Follow Us On

25

August

2019

Sunday

പെറുവിലെ ജനത നേരിടുന്ന വെല്ലുവിളി

പെറുവിലെ ജനത നേരിടുന്ന വെല്ലുവിളി

ക്രിസ്തു എല്ലാ മനുഷ്യര്‍ക്കുമായുള്ള രക്ഷ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ രക്ഷയുടെ സുവിശേഷം എല്ലാ മനുഷ്യരിലും എത്തിക്കുക എന്നതാണ് ക്രൈസ്തവനെന്ന നിലയിലും മിഷനറി എന്ന നിലയിലും നമ്മുടെ കടമ. ഈ ഉത്തരവാദിത്വം ഏറ്റെടുത്താണ് ഞാന്‍ പെറു എന്ന രാജ്യത്തെത്തുന്നത്. ദൈവാനുഗ്രഹം നിറഞ്ഞ ഒരു തുടക്കം എനിക്ക് ഈ പ്രദേശത്ത് ലഭിച്ചു. എനിക്ക് ഇതുവരെ ലഭിച്ച മിഷന്‍ അനുഭവങ്ങള്‍ എല്ലാം വളരെ നല്ലതായിരുന്നു.

പ്രധാന വെല്ലുവിളികള്‍
ഏതൊരു പ്രവൃത്തിയും നന്നായി ചെയ്യുന്നതിനായി നാം വെല്ലുവിളികളെ പോസിറ്റീവായി നേരിടേണ്ടതുണ്ട്. ഏതൊരു പ്രധാന കാര്യം ചെയ്യുമ്പോഴും അതിന് നല്ല ഒരുക്കവും ആവശ്യമാണ്. ഇവിടെ ജോലി ചെയ്യുന്നതിനായി നാം നേരിടുന്ന വെല്ലുവിളികള്‍ പലതുണ്ട്. ഇതില്‍ ആദ്യത്തേത് ഭാഷയാണ്. സ്പാനിഷ് ‘ഭാഷ അറിയാതെ ആളുകളുമായി ബന്ധപ്പെടാന്‍ കഴിയില്ല. അതുകൊണ്ട് ഇപ്പോള്‍ പ്രധാന ശ്രദ്ധ ഭാഷാപഠനമാണ്. മിഷന്‍ പ്രദേശത്ത് ഭാഷ പഠിക്കുന്നതിലൂടെ യഥാര്‍ത്ഥത്തില്‍ നാം ഇവിടുത്ത ആളുകളോടുള്ള താല്പര്യവും സ്‌നേഹവും ബഹുമാനവും പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്.

ആളുകള്‍ പറയുന്നത് കേള്‍ക്കുന്നതിനും അവരുമായി നമ്മുടെ ആശയം പങ്കുവെക്കുന്നതിനും അവരുടെ പ്രശ്‌നങ്ങളും ദുഖങ്ങളും മനസിലാക്കുന്നതിനും ഭാഷ പ്രധാന ഘടകമാണ്. ഇപ്പോള്‍ സ്പാനിഷ് കുറച്ചൊക്കെ വശമാണ്. കൂടുതല്‍ പഠിച്ചുവരുന്നു. ഭാഷയെപറ്റി പറയുമ്പോള്‍ ജമ്മു മിഷനിലെ അനുഭവം ഓര്‍മ്മവരുന്നു. അവിടെയും ഹിന്ദി പഠിച്ചുകൊണ്ടാണ് തുടങ്ങിയത്.

ആദ്യം ഭാഷ അറിയാത്തതുകൊണ്ട് ജമ്മുകാശ്മീരിലെ ജനങ്ങളുമായി ബന്ധപ്പെടുന്നതിന് തടസം ഉണ്ടായിരുന്നു. എന്നാല്‍ ഭാഷ നന്നായി പഠിക്കുന്നതില്‍ ശ്രദ്ധ വച്ചു. പിന്നീട് വളരെ ആയാസരഹിതമായി നല്ല രീതിയില്‍ ഹിന്ദി സംസാരിക്കുന്നതിനും ദൈവവചനം പങ്കുവെക്കുന്നതിനും എനിക്ക് സാധിച്ചിട്ടുണ്ട്. അതിന് വളരെ ബോധപൂര്‍വമായ ശ്രമം നടത്തേണ്ടിവന്നു. അന്ന് ഹിന്ദിയുടെ കാര്യത്തില്‍ ചെയ്ത അതേ രീതി ഇന്നു സ്പാനിഷ് പഠിക്കുന്ന കാര്യത്തിലും ആവര്‍ത്തിക്കുകയാണ്.

രണ്ടാമത്തെ വെല്ലുവിളി ഇവിടുത്തെ ആളുകളെ അവരുടെ പശ്ചാത്തലത്തില്‍ മനസ്സിലാക്കുക എന്നതാണ്. ഏതൊരു മിഷനിലെയും വെല്ലുവിളിയാണിത്. അതിനായി നാം അവരുടെ സംസ്‌ക്കാരവും ജീവിതരീതിയും അംഗീകരിക്കുകയും മാനിക്കുകയും വേണം. ഒരു മിഷനറിക്ക് യഥാര്‍ത്ഥത്തില്‍ പുതിയ സാഹചര്യത്തിലേക്ക് പറിച്ചുമാറ്റപ്പെട്ട് അവിടെ വളര്‍ന്നുവരേണ്ട ആവശ്യകതയുണ്ട്.

അല്ലെങ്കില്‍, നാം അവരില്‍ ഒരാളാവാതെ, അവരെ മനസ്സിലാക്കാതെ കൂദാശ ചെയ്തുകൊടുക്കുന്ന വിദേശിയായി എക്കാലവും ജീവിക്കേണ്ടിവരും. യഹൂദസംസ്‌ക്കാരത്തിന്റെ ഭാഗമായിത്തീര്‍ന്ന നമ്മുടെ കര്‍ത്താവാണ് ഈ കാര്യത്തില്‍ മാതൃക. അതുകൊണ്ട് ഇവരുടെ സംസ്‌ക്കാരത്തെ കൂടുതല്‍ മനസ്സിലാക്കുവാനും ബഹുമാനിക്കുവാനും അതിനെ ഉള്‍ക്കൊള്ളുന്നതിനുമുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുന്നു.

യുവജനങ്ങളുടെ വിശ്വാസജീവിതം
പെറു കത്തോലിക്ക രാജ്യമാണെങ്കിലും ഇവിടെ ഉള്ളവര്‍ എല്ലാവരും വിശ്വാസികളോ പള്ളിയില്‍ പോകുന്നവരോ അല്ല. എന്നാല്‍ പള്ളിയില്‍ വരുന്ന വിശ്വാസമുള്ള കുടുംബങ്ങളില്‍ നിന്ന് കുട്ടികള്‍ അടക്കം എല്ലാവരും പള്ളിയില്‍ വരും. അവര്‍ വിശുദ്ധ കുര്‍ബാനയില്‍ മാത്രമല്ല പള്ളിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും, വേദപാഠം പഠിപ്പിക്കുവാനും ക്വയറിലുമൊക്കെ പതിവായി പങ്കെടുക്കും. അങ്ങനെയുള്ള കാര്യങ്ങളില്‍ യുവാക്കളും സജീവമാണ്. എന്നാലും പൊതുവെ യുവജനങ്ങളുടെ സാന്നിധ്യം തീര്‍ത്തും കുറവാണ് എന്നുതന്നെ പറയാം.

മിഷന്‍ പ്രദേശം
പെറുവിന്റെ തലസ്ഥാനമായ ലിമയിലെ ലാസ്റ്റ് ഫ്‌ളോറസ് എന്ന സ്ഥലത്ത് സെന്റ് ബെനഡിക്ടിന്റെ ഒരു ദൈവാലയമുണ്ട്. ഇവിടെ ഞങ്ങള്‍ മൂന്ന് വൈദികരാണ് താമസിക്കുന്നത്. പട്ടണം ആയതുകൊണ്ട് ആയിരക്കണക്കിന് ആളുകള്‍ ഉള്ള ഇടവകയാണിത്. പക്ഷേ പള്ളിയില്‍ വരുന്നവരോ, വിശ്വാസം ഉള്ളവരോ തീര്‍ത്തും കുറവാണ്. ഈ ഇടവകയുടെ കീഴില്‍ പത്തിലേറെ കപ്പേളകള്‍ ഉണ്ട്. അതുകൊണ്ട് ഞായറാഴ്ചമാത്രം പത്തു കുര്‍ബാന ചൊല്ലേണ്ടിവരും.

ഇപ്പോള്‍ രണ്ടച്ചന്മാരാണ് പത്ത് കുര്‍ബാനയും ചൊല്ലുന്നത്. മറ്റു ദിവസങ്ങളിലും ഒത്തിരി അധികം കുര്‍ബാനകളും കുമ്പസാരവും മറ്റു കൂദാശകളും നടക്കുന്നുണ്ട്. ഭാരതത്തിലെ കത്തോലിക്കാ സഭയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി ഇവിടെയുള്ളവര്‍ക്ക് നല്ല മതിപ്പാണ്. ലിമയില്‍ നിന്നും കുറച്ചുമാറി രണ്ടു ഇടവകയിലും കൂടി സി.എം.ഐ അച്ചന്മാര്‍ സേവനം ചെയ്യുന്നുണ്ട്. 12 വൈദികര്‍ ആണ് പെറുവില്‍ ജോലി ചെയ്യുന്നത്.

ഭക്ഷണം, കാലാവസ്ഥ, ജനങ്ങളുടെ പെരുമാറ്റം
ഇവിടെ മഴ വളരെ കുറവാണ്. പക്ഷേ മിക്ക ദിവസങ്ങളിലും രാവിലെ ഇവിടെ മഞ്ഞുവീഴാറുണ്ട്. പകല്‍സമയത്ത് പോലും അന്തരീക്ഷം മുടിക്കെട്ടിയിയിരിക്കും. ഭക്ഷണം കേരളത്തിലേതില്‍ നിന്നും വളരെ വ്യത്യസ്തമാണ്. എരിവും പുളിയുമൊക്കെ കുറവാണ്. ഇറച്ചിയും ഉരുളക്കിഴങ്ങുമാണ് പ്രധാന ഭക്ഷണം. അരിയുടെ ഉപയോഗം ഉണ്ട്.

എല്ലാ തരത്തിലുമുള്ള പഴവര്‍ഗങ്ങളും ഇവിടെ കിട്ടും. ആളുകളുടെ പെരുമാറ്റത്തെപ്പറ്റി പറയുകയാണെങ്കില്‍ അവര്‍ക്ക് വളരെ സ്‌നേഹവും ബഹുമാനവും ഉണ്ട്. അച്ചന്മാരെ വിദേശികളായി കാണാതെ അവരില്‍ ഒരാളായി കണ്ടുകൊണ്ടാണ് അവര്‍ പെരുമാറുന്നത്. എല്ലാം ദൈവത്തിന്റെ ഇഷ്ടം പോലെ നടക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ മുമ്പോട്ട് പോകുന്നു.

ഫാ. ഫിലിപ്പ് ആറ്റുകടവില്‍ (പെറു)

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?