Follow Us On

25

August

2019

Sunday

തോമസ് പുളിക്കലിന് ഡയക്കണേറ്റ്; യു.എസില്‍  ഒരുങ്ങുന്നത് പ്രഥമ ‘ജീസസ് യൂത്ത് പ്രീസ്റ്റ്’

ബ്രദര്‍ പുളിക്കല്‍ സെമിനാരിയില്‍ ചേര്‍ന്നത് സോഫ്ട്‌വെയര്‍ ഡെവലപ്പർ ജോലി ഉപേക്ഷിച്ച് 

തോമസ് പുളിക്കലിന് ഡയക്കണേറ്റ്; യു.എസില്‍  ഒരുങ്ങുന്നത് പ്രഥമ ‘ജീസസ് യൂത്ത് പ്രീസ്റ്റ്’
എഡിന്‍ബര്‍ഗ്: അത്രമേല്‍ ശക്തമായിരുന്നു ആ ക്ഷണം, മത്‌സ്യം പിടിച്ചിരുന്ന പത്രോസ് മനുഷ്യരെപ്പിടിക്കാന്‍ ക്ഷണിക്കപ്പെട്ടതുപോലെ. ഉള്ളില്‍ പ്രാണന്‍ നിക്ഷേപിച്ചവന്‍ വിളിച്ചാല്‍ നിരസിക്കുക എളുപ്പമല്ലല്ലോ. തോമസിനും അങ്ങനെയൊരു വിളി കിട്ടി. സോഫ്ട് വെയര്‍ ഡെവലപ്പറായി ജോലി ചെയ്യുന്നതിനിടെ 30-ാം വയസിലാണിത്. പിന്നെയൊന്നും ചിന്തിച്ചില്ല, രക്ഷകന്റെ പിന്നാലെ യാത്രയാകാന്‍ തീരുമാനിച്ചു. ഇപ്പോള്‍ അതിന്റെ നിര്‍ണായഘട്ടം പൂര്‍ത്തിയാക്കി, തോമസ് പുളിക്കല്‍ ഡീക്കന്‍ പട്ടം (ഡയക്കണേറ്റ്) സ്വീകരിച്ചു. ഇനിയും പ്രാര്‍ത്ഥിച്ചും ശുശ്രൂഷിച്ചും കാത്തിരിക്കുകയാണ് വൈദിക ശുശ്രൂഷയിലേക്കുള്ള പ്രവേശനത്തിനായി.
എഡിന്‍ബര്‍ഗ് ഡിവൈന്‍ മേഴ്സി ഇടവകാംഗം പുളിക്കല്‍ ജോസ്- ടെസി ദമ്പതികളുടെ മകന്‍ റ്റിമ്മി എന്ന് വിളിക്കുന്ന ഡീക്കന്‍ തോമസ് ‘ജീസസ് യൂത്ത്’ മിനിസ്ട്രിയുടെ ശുശ്രൂഷകള്‍ക്കായാണ് വൈദിക പരിശീലനം നടത്തുന്നത്. എഡിന്‍ബര്‍ഗ് ഡിവൈന്‍ മേഴ്സി ദൈവാലയത്തില്‍വെച്ച് ചിക്കാഗോ സീറോ മലബാര്‍ രൂപത സഹായമെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ടില്‍നിന്നാണ് ഇക്കഴിഞ്ഞ ദിവസം 33 വയസുകാരന്‍ ബ്രദര്‍ തോമസ് പുളിക്കല്‍ ഡീക്കന്‍ പട്ടം സ്വീകരിച്ചത്.
ബ്രോണ്‍സ്‌വില്‍ സഹായമെത്രാന്‍ മാരിയോ അവില്‍സ്, സെന്റ് വിന്‍സെന്റ് ഡി പോള്‍ റീജണല്‍ സെമിനാരി റെക്ടര്‍ മോണ്‍. ഡേവിഡ് ടോപ്സ്, വൈസ് റെക്ടര്‍ ഫാ. ആല്‍ഫ്രെഡോ ഹെര്‍ണാണ്ടസ്, റെക്ടര്‍ എമിരിത്തൂസ് മോണ്‍. സ്റ്റീഫന്‍ ബോസോ, ഫാ. ജോണ്‍ ഹോണ്‍ എസ്.ജെ എന്നിവര്‍ക്കൊപ്പം അമേരിക്കയിലെ ജീസസ് യൂത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ നേതൃത്വം വഹിക്കുന്ന ഫാ. വിനോദ് മഠത്തിപറമ്പില്‍, ചാന്‍സിലര്‍ ഫാ. ജോണിക്കുട്ടി പുലിശേരി, പ്രൊക്യുറേറ്റര്‍ ഫാ. ജോര്‍ജ് മാളിയേക്കല്‍, യൂത്ത് അപ്പസ്തലേറ്റ് ഡയറക്ടര്‍ ഫാ. പോള്‍ ചാലിശേരി, ഫാ.  വില്‍സണ്‍ കണ്ടങ്കരി, ഫാ. രാജീവ് വലിയവീട്ടില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
ഗണിത ശാസ്ത്രത്തിലും കംപ്യൂട്ടര്‍ സയന്‍സിലും ഉന്നത പഠനം പൂര്‍ത്തിയാക്കി സോഫ്ട്‌വെയര്‍ ഡെവലപ്പറായി ജോലി ചെയ്യുന്നതിനിടെയാണ് ‘ജീസസ് യൂത്തി’ല്‍ സജീവമായിരുന്ന തോമസ് പുളിക്കല്‍ തന്റെ ദൈവവിളി തിരിച്ചറിയുന്നത്, 30-ാം വയസില്‍. തന്നെക്കുറിച്ചുള്ള ദൈവഹിതം പൗരോഹിത്യശുശ്രൂഷയാണെന്ന് പ്രാര്‍ത്ഥനയിലൂടെ ബോധ്യപ്പെട്ടതോടെ ജോലി ഉപേക്ഷിച്ച്  സെമിനാരിയില്‍ പ്രവേശിക്കാന്‍ വൈകിയില്ല. ഹോളി അപ്പസ്തലേറ്റ് കോളജില്‍നിന്ന് 2016ല്‍ ഫിലോസഫിയില്‍ ബിരുദാനന്തരബിരുദം പൂര്‍ത്തിയാക്കി ദൈവശാസ്ത്രപ~നത്തിനായി ഫ്ളോറിഡ സെന്റ് വിന്‍സെന്റ് ഡി പോള്‍ റീജണല്‍ സെമിനാരിയലേക്ക്.
കഴിഞ്ഞ ഒക്ടോബര്‍ 22ന് ചിക്കാഗോ സീറോ മലബാര്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്തില്‍നിന്നാണ് ഡീക്കണേറ്റിന് മുമ്പുള്ള ‘കാറോയ’ പട്ടം സ്വീകരിച്ചത്. പൗരോഹിത്യത്തിലേക്കുള്ള യാത്രയില്‍ ഇനി ഒരു വര്‍ഷത്തെ പഠനംകൂടിയാണുള്ളത്. പൗരോഹിത്യവിളിയുടെ ആദ്യനാളുകളില്‍തന്നെ, ജീസസ് യൂത്തിനുവേണ്ടിയുള്ള ശുശ്രൂഷകളിലേക്കാണ് ദൈവം തന്നെ വിളിച്ചിരിക്കുന്നതെന്ന ഉള്‍ക്കാഴ്ചയിലായിരുന്നു ബ്രദര്‍ തോമസ്. 2020ല്‍ പൗരോഹിത്യം സ്വീകരിക്കുമ്പോള്‍, ചിക്കാഗോ സീറോ മലബാര്‍ രൂപതയില്‍നിന്നുള്ള നാലാമത്തെയും ജീസസ് യൂത്ത് മിനിസ്ട്രിക്കുവേണ്ടിയുള്ള മൂന്നാമത്തെയും പുരോഹിതനാകും ഡീക്കന്‍ തോമസ്.
കേരളത്തില്‍ ആരംഭിച്ച ‘ജീസസ് യൂത്ത്’ സമര്‍പ്പിതരുടെ പിന്തുണകൊണ്ടും ബിഷപ്പുമാരുടെയും വിവിധ രൂപതകളുടെയും സഹകരണംകൊണ്ടും അന്താരാഷ്ട്ര പ്രസ്ഥാനമായി വളര്‍ന്നുകഴിഞ്ഞു. സഭയുടെ വളര്‍ച്ചയില്‍ വലിയ പങ്ക് വഹിക്കുന്ന ‘ജീസസ് യൂത്തി’നെ ഫ്രാന്‍സിസ് പാപ്പ പൊന്തിഫിക്കല്‍ പദവിയുള്ള അല്‍മായ പ്രസ്ഥാനമായി ഉയര്‍ത്തിയതോടെയാണ് ‘ജീസസ് യൂത്ത്’ മിനിസ്ട്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പൗരോഹിത്യ ദൈവവിളികള്‍ക്ക് സാധ്യത തെളിഞ്ഞത്. അതേത്തുടര്‍ന്ന്, അമേരിക്കയിലെ ‘ജീസസ് യൂത്ത്’ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ചിക്കാഗോ സീറോ മലബാര്‍ രൂപത ദൈവഹിതപ്രകാരം കൈക്കൊണ്ട പരിശ്രമങ്ങളുടെ ആദ്യഫലമാണ് ‘ജീസസ് യൂത്ത് പ്രീസ്റ്റാ’കാന്‍ തയാറെടുക്കുന്ന ഡീക്കന്‍ തോമസ് പുളിക്കല്‍. 1984ല്‍ കോട്ടയം ജില്ലയിലെ അരുമാനൂരില്‍നിന്നാണ് ബ്രദര്‍ തോമസിന്റെ കുടുംബം അമേരിക്കയില്‍ എത്തിയത്. മരീന, തെരേസ എന്നിവര്‍ സഹോദരിമാരാണ്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?