Follow Us On

24

May

2019

Friday

ദൈവവിളിക്കായുള്ള ലോക പ്രാര്‍ത്ഥനാദിനം

ദൈവവിളിക്കായുള്ള  ലോക പ്രാര്‍ത്ഥനാദിനം

വളരെ പ്രസിദ്ധനായിരുന്ന അമേരിക്കന്‍ ആര്‍ച്ച് ബിഷപ്പായിരുന്നു ഫുള്‍ട്ടന്‍ ജെ. ഷീന്‍. ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പില്ല. ജീവിച്ചിരുന്ന കാലത്ത് അമേരിക്കന്‍ റേഡിയോ, ടെലവിഷന്‍ തുടങ്ങിയവയിലൂടെ അദ്ദേഹം ധാരാളം ആത്മീയ പ്രഭാഷണങ്ങള്‍ നല്‍കിയിട്ടുണ്ട്. ഏകദേശം മുപ്പതുലക്ഷം പേരാണ് ഓരോ ആഴ്ചയും അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ കേട്ടിരുന്നത്. ഈ പ്രഭാഷണങ്ങള്‍ കേട്ട് ധാരാളം പേര്‍ വിശ്വാസത്തിലേക്കും വിശുദ്ധ ജീവിതത്തിലേക്കുമൊക്കെ വന്നിട്ടുണ്ട്. എന്നാല്‍ അദ്ദേഹം ഇങ്ങനെ പ്രസംഗിക്കുന്നതില്‍ കലിപൂണ്ട കുറെപ്പേര്‍ ഒരിക്കല്‍ അദ്ദേഹത്തെ കണ്ട് കുറെ ചോദ്യങ്ങള്‍ ചോദിച്ചു.

അവര്‍ ചോദിച്ച കാര്യങ്ങള്‍ ഇവയാണ്: ബിഷപ്, നിങ്ങള്‍ ഒരു മനുഷ്യന്‍. ഞങ്ങളും മനുഷ്യര്‍. അപ്പോള്‍ താങ്കളും ഞങ്ങളും തമ്മില്‍ ഒരു വ്യത്യാസവുമില്ല. രണ്ടുകൂട്ടരും മനുഷ്യര്‍. അങ്ങനെയിരിക്കെ താങ്കള്‍ ഞങ്ങളോട് ദൈവത്തെപ്പറ്റി, ദൈവസ്‌നേഹത്തെപ്പറ്റി, പാപത്തെപ്പറ്റി, അനുതാപത്തെപ്പറ്റി, മാനസാന്തരത്തെപ്പറ്റി, സ്വര്‍ഗത്തെപ്പറ്റി, നരകത്തെപ്പറ്റിയെല്ലാം പ്രസംഗിക്കുന്നു.

ഇതിനൊക്കെ നിങ്ങള്‍ക്ക് എന്ത് യോഗ്യതയാണ് ഉള്ളത്? ഈ ചോദ്യത്തിന് ആര്‍ച്ച് ബിഷപ്പിന്റെ മറുപടി ഇങ്ങനെയായിരുന്നു: ഈ ലോകത്തില്‍ എല്ലാകാലത്തും ജീവിക്കുന്ന മനുഷ്യരോട് അവര്‍ക്ക് ഒരു ദൈവം ഉണ്ടെന്ന് പറയുവാന്‍ ചില കഴുതകള്‍ ആവശ്യമാണ്. ദൈവം അവരെ സ്‌നേഹിക്കുന്നുണ്ടെന്നും ലോകത്തില്‍ പാപമുണ്ടെന്നും അനുതപിച്ചാല്‍ പാപമോചനം ഉണ്ടെന്നും ഇല്ലെങ്കില്‍ ശിക്ഷയുണ്ടെന്നും പറയുവാന്‍ ചില കഴുതകള്‍ ആവശ്യമാണ്. പാപമോചനവും അനുഗ്രഹങ്ങളും മനുഷ്യര്‍ക്ക് നേടിക്കൊടുക്കുവാന്‍ ചില കഴുതകള്‍ ആവശ്യമാണ്.

ആ കഴുതകളില്‍ ഒരു കഴുത ആകാമെന്ന് ഞാന്‍ വിചാരിച്ചു. ഇതാണ് നിങ്ങളും ഞാനും തമ്മിലുള്ള വ്യത്യാസം. താന്‍ ദൈവത്തിന്റെ ഒരു കഴുതയാണെന്ന് ആര്‍ച്ച് ബിഷപ് പറഞ്ഞു. കഴുത ഏറ്റവും ബുദ്ധിയും ബോധവും കുറഞ്ഞ മൃഗമാണെന്ന് നമ്മള്‍ കരുതുന്നു. അതിനാല്‍ പലരെയും നമ്മള്‍ കഴുതയെന്ന് വിളിക്കാറും ഉണ്ട്. താന്‍ ഒരു കഴുതയാണെന്ന് ആര്‍ച്ച് ബിഷപ് പറഞ്ഞു. കഴുതയോട് സംസാരിച്ചിട്ട് കാര്യമില്ലെന്ന് പറഞ്ഞ്, അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ വന്നവരും സ്ഥലംവിട്ടു.
റോമാക്കാര്‍ക്കുള്ള ലേഖനം 10:14-17 വചനങ്ങളില്‍ പൗലോസ് ശ്ലീഹ പറയുന്ന ചില കാര്യങ്ങളുണ്ട്.

അവ ഇങ്ങനെയാണ്: അയക്കാതെ എങ്ങനെ പോകും? പോകാതെ എങ്ങനെ പറയും? പറയാതെ എങ്ങനെ കേള്‍ക്കും? കേള്‍ക്കാതെ എങ്ങനെ വിശ്വസിക്കും? വിശ്വസിക്കാതെ എങ്ങനെ മാനസാന്തരപ്പെടും? മാനസാന്തരപ്പെടാതെ എങ്ങനെ രക്ഷപെടും? ആകയാല്‍ വിശ്വാസം കേള്‍വിയില്‍നിന്നും കേള്‍വി ക്രിസ്തുവിനെപ്പറ്റിയുള്ള പ്രസംഗത്തില്‍നിന്നുമാണ്. അതിനാല്‍ അയക്കാനും പോകാനും ആത്മീയ ശുശ്രൂഷകള്‍ നടത്തുന്നതിനും എല്ലാക്കാലത്തും എല്ലായിടത്തും ആളുകളെ ആവശ്യമുണ്ട്. അതിനാല്‍ ദൈവം ആളുകളെ വിളിച്ചുകൊണ്ടിരിക്കും.

വിളിക്കുന്നവരില്‍ കുറച്ചുപേര്‍ വരും; മറ്റുള്ളവര്‍ വരില്ല. വരുന്നവരില്‍ കുറച്ചുപേര്‍ തുടരും; മറ്റുള്ളവര്‍ തിരിച്ചുപോകും. തുടരുന്നവരില്‍ത്തന്നെ ചിലര്‍ തീക്ഷ്ണത ഉള്ളവരാണ്; അല്ലാത്തവര്‍ തീക്ഷ്ണത കുറഞ്ഞവരുമാണ്. തീക്ഷ്ണതയുള്ള ഈ കുറച്ചുപേരുടെ ആത്മീയ ശുശ്രൂഷയിലൂടെയാണ് എല്ലാക്കാലത്തും ജീവിച്ചിരിക്കുന്ന മനുഷ്യര്‍ ആത്മീയ സത്യങ്ങള്‍ അറിയുന്നത്; ആത്മീയ ശുശ്രൂഷകളില്‍ പങ്കെടുക്കുന്നത്. അതുവഴിയാണ് അവര്‍ ആത്മരക്ഷ നേടുന്നത്. അതിനാല്‍ എല്ലാക്കാലത്തും ലോകത്തില്‍ ആത്മീയ ശുശ്രൂഷകര്‍ ആവശ്യമാണ്.

നല്ല ദൈവവിളികള്‍ ഉണ്ടായാലേ നല്ല ആത്മീയതയുള്ള കുടുംബങ്ങള്‍ ഉണ്ടാകൂ. നല്ല ആത്മീയത ഉള്ള കുടുംബങ്ങള്‍ ഉണ്ടായാലേ നല്ല ദൈവവിളികളും ഉണ്ടാകൂ. ഈ ബന്ധം മറക്കാതിരിക്കാം. നിരവധി രാജ്യങ്ങളിലെ അനുഭവങ്ങള്‍ നമ്മുടെ മുമ്പില്‍ ഉണ്ട്. നല്ല ആത്മീയ ശുശ്രൂഷകര്‍ ഇല്ലാതെ വന്നപ്പോള്‍ എത്രയോ രാജ്യങ്ങളില്‍ ക്രൈസ്തവ കുടുംബങ്ങളിലെ വിശ്വാസവും ധാര്‍മികതയും കുറഞ്ഞുപോയി; അഥവാ നഷ്ടപ്പെട്ടു. തല്‍ഫലമായി ദൈവവിളികളും ഇല്ലാതായി. ദൈവവിശ്വാസവും ക്രൈസ്തവ ധാര്‍മികതയും ഇല്ലാത്തവര്‍ അത്തരം രാജ്യങ്ങളില്‍ അധികാരത്തില്‍ വന്നപ്പോള്‍ ദൈവകല്‍പനകള്‍ക്ക് വിരുദ്ധമായ നിയമങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങി.

അബോര്‍ഷന്‍, സ്വവര്‍ഗവിവാഹം, വിവാഹേതര ബന്ധങ്ങള്‍ തുടങ്ങിയവ നിയമംമൂലം ആദ്യം അംഗീകരിച്ച രാജ്യങ്ങള്‍ എല്ലാംതന്നെ ക്രൈസ്തവ രാജ്യങ്ങളാണ്. ഒരുപക്ഷേ വിശ്വാസവും ധാര്‍മികതയും ഉള്ള വ്യക്തികള്‍ ഭരണത്തില്‍ വന്നിരുന്നെങ്കില്‍ ഇത്തരം നിയമനിര്‍മാണങ്ങള്‍ നടക്കുകയില്ലായിരുന്നു. നല്ല ദൈവവിളികള്‍ ഉണ്ടാകുന്നതിനായി പ്രാര്‍ത്ഥിക്കുന്നതിനുവേണ്ടി സഭ ഒരു ദിവസം മാറ്റിവച്ചിട്ടുണ്ട്. ഈ വര്‍ഷം അത് മെയ് 12 ഞായറാഴ്ചയാണ്. ഇതോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പറയുന്നു: ദൈവവിളി ഒരു വെല്ലുവിളി ഏറ്റെടുക്കലും ഒരു വാഗ്ദാനത്തിന് അവകാശി ആകലുമാണ്. മര്‍ക്കോസ് 1:16-20 വചനങ്ങളില്‍ യേശു ശിമയോന്‍, അന്ത്രയോസ്, യാക്കോബ്, യോഹന്നാന്‍ എന്നിവരെ വിളിക്കുന്ന സംഭവം മാര്‍പാപ്പ അനുസ്മരിക്കുന്നു.

വല എറിയുകയായിരുന്ന ശിമയോനെയും അന്ത്രയോസിനെയും വല നന്നാക്കുകയായിരുന്ന യാക്കോബ്, യോഹന്നാന്‍ എന്നിവരെയുമാണ് യേശു വിളിച്ചത്. മീന്‍പിടുത്തം ഉപേക്ഷിച്ചുപോകല്‍ ഒരു വെല്ലുവിളിയായിരുന്നു. ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം എന്നത് ഒരു വാഗ്ദാനവും ആയിരുന്നു. ഓരോ ദൈവവിളിയും ഇതുപോലെ ഒരു റിസ്‌ക്ക് എടുക്കലും ഒരു വാഗ്ദാനത്തിന്റെ സ്വീകരണവുമാണ്. എല്ലാ ജീവിതാന്തസിലും എല്ലാ തൊഴിലിലും ഏര്‍പ്പെട്ടിരിക്കുന്നവര്‍ ചിലപ്പോള്‍ വെല്ലുവിളികളിലൂടെ കടന്നുപോകേണ്ടിവരും.

ദൈവവിളിയും അങ്ങനെതന്നെ. ദൈവവിളി സ്വീകരിക്കുന്നവര്‍ കൂടുതല്‍ വെല്ലുവിളി എടുക്കുന്നവരാണ്. അതിനാല്‍ കൂടുതല്‍ ധൈര്യം ഉള്ളവര്‍ക്കേ ഈ വിളി സ്വീകരിക്കുവാന്‍ കഴിയൂ.  യേശു വിളിച്ചാലും വിളി തിരിച്ചറിയാനും പോകാനും നിലനില്‍ക്കാനുമെല്ലാം ഇന്ന് പ്രതിസന്ധികള്‍ കൂടുതലാണ്. അതിനാല്‍ നമ്മുടെ പ്രാര്‍ത്ഥനകള്‍ അവര്‍ക്ക് വേണം. നല്ല ദൈവവിളികള്‍ ഉണ്ടാകുവാനും തീക്ഷ്ണതയുള്ള ശുശ്രൂഷകര്‍ ഉണ്ടാകുവാനും നമുക്ക് പ്രാര്‍ത്ഥിക്കാം.

ഫാ. ജോസഫ് വയലില്‍ CMI

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?