Follow Us On

25

August

2019

Sunday

മുക്കുവനെ മീന്‍പിടുത്തം പഠിപ്പിക്കുന്ന ആശാരി

മുക്കുവനെ മീന്‍പിടുത്തം  പഠിപ്പിക്കുന്ന ആശാരി

യേശുവിന്റെ പുനരുത്ഥാനം കഴിഞ്ഞു. യേശു ശിഷ്യര്‍ക്ക് പ്രത്യക്ഷപ്പെട്ടു. പിന്നീട് നടന്ന ഒരു സംഭവം ഇങ്ങനെയാണ്: ഏഴ് ശിഷ്യര്‍ ഒരിക്കല്‍ ഒന്നിച്ചിരിക്കുകയായിരുന്നു. അവരില്‍ മൂന്നുപേരുടെ പേരുകള്‍ കൃത്യമായി പറയുന്നുണ്ട്. പത്രോസ്, തോമസ്, നത്താനിയേല്‍ എന്നിവരായിരുന്നു അവര്‍. വേറെ രണ്ടുപേരെ നമുക്ക് ഊഹിച്ചെടുക്കാം. സെബദീപുത്രന്മാരായ യാക്കോബും യോഹന്നാനും. മറ്റു രണ്ടുപേരുടെ പേരുകള്‍ പറയുന്നില്ല. ഗലീലി തടാകത്തിന്റെ തീരത്ത്, തിബേരിയാസ് ഭാഗത്തായിരുന്നു അവര്‍.

അവര്‍ അങ്ങനെ ഇരിക്കേ പത്രോസ് മറ്റുള്ളവരോട് പറഞ്ഞു: ”ഞാന്‍ മീന്‍ പിടിക്കുവാന്‍ പോകുകയാണ്.” കേട്ടയുടന്‍ മറ്റുള്ളവര്‍ പറഞ്ഞു: ”ഞങ്ങളും കൂടെ വരികയാണ്.” അങ്ങനെ അവര്‍ എല്ലാവരുംകൂടി അന്ന് രാത്രിയില്‍ മീന്‍ പിടിക്കുവാനായി ഗലീലി തടാകത്തിലേക്ക് പോയി. പത്രോസ് തൊഴിലുകൊണ്ട് മുക്കുവന്‍ ആയിരുന്നു. ഗലീലി തടാകമായിരുന്നു അവരുടെ മീന്‍പിടുത്ത കേന്ദ്രം. അതിനാല്‍ പത്രോസിനും മറ്റ് ഗലീലി തടാകത്തിലെ മീന്‍പിടുത്തത്തിന്റെ എല്ലാ പ്രായോഗിക പരിജ്ഞാനവും ഉണ്ടായിരുന്നു. പക്ഷേ അന്ന് രാത്രി മുഴുവന്‍ അധ്വാനിച്ചിട്ടും അവര്‍ക്ക് ഒന്നും കിട്ടിയില്ല. അതിനുകാരണം ഒരുപക്ഷേ ഇതാകാം.

മീന്‍പിടുത്തം ഉപേക്ഷിച്ച് സുവിശേഷശുശ്രൂഷ ചെയ്യുവാനാണ് യേശു അവരെ വിളിച്ചത്. അതിനാല്‍ ഉപേക്ഷിച്ച ജോലിയിലേക്ക് വീണ്ടും പോയപ്പോള്‍ അവിടെ ദൈവാനുഗ്രഹം കിട്ടിയില്ല. മനുഷ്യന്റെ പ്രയത്‌നത്തെ ദൈവം അനുഗ്രഹിക്കുമ്പോഴാണല്ലോ വിജയം ഉണ്ടാകുന്നത്. ആ ദൈവാനുഗ്രഹം ഒരുപക്ഷേ അന്ന് രാത്രി അവരോടുകൂടി ഉണ്ടായിരുന്നില്ല. നമ്മുടെ പല പരിശ്രമങ്ങളും പരാജയപ്പെടുന്നത് ദൈവാനുഗ്രഹത്തിന്റെ കുറവുകൊണ്ടാകാം. അതേസമയം അവര്‍ മറ്റൊരു ജോലി ചെയ്യുവാന്‍ ആയിരിക്കും ദൈവം ആഗ്രഹിക്കുന്നത്.

ദൈവം ആഗ്രഹിക്കുന്ന ജോലി ചെയ്യാന്‍ ഇഷ്ടമില്ലാത്തതുകൊണ്ട് മറ്റൊരു ജോലി ചെയ്യുന്നതാകാം. രാത്രി മുഴുവനും അധ്വാനിച്ചിട്ടും മീന്‍ ഒന്നും കിട്ടാതെ അവര്‍ സങ്കടപ്പെട്ടിരിക്കുമ്പോള്‍ അവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട്, മീന്‍ കിട്ടിയില്ലേ എന്ന് ചോദിക്കുന്നു. കിട്ടിയില്ല എന്നവര്‍ മറുപടി പറയുന്നു. അപ്പോഴും അത് യേശുവാണെന്ന് അവര്‍ അറിയുന്നില്ല. വള്ളത്തിന്റെ വലതുഭാഗത്ത് വീണ്ടും വല വീശുവാന്‍ യേശു നിര്‍ദേശിച്ചു. പറഞ്ഞത് യേശുവാണെന്ന് അറിയാതിരുന്നിട്ടും അവര്‍ അനുസരിച്ചു.

തച്ചന്റെ മകനായ മറ്റൊരു തച്ചന്‍ അനേക വര്‍ഷങ്ങള്‍ ഗലീലി തടാകത്തില്‍ മീന്‍പിടിച്ച് പരിചയമുള്ള മുക്കുവനോട് പറയുകയാണ്: ‘വലതുവശത്ത് വല വീശുക.’ മത്സ്യബന്ധന കാര്യത്തില്‍ ആശാരിയെക്കാള്‍ എത്രയോ അധികം അനുഭവജ്ഞാനമുള്ള ആളാണ് മുക്കുവന്‍! എന്നിട്ടും ഇവിടെ തച്ചന്‍ മുക്കുവന് മീന്‍ കിട്ടാനുള്ള വഴി പറഞ്ഞുകൊടുക്കുന്നു. മുക്കുവന്‍ അതനുസരിക്കുന്നു, വലയിടുന്നു. ധാരാളം മീന്‍ കിട്ടുന്നു. ഇതിനുശേഷമാണ് ഈ തച്ചന്‍ യേശുക്രിസ്തുവാണെന്ന് പത്രോസും കൂട്ടരും മനസിലാക്കിയത്.

വലതുവശത്ത് വല വീശാന്‍ പറഞ്ഞത് യേശുവാണെന്ന് തിരിച്ചറിയാതിരുന്നിട്ടും പത്രോസ് അനുസരിച്ചു. ധാരാളം മീന്‍ കിട്ടി. എത്ര അറിവും വിദ്യാഭ്യാസവും ലോകപരിചയവും മറ്റുമുള്ള നമ്മെ ചില കാര്യങ്ങള്‍ പഠിപ്പിക്കുവാനും വഴിനടത്തുവാനും ചില പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാനും ചില വിജയമാര്‍ഗങ്ങള്‍ കണ്ടെത്തുവാന്‍ സഹായിക്കാനുമൊക്കെ, നമ്മളെക്കാള്‍ ചെറിയവരെന്നും അറിവ് കുറഞ്ഞവര്‍ എന്നും നമ്മള്‍ കരുതുന്നവര്‍ക്കും ചിലപ്പോള്‍ സാധിക്കും.

അതിനാല്‍ നമുക്ക് അഹങ്കാരം വേണ്ട. നമ്മുടെ അഹങ്കാരം, മറ്റുള്ളവരോട് അഭിപ്രായം ചോദിക്കാനുള്ള വിനയം ഇല്ലായ്മ, മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കുവാനുള്ള ജ്ഞാനം നമുക്ക് ഇല്ലാത്തതുകൊണ്ട് നമുക്ക് പല പരാജയങ്ങളും ഉണ്ടാകുന്നു; പല മണ്ടത്തരങ്ങളും സംഭവിക്കുന്നു. ഏറ്റവും പ്രധാനം നമ്മെ നയിക്കുവാനുള്ള ദൈവത്തിന്റെ ശക്തിയും മനസുമാണ്. ദൈവം നയിക്കുവാന്‍ നമ്മള്‍ വിട്ടുകൊടുത്താല്‍ പല പ്രശ്‌നങ്ങളും ഉണ്ടാവുകയില്ല; പല വിജയങ്ങളും ഉണ്ടാകും.

ദൈവഹിതത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ച അവരെ യേശു കുറ്റപ്പെടുത്തുകയല്ല, സഹായിക്കുകയാണ്. മത്സ്യബന്ധനം സാധ്യമാക്കിക്കൊണ്ടും പ്രഭാതഭക്ഷണമൊരുക്കി സല്‍ക്കരിച്ചുകൊണ്ടും. അത് അവരുടെ ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ടാകും. തുടര്‍ന്ന് യേശു സുവിശേഷജോലിക്കുവേണ്ടി അവരെ കൂടുതലായി ഒരുക്കുന്നത് നാം കാണുന്നു.

വഴിതെറ്റിപ്പോകുന്നവരോട് നമുക്ക് സ്വീകരിക്കാവുന്ന സമീപനം യേശു ഇവിടെ പ്രകടമാക്കുന്നുണ്ട്. അവരെ വഴക്കു പറയുകയും തള്ളിക്കളയുകയും അല്ല. അവരുടെ തെറ്റുകൊണ്ടാണെങ്കില്‍പോലും അവര്‍ ചെന്നുപെട്ട പ്രതിസന്ധിയില്‍ യേശു അവരോടൊപ്പം നിന്നു. അവരെ സഹായിച്ചു. അവര്‍ക്ക് ഭക്ഷണം ഉണ്ടാക്കി. ഒന്നിച്ചിരുന്ന് ഭക്ഷിച്ചു. അതുവഴി അവരുടെ ഹൃദയങ്ങളെ, ചിന്തകളെ അവന്‍ തനിക്ക് അനുകൂലമാക്കി.

തെറ്റ് ചെയ്യുന്നവരോടും മണ്ടത്തരം കാണിക്കുന്നവരോടും പാര വയ്ക്കുന്നവരോടും നമുക്ക് സ്വീകരിക്കാവുന്ന സമീപനം യേശു കാണിച്ചുതരുന്നു. അവരെ അനുകൂലമാക്കാവുന്ന മോഡല്‍ പെരുമാറ്റരീതി യേശു കാണിച്ചുതരുന്നു. ഈ രീതി സ്വീകരിക്കുവാന്‍ പറ്റുകയാണെങ്കില്‍ ഒത്തിരിപേരെ നേടാം; ഒത്തിരിപേരെ ശത്രുക്കള്‍ ആക്കാതിരിക്കാം, ഒത്തിരിപേരുടെ ജീവിതങ്ങളെ കൂടുതല്‍ കൃപയുള്ളതാക്കി മാറ്റാം.

അവഗണിക്കുക, തള്ളിക്കളയുക, ഉപേക്ഷിക്കുക തുടങ്ങിയ രീതികള്‍ക്ക് പകരം കൂടുതല്‍ കരുതലും സ്‌നേഹവും കാണിച്ചും ആവശ്യനേരത്ത് സഹായിച്ചും അനേകരെ നേടുവാനും അനേകരെ കൂടുതല്‍ കൃപയുള്ളവരും നന്മയുള്ളവരും ആക്കി മാറ്റുവാനും നമുക്ക് കഴിയും. തീരുമാനങ്ങള്‍ എടുക്കുന്നതിനുമുമ്പ് ദൈവത്തോട് ആലോചന ചോദിക്കുന്ന ഒരു രീതി നമ്മള്‍ പ്രാവര്‍ത്തികമാക്കിയാല്‍ അതും നമുക്ക് ഉപകാരപ്പെടും. പ്രതിസന്ധികളില്‍ എന്തു ചെയ്യണം എന്ന് അപ്പോള്‍ യേശു നമുക്ക് പറഞ്ഞുതരും.

ഫാ. ജോസഫ് വയലില്‍ CMI

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?