Follow Us On

25

August

2019

Sunday

ഏറ്റവും വലിയ ബ്രേക്കിങ്ങ് ന്യൂസ്‌

ഏറ്റവും വലിയ  ബ്രേക്കിങ്ങ് ന്യൂസ്‌

ടെലവിഷന്‍ വാര്‍ത്താ ചാനലുകളുടെ ഈ കാലത്തെ ഒരു പ്രത്യേകതയാണ് ബ്രേക്കിങ്ങ് ന്യൂസുകള്‍. വളരെ പ്രധാനപ്പെട്ട വാര്‍ത്തകള്‍ എത്രയും പെട്ടെന്ന്, ഒരുപക്ഷേ മറ്റാരും റിപ്പോര്‍ട്ട് ചെയ്യുന്നതിനുമുമ്പ് അവതരിപ്പിക്കുക എന്നത് എല്ലാ റിപ്പോര്‍ട്ടര്‍മാര്‍ക്കും എല്ലാ ചാനലുകള്‍ക്കും വലിയ താല്‍പര്യം ഉള്ള കാര്യമാണ്. പക്ഷേ മിക്കവാറും ബ്രേക്കിങ്ങ് ന്യൂസുകള്‍ക്ക് അല്‍പായുസ് മാത്രമേ ഉള്ളൂ. അതു കഴിഞ്ഞാല്‍ പിന്നെ അത് ഒന്നുകില്‍ പഴയ വാര്‍ത്ത ആയി; അല്ലെങ്കില്‍ വാര്‍ത്തയേ അല്ലാതായി.

എന്നാല്‍ ലോകചരിത്രത്തില്‍ എല്ലാ കാലത്തും ബ്രേക്കിങ്ങ് ന്യൂസ് ആയി നില്‍ക്കുന്ന ചില വാര്‍ത്തകള്‍ ലോകത്ത് ഉണ്ടായിട്ടുണ്ട്. കാരണം അതുപോലെയുള്ള വാര്‍ത്തകള്‍ അതുമാത്രമേ ഉള്ളൂ; വേറെ ഇല്ല. വളരെ പ്രധാനപ്പെട്ട ചില ബ്രേക്കിങ്ങ് ന്യൂസുകള്‍ ലോകത്തില്‍ സംഭവിച്ചവ ഇതാണ്:
ഒന്ന്, മനുഷ്യന്റെ പാപവും പറുദീസയില്‍നിന്നുള്ള പുറത്താക്കലും. രണ്ട്, മംഗളവാര്‍ത്ത. മൂന്ന് യേശുവിന്റെ കാലിത്തൊഴുത്തിലെ ജനനം. നാല്, യേശുവിന്റെ മരണം. അഞ്ച്, യേശുവിന്റെ പുനരുത്ഥാനം. ആറ്, യേശുവിന്റെ സ്വര്‍ഗാരോഹണം. ഏഴ്, പന്തക്കുസ്താദിനം.

ലോകചരിത്രത്തെയും മനുഷ്യന്റെ ഭാവിയെയും ഏറ്റവും കൂടുതല്‍ സ്വാധീനിച്ച സംഭവങ്ങളാണ് മേല്‍ വിവരിച്ചവ. അതിനാല്‍ അവയാണ് ലോകചരിത്രത്തിലെ ഏറ്റവും വലിയ ബ്രേക്കിങ്ങ് ന്യൂസുകള്‍. ആദത്തിന്റെ കാലത്താണ് ഒന്നാമത്തെ ബ്രേക്കിങ്ങ് ന്യൂസ്. അവസാനത്തെ ബ്രേക്കിങ്ങ് ന്യൂസിന് ആധാരമായ സംഭവം നടന്നിട്ട് രണ്ടായിരം വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇത്രയും കാലമായിട്ടും ഈ വാര്‍ത്തകളുടെ വാര്‍ത്താമൂല്യം നഷ്ടപ്പെട്ടിട്ടില്ല. കത്തോലിക്കാ സഭയില്‍ ഓരോ ദിവസവും ഓരോ ദിവ്യബലിയിലും ഈ വാര്‍ത്തകള്‍ വീണ്ടും വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ക്രിസ്മസ്, ദുഃഖവെള്ളി, ഉയിര്‍പ്പു ഞായര്‍, പന്തക്കുസ്ത തിരുനാള്‍ എന്നീ ദിവസങ്ങളില്‍ ഈ വാര്‍ത്തകള്‍ വലിയ പ്രാധാന്യത്തോടെ സഭ ലോകത്തോട് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

വലിയ ആഴ്ചയില്‍ ക്രിസ്ത്യാനികള്‍ ചില പ്രധാന വാര്‍ത്തകള്‍ വീണ്ടും ഓര്‍ക്കുകയാണ്. യേശുവിന്റെ ഓശാനയാത്ര, വിശുദ്ധ കുര്‍ബാനയുടെയും പൗരോഹിത്യത്തിന്റെയും സഥാപനം, യേശുവിന്റെ മരണം, പുനരുത്ഥാനം എന്നിവയാണ് അവ. വിശുദ്ധ വാരത്തിലൂടെ നാം കടന്നുപോകുന്ന ദിവസങ്ങളില്‍ത്തന്നെ ഈ ലക്കം സണ്‍ഡേശാലോം മിക്കവരുടെയും കൈകളില്‍ എത്തും. അതിനാല്‍ ഈ വിശുദ്ധ ദിവസങ്ങളില്‍ താഴെ പറയുന്ന കാര്യങ്ങള്‍ക്കുവേണ്ടി നമുക്ക് പ്രത്യേകം പ്രാര്‍ത്ഥിക്കാം.

ഒന്ന്, കത്തോലിക്കാ സഭയ്ക്കുവേണ്ടി നാം കൂടുതല്‍ പ്രാര്‍ത്ഥിക്കണം.
രണ്ട്, പുരോഹിതര്‍ക്കും സമര്‍പ്പിതര്‍ക്കുംവേണ്ടി നാം പ്രാര്‍ത്ഥിക്കണം.
മൂന്ന്, വിശ്വാസം ക്ഷയിക്കുകയും നഷ്ടപ്പെടുകയും ചെയ്യുന്ന സ്ഥിതിവിശേഷങ്ങള്‍ ഉണ്ട്. അതിനാല്‍ യേശുവിന്റെ സഹന-മരണങ്ങളുടെ ഫലം അനേകര്‍ക്ക് കിട്ടാതെ വരുമോ എന്ന് നമ്മള്‍ ശങ്കിക്കണം. നമ്മള്‍ കൂടുതല്‍ പ്രാര്‍ത്ഥിക്കേണ്ട മേഖലയാണിത്. സഭയെ അകത്തുനിന്നും പുറത്തുനിന്നും സാത്താന്‍ കൂടുതലായി ആക്രമിക്കുന്ന സമയമാണിത്.

പ്രാര്‍ത്ഥനയിലൂടെ സാത്താനെ പരാജയപ്പെടുത്തണം. പരമാവധി ആളുകള്‍ രക്ഷിക്കപ്പെട്ട് സ്വര്‍ഗത്തില്‍ എത്തണം. യേശു ഉത്ഥാനം ചെയ്ത രാത്രിയില്‍പോലും ആശയക്കുഴപ്പങ്ങളും സംശയങ്ങളും ഉണ്ടായി. ഉത്ഥിതനായ യേശുവിനെ മഗ്ദലനമറിയം തിരിച്ചറിഞ്ഞില്ല. തോട്ടക്കാരന്‍ ആണെന്ന് വിചാരിച്ചു. യേശുവിന്റെ മൃതശരീരം കാണാതെ ആയപ്പോള്‍ തോട്ടക്കാരന്‍ എടുത്തുകൊണ്ടുപോയതാണ് എന്ന് തെറ്റിദ്ധരിച്ചു (യോഹ. 20:15). യേശു ഉത്ഥാനം ചെയ്ത വിവരം അറിയിച്ചപ്പോള്‍ അപ്പസ്‌തോലന്മാരും ആദ്യം വിശ്വസിച്ചില്ല. അത് കൊട്ടുകഥയാണ് എന്നാണവര്‍ക്ക് തോന്നിയത് (ലൂക്കാ 24:11). തോമാശ്ലീഹാ ആദ്യം വിശ്വസിക്കാതിരുന്നതായും നാം മനസിലാക്കുന്നു (യോഹ. 20:25).

എന്നാല്‍ പന്തക്കുസ്താ സംഭവത്തിനുശേഷം ഇവരുടെയെല്ലാം സംശയങ്ങള്‍ മാറി; ബോധ്യങ്ങളില്‍ അവര്‍ക്ക് ഉറപ്പു കിട്ടി. യേശുവിന്റെ പുനരുത്ഥാനത്തിന് സാക്ഷികളായി അവര്‍ പ്രസംഗിച്ചു നടന്നു. യേശുവിനുവേണ്ടി അവര്‍ സഹിച്ചു; രക്തസാക്ഷികളായി മരിച്ചു. ഈ കാലഘട്ടത്തിലും ഈ ആത്മീയ സത്യങ്ങള്‍ വിശ്വസിക്കാന്‍ കഴിയാത്ത ക്രിസ്ത്യാനികള്‍ത്തന്നെയുണ്ട്. യുക്തിയും വിശ്വാസവും തമ്മില്‍ അവരില്‍ ഏറ്റുമുട്ടുമ്പോള്‍ യുക്തി ജയിക്കുന്നു. തല്‍ഫലമായി പലര്‍ക്കും വിശ്വാസം ക്ഷയിക്കുകയോ മന്ദീഭവിക്കുകയോ ചെയ്യുന്നു.

എന്നാല്‍ അതേസമയം വിശ്വാസത്തില്‍ വളരെയധികം ആഴപ്പെടുകയും വളരുകയും ചെയ്യുന്നവരെയും നാം കാണുന്നു. തീക്ഷ്ണതയോടെ സുവിശേഷത്തിന് സാക്ഷ്യം വഹിക്കുന്നവരെയും സുവിശേഷവേല ചെയ്യുന്നവരെയും നാം കാണുന്നു. വലിയ തീക്ഷ്ണതയോടെയും ത്യാഗത്തോടെയും ഈസ്റ്ററിനുവേണ്ടി ഒരുങ്ങിയ കുടുംബങ്ങളെയും വ്യക്തികളെയും നമ്മള്‍ കാണുന്നു. കഴിയുന്നിടത്തോളം ദിവസങ്ങളില്‍ ദിവ്യബലിയില്‍ പങ്കെടുത്ത് ദിവ്യകാരുണ്യം സ്വീകരിച്ചവര്‍, ഭക്ഷണം ത്യജിച്ചവര്‍, മത്സ്യമാംസങ്ങള്‍ ഉപേക്ഷിച്ചവര്‍, ഉപവാസം അനുഷ്ഠിച്ചവര്‍, കൂടുതല്‍ പരോപകാരങ്ങളും ദാനധര്‍മങ്ങളും ചെയ്തവര്‍, കൂടുതല്‍ പ്രാര്‍ത്ഥിച്ചവര്‍ എന്നിങ്ങനെ നിരവധിപേര്‍.

അവര്‍ക്കെല്ലാം ഈ വിശുദ്ധവാരവും ഈസ്റ്ററും വലിയ ആത്മീയ സന്തോഷവും സമാധാനവും നല്‍കുന്നു. എന്നാല്‍ തികച്ചും ലോകത്തിന്റെ വഴികളിലൂടെ പോയവര്‍ക്ക് ഈസ്റ്റര്‍ ദിവസങ്ങളില്‍ പ്രത്യേക ആത്മീയ സന്തോഷമൊന്നും ലഭിക്കുന്നുമില്ല. യേശു ഉത്ഥാനം ചെയ്തു. സകല മനുഷ്യരെയും യേശു ഉയിര്‍പ്പിക്കും. എന്നും എല്ലാവരോടും പറയേണ്ട ഏറ്റവും വലിയൊരു ബ്രേക്കിങ്ങ് ന്യൂസ് ആണ് ഇത്. ഈ വാര്‍ത്ത പറ്റുന്നിടത്തോളം മനുഷ്യരില്‍ എത്തണം.

എല്ലാ വായനക്കാര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍! നിങ്ങളെയും നിങ്ങളുടെ കുടുംബങ്ങളെയും യേശു അനുഗ്രഹിക്കട്ടെ! ഉത്ഥിതനായ യേശു സമാധാനം ആശംസിച്ചുകൊണ്ടാണ് പ്രത്യക്ഷപ്പെട്ടത്. നിങ്ങള്‍ക്കും യേശു സമാധാനം ആശംസിക്കുകയും സമാധാനം തരുകയും ചെയ്യട്ടെ!

ഫാ. ജോസഫ് വയലില്‍ CMI

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?