Follow Us On

25

August

2019

Sunday

പ്രണയനിരാസത്തിലെ അരുംകൊലകള്‍

പ്രണയനിരാസത്തിലെ  അരുംകൊലകള്‍

പ്രണയനിഷേധത്തിന്റെയും വിവാഹഭ്യര്‍ത്ഥന നിരസിച്ചതിന്റെയുമൊക്കെ പേരില്‍ ജീവിതം ഹോമിക്കപ്പെട്ട പെണ്‍കുട്ടികളുടെ പട്ടികയിലെ ഒടുവിലത്തെ ഹതഭാഗ്യയാണ് തൃശ്ശൂര്‍ ചിയ്യാരം വത്സാലയത്തില്‍ നീതു (22). രണ്ടു വയസ്സുള്ളപ്പോള്‍ അമ്മ മരിക്കുകയും പിന്നാലെ അച്ഛന്‍ ഉപേക്ഷിച്ചുപോവുകയും ചെയ്തതോടെ അമ്മൂമ്മയുടെയും അമ്മാവന്റെയും തണലിലായിരുന്നു ഈ പെണ്‍കുട്ടിയുടെ ജീവിതം.

3 വര്‍ഷത്തോളമായി എറണാകുളത്ത് ഐ.ടി.കമ്പനി യില്‍ ജീവനക്കാരനായ തൃശ്ശൂര്‍ വടക്കേക്കാട് കല്ലൂക്കാടന്‍ വീട്ടില്‍ നിധീഷുമായി നീതു പ്രണയത്തിലായിരുന്നു. നീതു കൊടകര ആക്‌സിസ് എഞ്ചിനീയറിംഗ് കോളേജിലെ ആവസാനവര്‍ഷ ബിടെക് വിദ്യാര്‍ത്ഥിനിയാണ്. ഫെയ്‌സ് ബുക്കിലൂടെയാണ് നിധീഷുമായി പ്രണയത്തിലാകുന്നത്. ഒരു വര്‍ഷംമുമ്പ് വിവാഹാലോചന നടന്നെങ്കിലും വിവാഹത്തിലെത്തിയില്ല. ഇതേച്ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവിലാണ് നീതുവിനെ നിധീഷ് കത്തികൊണ്ട് കുത്തി വീഴ്ത്തി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊന്നത്.

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ കാരണത്താല്‍ കഴിഞ്ഞ മാര്‍ച്ച് 12 ന് രാവിലെ തിരുവല്ല റയിവേസ്റ്റേഷന്‍ റോഡില്‍ പട്ടാപ്പകല്‍ യുവാവ് പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി കഴുത്തില്‍ കുത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് തീ വെച്ചിരുന്നു. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി 8-ാം നാള്‍ മരിച്ചു. കോട്ടയത്ത് പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ സീനിയര്‍ വിദ്യാര്‍ത്ഥി ക്യാമ്പസില്‍ ചേര്‍ത്തുപിടിച്ച് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത് 2017 ഫെബ്രുവരി 2 നാണ്. പാരാ മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ ഇരുവരും സംഭവസ്ഥലത്ത് മരിച്ചു.

തിരൂരില്‍ ബംഗാളി യുവാവ് 15 കാരിയെ വീട്ടില്‍ കയറി കുത്തിക്കൊന്നത് സെപ്റ്റംബര്‍ 29 ന്. പ്രണയം നിരസിച്ചതാണ് കാരണമെന്ന് 25 കാരനായ പ്രതി മൊഴി നല്‍കി. പത്തനംതിട്ടയിലെ കടമ്മനിട്ടയില്‍ പ്രണയം നിരസിച്ച 17 കാരിയെ വീട്ടിലെത്തി പെട്രോള്‍ ഒഴിച്ച് തീവെച്ചത് 2017 ജൂലൈ 14 ന്. പെണ്‍കുട്ടി 22 ന് മരിച്ചു. പിണക്കത്തിലായ ഭാര്യയെ യുവാവ് നടുറോഡില്‍ പെട്രോള്‍ ഒഴിച്ച് തീവെച്ച് കൊന്നത് 2018 ഏപ്രില്‍ 30 ന്. തൃശ്ശൂര്‍ ചെങ്ങാലൂരിലായിരുന്നു ഇങ്ങനെ എത്രെയത്ര സംഭവങ്ങള്‍…

പ്രണയം ശരീരത്തില്‍ ചില ഹോര്‍മോണുകളെ ഉല്പാദിപ്പിക്കുന്നുണ്ട്. ശാരീരിക-മാനസിക-വൈകാരികഭാവങ്ങളില്‍ അത് വ്യതിയാനങ്ങള്‍ വരുത്തുന്നുണ്ട്. അവയെല്ലാം പഠനവിഷയമാക്കണം. പ്രണയനിഷേധം ഇവിടെ പകയായി മാറുകയാണ്. എനിക്കില്ലെങ്കില്‍ ആര്‍ക്കും വേണ്ടെന്ന വാശിയാണ് കൊലയിലേക്കു നയിക്കുന്നത്. വിദേശരാജ്യങ്ങളില്‍ ഇഷ്ടം തോന്നിയാല്‍ ഒരുമിക്കുന്നു. ഇഷ്ടമില്ലാതാകുമ്പോള്‍ പിരിയുന്നു. ഇതിനിടയില്‍ കുത്തും കൊലയും പെട്രോളും കത്തിക്കലും ഒന്നുമില്ല. സ്വന്തം വ്യക്തിത്വത്തിലും അസ്തിത്വത്തിലുമാണ് അവര്‍ ജീവിക്കുന്നത്.

ആ സ്വശ്രയത്വശൈലി പിന്തുടരാന്‍ കുട്ടികള്‍ പ്രാപ്തരാകേണ്ടതുണ്ട്. ‘പോയാല്‍ പോട്ടേ’ എന്നുവയ്ക്കണം. പ്രണയ തകര്‍ച്ച ജീവിതത്തെ ബാധിക്കരുത്. അവനവനില്‍ തന്നെ ആശ്രയിക്കണമെന്ന തത്വം ചൊല്ലി, ബന്ധത്തിന്റെ അതിര്‍വരമ്പുകള്‍ നിര്‍ണ്ണയിക്കുവാന്‍ കുട്ടികള്‍ തയാറാവണം. സഹജീവികളോട് എങ്ങനെ പെരുമാറണമെന്ന് കുട്ടികള്‍ പഠിക്കണം. പിടിവാശിയും പ്രതികാരവും ഗുണം ചെയ്യില്ലെന്ന് തിരിച്ചറിയണം. നന്മയുടെ തിരിനാളങ്ങള്‍ കത്തിനിന്നില്ലെങ്കില്‍ സമൂഹം കുരിരുട്ടിലാകും. സംഘടനകളും സമൂഹവും മാതാപിതാക്കളും അവരുടെ ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ മുന്നോട്ടു വരിക.

അഡ്വ. ചാര്‍ളി പോള്‍ MA, LLB, DSS

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?