Follow Us On

28

March

2024

Thursday

എല്ലാം ദൈവം നല്‍കിയത്…

എല്ലാം ദൈവം നല്‍കിയത്…

അറുപത്തൊന്നാമത്തെ വയസില്‍ പെട്ടെന്നൊരു ചിന്ത. ദൈവമാണ് ഈ പ്രായത്തില്‍ ഇത് ഓര്‍മിപ്പിച്ചതെന്ന് തീര്‍ച്ച. കാരണം അതുവരെ കൃഷിയെക്കുറിച്ച് കൂടുതലൊന്നും അറിയാമായിരുന്നില്ല. 35 വര്‍ഷത്തോളം ഇലക്ട്രിക്കല്‍, പ്ലംബിങ് ജോലികളില്‍ മുഴുകിയ ഒരു വ്യക്തിയായിരുന്നു ഞാന്‍. അതുകൊണ്ട് എന്തുകൃഷി ചെയ്യണം എങ്ങനെ ചെയ്യണം എന്നൊന്നും ചിന്തിച്ചിരുന്നില്ല. പക്ഷേ ഒരു വെളിപാട് പോലെ ഈ ചിന്തയുണര്‍ന്നപ്പോള്‍ പിന്നെ താമസിച്ചില്ല. മഞ്ചേരി ആനക്കയത്തുള്ള കൃഷിഫാമിലേക്ക് പോയി.

50 പാഷന്‍ഫ്രൂട്ട് തൈകള്‍ കൊണ്ടുവന്നു. നട്ടതെല്ലാം വളര്‍ന്നു കായ്ച്ചു. ഒരുമാസം കിട്ടിയത് 300 കിലോയോളം പഴങ്ങള്‍. ഇതില്‍ നിന്നുണ്ടാക്കിയ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ വിപണിയിലേക്ക് കൊണ്ടുപോയി. മാര്‍ക്കറ്റിലവ ചൂടപ്പം പോലെ വിറ്റഴിക്കപ്പെട്ടു. ചെലവ് കഴിച്ച് ഒരു മാസം 40,000 രൂപയോളം കയ്യില്‍..!

അതുകൊണ്ടാവാം കഴിഞ്ഞ രണ്ട് വര്‍ഷമായി കൃഷിയാണ് മനസിന് ഹരം. കൃഷിയോടുള്ള ഈ ഇഷ്ടം ദൈവം നല്‍കിയതാണെന്ന് ഞാനെവിടെയും പറയും. റബര്‍തോട്ടത്തില്‍ ഇടവിളയായി പാഷന്‍ഫ്രൂട്ട് തൈകള്‍ നടാന്‍ തീരുമാനിച്ചത് ഒരു പരീക്ഷണമായിരുന്നു. വിലയിടിയുന്ന റബറിനിടയില്‍ “ഇവന്‍’വളര്‍ന്ന് ഒരാശ്വാസമായാലോ എന്ന പ്രതീക്ഷയും ഒപ്പമുണ്ടായിരുന്നു.

വയനാട്ടിലെ അമ്പലവയല്‍ കാര്‍ഷിക ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്ത കാവേരി എന്ന ഇനത്തില്‍പ്പെട്ട തൈകളാണ് വാങ്ങി നട്ടത്. പത്തടി അകലത്തില്‍ 50 തൈകള്‍ വച്ചു. പാഷന്‍ഫ്രൂട്ട് പടര്‍ത്താനുള്ള പ്ലാസ്റ്റിക് വള്ളികളും വലയും റബര്‍ മരത്തിലേക്ക് തന്നെ വലിച്ചുകെട്ടി. മരങ്ങളില്‍ നിന്ന് മരങ്ങളിലേക്ക് വലിച്ച പ്ലാസ്റ്റിക്ക് കയറിലാണ് നെറ്റ് ഉറപ്പിച്ചത്. ഇതെല്ലാം ചെലവു കുറച്ചു. ചാണകം, കോഴിക്കാഷ്ഠം തുടങ്ങിയവയാണ് അടിവളം. തോട്ടത്തിലെ കരിയില കൊണ്ട് നന്നായി പുതയിട്ടു. തുള്ളിനനയും നല്‍കി. പൂര്‍ണമായും ജൈവകൃഷി.

പൂവ് പിടിക്കുന്നതിനും പച്ചപ്പ് നിലനില്‍ക്കുന്നതിനുമായി മത്തി ശര്‍ക്കര, പാല്‍ക്കായം, തൈര് മിശ്രിതം, കോഴിമുട്ട-നാരങ്ങാനീര് മിശ്രിതം എന്നിവയാണ് ഉപയോഗിച്ചത്. കീടബാധ ഒട്ടുമില്ല. തോട്ടത്തില്‍ കുഴിയെടുക്കുന്നതു കണ്ടപ്പോള്‍ കൂട്ടുകാരും നാട്ടുകാരുമെല്ലാം ശരിക്കും കളിയാക്കി. ഭ്രാന്താണ് എന്നു പറഞ്ഞവരുമുണ്ട്. തൈ നട്ട് എഴാം മാസം പൂക്കള്‍ വന്നപ്പോഴാണ് ശ്വാസം നേരെ വീണത്. 50 തൈകളും നന്നായി വളര്‍ന്നു വന്നു. 70-75 ദിവസങ്ങള്‍ ആകുമ്പോഴേക്കും കായ് പാകമാകും.

120 മുതല്‍ 170 ഗ്രാം വരെ തൂക്കമുള്ള പഴങ്ങളാണ് ലഭിക്കുന്നത്. ഒരു മാസം ശരാശരി 300 കിലോയോളം. പൊതുവിപണിയില്‍ കിലോയ്ക്ക് 180-200 രൂപ വിലയുണ്ട്. പക്ഷേ കര്‍ഷകന് 50 രൂപയേകിട്ടൂ. അതുകൊണ്ട് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമമായി പിന്നീട്.  ഇവ ഓര്‍ഗാനിക്ക് ഫാം പ്രൊഡക്ട്‌സ്എന്ന പേരില്‍ പാഷന്‍ഫ്രൂട്ട് സ്‌ക്വാഷ്, സിറപ്പ്, ജാം, സിപ്അപ്, ഫ്രൂട്ടിന്റെ തോട് ഉപയോഗിച്ചുള്ള അച്ചാര്‍, ചമ്മന്തി, കാന്താരി-പാഷന്‍ഫ്രൂട്ട് മിക്‌സ് എന്നിവയെല്ലാമാക്കി വിപണിയിലെത്തിക്കുകയാണ് ഇപ്പോള്‍.

കാറ്ററിങ് ഗ്രൂപ്പുകള്‍. ഫാമുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, സ്‌കൂള്‍-കോളജ് അടക്കമുള്ള സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലൊക്കെ ആവശ്യക്കാര്‍ ഏറെ. പരിയാപുരത്ത വീട്ടില്‍ തന്നെയാണ് സര്‍ക്കാര്‍ ലൈസന്‍സോടെയുള്ള പ്രൊസസിങ് യൂണിറ്റ്. പാഷന്‍ഫ്രൂട്ടിന് നല്‍കുന്ന പരിചരണം റബറിനും ഗുണപ്രദം. വളവും നനയുമെല്ലാം മുറപോലെ കിട്ടുന്നതുകൊണ്ട് റബര്‍ കൃഷിയും മെച്ചപ്പെടും. മഞ്ഞള്‍, കാന്താരി തുടങ്ങിയവയും പാഷന്‍ ഫ്രൂട്ട് പന്തലിനടിയില്‍ കൃഷി ചെയ്യുന്നുണ്ട്. വയനാട്ടിലെ ഒരു കര്‍ഷകനില്‍ നിന്നുമാണ് അഞ്ചുകിലോ കസ്തൂരിമഞ്ഞളിന്റെ വിത്ത് ലഭിച്ചത്.

350 കുഴികളില്‍ നട്ടു. ഒരു കുഴിയില്‍ നിന്നും 600-700 ഗ്രാം വരെ വിളവ് ലഭിച്ചു.  കൃഷി വിപുലമാക്കണം. യന്ത്രസാമഗ്രികള്‍ പലതും വാങ്ങണം. പുതിയ സംസ്‌കരണശാല സജ്ജമാക്കണം. അടുത്ത സീസണില്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കാനായി ഔട്ട്‌ലെറ്റ് തുടങ്ങണം. ഇടനിലക്കാരില്ലാതെ ന്യായവിലയ്ക്ക് സാധനങ്ങള്‍ നല്‍കണം. മറ്റു കൃഷിക്കാരില്‍ നിന്ന് പാഷന്‍ ഫ്രൂട്ട് ശേഖരിച്ച് കൂടുതല്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ തയ്യാറാക്കണം. കൃഷിരീതികളെക്കുറിച്ച് കൂടുതല്‍ പഠിക്കണം ഇതൊക്കെയാണ് പ്രതീക്ഷകളും സ്വപ്നങ്ങളും…

കിഴക്കേമുക്ക് ജോസ്
(കര്‍ഷകന്‍)

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?