Follow Us On

25

August

2019

Sunday

നിസഹായരുടെ നൊമ്പരങ്ങളിലൂടെ…

നിസഹായരുടെ നൊമ്പരങ്ങളിലൂടെ…

പാഴായിപ്പോകാത്ത കൃത്യതയാര്‍ന്ന ക്ലിക്കുകള്‍’മികവാര്‍ന്ന ഫോട്ടോ ജേര്‍ണലിസത്തിന്റെ മുഖമുദ്രയാണ്  ഇതിലെ സത്യസന്ധത മറ്റ് മാധ്യമശൃംഖലകള്‍ക്ക് അവകാശപ്പെടാനാകുമോ എന്ന് സംശയാതീതമായി ഇനിയും തെളിയിക്കപ്പെട്ടിട്ടില്ല. ദൃഷ്ടിഗോചരമായ പ്രമേയം എന്താണോ, അത് സത്യസന്ധമായി ഒപ്പിയെടുക്കുക അതാണ് ഫോട്ടോ പത്രപ്രവര്‍ത്തനത്തിന്റെ ഐഡന്റിറ്റി.

തൂലികാ ധര്‍മ്മം മറന്ന് പോയ എഴുത്തുകാരന്റെ മനോനിലക്കനുസരിച്ച് തൂലികക്ക് ചലിക്കേണ്ടി വരുമ്പോള്‍ സത്യവിരുദ്ധമായ വസ്തുതകള്‍ക്ക് തൂലിക കൂട്ട് നില്‍ക്കേണ്ടി വരുന്നത് ചില മാധ്യമങ്ങളുടെ അപചയമാണ്. ക്യാമറാകണ്ണുകളുടെ സംവേദനക്ഷമത സത്യസന്ധമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. സാഹചര്യങ്ങളെയും വസ്തുതകളേയും ആയിരിക്കുന്ന അവസ്ഥയില്‍ തന്നെ ഫ്രെയിമുകളിലാക്കി പ്രേക്ഷകന് നല്‍കാന്‍ ക്യാമറദൃഷ്ടികള്‍ക്ക് കഴിയും എന്നത് ഫോട്ടോ ജേര്‍ണലിസത്തിന്റെ സവിശേഷതയാണല്ലോ.

ഷെയ്‌സണ്‍ പി. ഔസേപ്പ് എന്ന കലാകാരന്റെ ദീര്‍ഘപ്രയാണം ഇന്നെത്തി നില്‍ക്കുന്നത് ഡോക്യുമെന്ററി, ചലചിത്രരംഗത്ത് അന്താരാഷ്ട്ര വ്യക്തി മുദ്രപതിപ്പിച്ച് യുണൈറ്റഡ് നേഷന്‍സിന്റേത് ഉള്‍പ്പെടെ നിരവധി രാജ്യാന്തര അവാര്‍ഡ്‌ജേതാവിന്റെ അത്ര ഉയരങ്ങളിലാണ്. കഴിഞ്ഞ 22 വര്‍ഷത്തെ ജീവിതംകൊണ്ട് അത് തെളിയിച്ച വ്യക്തിത്വമാണ് ഷെയ്‌സണിന്റേത്. മാനുഷിക-സാമൂഹികപ്രതിബദ്ധതയുള്ള ഡോക്യുമെന്ററികള്‍ ലോകത്തിന് സംഭാവനചെയ്യാന്‍ നിശബ്ദമായ് അദ്ദേഹം എടുക്കുന്ന പ്രതിബദ്ധത നമ്മുടെ സങ്കല്‍പ്പങ്ങള്‍ക്കും അതീതമാണ്.

ഭാഷയറിയാതെ, ദേശമറിയാതെ മാനവികത തേടിയുള്ള ദേശാന്തരപ്രയാണത്തില്‍ ജീവന് ഭീഷണിയുയര്‍ത്തിയ എണ്ണമറ്റ അനുഭവങ്ങള്‍ അദ്ദേഹം അഭിമുഖികരിച്ചിട്ടുണ്ട്. എല്ലാം അതിജീവിച്ചത് നെഞ്ചുറപ്പിന്റെ ബലം കൊണ്ടല്ല പ്രത്യുത ദൈവകൃപയും വിശ്വാസവും ഒന്ന് കൊണ്ടു മാത്രമെന്ന് ഈ കലാകാരന്‍ പറയുന്നു.  പതിനഞ്ചു വര്‍ഷത്തോളമായി മുപ്പതിലേറെ രാഷ്ട്രങ്ങളിലൂടെ സഞ്ചരിച്ച് സാമൂഹിക സാങ്കേതിക ശാസ്ത്രവിഷയങ്ങളെ ഇതിവൃത്തമാക്കി ഷെയ്‌സണ്‍ തന്റെ ക്യാമറാ കണ്ണുകള്‍ ചലിപ്പിക്കുന്നു.

ഡെന്‍മാര്‍ക്കില്‍ കാന്‍സര്‍ ചികില്‍സയിലെ മരുന്നുകളിലൂടെ ഉണ്ടാകുന്ന പാര്‍ശ്വഫലങ്ങളെക്കുറിച്ചുള്ള പ്രതിപാദനമായിരുന്നു വിഷയം. അദ്ഭുതാവഹമായ വിവരങ്ങളാണ് ശാസ്ത്രലോകത്തിന് അദ്ദേഹം സംഭാവന നല്‍കിയത്. അധികം മസാലക്കൂട്ടുകള്‍ ഇല്ലാതെ നമ്മുടെ ഭക്ഷണം (Raw Food) എങ്ങനെ രുചികരമായും ആസ്വാദ്യകരമായും കഴിക്കാം എന്ന് വിവരിക്കുന്ന ചിത്രം ഫ്രാന്‍സില്‍വച്ച് അദ്ദേഹം നിര്‍മിച്ചു.

തന്റെ ജോലിയോടുള്ള പ്രതിബദ്ധത എത്രയെന്ന് തെളിയിക്കുന്ന ഉദാഹരണം. എന്തെന്നാല്‍ പ്രസ്തുത ചിത്രം നിര്‍മ്മിക്കുന്നതിന് മുമ്പ് സ്വന്തം ജീവിതത്തില്‍ അത് പരീക്ഷിച്ച് ഉറപ്പ് വരുത്തിയ ശേഷമാണ് ഷെയ്‌സണ്‍ ആ സംരംഭത്തിന് മുതിര്‍ന്നത.് അമേരിക്കയില്‍ ഹീലിങ്ങ് ഹാന്‍സ് എന്ന പേരില്‍ മറ്റൊരു പ്രധാനപ്പെട്ട ചിത്രം നിര്‍മിക്കുകയുണ്ടായി.

നേപ്പാളിന്റെ നോവുകളില്‍ നിറഞ്ഞ്
നേപ്പാള്‍ ഭൂകമ്പ സമയത്ത് അവിടെയെത്തി. ആ പ്രകൃതി താണ്ഡവത്തിന്റെ എല്ലാ തീവ്രതയും സത്യസന്ധമായി ഒപ്പിയെടുക്കാന്‍ ഷെയ്‌സന് കഴിഞ്ഞു.
”ദുരന്തമുഖങ്ങളിലെ ജനങ്ങളുടെ ദുഃഖം ഒപ്പിയെടുക്കാന്‍ അസാധാരണമായ മനോധൈര്യം വേണം. കരങ്ങള്‍ മാത്രമല്ല നിശ്ചലമായി പോകുക, ക്യാമറാക്കണ്ണുകള്‍ പോലും മിഴി പൂട്ടിക്കളയും വിധം അത്രയും മനസ് തകര്‍ക്കുന്ന ദുരന്തങ്ങള്‍ ഞാന്‍ കണ്ടിട്ടിട്ടുണ്ട്.

നേപ്പാളില്‍ ഇപ്പോഴും പുറം ലോകം കാണാത്ത ഗോത്രജനങ്ങള്‍ ഉണ്ട്. അവര്‍ക്ക് ഗവണ്‍മെന്റിന്റെ സഹായമോ ശ്രദ്ധയോ ലഭ്യമല്ല. ഇവിടെ ഒരു എന്‍.ജി.ഒ ഗ്രൂപ്പ് വന്ന് സ്‌കൂള്‍ ആരംഭിച്ചു എതാനും നാള്‍ കഴിഞ്ഞ് അവര്‍ അറുപതോളം കുഞ്ഞുങ്ങളെ വഴിയാധാരമാക്കി ഇട്ടെറിഞ്ഞു പോയി. അസൗകര്യങ്ങളും പ്രശ്‌നങ്ങളുംമൂലം അവര്‍ക്ക് സ്‌ക്കൂള്‍ മാനേജ് ചെയ്യാന്‍ കഴിയുന്നില്ലത്രേ.

കുട്ടികളുടെ നിസാഹാവസ്ഥ കണ്ട് മനസലിഞ്ഞ മലയാളിയായൊരാള്‍ സ്‌കൂള്‍ എറ്റെടുത്തു. ഇന്ന് ഭക്ഷണം, വസ്ത്രം, താമസം തുടങ്ങി എല്ലാക്കാര്യങ്ങളും ലഭിക്കുന്ന 250 തോളം കുട്ടികള്‍ പഠിക്കുന്ന നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന റസിഡന്‍ഷ്യല്‍ സ്‌കൂളായിട്ട് സ്ഥാപനം രൂപാന്തരപ്പെട്ടു. ഈ സ്ഥാപനത്തിന് ആവശ്യമായ സാമ്പത്തിക സഹായം എത്തിക്കാന്‍, ഷെയ്‌സന് കഴിഞ്ഞു എന്നത് നിസാരകാര്യമല്ല.

വീട്ടുവേലക്കാരുടെ ജീവിതത്തിലേക്ക്
അടുത്തകാലത്ത് മഹാരാഷ്ട്രയില്‍ ചെയ്ത മനോഹരമായ പ്രൊജക്റ്റാണ് ബാനു”എന്ന ചിത്രം. ഡൊമസ്റ്റിക്ക് വര്‍ക്കേഴ്‌സിന്റെ പ്രശ്‌നങ്ങളേയും അവരുടെ ജീവിത പശ്ചാത്തലവും ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ചിത്രം. തുച്ഛവരുമാനത്തില്‍ ജീവിതത്തിന്റെ രണ്ടറ്റവും ഒന്നിച്ച് ചേര്‍ക്കാന്‍ കഷ്ടപ്പെടുന്ന ജീവിതങ്ങളെ അഭ്രപാളികളില്‍ ഒപ്പിയെടുക്കുന്നതാണിത്. വില്ലേജ് പശ്ചാത്തലത്തില്‍ ജീവിതം വഴിമുട്ടിയ സ്ത്രീ ജീവസന്ധാരണത്തിനായി ട്രയിന്‍ കയറി നഗരത്തില്‍ എത്തുന്നു.

എന്നാല്‍ നഗരത്തിന്റെ പുകമറയില്‍ അവള്‍ക്ക് എല്ലാം നഷ്ടപ്പെടുന്നു. തനിക്ക് ജനിച്ച കുഞ്ഞിനെ തന്റെ ദുരിതങ്ങളും വേദനകളും ഒന്നും അറിയിക്കാതെ അവള്‍ വളര്‍ത്തി. പഠനത്തില്‍ മിടുക്കനായ തന്റെ മകനിലൂടെ അവളുടെ ജീവിതദുരിതത്തിന് വിരാമമിടുന്നു. അമേരിക്കന്‍ എബസിയുമായി അസോസിയേറ്റ് ചെയ്ത് എടുത്ത ആര്‍ട്ട് ഫിലിം ആണിത്. 2008 -ലാണ് എനിക്ക് യുണൈറ്റഡ് നേഷന്‍സിന്റെ ആദ്യ അവാര്‍ഡ് ലഭിക്കുന്നത്. അതോടെ ധാരാളം പ്രൊജക്റ്റകള്‍ കിട്ടിത്തുടങ്ങി. സ്മയില്‍ ബാക്ക്”എന്ന ഷോര്‍ട്ട് ഫിലിമായിരുന്നു അവാര്‍ഡിന് ആധാരമായ ചിത്രം.

തെരുവുകളിലെ ചെളിപുരണ്ട ജീവിതത്തില്‍ നിന്നും പത്തുവയസുള്ള പെണ്‍കുട്ടിയെ നാഷണല്‍ ഡൊമസ്റ്റിക്ക് വര്‍ക്കേഴ്‌സിന്റെ ഓര്‍ഗനെസേഷന്‍ ദത്തെടുത്ത് കൊണ്ടു വരുന്നു. കണ്ണീരും ചോരയും പുരണ്ട ജീവിതത്തില്‍ നിന്നും തന്നെ രക്ഷിച്ച ഓര്‍ഗനെസേഷനിലെ അംഗങ്ങള്‍ തിരികെ മടങ്ങുമ്പോള്‍ തല തിരിച്ച് അവര്‍ക്ക് നിഷ്‌കളങ്ക പുഞ്ചിരിയോടെ റ്റാറ്റാ’സമ്മാനിക്കുന്ന പെണ്‍കുട്ടിയുടെ ചിത്രം. ഈ ക്ലാസിക്ക് മന്ദഹാസത്തെ ഫ്രെയിമിലാക്കിയതിനായിരുന്നു പുരസ്‌കാരം.
പിന്നീട് ഇന്റര്‍ നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ (കഘഛ)അവാര്‍ഡും അമേരിക്കന്‍ ഇന്‍ഡിപെന്‍ഡന്റ് ഫിലിം മെയ്‌ക്കേഴ്‌സ് അവാര്‍ഡും കിട്ടി.

ഡോ. സെറിനാ അന്റര്‍ലി എന്ന അമേരിക്കന്‍ വനിതയും ഞാനും കൂടി പ്രകൃതിസ്‌നേഹത്തെ ആസ്പദമാക്കി ഒരു ചിത്രമെടുത്തു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥപറയുന്ന ഈ ചിത്രം, അമേരിക്കയിലെ നിരവധി ഫിലിം ഫെസ്റ്റുകളില്‍ പ്രേക്ഷക പ്രശംസ നേടി.  ആസ്‌ട്രേലിയായില്‍ കുടിയേറ്റക്കാറുടെ പ്രശ്‌നങ്ങളെ ഉള്‍പ്പെടുത്തി പടമെടുക്കാന്‍ ശ്രമം ആരംഭിച്ചു. ഡോാക്യുമെന്ററി പകുതിയാക്കിയപ്പോഴേക്കും ആസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് അനുമതി നിഷേധിച്ചു. ചിത്രം പൂര്‍ത്തിയാക്കാന്‍ കഴിയാതെ ബാക്കി വച്ചിരിക്കുകയാണ്.

ഓരോ ഷെല്‍റ്റര്‍ ഹോമുകളിലും കുഞ്ഞുങ്ങളും സ്ത്രീകളും അനുഭവിക്കുന്ന നരക വേദനകള്‍ പുറംലോകം അറിഞ്ഞാല്‍ കരയാത്തവരായി ആരും ഉണ്ടാകില്ല. മൂന്ന് മാസം മുമ്പ് ഉഗാണ്ടായില്‍ ആയിരുന്നു. ആഫ്രിക്കയിലെ അനാഥരായ കുട്ടികളെ ദത്തെടുത്ത് സംരക്ഷിച്ച് അവര്‍ക്ക് വിദ്യാഭ്യാസം കൊടുക്കുന്ന അന്താരാഷ്ട്ര സംഘടനയാണ് വൈ-വി-കോ. ലോകത്ത് ധാരാളം സമ്പന്ന രാഷ്ട്രങ്ങള്‍ ഉണ്ടായിട്ടും ഇന്ന് ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികള്‍ക്ക് സംരക്ഷണം കൊടുക്കുന്ന രാജ്യമാണ് ഉഗാണ്ട.

സൗത്ത് സുഡാനില്‍ നിന്നും ധാരാളം അഭയാര്‍ത്ഥികളാണ് ഇവിടെക്കഴിയുന്നത്. പണം കൊണ്ട് സമ്പന്നമല്ല എങ്കിലും ഏറ്റവും കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന മൂന്ന് രാജ്യങ്ങളില്‍ ഒന്നാണ് ഉഗാണ്ട. എണ്ണയും ധാതു വിഭവങ്ങളും സമൃദ്ധമായി ഇവിടെ ഉണ്ട്. കൃഷികള്‍ക്ക് ഫലഭൂയിഷ്ടമായ മണ്ണ്. അരോഗദൃഢഗാത്രരായ ജനങ്ങള്‍. ഇവരെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പണിപ്പുരയിലാണ് ഞാന്‍.

അന്താരാഷ്ട്രാ സംഘടനകള്‍ അഭയാര്‍ത്ഥികള്‍ക്ക് ചുറ്റം മതില്‍ കെട്ടി വലിയ കൂടാരങ്ങള്‍ നിര്‍മിക്കും. അവരെ അതിലേക്ക് തള്ളി വിടും. ശരിക്കും തടവറ സമാനമായ ദുരിതജീവിതമാണ് അവര്‍ അനുഭവിക്കുന്നത്. എത്ര കഴിവും വിദ്യാഭ്യാസവും ഉള്ള വ്യക്തിയയാലും മരണസമാന ചുറ്റപാടുകളില്‍ വീര്‍പ്പ് മുട്ടിക്കഴിയുന്ന ജനസമൂഹം. രക്ഷപെടാന്‍ ഒരു മാര്‍ഗവുമില്ല. ഇവരെല്ലാം അനുഭവിക്കുന്ന സൈക്കോളജിക്കല്‍ ഡിപ്രഷന്‍ എന്തെന്ന് പറഞ്ഞറിയിക്കാന്‍ ആര്‍ക്കും കഴിയില്ല.

അഭയാര്‍ത്ഥികളുടെ ജീവിത പ്രശ്‌നങ്ങളിലേക്കും ദുരിതങ്ങളിലേക്കും ഉള്ള ഒരു എത്തി നോട്ടമായിരിക്കും പ്രസ്തുത ഡോക്യുമെന്ററി. മധ്യപ്രദേശിലെ ആദിവാസികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച് ദാരുണമായി കൊല്ലപ്പെട്ട വാഴ്ത്തപ്പെട്ട റാണി മരിയയുടെ ത്യാഗനിര്‍ഭരമായ വിശുദ്ധജീവിതത്തെ പൂര്‍ണമായി അഭ്രപാളികളില്‍ പകര്‍ത്തുന്ന മെഗാ പ്രൊജകറ്റിന്  ഷെയ്‌സണ്‍ അടുത്തതായി തുടക്കം കുറിക്കുന്നു.

അമേരിക്കയിലെ കെന്റോഗി മലയാളി കമ്മ്യൂണിറ്റി നിറമനസോടെ ഈ സംരംഭത്തിന് പിന്തുണ നല്‍കുന്നുണ്ട്. ഷെയ്‌സണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രിയപ്പെട്ട നല്ലൊരു അധ്യാപകനും കൂടിയാണ്. മുംബൈ സെന്റ് സേവിയേഴ്‌സ് കോളജില്‍ കമ്മ്യൂണിക്കേഷന്‍ വിഭാഗത്തില്‍ പ്രഫസറായി സേവനം ചെയ്യുന്നു. ഭാര്യ ബിന്ദു അന്ധേരി ഹോളിസ്പിരിറ്റ് സൂപ്പര്‍ സ്‌പെ ഷ്യലിറ്റി ഹോസ്പിറ്റലില്‍ ചീഫ് അക്കൗണ്ടന്റ് ആണ് മക്കള്‍ ഈവ, എവിന്‍. എട്ടിലും നാലിലും പഠിക്കുന്നു.

ജയിംസ് ഇടയോടി

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?