Follow Us On

29

March

2024

Friday

എല്ലാം ഉപേക്ഷിച്ച് പൗരോഹിത്യത്തിലേക്ക്

എല്ലാം ഉപേക്ഷിച്ച് പൗരോഹിത്യത്തിലേക്ക്

”അവരുടെ കഷ്ടതകളില്‍ ദൂതനെ അയച്ചില്ല. അവിടുന്നുതന്നെയാണ് അവരെ രക്ഷിച്ചത്. തന്റെ കരുണയിലും സ്‌നേഹത്തിലും അവിടുന്ന് അവരെ വീണ്ടെടുത്തു. കഴിഞ്ഞ കാലങ്ങളില്‍ അവിടുന്ന് അവരെ കരങ്ങളില്‍ വഹിച്ചു” (ഏശയ്യാ 63:9).

പപ്പയും അമ്മയും മൂന്ന് മക്കളുമടങ്ങുന്ന ചെറിയ കുടുംബത്തിലെ അംഗമാണ് ഞാന്‍. ഓര്‍മവച്ച കാലംമുതല്‍ ദൈവപരിപാലനയുടെ ചെറിയ വീടായിരുന്നു എന്റേത്. സന്തോഷത്തിന്റെയും ദുരിതങ്ങളുടെയും ഇല്ലായ്മകളുടെയും നാളുകളില്‍ പ്രാര്‍ത്ഥിക്കുന്ന അപ്പനും അമ്മയും എനിക്കേറ്റം ആവശ്യമുള്ളത് പഠിപ്പിച്ചുതന്നു.

കട്ടപ്പനയില്‍നിന്നും 19 കിലോമീറ്റര്‍ അകലെയുള്ള പരപ്പ് എന്ന ഗ്രാമത്തിലെ പള്ളിപ്പറമ്പില്‍ ജോസ്-ലിസമ്മ ദമ്പതികളുടെ ആദ്യത്തെ മകനാണ്. രണ്ട് ഇളയ സഹോദരിമാരുണ്ട്. സിസ്റ്റര്‍ മേരി ദയ എല്‍.എസ്.ഡി.പിയും ജിസ്മിയും. രാവിലെ മുതല്‍ അന്തിവരെ സ്വന്തമായുള്ള വെല്‍ഡിങ്ങ് വര്‍ക്ക് ഷോപ്പില്‍ കഠിനമായി പണിയെടുക്കുന്ന പപ്പ. വൈകുന്നേരം ആറര കഴിയുമ്പോള്‍ വീട്ടിലേക്ക് വരും. സന്ധ്യമണിയടിക്കുമ്പോള്‍ ജപമാല ചൊല്ലും. പിന്നീട് വീട്ടില്‍ നിന്നുയരുന്നത് പ്രാര്‍ഥനാമണികളായിരിക്കും.

സന്യാസ-പൗരോഹിത്യ ജീവിതത്തിലേക്കുള്ള യാത്രയിലുണ്ടായ രണ്ട് ദൈവിക ഇടപെടലുകളും അതിലൂടെ വെളിപ്പെട്ട ദൈവപരിപാലനയെക്കുറിച്ചും എഴുതാം.
ഉപ്പുതറ സെന്റ് ഫിലോമിനാസ് എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയായിരുന്നു അന്ന് ഞാന്‍. പെട്ടെന്ന് ദേഷ്യപ്പെടുന്ന സ്വഭാവം. പപ്പ പ്രാര്‍ത്ഥിക്കുന്നതുകൊണ്ടുമാത്രം പള്ളിയില്‍ പോയ കാലം. പ്ലസ്ടു ജീവിതം ആഘോഷങ്ങളോടെ അവസാനിക്കുമ്പോള്‍ ശൂന്യതമാത്രം ബാക്കി. ഒന്നിലും സന്തോഷമില്ല. ഒരു ദിവസം വീട്ടില്‍ പപ്പയോട് എന്തോ ഒരു കാര്യത്തെചൊല്ലി വാക്കുതര്‍ക്കം ഉണ്ടായി.

ഒരു വേദനയും മനസിന് തോന്നാതെ കിടന്നുറങ്ങിയ ഞാന്‍ എപ്പോഴോ ഉണരുമ്പോള്‍ അമ്മയുടെ കരച്ചിലാണ് കേട്ടത്. ആ നിമിഷം ഉള്ളിലേക്ക് വന്നത് ഒറ്റ ആഗ്രഹമായിരുന്നു – ഒന്ന് ആത്മാര്‍ത്ഥമായി കുമ്പസാരിക്കണം. അതിനായി ‘അപ്പോസ്‌തോളോസ്’ എന്ന ജീസസ് യൂത്തിന്റെ ധ്യാനത്തില്‍ പങ്കെടുത്തു. മൂന്നാംദിനത്തിലെ കുമ്പസാരം അതായിരുന്നു ജീവിതത്തിലെ ആദ്യത്തെ വഴിത്തിരിവ്. കരുണുടെ ആ കൂട്ടില്‍നിന്നുകൊണ്ട് ഞാന്‍ ഒരുപാടു കരഞ്ഞു. കുമ്പസാരം എത്രനേരം എടുത്ത് എന്നെനിക്കറിയില്ല. ഒരു കാര്യം മാത്രം മനസിലായി – കഴിഞ്ഞ മണിക്കൂര്‍വരെയുണ്ടായിരുന്ന ഉള്ളിലെ ഭാരം ഇപ്പോഴില്ല. ‘അവിടുന്ന് എന്റെ നുകത്തിന്റെ കെട്ടുകള്‍ അഴിച്ചു.’

ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. അബ്രാഹം പുതിയാത്ത് സി.എം.ഐയുടെ നിര്‍ദേശപ്രകാരം ധ്യാനത്തിന് ശുശ്രൂഷകനായി. തുടര്‍ന്ന് ദിവ്യകാരുണ്യവും വചനവും ജപമാലയുമായി കൂട്ട്. ഈ കാലയളവിലാണ് ഡൊമിനിക്ക് വാളന്മനാല്‍ അച്ചന്റെ കൃപാഭിഷേക ധ്യാനങ്ങള്‍ അണക്കര പാസ്റ്ററള്‍ ആനിമേഷന്‍ സെന്ററില്‍നിന്ന് ചാവറ റിന്യൂവല്‍ സെന്ററിലേക്ക് മാറ്റുന്നത്. നവീകരണവും ദൈവവിളിയും എന്നില്‍ ശക്തമായത് ഈ കാലയളവിലാണ്. ഒരു ദിവസം വാളന്മനാലച്ചന്‍ ഊട്ടുമുറിയില്‍ ഭക്ഷണം കഴിക്കുകയായിരുന്നു. ഞങ്ങള്‍ ശുശ്രൂഷകര്‍ അതിലെ കടന്നുപോകുമ്പോള്‍ അച്ചനിരിക്കുന്നതുകണ്ട് ആശീര്‍വാദത്തിനായി മൂന്നുപേരും അച്ചന്റെ മുമ്പില്‍ മുട്ടുകുത്തി. മറ്റു രണ്ടുപേരെയും ആശീര്‍വദിച്ചതിനുശേഷം എന്റെ തലയില്‍ കൈവച്ച് അച്ചന്‍ പറഞ്ഞു: ”മോനെ ദൈവം പ്രത്യേകം വിളിക്കുന്നുണ്ട് കേട്ടോ.”

ഇക്കാലത്ത് ധ്യാനകേന്ദ്രത്തിലെത്തിയ ശുശ്രൂഷകരായ അബി പുതുമന, ജിത്ത് (ഇന്ന് എന്റെ ബാച്ചിലെ ഫാ. തോമസ് വെട്ടിക്കാലായില്‍) എന്നിവരുമൊത്ത് കട്ടപ്പനയിലുള്ള കപ്പൂച്ചിന്‍ വൈദികനായ ഫ്രാന്‍സിസ് ഡൊമിനിക് അച്ചന്റെ സ്‌നേഹാശ്രമത്തിലേക്ക് കടന്നുചെന്നത്. അവിടുത്തെ അന്തേവാസികളെ കുളിപ്പിച്ചും തലമുടി വെട്ടിയും ടോയ്‌ലറ്റ്-ബാത്ത്‌റൂം വൃത്തിയാക്കിയും ഭക്ഷണം വിളമ്പിക്കൊടുത്തുമൊക്കെ ഞായറാഴ്ചകള്‍ ആചരിച്ചു. ഒരേ സമയം പ്രാര്‍ത്ഥനാജീവിതത്തിലേക്കും ശുശ്രൂഷാജീവിതത്തിലേക്കുമുള്ള വിളി വെളിപ്പെടുത്തുന്ന രണ്ടു സംഭവങ്ങളായിരുന്നു അത്.

കുട്ടിക്കാനം ഐ.എച്ച്.ആര്‍.ഡിയില്‍ ബി.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സിന് ചേര്‍ന്നു. വൈകുന്നേരം ക്ലാസുകഴിഞ്ഞ് നേരെ ധ്യാനകേന്ദ്രം. ഞായറാഴ്ച ദിവസം ആകാശപ്പറവകള്‍ക്കിടയില്‍ ശുശ്രൂഷ. പതുക്കെ എന്റെ ജീവിതം ഈശോ മാറ്റുകയായിരുന്നു. ഞാനറിയാതെ അവിടുന്നെന്നെ തന്നോട് അടുപ്പിക്കുകയായിരുന്നു. പിന്നീട് ക്ലാസുകള്‍ മടുപ്പായി. എപ്പോഴും ആകാശപ്പറവയിലെ സഹോദരങ്ങളെപ്പറ്റിയും വൈദികജീവിതത്തെപ്പറ്റിയുമുള്ള ചിന്തകള്‍ അധികമായി വന്നുകൊണ്ടിരുന്നു. സ്വഭാവത്തില്‍ത്തന്നെ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായി.

ബുധനാഴ്ച ദിവസം ക്ലാസ് ഒഴിവാക്കി ആകാശപ്പറവകളുടെ ആശ്രമത്തിലേക്ക് പോയിത്തുടങ്ങി. ഈ സമയം എന്റെ സുഹൃത്ത് ജിത്ത് കപ്പൂച്ചിന്‍ സഭയില്‍ ചേര്‍ന്നു. അതും എന്നെ ഒരുപാട് സ്വാധീനിച്ചു. ഒരു ദിവസം ഫ്രാന്‍സിസ് ഡൊമിനിക്കച്ചന്‍ എന്നെ സ്‌നേഹാശ്രമത്തിന് തൊട്ടടുത്തുള്ള കപ്പൂച്ചിന്‍ സെമിനാരിയില്‍ കൊണ്ടുപോയി. ബ്രദേഴ്‌സും അച്ചന്മാരുമായി കുറെയധികംപേര്‍. അവരുടെ മുഖത്തെ സന്തോഷം എന്നെ വല്ലാതെ ആകര്‍ഷിച്ചു. സന്ധ്യാപ്രാര്‍ത്ഥനയ്ക്കുശേഷം ഞാന്‍ പപ്പയോട് പറഞ്ഞു: ”എനിക്ക് കപ്പൂച്ചിന്‍ സഭയില്‍ ചേര്‍ന്ന് സന്യാസ വൈദികനാവണമെന്ന് ആഗ്രഹം തോന്നുന്നു.” ഡിഗ്രി കഴിഞ്ഞ് അതിനെപ്പറ്റി ആലോചിച്ചാല്‍ മതിയെന്നാണ് അപ്പോള്‍ പപ്പ പറഞ്ഞത്.

അന്ന് ഉള്ളുരുകി പ്രാര്‍ഥനയോടെ വിശുദ്ധ ഗ്രന്ഥം തുറന്നപ്പോള്‍ കിട്ടിയത് ഏശയ്യായുടെ പുസ്തകമായിരുന്നു. ”പരിമളത്തിനു പകരം ദുര്‍ഗന്ധം, അരപ്പട്ടയ്ക്കു പകരം കയര്‍. തലമുടിക്ക് പകരം കഷണ്ടി, വിലപിടിപ്പുള്ള പുറങ്കുപ്പായത്തിന് പകരം ചാക്ക്, സൗന്ദര്യത്തിന് പകരം അവമതി” (3:24). കപ്പൂച്ചിന്‍ ലൈഫ്. എല്ലാവരും അത്ഭുതപ്പെട്ടു.  കപ്പൂച്ചിന്‍ സെന്റ് ജോസഫ് പ്രൊവിന്‍സിന്റെ വൊക്കേഷന്‍ പ്രമോട്ടര്‍ ആയിരുന്ന ഫാ. തോമസുകുട്ടി വെട്ടിക്കാലായുമായി സംസാരിച്ചു. അച്ചനും ഫ്രാന്‍സിസ് ഡൊമിനിക് അച്ചനും വീട്ടില്‍വന്ന് പപ്പയോട് ഒരു കാര്യംമാത്രം പറഞ്ഞു: ”ഞങ്ങള്‍ ഇവനെ കൊണ്ടുപോകുവാ.” പപ്പയുടെ ചങ്കുപൊട്ടിയുള്ള ഒരുത്തരം ഇതായിരുന്നു: ”ദൈവത്തിന്റെ തീരുമാനം അങ്ങനെയാണെങ്കില്‍ അത് നടക്കട്ടെ.” പപ്പയുടെ കണ്ണു നിറഞ്ഞിരുന്നു.

പഴയ സ്വപ്‌നങ്ങളോ പഠനമോ ജോലിയോ ഒന്നും എനിക്ക് പ്രശ്‌നമായില്ല. ഒരൊറ്റ ചിന്തമാത്രം, ‘വൈദികനാകുക’ യേശുവിനുവേണ്ടി ജീവിക്കുക. പിറ്റേദിവസം കോളജില്‍ ചെന്ന് കാര്യം പ്രിന്‍സിപ്പാളിനെ അറിയിച്ചു. അവരെന്നെ നിരുത്സാഹപ്പെടുത്തി. പക്ഷേ ഞാന്‍ പിന്മാറിയില്ല.  വീടിനോട്, അപ്പനോട്, പെങ്ങന്മാരോട്, ബന്ധുക്കളോട്, കൂട്ടുകാരോട് യാത്ര പറഞ്ഞു. 2007 ഒക്‌ടോബര്‍ ഒന്നിന് ഭരണങ്ങാനത്തുള്ള സെറാഫിക് കപ്പൂച്ചിന്‍ മൈനര്‍ സെമിനാരിയില്‍ സന്യാസ വൈദിക പരിശീലനത്തിന് ആരംഭം കുറിച്ചു.

അധികം വൈകാതെ സഹോദരി ദൈവപരിപാലനയുടെ ചെറിയ ദാസികള്‍ (എല്‍.എസ്.ഡി.പി) ബംഗളൂരു സഭയില്‍ ചേര്‍ന്നു. പേര് സിസ്റ്റര്‍ മേരി ദയ എല്‍.എസ്.ഡി.പി.എന്ന് പേരും സ്വീകരിച്ചു.  ഡീക്കന്‍പട്ടത്തിന് മൂന്നുമാസം മുമ്പാണ് പപ്പയ്ക്ക് കാന്‍സറാണെന്ന് അറിയുന്നത്. സര്‍ജറി മാത്രമായിരുന്നു തടയാനുള്ള ഏകവഴി. കോട്ടയം മെഡിക്കല്‍ കോളജില്‍ മേജര്‍ സര്‍ജറി. ഇടത്തരം സാമ്പത്തിക സാഹചര്യമുള്ള എന്റെ കുടുംബത്തിന് ഇത് താങ്ങാവുന്നതിലും അധികമായിരുന്നു. എന്നാല്‍ കോട്ടയം മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ സ്റ്റുഡന്റിലെ കുറച്ചു നല്ല സുഹൃത്തുക്കള്‍ ദൈവത്തിന്റെ കരമായി അവിടെ വന്നു. ഈശോ എല്ലാം ക്രമീകരിച്ചു.

പപ്പയുടെ സര്‍ജറി സമയത്ത് എനിക്ക് സെമിനാരിയില്‍നിന്ന് വരേണ്ടിവന്നു. ആ ദിനങ്ങള്‍ ഞങ്ങളുടെ പരീക്ഷയുടെ നാള്‍കൂടിയായിരുന്നു. ഉച്ചക്കുശേഷം പരീക്ഷയായതിനാല്‍ രാവിലെ 11 മണിയാകുമ്പോള്‍ പെങ്ങളുടെ കോണ്‍ഗ്രിഗേഷനിലെ സിസ്റ്റേഴ്‌സ് പ്രത്യേകമായി സിസ്റ്റര്‍ മരിയറ്റ് എല്‍.എസ്.ഡി.പി പപ്പയുടെ അടുത്ത് വന്നിരിക്കും. എനിക്ക് ഒന്നും കാര്യമായി പഠിക്കാന്‍ സാധിച്ചിരുന്നില്ല. ചെയതത് ഇത്രമാത്രം – ദിവ്യകാരുണ്യത്തിന് മുമ്പിലിരുന്ന് പഠനവിഷയത്തിന്റെ നോട്ടുകള്‍ മറിച്ചു. പരീക്ഷകള്‍ കഴിഞ്ഞു. സര്‍ജറി ഫലം കണ്ടില്ല.

റേഡിയേഷനുവേണ്ടി തിരുവനന്തപുരം ആര്‍.സി.സിയിലേക്ക് പപ്പയെ മാറ്റി. പപ്പയുടെ സ്വപ്‌നം എന്നെ ഒരു വൈദികനായി കാണുക എന്നുള്ളതായിരുന്നു. അതെല്ലാവരോടും പറയുമ്പോള്‍ എന്റെ ഉള്ളില്‍ തീയായിരുന്നു. വീട്ടിലെ കാര്യങ്ങള്‍ മുഴുവന്‍ ക്രമീകരിച്ചത് അമ്മയും പെങ്ങള്‍ ജിസ്മിയുമായിരുന്നു. ഒരിക്കലും ഞാനില്ല എന്നുപറഞ്ഞ് പരാതിപ്പെട്ടില്ല. 2017 ഏപ്രില്‍ മാസമായപ്പോഴേക്കും പപ്പയുടെ രോഗം ശക്തിയായി വര്‍ധിച്ചു. 2017-ലെ ഈസ്റ്ററിനുശേഷം വീണ്ടും പപ്പയെ ഹോസ്പിറ്റലില്‍ അഡ്മിറ്റാക്കി.

ഏപ്രില്‍ 21-ന് പപ്പ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. എല്ലാം നന്നായി പൂര്‍ത്തിയാക്കിയ പപ്പയെ ഈശോ കൊണ്ടുപോയി. ഇനിമുതല്‍ ഒന്നും എന്റെ വഴിയില്‍ തടസമാവാന്‍ പാടില്ല. ഞാന്‍ ഈശോയ്ക്കുവേണ്ടി ഇറങ്ങി പുറപ്പെട്ടതല്ലേ, അവിടുന്ന് ഇടപെടട്ടെ. അമ്മയെയും പെങ്ങളെയും ഈശോയുടെ കൈകളില്‍ ഏല്‍പിച്ച് ഞാന്‍ സെമിനാരിയിലേക്ക് പോയി. 2017 നവംബര്‍ 14-ന് കോട്ടയം തെള്ളകത്തുള്ള ദൈവശാസ്ത്രപഠനകേന്ദ്രം കപ്പൂച്ചിന്‍ വിദ്യാഭവനിലെ ദൈവാലയത്തില്‍വച്ച് സീറോ മലബാര്‍ സഭയുടെ ശ്രേഷ്ഠ മെത്രാപ്പോലീത്ത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവില്‍നിന്നും ശുശ്രൂഷാപൗരോഹിത്യത്തിലേക്ക് പ്രവേശിച്ചു.

ആദ്യ പരിശുദ്ധ ബലിയര്‍പ്പണം ഈശോയ്ക്ക് നന്ദി പറഞ്ഞ് പപ്പയ്ക്കുവേണ്ടി അര്‍പ്പിച്ചു. ആദ്യത്തെ പൗരോഹിത്യ ശുശ്രൂഷ പാലാ ളാലം സെന്റ് മേരീസ് ദൈവാലയത്തില്‍ അസിസ്റ്റന്റ് വികരിയായിട്ടായിരുന്നു. ആറുമാസത്തെ ശുശ്രൂഷയ്ക്കുശേഷം പ്രൊവിന്‍സിലേക്ക് തിരിച്ചുവന്നു. 2018 ജൂണ്‍ മുതല്‍ കട്ടപ്പനയിലുള്ള പോര്‍സ്യുങ്കലാ കപ്പൂച്ചിന്‍ ആശ്രമത്തില്‍ നാലാം വര്‍ഷ വൈദിക വിദ്യാര്‍ത്ഥികളുടെ അസിസ്റ്റന്റ് റെക്ടറായി നിയമിതനായി.
നമ്മെക്കുറിച്ച് അവിടുത്തേക്ക് ഒരു പദ്ധതിയുണ്ട്. ഈ ലോകജീവിതത്തില്‍ ഏറ്റവും വലിയ നിധിയായ സന്യാസ-പൗരോഹിത്യം എനിക്കുവേണ്ടി ദൈവം ഒരുക്കിവച്ചു.

”ഒരു കാര്യം ഞാന്‍ കര്‍ത്താവിനോട് അപേക്ഷിക്കുന്നു; ഒരു കാര്യം മാത്രം ഞാന്‍ തേടുന്നു. കര്‍ത്താവിന്റെ മാധുര്യം ആസ്വദിക്കാനും കര്‍ത്താവിന്റെ ആലയത്തില്‍ അവിടുത്തെ ഹിതം ആരായാനുംവേണ്ടി ജീവിതകാലം മുഴുവന്‍ അവിടുത്തെ ആലയത്തില്‍ വസിക്കാന്‍ തന്നെ.” (സങ്കീ. 27:14)

ഫാ. ജിന്‍സ് പള്ളിപറമ്പില്‍

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?