Follow Us On

25

August

2019

Sunday

അത്ഭുതങ്ങള്‍ തുടരുന്നതിന്റെ കാരണം

അത്ഭുതങ്ങള്‍  തുടരുന്നതിന്റെ കാരണം

സ്വര്‍ഗാരോഹണത്തിനുമുമ്പ് യേശു ശിഷ്യരോട് പറഞ്ഞു: ”സ്വര്‍ഗത്തിലും ഭൂമിയിലും ഉള്ള എല്ലാ അധികാരവും എനിക്ക് നല്‍കപ്പെട്ടിരിക്കുന്നു (മത്തായി 28:18). യോഹന്നാന്‍ 14:12-14ല്‍ യേശു പറയുന്നു: സത്യം സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു, എന്നില്‍ വിശ്വസിക്കുന്നവനും ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ ചെയ്യും. ഞാന്‍ പിതാവിന്റെ അടുത്തേക്ക് പോകുന്നതുകൊണ്ട് ഇവയെക്കാള്‍ വലിയവയും അവന്‍ ചെയ്യും.

നിങ്ങള്‍ എന്റെ നാമത്തില്‍ ആവശ്യപ്പെടുന്നതെന്തും പിതാവ് പുത്രനില്‍ മഹത്വപ്പെടുവാന്‍ വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കും. എന്റെ നാമത്തില്‍ നിങ്ങള്‍ എന്നോട് എന്തെങ്കിലും ചോദിച്ചാല്‍ ഞാനത് ചെയ്തുതരും. യേശു ചെയ്ത പ്രവൃത്തികള്‍ എന്തൊക്കെയാണ്? സുവിശേഷം പ്രസംഗിച്ചു. ആത്മാവിനെ രക്ഷപെടുത്താനുള്ള ഉത്തരവാദിത്വം ഓരോരുത്തര്‍ക്കും ഉണ്ടെന്നും ആത്മാവിനെ രക്ഷപെടുത്താനുള്ള മാര്‍ഗം ഏതാണ് എന്നും കാണിച്ചുതന്നു. എല്ലാ തരത്തിലും ഉള്ള ബന്ധനങ്ങളില്‍ ആയിരുന്നവരെ മോചിപ്പിച്ചു. എല്ലാത്തരത്തിലും ഉള്ള രോഗങ്ങളാല്‍ കഷ്ടപ്പെട്ടിരുന്നവര്‍ക്ക് സൗഖ്യം നല്‍കി. പിശാചുക്കളെ പുറത്താക്കി.

മരിച്ചവരെ ഉയിര്‍പ്പിച്ചു. വിശക്കുന്നവര്‍ക്ക് ആഹാരം നല്‍കി. യേശു ചെയ്ത ഇതേ കാര്യങ്ങളും ഇതിനേക്കാള്‍ വലിയ കാര്യങ്ങളും ചെയ്യുവാന്‍ ശിഷ്യര്‍ക്ക് കഴിവു നല്‍കും എന്ന് യേശു വാഗ്ദാനം ചെയ്തു. കാരണം, സ്വര്‍ഗത്തിലും ഭൂമിയിലും ഉള്ള എല്ലാ അധികാരവും യേശുവിന് നല്‍കപ്പെട്ടിരിക്കുന്നു. യേശുവിന്റെ നാമത്തില്‍ പിതാവിനോട് ചോദിക്കുന്നതെല്ലാം ലഭിക്കും എന്ന വാഗ്ദാനവും യേശു നല്‍കി. ഈ വാഗ്ദാനങ്ങള്‍ എല്ലാം നിറവേറ്റപ്പെടുന്നതായി തുടര്‍ന്ന് നടന്ന സംഭവങ്ങള്‍ സാക്ഷ്യം നല്കുന്നു.

അപ്പ.പ്രവര്‍ത്തനങ്ങള്‍ 4:30-31 വായിക്കുക: അവിടുത്തെ പരിശുദ്ധ ദാസനായ യേശുവിന്റെ നാമത്തില്‍ രോഗശാന്തിയും അത്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കുന്നതിനായി അവിടുത്തെ കൈകള്‍ നീട്ടണമേ. അവിടുത്തെ വചനം പൂര്‍ണധൈര്യത്തോടെ പ്രസംഗിക്കുവാന്‍ ദാസരെ അനുഗ്രഹിക്കണമേ. പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍ അവര്‍ സമ്മേളിച്ച സ്ഥലം കുലുങ്ങി. അവരെല്ലാവരും പരിശുദ്ധാത്മാവിനാല്‍ പൂരിതരായി ദൈവവചനം ധൈര്യപൂര്‍വം പ്രസംഗിച്ചു. പന്തക്കുസ്താദിവസം പത്രോസിന്റെ പ്രസംഗം കേട്ട 3000 പേര്‍ സ്‌നാനം സ്വീകരിച്ചു. അപ്പസ്‌തോലന്മാര്‍ വഴി പല അത്ഭുതങ്ങളും അടയാളങ്ങളും സംഭവിച്ചതായി അപ്പ.പ്രവര്‍ത്തനങ്ങള്‍ 2:43 ല്‍ നാം വായിക്കുന്നു.

സുന്ദരകവാടത്തിലിരുന്ന് ഭിക്ഷ യാചിച്ചിരുന്ന മുടന്തനെ പത്രോസ് സുഖമാക്കുന്നു. പത്രോസ് ആ മനുഷ്യനോട് പറഞ്ഞു: സ്വര്‍ണമോ വെള്ളിയോ എന്റെ കൈയില്‍ ഇല്ല. എനിക്കുള്ളത് നിനക്ക് ഞാന്‍ തരുന്നു. നസറായനായ യേശുക്രിസ്തുവിന്റെ നാമത്തില്‍ എഴുന്നേറ്റ് നടക്കുക. തുടര്‍ന്ന് പത്രോസ് ആ മനുഷ്യനെ കൈപിടിച്ച് എഴുന്നേല്‍പ്പിച്ചു. ആ മനുഷ്യന്‍ പൂര്‍ണമായും സുഖം പ്രാപിച്ചു (അപ്പ.പ്രവ.3:1-8). ലിത്രായില്‍വച്ച് പൗലോസ് ജന്മനാ മുടന്തനായ മനുഷ്യനെ സുഖപ്പെടുത്തി.

സൗഖ്യം പ്രാപിക്കുവാന്‍ തക്ക വിശ്വാസം അവന് ഉണ്ടെന്ന് ബോധ്യപ്പെട്ട പൗലോസ് പറഞ്ഞു: എഴുന്നേറ്റ് കാലുറപ്പിച്ച് നില്‍ക്കുക. അവന്‍ ചാടിയെഴുന്നേറ്റ് ചുറ്റിനടന്നു (അ.പ്രവ.14:8-10). രാത്രിയിലെ പൗലോസിന്റെ പ്രസംഗം കേട്ടുകൊണ്ടിരിക്കേ ഉറങ്ങി താഴെവീണ് മരിച്ച എവുത്തിക്കോസിനെ പൗലോസ് വീണ്ടും ജീവിപ്പിച്ചു (അ.പ്രവ.20:7-12). മാള്‍ട്ടായില്‍ വച്ച് പൗലോസ് കൈവച്ച് പ്രാര്‍ത്ഥിച്ച് പൂബ്‌ളിയൂസിന്റെ പിതാവിന് രോഗശാന്തി നല്‍കി (അ.പ്രവ.28:1-9).  അതേ, യേശു ചെയ്ത അതേ പ്രവൃത്തികള്‍ യേശുവിന്റെ മരണത്തിനും ഉയിര്‍പ്പിനും പന്തക്കുസ്താ അനുഭവത്തിനും ശേഷം ശിഷ്യന്മാര്‍ ചെയ്യുകയാണ്.

എന്നാല്‍ അപ്പസ്‌തോലന്മാരുടെ കാലംകൊണ്ട് യേശു തന്റെ പ്രവൃത്തികള്‍ അവസാനിപ്പിച്ചിട്ടില്ല. അന്നുമുതല്‍ ഇന്നുവരെയും അനേകം വൈദികരിലൂടെയും ഇതര സമര്‍പ്പിതരിലൂടെയും അല്മായ സഹോദരങ്ങളിലൂടെയും യേശു തന്റെ പ്രവൃത്തികള്‍ തുടരുകയാണ്. സുവിശേഷപ്രഘോഷണം ഇന്നും തുടരുന്നു. മാനസാന്തരങ്ങള്‍ ഇന്നും തുടരുന്നു. രോഗശാന്തികള്‍ ഇന്നും തുടരുന്നു. ദുഷ്ടാരൂപികള്‍ ഇന്നു ബന്ധിക്കപ്പെടുകയും പിശാചുബാധിതര്‍ സുഖമാകുകയും ചെയ്യുന്നു.

യേശുക്രിസ്തുവിന്റെ നാമത്തില്‍ അന്നുമുതല്‍ ഇന്നുവരെയും പിതാവിന്റെ സന്നിധിയിലേക്ക് പ്രാര്‍ത്ഥനകള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നു. യേശുവിന്റെ നാമത്തില്‍ അന്നുമുതല്‍ ഇന്നുവരെയും സുവിശേഷ പ്രഘോഷണവും അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തികളും സംഭവിച്ചുകൊണ്ടിരിക്കുന്നു. വലിയ മാനസാന്തരങ്ങളും ആത്മീയ അനുഭവങ്ങളും പരിശുദ്ധാത്മാവിന്റെ അഭിഷേകവുമെല്ലാം അത്ഭുതങ്ങളും അടയാളങ്ങളും തന്നെയാണ്.

അപ്പസ്‌തോലന്മാരുടെ കാലത്ത് അത്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും രോഗശാന്തികളിലൂടെയുമെല്ലാം വചനം സ്ഥിരീകരിച്ച യേശു ഇന്നും അങ്ങനെ ചെയ്യുന്നുണ്ട്. ഇന്നത്തെയും എന്നത്തെയും ജനങ്ങളില്‍ കുറെ പേരെയെങ്കിലും വിശ്വാസത്തിലേക്കും മാനസാന്തരത്തിലേക്കുമെല്ലാം കൊണ്ടുവരുവാന്‍ വചനപ്രഘോഷണം മാത്രം പോരാ, അത്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും രോഗശാന്തികളിലൂടെയുമെല്ലാമുള്ള വചനത്തിന്റെ സ്ഥിരീകരണവും ആവശ്യമാണ്.

അതിനാല്‍, ആത്മീയ ശുശ്രൂഷകരിലൂടെ കര്‍ത്താവ് അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തികളും നല്‍കിയാല്‍ അവര്‍ നടത്തുന്ന വചനപ്രഘോഷണം കൂടുതല്‍ ഫലവത്താകും. ഇത് കാണുന്ന ജനങ്ങള്‍ വചനത്തെ കൂടുതല്‍ സ്വീകരിക്കുകയും ചെയ്യും. ഇതിന് രണ്ടു കൂട്ടര്‍ക്കും കൂടുതല്‍ വിശ്വാസവും പ്രാര്‍ത്ഥനയും ആവശ്യമാണ്. യേശു പറഞ്ഞത് ഓര്‍ക്കുക: വിശ്വസിക്കുന്നവരോടുകൂടി ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും. അവര്‍ എന്റെ നാമത്തില്‍ പിശാചുക്കളെ ബഹിഷ്‌കരിക്കും (മര്‍ക്കോസ് 16:17-18).

ഫാ. ജോസഫ് വയലില്‍ CMI

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?