Follow Us On

25

August

2019

Sunday

നന്മയിലേക്കുള്ള വഴികള്‍

നന്മയിലേക്കുള്ള  വഴികള്‍

ആധുനിക കാലഘട്ടത്തിലല്ലേ ജീവിച്ചുപോകുന്നത്, അതിനനുസരിച്ച് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടതല്ലേ എന്ന് പലരും ചോദിക്കാറുണ്ട്. ലോകം വളര്‍ന്നതനുസരിച്ച് നമ്മുടെ ചിന്താഗതികളിലും കാഴ്ചപ്പാടുകളിലും വളര്‍ച്ച ഉണ്ടാകണമെന്നാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്.  കാലത്തിനാനുപാതികമായുള്ള മാറ്റങ്ങള്‍ എല്ലാ മേഖലയിലും തന്നെ ഉണ്ടായിട്ടുണ്ട്. എന്നാല്‍ വിശ്വാസത്തിന്റെ കാര്യത്തില്‍ ഒരു പിന്നോട്ട് നടപ്പാണ് കാലം ആവശ്യപ്പെടുന്നത്.

ആദിമ നൂറ്റാണ്ടിലെ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം വിശ്വാസമായിരുന്നു എല്ലാം. വിശ്വാസത്തെ കേന്ദ്രീകരിച്ചായിരുന്നു അവരുടെ ജീവിതം. അതുകൊണ്ടാണ് ജീവന്‍ നഷ്ടപ്പെടുന്ന ഘട്ടങ്ങളിലും വിശ്വാസം ഉപേക്ഷിക്കാന്‍ അവര്‍ തയാറാകാതിരുന്നത്. അതിനര്‍ത്ഥം ജീവനെക്കാളും പ്രാധാന്യം വിശ്വാസത്തിനായിരുന്നു എന്നാണ്.

ഇപ്പോഴും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിശ്വാസ സംരക്ഷണത്തിനുവേണ്ടി ജീവന്‍ ത്യജിക്കാന്‍ തയാറാകുന്ന അനേകരുണ്ട്. ക്രൈസ്തവ വിശ്വാസം എന്നത് ലോകത്തിന്റെ പല ഭാഗങ്ങളിലും ജീവന്‍വരെ നഷ്ടപ്പെടാവുന്ന ഒന്നാണ്. എന്നാല്‍, അങ്ങനെയുള്ള രാജ്യങ്ങളില്‍ വിശ്വാസം കൂടുതല്‍ കരുത്താര്‍ജിക്കുന്നതിന്റെ വാര്‍ത്തകളാണ് കേള്‍ക്കുന്നത്.

സുരക്ഷിതത്വത്തിന്റെ നടുവില്‍ ജീവിക്കുന്ന നമുക്ക് വിശ്വാസത്തിന്റെ കാര്യത്തില്‍ എത്രമാത്രം തീക്ഷ്ണത ഉണ്ടെന്ന് ആലോചിക്കണം. ഈ ലോകത്തെ മാത്രം കേന്ദ്രീകരിച്ചുകൊണ്ടുള്ള ജീവിതമാണോ നമ്മുടേത്? ഓരോ ദിവസവും പുറത്തുവരുന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ നിത്യജീവിതത്തെക്കുറിച്ചുള്ള ബോധ്യം ചിലര്‍ക്കെങ്കിലും നഷ്ടമായിട്ടുണ്ടോയെന്ന് തോന്നും. സമ്പത്തിനോടുള്ള അമിതമായ ഭ്രമം അതിന്റെ സൂചനയാണ്.

ലോകത്തില്‍ അരങ്ങേറുന്ന തിന്മകളുടെ സ്വഭാവം പരിശോധിച്ചാല്‍ പണമാണ് അതിന്റെയെല്ലാം പിന്നില്‍ ഉള്ളതെന്ന് വ്യക്തമാകും. ക്വട്ടേഷന്‍ സംഘങ്ങളും മയക്കുമരുന്ന് കച്ചവടത്തില്‍ ഏര്‍പെട്ടിരിക്കുന്നവരും അതിലേക്ക് ആകര്‍ഷിക്കപ്പെട്ടതിന്റെ കാരണം വളരെ വേഗത്തില്‍ പണം സമ്പാദിക്കാമെന്ന ചിന്തയാണ്. ജീവിതം ഈ ലോകത്തില്‍വച്ച് അവസാനിക്കുന്നുവെന്ന ധാരണയാണ് അനേകരെ നയിക്കുന്നത്.

ശാസ്ത്രസാങ്കേതിക മേഖലകളിലും സാമ്പത്തികരംഗത്തും ഉണ്ടായ വളര്‍ച്ച ദൈവം ലോകത്തെ അനുഗ്രഹിക്കുന്നതിന്റെ ഭാഗമാണ്. ധനസമ്പാദനം തെറ്റല്ല. എന്നാല്‍ സമ്പത്ത് ജീവിതത്തെ നിയന്ത്രിക്കുന്ന അവസ്ഥ ഉണ്ടാകരുത്. മറ്റുള്ളവരുടെ സമ്പത്ത് തട്ടിയെടുക്കാനോ അനര്‍ഹമായ വിധത്തില്‍ സമ്പത്ത് സ്വരുക്കൂട്ടാനോ ശ്രമിക്കരുത്. വളരെ ഹ്രസ്വമായ ജീവിതമാണ് ഓരോരുത്തര്‍ക്കും ഈ ലോകത്തില്‍ അനുവദിക്കപ്പെട്ടിട്ടുള്ളത്. അതിലൂടെ നിത്യജീവിതത്തിലേക്കാണ് നാം പ്രവേശിക്കേണ്ടത്.

എങ്ങനെയും പണം സമ്പാദിക്കണമെന്ന ചിന്തയില്‍ കഴിഞ്ഞിരുന്ന പലരും ഈ ലോകത്തില്‍നിന്നും കടന്നുപോയിട്ടുണ്ട്. അവിഹിത മാര്‍ഗങ്ങളിലൂടെയും മറ്റുള്ളവര്‍ക്ക് അവകാശപ്പെട്ടതുമൊക്കെ വിദഗ്ധമായി സ്വന്തമാക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞു. എന്നാല്‍ മരണം അവരെ തേടിയെത്തിയപ്പോള്‍ എന്തെങ്കിലും കൊണ്ടുപോകാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളില്‍ സമഗ്രമായ മാറ്റം അനിവാര്യമാണ്. തെറ്റിദ്ധരിപ്പിക്കുന്ന ചിന്തകളില്‍നിന്നും നാം പുറത്തുവരണം. ജീവിതത്തെക്കുറിച്ച് ലോകത്തില്‍ നിലനില്ക്കുന്ന തെറ്റായ ചിന്തകള്‍ സ്വാധീനം ചെലുത്താന്‍ നാം അനുവദിക്കരുത്.

വിശ്വാസത്തില്‍ അധിഷ്ഠിതമായി മുന്നോട്ടു പോകുമ്പോള്‍ അത് സമൂഹത്തില്‍ സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ വലുതായിരിക്കും. മറ്റുള്ളവരെ സഹായിക്കാനും അവരുടെ നന്മയ്ക്കുവേണ്ടി ത്യാഗങ്ങള്‍ ഏറ്റെടുക്കാനും മടിയുണ്ടാവുകയില്ല. മനുഷ്യസ്‌നേഹികളെക്കുറിച്ച് കേള്‍ക്കാനും അവരുടെ കഥകള്‍ അറിയാനും സമൂഹത്തിന് താല്‍പര്യമുണ്ട്. അത് നമുക്ക് സന്തോഷം പകരുന്ന അനുഭവമാണ്. അത്തരം വ്യക്തികളുടെ എണ്ണം കൂടിയിരുന്നാല്‍ അതുണ്ടാക്കുന്ന മാറ്റം എത്ര വലുതായിരിക്കും.

വിശ്വാസത്തിലേക്ക് തിരികെ നടക്കാന്‍ തുടങ്ങുമ്പോള്‍ ലോകം മനോഹരമായി മാറുമെന്ന് തിരിച്ചറിയണം. അത്തരം സാക്ഷ്യജീവിതങ്ങള്‍ സമൂഹത്തെ ചിന്തിപ്പിക്കും. ആദിമനൂറ്റാണ്ടിലെ വിശ്വാസികളുടെ ജീവിതമാണ് അനേകരെ ക്രിസ്തുവിലേയ്ക്ക് ആകര്‍ഷിച്ചത്. ഏതു പ്രവൃത്തി ചെയ്യുന്നതിനു മുമ്പും തീരുമാനം എടുക്കുന്നതിന് മുമ്പും ഇത് എതിര്‍സാക്ഷ്യമായി മാറുമോ എന്ന് ചിന്തിക്കണം.

അത്തരം ആത്മപരിശോധനകള്‍ നമ്മെ കുടുതല്‍ നല്ല മനുഷ്യരാക്കി മാറ്റുന്നതോടൊപ്പം ക്രിസ്തുവിന് പ്രിയപ്പെട്ടവരാക്കി തീര്‍ക്കുകയും ചെയ്യും. നല്ലവരായി ജീവിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. തെറ്റിദ്ധാരണകളാണ് പലരെയും വഴിതെറ്റിക്കുന്നത്. നല്ല മാതൃകകള്‍ നല്കിയാല്‍ അത് സ്വീകരിക്കുവാന്‍ അനേകര്‍ ഉണ്ടാകുമെന്ന് തീര്‍ച്ച.

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Don’t want to skip an update or a post?