുന്നവരാണ് ശാരീരികശേഷി നഷ്ടപ്പെട്ടവരില്‍ ഏറെപ്പേരും..”പാശ്ചാത്യ രാജ്യങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്കായി ധാരാളം സന്നദ്ധ സംഘടനകളുണ്ട്. അവര്‍ക്കായി പ്രത്യേകം പദ്ധതികള്‍ ഇവര്‍ നടപ്പാക്കുന്നു. എന്നാല്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്കായുള്ള പദ്ധതികളും വിഭവങ്ങളും അവര്‍ക്ക് ലഭിക്കുന്നില്ല. അദ്ദേഹം പറയുന്നു. ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള വികലാംഗ ക്ഷേമ സംഘടന ഇംഗ്ലണ്ടിലെ ലണ്ടന്‍ ആസ്ഥാനമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ (ബ്രിട്ടീഷ് കോളനികളായിരുന്ന രാജ്യങ്ങളുടെ) വികലാംഗര്‍ക്കായി പ്രത്യേകം സംഘടന പ്രവര്‍ത്തിക്കുന്നു.

യു.എന്‍ ചാര്‍ട്ടറിന്റെ നിര്‍ദ്ദേശ പ്രകാരം പ്രവര്‍ത്തിക്കുന്ന ഈ സംഘടനയുടെ അന്താരാഷ്ട്ര സംഘാടകനാണ് ചാക്കഌന്‍. ലോകരാജ്യങ്ങളിലുടനീളം സഞ്ചരിച്ച് വികലാംഗരുടെ ആവശ്യങ്ങളും അവകാശങ്ങളും അംഗീകരിച്ചു കിട്ടാന്‍ രാഷ്ട്ര തലവന്മാരെയും സര്‍ക്കാരിതര സന്നദ്ധ സംഘടനകളുടെ നേതാക്കളെയും നേരില്‍ കണ്ട് ചാക്കഌന്‍ ഇക്കാര്യം അഭ്യര്‍ത്ഥിക്കാറുണ്ട്. ഇന്ത്യ പലതവണ സന്ദര്‍ശിച്ചിട്ടുള്ള അദ്ദേഹം വഴിയോരങ്ങളും പൊതുനിരത്തുകളും സര്‍ക്കാര്‍ ഓഫിസുകളും ആരാധനാലയങ്ങളും സന്ദര്‍ശിച്ച് ഭിന്നശേഷിക്കാര്‍ക്കായി ഏര്‍പ്പെടുത്തിയ കാര്യങ്ങള്‍ നേരില്‍ കണ്ടു. ഇന്ത്യ ഇനിയും ഈ രംഗത്ത് ബഹുദൂരം പോകണം; അദ്ദേഹം ഓര്‍മിപ്പിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?