Follow Us On

28

March

2024

Thursday

സഭ എന്തിന് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നു

സഭ എന്തിന് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നു

ആധുനിക സാമൂഹ്യ വ്യവസ്ഥിതിയില്‍ വാഴ്ത്തപ്പെടുന്ന ബിംബമാണ് സോഷ്യല്‍ മീഡിയാ. അതിവേഗത്തിലും ബഹുദൂരത്തിലും ആശയവിനിമയം നടത്തുവാന്‍ സോഷ്യല്‍ മീഡിയ ആധുനിക മനുഷ്യനെ പ്രാപ്തനാക്കുന്നു. മനുഷ്യരുടെ ആശയ വിനിമയ ചരിത്രമെടുത്തുനോക്കിയാല്‍ ആശയപ്രകാശനത്തിന് ആധുനികതലമുറആര്‍ജ്ജിച്ചിരിക്കുന്ന കഴിവ് മുമ്പ് ഒരിക്കലും ഉണ്ടായിരുന്നതായി കാണുവാന്‍ കഴിയുകയില്ല.

ഇന്ന് എല്ലാ മാധ്യമങ്ങളെയും ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവരുവാന്‍ കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് പോലെയുള്ള മീഡിയാകള്‍ക്ക് കഴിയുന്നു. ഗൂഗിളും, ഫേസ്ബുക്കും, വാട്‌സ്ആപ്പും, ട്വിറ്ററുമൊക്കെ അറിയുവാനുള്ള അവകാശത്തിന്റെ അമൂര്‍ത്തമായ ഇടങ്ങളായി കണക്കാക്കപ്പെടുന്നു. സഭാകാര്യങ്ങളെക്കുറിച്ച് ഇന്ന് വിശ്വാസികളും പൊതുജനങ്ങളും ഏറെയും മനസ്സിലാക്കുന്നത് ആധുനിക സോഷ്യല്‍മീഡിയകളിലൂടെയാണ്.

ഇവ നല്കുന്ന പരിശ്രമമില്ലാത്ത വിവര ലഭ്യതകളും അഭിപ്രായ സൂചനകളും കത്തോലിക്കാ സഭയെ പൊതുസമൂഹം വിലയിരുത്തുന്നതില്‍ നിര്‍ണ്ണായകപങ്കു വഹിക്കുന്നു. അടിസ്ഥാനപരമായി, സഭയുടെ സന്ദേശമെന്നത് ക്രിസ്തുവിന്റെ സുവിശേഷം തന്നെയാണ്. ഭൂതകാലത്തിന്റെതുടര്‍ച്ചയുള്ള ഈ പ്രഘോഷണദൗത്യത്തിന് സഭ എപ്പോഴും പ്രാധാന്യം കല്പിക്കുന്നു.

എന്നാല്‍, പല മുഖ്യധാരമാധ്യമങ്ങള്‍ക്കും സഭയുടെ കാഴ്ചപ്പാടുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ യാതൊരു താല്പര്യവുമില്ല. വിശാലമായ വായനാ സമൂഹത്തെ ആര്‍ജ്ജിച്ചെടുക്കുവാനുള്ള യജ്ഞത്തില്‍ മൂല്യങ്ങള്‍ തകിടം മറിഞ്ഞാലും മാധ്യമങ്ങള്‍ക്ക് വേണ്ടത് പുതുമയും സാധാരണക്കാരെ രസിപ്പിക്കുന്നതുമായ കഥകളാണ്.

അവര്‍ ക്ഷണികമായതും ഇമ്പമുള്ളതുമായ കാര്യങ്ങള്‍ക്കു പിന്നാലെ പരക്കം പായുന്നു.അതുകൊണ്ട് സഭയുടെ പ്രബോധനങ്ങളെയും പഠനങ്ങളെയും കുറിച്ചുള്ള വാര്‍ത്തകളും വിശദീകരണങ്ങളും മാധ്യമങ്ങള്‍ വളരെ കുറച്ചുമാത്രം റിപ്പോര്‍ട്ട്‌ ചെയ്യുകയോ തമസ്‌കരിക്കുയോ ചെയ്യുന്നു. തന്മൂലം ക്രിസ്തുവിന്റെ സന്ദേശം മാധ്യമങ്ങള്‍ വഴി വിശ്വാസികളി ല്‍ എത്തിക്കുവാന്‍ സഭയ്ക്ക് പലപ്പോഴും കഴിയുന്നില്ല.

സഭയുടെ പുരോഗമനാത്മകമായ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയോ, ദുരുദ്ദേശപരമായി പുറകോട്ടുവലിക്കുകയോ ചെയ്യുവാന്‍ ആധുനിക സോഷ്യല്‍ മീഡിയാകള്‍കിണഞ്ഞ് പരിശ്രമിക്കുന്നുവെന്നത് യാഥാര്‍ഥ്യമാണ്. സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കും ശൈലികള്‍ക്കുമെതിരെ ചൂട്ടുപിടിച്ചുകൊണ്ട് സഭയെ
ശിഥിലമാക്കുവാനും തകര്‍ക്കുവാനും പല മാധ്യമങ്ങളും രാപകല്‍ വിശ്രമമില്ലാതെജോലിയെടുക്കുന്നു.

സഭയെ സമൂഹമദ്ധ്യത്തില്‍ താറടിക്കുന്ന പോസ്റ്റുകളും വാര്‍ത്തകളും തിരഞ്ഞുപിടിച്ച് ആധുനിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയെന്നത് ചിലരുടെ ഹോബിയായി മാറിയിരിക്കുന്നു. സഭയ്ക്ക് എതിരെയുള്ള നുണകളും അപവാദപ്രചരണങ്ങളും ആധികാരികതയുടെ പുറംചട്ടയണിഞ്ഞാണ് ഇന്ന് വിശ്വാസികളിലേക്ക് എത്തുന്നത്. മാരകപ്രഹരശേഷിയുള്ള ഇത്തരം തെറ്റായ വിവര ബോംബിങ്ങ് സഭയെ മുഴുവന്‍ വരിഞ്ഞുമുറുക്കുകയും പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നു.

സോഷ്യല്‍ മീഡിയായുടെ ആക്രമണങ്ങളെ തരണം ചെയ്യുക എന്നത് സഭയ്ക്ക് എളുപ്പമല്ല. എങ്കിലും അതിജീവനശ്രമങ്ങള്‍ സഭയുടെ ഭാഗത്തുനിന്നുമുണ്ടാകണം. സോഷ്യല്‍ മീഡിയകളുടെ തെറ്റായ കടന്നുകയറ്റത്തിനെതിരെ സഭ നിതാന്തജാഗ്രത പുലര്‍ത്തണം. സഭയ്ക്ക് സോഷ്യല്‍ മീഡിയായിലെ സ്വാധീനശേഷി വര്‍ധിപ്പിക്കുവാന്‍ കഴിയുകയെന്നതാണ് സഭയുടെ നേര്‍ക്കുള്ള മാധ്യമഭീഷണിയെ ചെറുക്കുവാനുള്ള വഴി.

കാലാനുസൃതമായ സഭാനിലപാടുകള്‍ യുക്തിസഹമായും മാനുഷികമായും മാധ്യമങ്ങള്‍ വഴിത്തന്നെ ജനങ്ങളിലെത്തിച്ചേരുവാനുള്ള സംവിധാനങ്ങള്‍ സഭയില്‍ സംജാതമാകണം.  ഭൗതിക മാധ്യമങ്ങളുടെ സ്വാഭാവികമായ ചായ്‌വിനെ നേരിടാവുന്ന ധാര്‍മ്മികആഭിമുഖ്യമുള്ള ഒരുനവീനമാധ്യമസംസ്‌കാരത്തിന് വ്യക്തമായ സാധ്യതയുണ്ട്. ശത്രുപക്ഷം നിരത്തുന്ന പ്രകോപനങ്ങളെ സംയമനത്തോടെ നേരിടുവാനും വെല്ലുവിളികളെ അഭിമുഖീകരിക്കുവാനും ശേഷിയുള്ള പക്വതയാര്‍ന്ന സോഷ്യല്‍മീഡിയാ ഇടപെടലുകള്‍ സഭയുടെ ഭാഗത്തുനിന്നുണ്ടാകണം.

നവപ്രചാരണമാധ്യമങ്ങളുടെ പൊയ്മുഖം സഭാമക്കളെ ബോധ്യപ്പെടുത്തുവാനും സത്യത്തിന്റെ കണ്ണാടിയിലൂടെ വാര്‍ത്തകളെ അവതരിപ്പിക്കുവാനും സഭയ്ക്ക് കഴിയണം. സമൂഹമധ്യത്തില്‍ വക്രീകരിച്ചുവരുന്ന സഭാവാര്‍ത്തകളെ വിമര്‍ശനബുദ്ധിയോടെ വിലയിരുത്തുന്നതിനും സോഷ്യല്‍ മീഡിയായുടെ ഭീഷണികളെ വിജയകരമായി പ്രതിരോധിക്കുന്നതിനും ആവശ്യമായ മാധ്യമസാക്ഷരത സഭ തന്റെ മക്കള്‍ക്ക് നല്കണം.

എങ്കില്‍ മാത്രമേ, സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്ന വെല്ലുവിളികളെ പ്രവാചക ധീരതയോടെ തരണം ചെയ്യുവാനും സോഷ്യല്‍മീഡിയാകളുടെ അനന്തസാദ്ധ്യതകളെ സഭയുടെ വളര്‍ച്ചയ്ക്കും നന്മയ്ക്കുമായി ഉപയോഗിക്കുവാനും കഴിയൂ.

ഫ്രാന്‍സിസ് അച്ചന്‍

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?