Follow Us On

29

May

2020

Friday

‘സാരഥി’കളുടെ സാരഥിയായ ക്രിസ്തുവിനൊപ്പം

‘സാരഥി’കളുടെ സാരഥിയായ ക്രിസ്തുവിനൊപ്പം

ഉത്തരേന്ത്യയില്‍ അസിംപൂര്‍ എന്ന സ്ഥലത്ത് സ്വാമി ദയാനന്ദ് സി.എം.ഐ.യുടെ ആശ്രമത്തിലായിരുന്നു അന്ന് ഞാന്‍. നന്മയുടെ സഞ്ചാരിയായി മാറിയ യേശുവിന്റെ പ്രവൃത്തിവഴിയുള്ള പ്രഘോഷണം എന്നെ ആകര്‍ഷിച്ചു. 1999 ഡിസംബര്‍ 31 ന് ഞാന്‍ ഒരു നീണ്ട യാത്ര ആരംഭിച്ചു. യാത്രയ്ക്കു മുമ്പായി കൈയ്യിലുണ്ടായിരുന്ന 450 രൂപാ ബ്രദര്‍ മാവൂരൂസിനെ ഏല്‍പ്പിക്കാനും മറന്നില്ല. ഒരു കുപ്പായം മാത്രമായിരുന്നു തോളിലെ തുണിസഞ്ചിയില്‍. ബസ്സ്റ്റാന്റിലും, തെരുവുകളിലും കടത്തിണ്ണയിലും അന്തിയുറങ്ങി.

തെരുവ് യാചകരോടൊപ്പം അന്തിയുറങ്ങിയപ്പോള്‍ പോലിസ് വിരട്ടിയോടിച്ച കൂട്ടത്തില്‍ ഞാനും ഉണ്ടായിരുന്നു. വിശന്നപ്പോള്‍ അല്പം കഞ്ഞിക്കുവേണ്ടി ഒരു ചുമട്ടുകാരനോട് കെഞ്ചി. ദയതോന്നിയ അയാള്‍ പത്തുരൂപ പ്രതിഫലമായി നല്‍കി. കഞ്ഞി കുടിച്ച് ബാക്കി പണം തിരികെ നല്‍കിയപ്പോള്‍ ആ മനുഷ്യന്റെ കണ്ണില്‍ വിടരുന്ന വിസ്മയത്തെ പുഞ്ചിരിയോടെ നേരിട്ടു. റെയില്‍വേസ്റ്റേഷനുകളിലും, മാര്‍ക്കറ്റുകളിലും ചുമടിറക്കിയും ഭാരം വഹിച്ചും കഴിയുന്ന പോര്‍ട്ടര്‍മാരുടെ ജീവിതം നവീകരിച്ചാലോയെന്ന ചിന്തയാണ് അപ്പോള്‍ തോന്നിയത്.

എന്നാല്‍ അടുത്തറിഞ്ഞപ്പോള്‍ അവരുടെ സംഘടിതശക്തിയെക്കുറിച്ച് ബോധ്യമായി. കാല്‍തെറ്റി വീണാല്‍ തനിയെ എണീക്കാന്‍ പറ്റാതെ വിഷമിക്കുന്നവര്‍ ആരാണ്? ചിന്ത പിന്നീട് ആ വഴിക്കായി. അപ്പോഴാണ് സംഘടനകളും പ്രസ്ഥാനങ്ങളും കയ്യൊഴിയുന്ന ടാക്‌സി ഡ്രൈവര്‍മാരുടെ ജീവിതത്തെ എറണാകുളം അതിരൂപതയുടെ സഹായമെത്രാനായിരുന്ന മാര്‍ തോമസ് ചക്യത്ത് ചൂണ്ടിക്കാട്ടിയത്. പുറമേ നിന്നു നോക്കിയാല്‍ ‘വളരെ ഭദ്രം.’ എന്നാല്‍ അകമേ യാതൊരു ഭദ്രതയുമില്ലാത്ത അവരുടെ ജീവിതത്തിന്റെ നൊമ്പരങ്ങള്‍ ഞാന്‍ മനസ്സിലാക്കി.

ചിലപ്പോള്‍ രണ്ടും മൂന്നും ദിവസം ട്രിപ്പ് ഇല്ലാതെ വീര്‍പ്പു മുട്ടുന്നവര്‍ ധാരാളം. കാത്തിരുന്നിട്ട് ഒരോട്ടംപോലും കിട്ടാത്ത അവസ്ഥ. ‘വണ്ടിപ്പണി തെണ്ടിപ്പണി’ യെന്നു കേട്ടിട്ടില്ലേ; ആത്മാഭിമാനം നഷ്ടപ്പെട്ടവരാണധികം പേരും. സമൂഹത്തില്‍ അംഗീകാരമില്ലായ്മ, ഗവണ്‍മെന്റിന്റെ കയ്യില്‍നിന്നും ഒരു ക്ഷേമപ്രവര്‍ത്തനങ്ങളുമില്ല. വര്‍ഷങ്ങള്‍ ജോലിയെടുത്തശേഷം വയസാകുമ്പോള്‍ ഒന്നുമില്ലാതെ ഇറങ്ങിപ്പോരേണ്ട അവസ്ഥ, ഒരു വണ്ടിവിറ്റു കഴിഞ്ഞാല്‍ ജോലിയില്ലാതായിത്തീരുന്ന അവസ്ഥ… പല ടാക്‌സിസ്റ്റാന്റിലും ഒരു മരംപോലും ഉണ്ടാകില്ല.

ചൂടില്‍ എരിയുന്ന അവസ്ഥയില്‍ നിതാന്തജാഗ്രതയോടെ കാത്തുനില്‍ക്കുന്നവര്‍. കേരളം മുഴുവന്‍ ഇവരെ സംഘടിപ്പിച്ച് ഒരു നെറ്റ്‌വര്‍ക്ക് ഉണ്ടാക്കിയാലോ? അങ്ങനെയാണ് അന്ന് ചിന്തിച്ചത്. ഇവരെ യൂണിയനില്‍ ചേര്‍ത്താലും ഒരു പൊതുയോഗത്തിനോ സമ്മേളനത്തിനോ ഭൂരിപക്ഷംപേരും എത്തുകയില്ല. കാരണം, അവര്‍ ഭക്ഷണത്തിനുള്ള പണമുണ്ടാക്കാനുള്ള തിരക്കിലാകുമല്ലോ. ഇതോര്‍ത്താവും രാഷ്ട്രീയ പാര്‍ട്ടികള്‍ ഇവരുമായി അധികം ചങ്ങാത്തത്തിലല്ല. പാര്‍ട്ടിക്ക് ഫണ്ട് ഉണ്ടാക്കാന്‍വേണ്ടി ഇവരെ സമീപിച്ചാലും കയ്യില്‍ ‘കനത്തി’ലൊന്നും തടയുകയുമില്ല. ഇതുകൊണ്ടുതന്നെ ഈ മേഖലയില്‍ വിളവ് തേടിയിറങ്ങാന്‍ കര്‍ത്താവ് എന്നെ ഒരുക്കാന്‍ തുടങ്ങി.

നെടുമ്പാശേരിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടാക്‌സി സ്റ്റാന്റിലേക്കാണ് ആദ്യം പോയത്. ആദ്യം ടാക്‌സി ഡ്രൈവര്‍മാര്‍ക്കിടയില്‍ അവരെ ഉദ്‌ബോധിപ്പിക്കാന്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസുകളാണ് നടത്തിയത്. ഒന്നിച്ച് മരത്തണലില്‍ ഇരുന്ന് സാധാരണ ഉപയോഗിക്കാന്‍ പറ്റുന്ന ഇംഗ്ലീഷ് പദങ്ങള്‍ ഡ്രൈവര്‍മാര്‍ പഠിച്ചു. പിന്നെ വാഹനം നിയന്ത്രിക്കുമ്പോള്‍ മനസില്‍ ആത്മീയ ചിന്തകള്‍ വളര്‍ത്തേണ്ടതിന്റെ ആവശ്യകത പഠിപ്പിച്ചു.

നന്മയിലേക്ക് അവരുടെ മനസിനെ വളര്‍ത്തുക എന്നതായിരുന്നു ലക്ഷ്യം. പത്രോസിനെയും യോഹന്നാനെയും ചുങ്കക്കാരന്‍ മത്തായിയേയും യേശു ചെന്നു കണ്ടതുപോലെ അവരുടെ പക്കലേക്ക്, വേദനകളിലേക്ക് ഇറങ്ങിച്ചെന്ന് അവയ്ക്ക് പരിഹാരം കണ്ടെത്താന്‍ നമുക്ക് കഴിയണം. സാരഥിയിലൂടെ ഇതിനുള്ള ഒരു ചെറിയ പരിശ്രമം നടത്തുകയാണ് ഞാന്‍…” മനുഷ്യഹൃദയങ്ങളില്‍ ഇത്തിരി ദൈവസ്‌നേഹത്തിന്റെ നുറുങ്ങുവെളിച്ചം തെളിഞ്ഞു കത്തണം. അതുമാത്രമാണ് മനസിലുളള പ്രാര്‍ഥന.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?