Follow Us On

25

August

2019

Sunday

എല്ലാം നന്മയ്ക്കായി

എല്ലാം നന്മയ്ക്കായി

തലശേരി അതിരൂപത വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴിലെ ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ നിന്ന് 2018-19 വര്‍ഷത്തെ മികച്ച പ്രിന്‍സിപ്പലായി തിരഞ്ഞെടുത്ത സിസ്റ്റര്‍ എമിലി സെബാസ്റ്റ്യന്‍ എസ്.എ.ബി.എസ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി എക്‌സലന്റ് പുരസ്‌കാരത്തിന് അര്‍ഹയായി. അതിരൂപത വിദ്യാഭ്യാസ ഏജന്‍സി എല്‍.പി -ഹൈസ്‌കൂള്‍- ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിഭാഗങ്ങളിലുള്ള മുഖ്യാധ്യാപകരെയാണ് മാര്‍ വള്ളോപ്പിള്ളി എക്‌സലന്റ് പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.

ഇതില്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിഭാഗത്തില്‍ സിസ്റ്റര്‍ എമിലി സെബാസ്റ്റ്യനെയാണ് തിരഞ്ഞെടുത്തത്. കിളിയന്തറ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്രിന്‍സിപ്പലാണ് സിസ്റ്റര്‍. 2018 മെയ് ഒന്നിനാണ് പ്രിന്‍സിപ്പലായി ചാര്‍ജെടുക്കുന്നത്. അതിന് മുമ്പ് 2018-ല്‍ തന്നെ മേരിഗിരി ഹയര്‍സെക്കന്ററി സ്‌കൂളിലാണ് പ്രിന്‍സിപ്പലായി ആദ്യം പ്രമോഷന്‍ ലഭിച്ചത്.

26 വര്‍ഷത്തെ സിസ്റ്ററിന്റെ അധ്യാപന സേവനത്തിന്റെ മികവ് വിലയിരുത്തിയാണ് പുരസ്‌കാരം നല്കിയത്. കഴിഞ്ഞ 25 വര്‍ഷമായി സിസ്റ്റര്‍ സണ്‍ഡേസ്‌കൂള്‍ അധ്യാപിക കൂടിയാണ്. അക്കാദമിക് മേഖലയിലും മതബോധന മേഖലയിലുമുള്ള അധ്യാപനത്തിന്റെ തിളക്കം പ്രാര്‍ത്ഥനയുടെ പിന്‍ബലത്തിലായിരുന്നു. കൂടുതല്‍ പ്രതിസന്ധിയിലൂടെ വിഷമപ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് പഠനത്തില്‍ ഉഴപ്പി പിന്നാക്കം പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഉപവാസമെടുത്ത് സിസ്റ്റര്‍ പ്രാര്‍ത്ഥിക്കുമായിരുന്നു. കൂടാതെ ദിവ്യകാരുണ്യ സന്നിധിയില്‍ മണിക്കൂറുകളോളം പ്രാര്‍ത്ഥിക്കും.

സന്യാസപരിശീലനത്തിലൂടെയും മാതാപിതാക്കളുടെ വിശ്വാസജീവിതത്തിലൂടെ ലഭിച്ച വിശ്വാസ പ്രാര്‍ത്ഥനാനുഭവങ്ങള്‍ അധ്യാപനത്തില്‍ പ്രയോജനമായി. സന്യാസത്തിലൂടെ ലഭിച്ച അച്ചടക്കം കൃത്യനിഷ്ട എന്നീ ഗുണങ്ങള്‍ സ്‌കൂളിന്റെ പ്രവര്‍ത്തനത്തിന് മാറ്റ് കൂട്ടി. സ്‌കൂളിലെ സമയനിഷ്ഠ, കുട്ടികളുടെ പെരുമാറ്റ രീതികള്‍, യൂണിഫോം, പഠനശീലങ്ങള്‍, വായനാശീലം, അധ്യാപകരോടുള്ള ബഹുമാനം, കൃത്യതയോടെയുള്ള അസംബ്ലി, സ്‌കൂള്‍ ഡയറി പരിശോധന, കുട്ടികളെ വാഹനത്തില്‍ കയറ്റി വിടുന്നതിനുള്ള ശ്രദ്ധയും നേതൃത്വവും തുടങ്ങിയവയിലുള്ള കൃത്യത സ്‌കൂളിനെ അച്ചടക്ക കാര്യത്തില്‍ മികവുറ്റതാക്കി മാറ്റി. ഇത് സിസ്റ്ററിനു ലഭിച്ച പരിശീലനത്തിന്റെ പ്രത്യേകതയാണ്.

കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയില്‍ നെല്ലിത്താനത്ത് സെബാസ്റ്റ്യന്റെയും മേരിയുടെയും 10 മക്കളില്‍ ഇളയവളായി 1963-ല്‍ സിസ്റ്റര്‍ ജനിച്ചു. മരുതോങ്കര സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി പാസായി. പേരാമ്പ്ര ഗവണ്മെന്റ് കോളജില്‍ പ്രീ-ഡിഗ്രി പഠനം കഴിഞ്ഞ് മഠത്തില്‍ ചേര്‍ന്നു. സ്‌കൂളിലെ കണക്ക് ടീച്ചറായിരുന്ന സിസ്റ്റര്‍ ലിയോ മരിയയുമായുള്ള ഇടപെടലും പെരുമാറ്റശൈലിയുമാണ് മഠത്തില്‍ ചേരാന്‍ പ്രചോദനമായത്.

കൂടാതെ സിസ്റ്ററിന്റെ മൂത്ത ചേച്ചിയായ സിസ്റ്റര്‍ റിറ്റി നെല്ലിത്താനം എസ്.എ.ബി.എസിന്റെ സ്‌നേഹവും പ്രവര്‍ത്തനങ്ങളുമെല്ലാം എസ്.എ.ബി.എസ് സഭയില്‍ ചേരാന്‍ പ്രേരിപ്പിച്ചു. (സിസ്റ്റര്‍ റിറ്റി ഇപ്പോള്‍ ഇറ്റലിയിലെ ഓള്‍ഡ് ഏജ് ഹോമില്‍ ശുശ്രൂഷ ചെയ്യുന്നു.) മഠത്തില്‍ ചേര്‍ന്ന സിസ്റ്റര്‍ എമിലി സെബാസ്റ്റ്യന്‍, സിസ്റ്റര്‍ മെര്‍ലിന്‍ എന്ന നാമധേയത്തില്‍ 1984-ല്‍ വ്രതവാഗ്ദാനം നടത്തി സഭാവസ്ത്രം സ്വീകരിച്ചു. അതിനുശേഷം തൃശൂര്‍ വിമലാ കോളജില്‍ നിന്ന് 1988-ല്‍ അഞ്ചാം റാങ്കോടെ ബി.എ മലയാളം പാസ്സായി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെന്ററില്‍നിന്ന് ഏഴാം റാങ്കോടെ എം.എയും പാസായി. അവിടെത്തന്നെ ബി.എഡ് പഠനവും പൂര്‍ത്തിയാക്കി.

സിസ്റ്ററിനെ നഴ്‌സിംഗ് പഠിപ്പിക്കാനാണ് അധികാരികള്‍ തയ്യാറായതെങ്കിലും അധ്യാപനമായിരുന്നു സിസ്റ്ററിന് ഇഷ്ടപ്പെട്ടത്. തന്റെ മുമ്പിലൂടെ കടന്നുപോകുന്ന അനേകായിരം കുഞ്ഞുങ്ങളെ ശരിയായ ദിശാബോധവും ദൈവവിശ്വാസവും നല്കി ജീവിതത്തിന്റെ ഉന്നത സ്ഥാനങ്ങളിലെത്തിക്കാമെന്നുള്ള ബോധ്യമാണ് അധ്യാപനം തിരഞ്ഞെടുക്കാന്‍ കാരണമായത്. അങ്ങനെ അനേകം കുട്ടികളെ നന്മയുടെ വഴിയിലേക്ക് തിരിച്ചുവിട്ട അനുഭവങ്ങള്‍ സിസ്റ്ററിന് പറയാനുണ്ട്.

ഒരിക്കല്‍ ഈ ലോകത്തിന്റെ എല്ലാവിധ മോശം കൂട്ടുകെട്ടുകളിലും പ്രവര്‍ത്തികളിലും വ്യാപരിച്ചിരുന്ന പാവപ്പെട്ട കുടുംബത്തിലെ കുട്ടി, പ്ലസ് വണ്‍ പഠനത്തിനായി കടന്നു വന്നു. എല്ലാ വിധത്തിലും നിഷേധിയായിരുന്നു. മിക്കവാറും ഭക്ഷണം കഴിക്കാതെ അലഞ്ഞുനടന്ന അവനെ വിളിച്ച് കാര്യം അന്വേഷിച്ചു. മലയാള അക്ഷരമോ ഇംഗ്ലീഷ് അക്ഷരമോ കൃത്യമായി വശമില്ല.

എങ്ങനെയോ ജയിച്ച് പ്ലസ്‌വണ്‍ ക്ലാസില്‍ എത്തിയെന്ന് മാത്രം. സിസ്റ്റര്‍ ആ കുട്ടിയോട് പ്രത്യേക താല്പര്യമെടുത്ത് മലയാള അക്ഷരമാലയും ഇംഗ്ലീഷും പ്രത്യേകമായി ട്യൂഷന്‍ കൊടുത്ത് പഠിപ്പിച്ചു. പഠനത്തില്‍ നല്ല നിലവാരത്തിലെത്തിച്ചു. കൂടാതെ സന്മാര്‍ഗ്ഗപഠനവും ഭക്ഷണവും നല്കിയും മാതാപിതാക്കളെ സഹായിച്ചുമെല്ലാം അവനെ മാറ്റിയെടുത്ത് ധ്യാനത്തിന് പറഞ്ഞയച്ച് വിശ്വാസജീവിതത്തിലും കൈപിടിച്ച് ഉയര്‍ത്തി. ഇത് അവന്റെ ജീവിതത്തെ അടിമുടി മാറ്റം വരുത്തിയെന്ന് പറയാം.

ബി.എഡ് പഠനശേഷം 1992-ല്‍ പാലാവയല്‍ സെന്റ് ജോണ്‍സ് ഹൈസ്‌കൂളില്‍ ലീവ് വേക്കന്‍സിയിലാണ് അധ്യാപന ജീവിതം ആരംഭിക്കുന്നത്. 1994-ല്‍ മണിക്കടവ് സെന്റ് തോമസ് ഹൈസ്‌കൂളില്‍ സ്ഥിരനിയമനം ലഭിച്ചു. 1997-ല്‍ വീണ്ടും പാലാവയലിലേക്ക് മാറ്റം. പിന്നീട് വെള്ളരിക്കുണ്ട് സെന്റ് ജൂഡ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ആരംഭിച്ചപ്പോള്‍ മലയാളം അധ്യാപികയായി സ്ഥാനകയറ്റം ലഭിച്ചു. ദീര്‍ഘകാല സേവനത്തിനുശേഷം 2012-ല്‍ ചെമ്പേരി നിര്‍മ്മല ഹയര്‍ സെക്കന്ററി സ്‌കൂളിലേക്ക് ട്രാന്‍സ്ഫറായി.

2013-ല്‍ കിളിയന്തറ സ്‌കൂളിലേക്ക് വരികയും അഞ്ച് വര്‍ഷത്തെ സേവനത്തിനുശേഷം 2018-ല്‍ മേരിഗിരി സ്‌കൂളില്‍ പ്രിന്‍സിപ്പലായി ആ വര്‍ഷം മെയ് മാസത്തില്‍ കിളിയന്തറ സ്‌കൂളിലെ പ്രിന്‍സിപ്പലായി. പാലാവയല്‍ സ്‌കൂളിലായിരിക്കുമ്പോള്‍ പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെ ചുമതലയാണ് ലഭിച്ചത്.

ഇടയ്ക്ക് പഠനം നിര്‍ത്തുന്ന കുട്ടികളുമുണ്ടായിരുന്നു. സിസ്റ്റര്‍ അവരിലേക്ക് ഇറങ്ങിച്ചെന്ന് പാവപ്പെട്ടവരുടെ വീടുകളൊക്കെ സന്ദര്‍ശിച്ച് അവര്‍ക്കാവശ്യമുള്ളത് ചെയ്തുകൊടുക്കാനും തയ്യാറായി. മാനസികാരോഗ്യം കുറഞ്ഞ കുട്ടികളുടെ വീടുകളില്‍ചെന്ന് കുട്ടികളെ സ്‌കൂളില്‍ അയക്കേണ്ട ആവശ്യകതയെക്കുറിച്ച് പറയുകയും കുട്ടികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയും ചെയ്തു. അതിലൂടെ കുട്ടികളില്‍ മറ്റുള്ളവരോടുള്ള കാരുണ്യവും സഹായമനസ്ഥിതിയും വളരുന്നതിനിടയാക്കി. എല്ലാ സ്‌കൂളുകളിലും ദരിദ്രരായിട്ടുള്ള കുട്ടികളെ മാതൃവാത്സല്യത്തോടെ പരിഗണിച്ചു. അവര്‍ക്കാവശ്യമായ ഭക്ഷണവും സൗകര്യങ്ങളും കണ്ടെത്തി നല്കാനും ശ്രമിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ആവശ്യമായ സഹായം നല്കി.

എല്‍.എസ്.എസ്
സിസ്റ്റര്‍ എമിലി സെബാസ്റ്റ്യന്‍ എസ്.എ.ബി.എസ് ജോലി ചെയ്തിരുന്ന വെള്ളരിക്കുണ്ട്, ചെമ്പേരി, കിളിയന്തറ സ്‌കൂളുകളില്‍ എല്‍.എസ്.എസ് യൂണിറ്റ് സ്ഥാപിച്ച് കിട്ടാന്‍ ഏറെ പരിശ്രമിച്ചു. 2004 മുതല്‍ 2008 വരെ വെള്ളരിക്കുണ്ട് ഹയര്‍സെക്കന്ററി സ്‌കൂളില്‍ മികച്ച പ്രോഗ്രാം ഓഫീസറായി എല്‍.എസ്.എസ് പ്രവര്‍ത്തനം ആരംഭിച്ചു. 2004 ലും 2006 ലും ജില്ലാ തലത്തില്‍ മികച്ച പ്രോഗ്രാം ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ടതോടൊപ്പം ഡല്‍ഹിയിലെ റിപ്പബ്ലിക് പരേഡില്‍ യൂണിറ്റിലെ കുട്ടികളോടൊപ്പം പങ്കെടുക്കുവാനും അവസരം ലഭിച്ചു. 2006-ല്‍ സംസ്ഥാന തലത്തില്‍ മികച്ച രണ്ടാമത്തെ പ്രോഗ്രാം ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ടു. പ്രിന്‍സിപ്പലായി ചുമതലയേറ്റപ്പോഴും എല്‍.എസ്.എസ് ജീവിതത്തിന്റെ ഭാഗമായി മാറ്റി.

ആധ്യാത്മിക മേഖല
അക്കാദമിക് നേട്ടങ്ങള്‍ക്കൊപ്പം കുട്ടികളുടെ ആത്മീയ വളര്‍ച്ചയ്ക്ക് നിസീമമായ പങ്ക് വഹിക്കുന്നു. സന്മാര്‍ഗ്ഗപഠനം, വേദപാഠം എന്നിവ ക്രമമായി നടപ്പാക്കുന്നു. മുസ്ലീം കുട്ടികളെ വെള്ളിയാഴ്ചകളില്‍ വാഹനം സജ്ജമാക്കി നിസ്‌കാരത്തിന് സൗകര്യം ചെയ്തുകൊടുക്കുന്നു. ആദ്യവെള്ളിയാഴ്ചകളില്‍ ക്രിസ്ത്യന്‍ കുട്ടികള്‍ക്കായി കുര്‍ബാനയ്ക്കും കുമ്പസാരത്തിനും സൗകര്യം ഒരുക്കുന്നു. കൂടാതെ ഒക്‌ടോബറില്‍ നടക്കുന്ന ജപമാല സമര്‍പ്പണത്തില്‍ എല്ലാ കുട്ടികള്‍ക്കും പങ്കെടുക്കാന്‍ അവസരം അനുവദിക്കുകയും ക്രിസ്ത്യന്‍ കുട്ടികള്‍ക്ക് ജപമാല ഭക്തി വര്‍ദ്ധിപ്പിക്കുന്നതിനായി സ്വന്തമായി ജപമാല നല്കുകയും ചെയ്യുന്നു. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാഒരുക്കമായി മാതാവിന്റെ മെഡല്‍ നല്‍കി മരിയഭക്തിയില്‍ വളര്‍ത്തുന്നതിന് സിസ്റ്റര്‍ പ്രത്യേകം താല്പര്യം കാണിക്കുന്നു.
സിസ്റ്ററിന്റെ നേതൃത്വത്തില്‍ ജീസസ് യൂത്ത് വിംഗിന്റെ സജീവ പ്രവര്‍ത്തനവും ഉണ്ട്.

ജീവകാരുണ്യ പ്രവര്‍ത്തനത്തിലും ശ്രദ്ധവയ്ക്കുന്നു. സ്‌കൂളിലെയും ഇടവകയിലെയും പാവങ്ങളെ കണ്ടെത്തി ചികിത്സാ സഹായം, പഠനസഹായം എന്നിവ നല്കുന്നു. കൂടാതെ സമീപപ്രദേശങ്ങളിലെ അഗതിമന്ദിരങ്ങളില്‍ വിദ്യാര്‍ത്ഥികളോടൊപ്പം പോയി അവര്‍ക്കാവശ്യമുള്ള സഹായങ്ങളും നല്‍കുന്നു.
പെണ്‍കുട്ടികള്‍ക്കും അമ്മമാര്‍ക്കും പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുകയും വ്യത്യസ്ഥ ഉത്തരവാദിത്വങ്ങളും തൊഴില്‍ മേഖലയും ഏറ്റെടുക്കുവാന്‍ പ്രാപ്തരാക്കുന്നതോടൊപ്പം ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സജീവമാക്കാന്‍ ശ്രമിക്കുന്നു.

ലഹരിക്കെതിരെ കുട്ടികളെ സംഘടിപ്പിച്ച് കോളനികളിലും ചെക്ക്‌പോസ്റ്റുകളിലും ലഘുലേഖകള്‍ വിതരണം ചെയ്യുകയും ലഹരി ഉപയോഗിക്കുന്ന കുട്ടികളെ വ്യക്തിപരമായി കണ്ട് അവര്‍ക്ക് കൗണ്‍സലിംഗിലൂടെ ലഹരിയില്‍ നിന്ന് മോചിപ്പിക്കുവാന്‍ തയാറാവുകയും ചെയ്യുന്നുണ്ട്. സ്‌കൂളില്‍ പഠിച്ചിരുന്നപ്പോള്‍ നാടകാഭിനയത്തില്‍ ബെസ്റ്റ് ആക്ടറും അത്‌ലറ്റിക്‌സില്‍ (ഓട്ടം) നൂറു മീറ്ററില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്ന സിസ്റ്റര്‍ 30 വയസിനു മേല്‍ പ്രായമുള്ള അധ്യാപകര്‍ക്കുവേണ്ടി നടത്തിയ 100 മീറ്റര്‍ ഓട്ടമത്സരത്തിലും ഒന്നാം സ്ഥാനം നേടി. വിദ്യാര്‍ത്ഥികള്‍ക്കും ആവശ്യമായ പരിശീലനം കലാ കായിക രംഗത്ത് നല്കി പല മേഖലകളിലും മികച്ച വിജയത്തിലെത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

സ്‌കൂളിലെ പൂന്തോട്ട നിര്‍മ്മാണം ശുചിത്വ പ്രവര്‍ത്തനം, മോട്ടിവേഷന്‍ ക്ലാസുകള്‍, പച്ചക്കറിത്തോട്ടം, ഔഷധത്തോട്ട നിര്‍മ്മാണം, പ്രവൃത്തിപരിചയമേള, കൃഷിരീതികള്‍ പരിചയപ്പെടുത്തല്‍, പ്രകൃതിസംരക്ഷണം, ലൈബ്രറി, മാഗസിന്‍ നിര്‍മ്മാണം തുടങ്ങിയവയ്‌ക്കെല്ലാം പ്രത്യേകം ശ്രദ്ധ നല്കുന്നു.
കേരളം കണ്ട ഏറ്റവും വലിയ പ്രളയദുരന്തത്തില്‍ സിസ്റ്ററിന്റെ ഇടപെടല്‍ എം.എല്‍.എ.യുടെ പ്രത്യേക പ്രശംസക്ക് പാത്രമായി. ഉരുള്‍പൊട്ടലുണ്ടായ കച്ചേരിക്കടവ് മേഖലയില്‍ ഓടിയെത്തുകയും അവരുടെ ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷണം, വസ്ത്രം എന്നിവ എത്തിക്കുന്നതില്‍ സിസ്റ്ററിന്റെ ശ്രദ്ധയും സേവനവും മഹത്തരമായിരുന്നു.

അജപാലന മേഖല
സിസ്റ്റര്‍ ജോലി ചെയ്ത എല്ലാ സ്ഥലങ്ങളിലും മതാധ്യാപികയായിട്ടുണ്ട്. കെ.സി.വൈ.എം കുന്നോത്ത് മേഖലാ ആനിമേറ്റര്‍, മിഷന്‍ലീഗ് ആനിമേറ്റര്‍, മാതൃവേദി ഇടവകാ കോ-ഓര്‍ഡിനേറ്റര്‍ എന്നീ മേഖലയില്‍ പ്രശംസനീയമായ പ്രവര്‍ത്തനം കാഴ്ചവച്ചു. മൂന്ന് വര്‍ഷം അഡോറേഷന്‍ കോണ്‍ഗ്രിഗേഷന്റെ പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലറായി സേവനം ചെയ്തു.

മാനേജുമെന്റുമായും പൊതുപ്രവര്‍ത്തകരുമായും പി.ടി.എ. യുമായും സഹപ്രവര്‍ത്തകരുമായും നല്ല ബന്ധം സ്ഥാപിച്ചെടുക്കാനും സിസ്റ്ററിന് കഴിഞ്ഞു.
വിദ്യാലയത്തിന്റെ ദൈംനംദിന പ്രവര്‍ത്തനത്തില്‍ മാനേജരുമായി ചര്‍ച്ച നടത്തി നിദ്ദേശങ്ങള്‍ സ്വീകരിച്ചിരുന്നു. സ്‌കൂളിന്റെ വികസന കാര്യങ്ങളില്‍ ജനപ്രതിനിധികളുമായി ഇടപെടല്‍ നടത്തി ആവശ്യമുള്ള ഫണ്ടും ലഭ്യമാക്കിയിരുന്നു.

സ്‌കൂളിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് സഹപ്രവര്‍ത്തകരുമായി ആലോചിക്കുകയും പല കാര്യങ്ങളിലും അവരുടെ സഹകരണം ഉറപ്പുവരുത്തുകയും ചെയ്തു.
അങ്ങനെ എല്ലാ കാര്യങ്ങളിലും സിസ്റ്ററിന്റെ സഹകരണത്തോടെയുള്ള പ്രവര്‍ത്തനവും ശ്രദ്ധേയമായ നേതൃത്വവും പല കാര്യങ്ങളിലും സഹപ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ഏകോപിപ്പിച്ചു. 26 വര്‍ഷത്തിലേറെയായി പ്രശംസനീയമായ പ്രവര്‍ത്തനം വിദ്യാലയത്തിനും കുട്ടികള്‍ക്കുമായി സമര്‍പ്പിച്ചതിനാണ് അവാര്‍ഡിന് അര്‍ഹയായത്.

വര്‍ഗീസ് മൂര്‍ക്കാട്ടില്‍

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?