Follow Us On

25

August

2019

Sunday

‘ലൈക്കി’ല്‍ നിന്നും ആമേനിലേക്ക്‌

‘ലൈക്കി’ല്‍ നിന്നും ആമേനിലേക്ക്‌

ഇന്റര്‍നെറ്റ് ആദ്യം ലഭ്യമായപ്പോള്‍ മുതല്‍ സഭ എപ്പോഴും വ്യക്തികള്‍ തമ്മിലുള്ള കണ്ടുമുട്ടലിന്റെയും എല്ലാവരിലുമുള്ള ഐകദാര്‍ഢ്യത്തിന്റെയും സേവനത്തില്‍ അതിന്റെ ഉപയോഗം വളര്‍ത്താന്‍ പരിശ്രമിച്ചു. നമ്മുടെ പാരസ്പര്യത്തിന്റെ അടിസ്ഥാനത്തെയും പ്രാധാന്യത്തെയുംപറ്റി ഒരിക്കല്‍ക്കൂടി ചിന്തിക്കാനും സമകാലീനസമ്പര്‍ക്കമാധ്യമ പശ്ചാത്തലം സമ്മാനിക്കുന്ന വെല്ലുവിളികളുടെ വിസ്തൃതവ്യൂഹത്തില്‍, അന്യവത്കൃതനായും ഏകാകിയായും കഴിയാന്‍ മനസ്സില്ലാത്ത മനുഷ്യവ്യക്തിയുടെ ആഗ്രഹം വീണ്ടും കണ്ടെത്താനും ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു.

അനുദിനജീവിതമണ്ഡലത്തില്‍നിന്ന് വേര്‍തിരിച്ചറിയാനാവാത്തവിധം വ്യാപനശക്തിയുള്ളതാണ് ഇന്നത്തെ മാധ്യമ പരിതസ്ഥിതി. നെറ്റ് നമ്മുടെ കാലഘട്ടത്തിലെ ഒരു വിഭവകേന്ദ്രമാണ്. പണ്ട് ചിന്തിക്കാന്‍ സാധ്യമല്ലാതിരുന്ന അറിവിന്റെയും ബന്ധങ്ങളുടെയും ഉറവിടമാണത്. എന്നിരുന്നാലും ഉത്പാദനപ്രക്രിയ, വിതരണം, ഉള്ളടക്കത്തിന്റെ ഉപയോഗം എന്നിവയില്‍ സാങ്കേതികവിദ്യ കൊണ്ടുവന്നിട്ടുള്ള അഗാധമായ പരിവര്‍ത്തനങ്ങളുടെ വെളിച്ചത്തില്‍ ആഗോളതലത്തില്‍ യഥാര്‍ത്ഥ അറിവിനുള്ള അന്വേഷണം, അതിന്റെ പങ്കുവയ്ക്കല്‍ എന്നിവയെ ഭീഷണിപ്പെടുത്തുന്ന അപകടങ്ങളെയും അനേകം വിദഗ്ധര്‍ ഉയര്‍ത്തിക്കാണിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് അറിവിനെ സമീപിക്കാനുള്ള അസാധാരണ സാധ്യതയെ പ്രതിനിധീകരിക്കുമെങ്കിലും അത് തെറ്റായ അറിവു നല്കുന്നതും യാഥാര്‍ത്ഥ്യങ്ങളെയും വ്യക്തികള്‍ തമ്മിലുള്ള ബന്ധങ്ങളെയും വികലമാക്കുന്നതുമാണെന്നതും സത്യമാണ്.

ഒരു കാര്യം നാം തിരിച്ചറിയണം. സാമൂഹിക നെറ്റ്‌വര്‍ക്കുകള്‍ ഒരുവശത്ത് പരസ്പരം നന്നായി ബന്ധപ്പെടാനും വീണ്ടും കണ്ടെത്താനും പരസ്പരം സഹായിക്കാനും നമ്മെ പ്രാപ്തരാക്കുന്നു. എന്നാല്‍ മറുവശത്ത് വ്യക്തിക്കും വ്യക്തിയുടെ അവകാശങ്ങള്‍ക്കും അര്‍ഹമായ ബഹുമാനം നല്കാതെ രാഷ്ട്രീയമോ സാമ്പത്തികമോ ആയ നേട്ടങ്ങള്‍ക്കുവേണ്ടി വ്യക്തിപരമായ വിവരങ്ങള്‍ ദുരുപയോഗിക്കാന്‍ നിമിത്തമാകുന്നു. യുവജനങ്ങളില്‍ നാലില്‍ ഒരാള്‍ സൈബര്‍ ബുള്ളിയിംഗിന്റെ പരമ്പരകളില്‍ ഉള്‍പ്പെട്ടിരിക്കുന്നുവെന്ന് സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു.

ഈ സങ്കീര്‍ണാവസ്ഥയില്‍ ഇന്റര്‍നെറ്റ് തുടങ്ങിയതിന്റെ അടിസ്ഥാനമായിരുന്ന നെറ്റ് എന്ന രൂപകാലങ്കാരത്തെപ്പറ്റി വീണ്ടും ചിന്തിക്കുന്നത് അതിന്റെ ഭാവാത്മകമായ കഴിവു കണ്ടെത്താന്‍ ഉപകാരപ്രദമായിരിക്കും. വല എന്ന ബിംബം തിരശ്ചീന രേഖകളുടെയും ലംബരേഖകളുടെയും ബഹുത്വത്തെക്കുറിച്ചു ചിന്തിക്കാന്‍ നമ്മെ ക്ഷണിക്കുന്നു. ഒരു കേന്ദ്രസ്ഥാനമോ ശ്രേണീപരമായ ഘടനയോ ലംബസമാനമായ ഒരു സംയോജനാരൂപമോ ഇല്ലാത്ത അതിന് സ്ഥിരത ഉറപ്പുവരുത്തുന്നവയാണ് ഈ രേഖകള്‍. എന്നാല്‍ പലപ്പോഴും അവ പൊതുതാത്പര്യങ്ങളെയോ നേര്‍ത്ത ബന്ധങ്ങള്‍ മാത്രം പേറുന്ന വിഷയങ്ങളെയോ മുന്‍നിറുത്തി പരസ്പരം അംഗീകരിക്കുന്ന വ്യക്തികളുടെ ഗണങ്ങള്‍ മാത്രമായി കഴിയുന്നു.

നരവംശശാസ്ത്രപരമായ വീക്ഷണപ്രകാരം നെറ്റ്, (സമൂഹം എന്ന) രൂപകാലങ്കാരം അര്‍ത്ഥപൂര്‍ണമായ മറ്റൊരു പ്രതിബിംബത്തെ, ഓര്‍മിപ്പിക്കുന്നു. സമൂഹം പരസ്പരവിശ്വാസമുള്ളതായിരിക്കുകയും പൊതുലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയും ചെയ്യണം. അത് സംയോഗശക്തിയുള്ളതും പിന്താങ്ങുന്നതുമായിരിക്കണം. ഐകദാര്‍ഢ്യത്തിന്റെ നെറ്റ്‌വര്‍ക്ക് എന്ന നിലയിലുള്ള സമൂഹത്തിന് ഭാഷയുടെ ഉത്തരവാദിത്വപൂര്‍ണമായ ഉപയോഗത്തെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള പരസ്പരശ്രവണവും സംവാദവും ഉണ്ടാകണം.

ഇന്നത്തെ സാഹചര്യത്തില്‍ സോഷ്യല്‍ നെറ്റുവര്‍ക്ക് സമൂഹങ്ങള്‍ സ്വാഭാവിക സമൂഹത്തിന്റെ പര്യായമല്ലെന്ന് ആര്‍ക്കും കാണാവുന്നതാണ്. അടിയന്തിരഘട്ടങ്ങളില്‍ ഈ വെര്‍ച്ച്വല്‍ സമൂഹങ്ങള്‍ കൂടിച്ചേരലും ഐകദാര്‍ഢ്യവും പ്രദര്‍ശിപ്പിക്കാന്‍ കഴിവുള്ളതാണ്. എന്നാല്‍ പലപ്പോഴും ദുര്‍ബലമായ ബന്ധങ്ങളുടെ പൊതുതാത്പര്യംമൂലം പരസ്പരം തിരിച്ചറിയുന്ന ഗ്രൂപ്പുകളായി കഴിയുന്നു. കൂടാതെ, സോഷ്യല്‍ വെബില്‍ തനിമ പലപ്പോഴും അപരനോട്, ഗ്രൂപ്പില്‍പെടാത്തവനോടുള്ള വൈരുധ്യത്തെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാകുന്നു.

നമ്മെ ഐക്യപ്പെടുത്തുന്നവയെ എന്നതിനെക്കാള്‍ നമ്മെ വിഭജിക്കുന്നവയെ അടിസ്ഥാനപ്പെടുത്തി നാം സ്വയം നിര്‍വചിക്കുന്നു. സംശയത്തിനും എല്ലാതരം മുന്‍വിധിക്കും (വംശപരം, ലിംഗപരം, മതപരം മുതലായവ) ഇടയാക്കുന്നു. ഈ പ്രവണത വൈവിധ്യത്തെ ഒഴിവാക്കുന്ന ഗ്രൂപ്പുകളെ പ്രോത്സാഹിപ്പിക്കുന്നു. അത് ഡിജിറ്റല്‍ സാഹചര്യത്തിലും വിദ്വേഷത്തിന്റെ ഓളങ്ങളെ ഇളക്കിവിടുന്ന അനിയന്ത്രിതമായ വ്യക്തിവാദത്തെ പോഷിപ്പിക്കുന്നു. അങ്ങനെ ലോകത്തിലേക്കുള്ള ഒരു ജനലായിരിക്കേണ്ടത് വ്യക്തിപരമായ സ്വദേഹപ്രേമം പ്രദര്‍ശിപ്പിക്കുന്ന ഒരു ഷോകെയ്‌സായിത്തീരുന്നു.

മറ്റുള്ളവരുമായിട്ടുള്ള കണ്ടുമുട്ടല്‍ വളര്‍ത്താനുള്ള അവസരമാണ് നെറ്റ്. എന്നാല്‍ അതിന് നമ്മുടെ ഏകാന്തതയെ വര്‍ദ്ധിപ്പിക്കാനാകും – നമ്മെ പിടികൂടിയ ഒരു വലപോലെ. യുക്തിപരമായ തലത്തില്‍ പൂര്‍ണമായി തൃപ്തിപ്പെടുത്താന്‍ സോഷ്യല്‍ വെബിന് കഴിയുമെന്ന മിഥ്യാബോധം യുവജനത്തിനാണ് ഏറ്റവും കൂടുതല്‍ ഉള്ളത്. യുവജനം ”സാമൂഹിക താപസന്മാര്‍” ആയിത്തീരുന്ന അപകടകരമായ ഒരു പ്രതിഭാസം ഉണ്ട്. അവര്‍ സമൂഹത്തില്‍ നിന്നു പൂര്‍ണമായി ഒറ്റപ്പെടുകയെന്ന അപകടസാധ്യതയിലാണ്. നാടകീയമായ ഈ അവസ്ഥ സാമൂഹികബന്ധത്തില്‍ തകര്‍ച്ചയുണ്ടാക്കുന്നു എന്നത് നമുക്ക് അവഗണിക്കാനാവില്ല.

നാനാരൂപമുള്ളതും അപകടകരവുമായ ഈ യാഥാര്‍ത്ഥ്യം അവ സാന്മാര്‍ഗികമോ സാമൂഹികമോ നിയമപരമോ രാഷ്ട്രീയമോ സാമ്പത്തികമോ ആയ വിവിധ ചോദ്യങ്ങളെ ഉയര്‍ത്തുന്നു. അവ സഭയെ വെല്ലുവിളിക്കുകയും ചെയ്യുന്നുണ്ട്. വെബിനെ നിയന്ത്രിക്കാനും സ്വതന്ത്രവും തുറവിയുള്ളതും സുരക്ഷിതവുമായ ഒരു നെറ്റ്‌വര്‍ക്കിനെക്കുറിച്ച് തുടക്കത്തിലേ ഉള്ള കാഴ്ചപ്പാട് സംരക്ഷിക്കാനും സര്‍ക്കാരുകള്‍ നിയമപരമായ മാര്‍ഗങ്ങള്‍ തേടുന്നു. അതേസമയം അതിന്റെ ഭാവാത്മകമായ ഉപയോഗത്തെ വളര്‍ത്താന്‍ നമുക്ക് എല്ലാവര്‍ക്കും ബാധ്യതയും ഉത്തരവാദിത്വവും ഉണ്ട്.

ബന്ധങ്ങള്‍ വര്‍ദ്ധിപ്പിച്ചതുകൊണ്ടുമാത്രം പരസ്പരധാരണ വളര്‍ത്താന്‍ കഴിയില്ലല്ലോ. അങ്ങനെയെങ്കില്‍ ഓണ്‍ലൈന്‍ നെറ്റ്‌വര്‍ക്കില്‍ പരസ്പര ഉത്തരവാദിത്വത്തെക്കുറിച്ചുള്ള ബോധത്തോടെ എങ്ങനെ യഥാര്‍ത്ഥ സാമൂഹിക തനിമ കണ്ടെത്താനാവും?

”നാം ഒരേ ശരീരത്തിന്റെ അവയവങ്ങളാണ്”
മൂന്നാമത്തെ ഒരു രൂപകാലങ്കാരത്തില്‍നിന്ന്, ശരീരവും അവയവങ്ങളും എന്ന രൂപകാലങ്കാരത്തില്‍നിന്ന് സാധ്യമായ ഒരു ഉത്തരം കണ്ടെത്താന്‍ കഴിയും. ആ രൂപകമാണ് മനുഷ്യരെ ബന്ധിപ്പിക്കുന്ന ശരീരത്തെ അടിസ്ഥാനപ്പെടുത്തി മനുഷ്യരുടെ പരസ്പരബന്ധം വിവരിക്കാന്‍ വിശുദ്ധ പൗലോസ് ശ്ലീഹാ ഉപയോഗിക്കുന്നത്: ”അതിനാല്‍ വ്യാജം വെടിഞ്ഞ് എല്ലാവരും തങ്ങളുടെ അയല്‍ക്കാരോട് സത്യം സംസാരിക്കണം. കാരണം, നാം ഒരേ ശരീരത്തിലെ അവയവങ്ങളാണ്” (എഫേ. 4:25).

പരസ്പരം അവയവങ്ങളായിരിക്കുകയെന്നത് ആഴമുള്ള ഒരു ലക്ഷ്യമാണ്. അത് ഉപയോഗിച്ച് അപ്പസ്‌തോലന്‍ നമ്മെ വ്യാജം വെടിയാനും സത്യം പറയാനും ക്ഷണിക്കുന്നു. സത്യത്തെ സംരക്ഷിക്കാനുള്ള കടമ ഐക്യത്തിന്റെ പരസ്പരബന്ധത്തില്‍നിന്നുണ്ടാകുന്നു. സത്യം ഐക്യം വെളിവാക്കുന്നു. നുണയാകട്ടെ, നമ്മള്‍ ഒരേ ശരീരത്തിന്റെ അംഗങ്ങളാണെന്നത് നിഷേധിക്കുന്നു.

ശരീരത്തിന്റെയും അവയവങ്ങളുടെയും അലങ്കാരം നമ്മുടെ തനിമയെപ്പറ്റി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. ആ തനിമ ഐക്യത്തിലും ”അപരത്വ”ത്തിലും അടിയുറച്ചതാണ്. ക്രിസ്തു ശിരസ്സായിട്ടുള്ള ഏകശരീരത്തിലെ അവയവങ്ങളാണ് നമ്മള്‍ എന്ന് ക്രൈസ്തവരായ നമ്മള്‍ അംഗീകരിക്കുന്നു. ഭാവിയില്‍ മത്സരിക്കാനുള്ളവരായി ആളുകളെ കാണാതിരിക്കാനും ശത്രുക്കളെപ്പോലും വ്യക്തികളായി കാണാനും ഇത് സഹായിക്കും. നമ്മെത്തന്നെ നിര്‍വചിക്കാന്‍ നമുക്ക് ശത്രുവിന്റെ ആവശ്യമില്ല. എന്തെന്നാല്‍ എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്ന നോട്ടം നാം ക്രിസ്തുവില്‍നിന്നു പഠിക്കുന്നുണ്ട്.

അത് അപരത്വത്തെ പുതിയൊരു രീതിയില്‍ കണ്ടെത്താന്‍ – അവശ്യഘടകമായും ബന്ധത്തിന്റെയും അടുപ്പത്തിന്റെയും വ്യവസ്ഥയായും കണ്ടെത്താന്‍ – നമ്മെ പ്രേരിപ്പിക്കുന്നു. മനസ്സിലാക്കാനും ബന്ധപ്പെടാനും മനുഷ്യരിലുള്ള കഴിവ് ദൈവിക വ്യക്തികള്‍ തമ്മിലുള്ള സ്‌നേഹത്തിന്റെ ഐക്യത്തില്‍ അടിയുറപ്പിച്ചതാണ്. ദൈവം ഏകാന്തതയല്ല, ഐക്യമാണ്. അവിടുന്ന് സ്‌നേഹമാണ്; അതുകൊണ്ട്, സമ്പര്‍ക്കമാണ്. എന്തെന്നാല്‍ സ്‌നേഹം എപ്പോഴും ആശയവിനിമയം നടത്തുന്നു. അന്യനെ കണ്ടെത്താന്‍ സ്വയം അങ്ങനെ ചെയ്യുന്നു. ചരിത്രത്തിലുടനീളം യഥാര്‍ത്ഥ സംവാദം സ്ഥാപിച്ചുകൊണ്ട് നമ്മോടു സംസാരിക്കുന്നതിനും നമ്മോടു ബന്ധപ്പെടുന്നതിനും ദൈവം നമ്മുടെ ഭാഷ സ്വീകരിക്കുന്നു. (cf. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഡേഗ്മാറ്റിക്ക് കോണ്‍സ്റ്റിറ്റിയൂഷന്‍, ദേയി വെര്‍ബും 2).

നമ്മള്‍ ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അവിടുന്ന് ഐക്യവും ആത്മസമ്പര്‍ക്കവുമാണ്. അതുകൊണ്ട് ഐക്യത്തില്‍ ജീവിക്കാനുള്ള – ഒരു സമൂഹത്തിന്റേതായിരിക്കാനുള്ള ആഗ്രഹം നമ്മുടെ ഹൃദയത്തില്‍ നാം കൊണ്ടുനടക്കുന്നു. ”പരസ്പരബന്ധത്തില്‍ പ്രവേശിക്കുക, പരസ്പരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുക – ഇതിനെക്കാള്‍ സവിശേഷമായ മറ്റൊന്നും നമ്മുടെ പ്രകൃതിയിലില്ല” വിശുദ്ധ ബേസില്‍ പറയുന്നു.
ബന്ധങ്ങളിലായിരിക്കാനും മനുഷ്യത്വത്തിന്റെ വ്യക്ത്യന്തരബന്ധ സ്വഭാവം സൂക്ഷിക്കാനും ഇപ്പോഴത്തെ സാഹചര്യം നമ്മോട് ആവശ്യപ്പെടുന്നു – നെറ്റുവര്‍ക്കിലും നെറ്റുവര്‍ക്കിലൂടെയും അങ്ങനെ ചെയ്യണം.

അതിലും കൂടുതലായി വിശ്വാസികള്‍ എന്ന നിലയിലുള്ള തനിമയുടെ അടയാളമായ ഐക്യം വെളിപ്പെടുത്താന്‍, ക്രിസ്ത്യാനികള്‍ എന്ന നിലയില്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. വിശ്വാസംതന്നെ യഥാര്‍ത്ഥത്തില്‍ ഒരു ബന്ധമാണ്, കണ്ടുമുട്ടലാണ്. ദൈവസ്‌നേഹത്തിന്റെ പ്രേരണകൊണ്ട് നമുക്കു സമ്പര്‍ക്കത്തിലാകാനും സ്വാഗതം ചെയ്യാനും അപരന്റെ ദാനത്തെ തിരിച്ചറിഞ്ഞ് അതിനോടു പ്രത്യുത്തരിക്കാനും കഴിയും. ഞാന്‍ ഞാന്‍ തന്നെ ആയിരിക്കണമെങ്കില്‍ എനിക്ക് മറ്റുള്ളവരെ ആവശ്യമുണ്ട് എന്നത് ത്രിത്വമായ ദൈവത്തിലുള്ള വിശ്വാസത്തില്‍നിന്നുളവാകുന്ന കാര്യമാണ്. ഞാന്‍ മറ്റുള്ളവരോടു ബന്ധപ്പെട്ടാല്‍ മാത്രമേ ഞാന്‍ യഥാര്‍ത്ഥത്തില്‍ മനുഷ്യത്വവും വ്യക്തിത്വവും ഉള്ളവനായിരിക്കുകയുള്ളൂ.

യഥാര്‍ത്ഥത്തില്‍, ”വ്യക്തി” എന്ന വാക്ക് ഒരു ”മുഖം” എന്ന നിലയില്‍ മനുഷ്യജീവിയെ സൂചിപ്പിക്കുന്നു. അവന്റെ മുഖം മറ്റുള്ളവരുടെ നേരേ തിരിഞ്ഞിരിക്കുകയാണ്. അവര്‍ മറ്റുള്ളവരുമായി ബന്ധപ്പെട്ടിരിക്കുന്നവരുമാണ്. നമ്മുടെ ജീവിതം കൂടുതല്‍ മാനുഷികമായിത്തീരുന്നത് അതിന്റെ സ്വഭാവം കുറച്ചുമാത്രം ഒറ്റപ്പെട്ടതാകുകയും കൂടുതല്‍ വ്യക്തിത്വമുള്ളതാവുകയും ചെയ്യുമ്പോഴാണ്. മറ്റുള്ളവനെ എതിരാളിയായി കാണുന്ന ഒറ്റപ്പെട്ടവനായിരിക്കുന്നതില്‍നിന്ന് മറ്റുള്ളവരെ സഹചാരികളായി അംഗീകരിക്കുന്ന വ്യക്തിയില്‍ വിശ്വാസ്യമായ ഈ മാര്‍ഗം കാണാം.

‘ലൈക്ക്’ (like)) എന്നതില്‍നിന്നും ‘ആമ്മേന്‍’ എന്നതിലേക്ക്
ശരീരത്തിന്റെയും അവയവങ്ങളുടെയും ബിംബം നമ്മെ ഒരു കാര്യം ഓര്‍മിപ്പിക്കുന്നു: മറ്റൊരാളുടെ ശരീരം, ഹൃദയം, കണ്ണുകള്‍, നോട്ടം, ശ്വസനം എന്നിവയിലൂടെ സജീവമായിത്തീരുന്ന ശരീരത്തിലുള്ള കണ്ടുമുട്ടലിന് സാമൂഹിക വെബ് ഉപകാരപ്രദമാണ്. അത്തരം ഒരു കണ്ടുമുട്ടലിന്റെ വ്യാപിപ്പിക്കലോ പ്രതീക്ഷിക്കലോ ആയി നെറ്റ് ഉപയോഗിച്ചാല്‍ നെറ്റ്‌വര്‍ക്ക് എന്ന സങ്കല്പം ഒറ്റിക്കൊടുക്കപ്പെടുകയില്ല. അത് ഐക്യത്തിനുള്ള നിമിത്തമായി നിലകൊള്ളും. ഒരു കുടുംബം കൂടുതല്‍ ബന്ധപ്പെടാനും തുടര്‍ന്ന് മേശയ്ക്കരികേ കണ്ട് പരസ്പരം കണ്ണുകളിലേക്കു നോക്കാനും നെറ്റ് ഉപയോഗിക്കുമ്പോള്‍ അത് വിഭവമായിത്തീരുന്നു.

ഒരു സഭാസമൂഹം നെറ്റ്‌വര്‍ക്കിലൂടെ പ്രവര്‍ത്തനം സംഘടിപ്പിക്കുകയും ഒന്നിച്ച് ദിവ്യകാരുണ്യാഘോഷം നടത്തുകയും ചെയ്താല്‍ നെറ്റ് വിഭവമായിത്തീരും. ശാരീരികമായി നമ്മില്‍നിന്ന് അകന്നിരിക്കുന്ന സൗന്ദര്യത്തിന്റെയോ സഹനത്തിന്റെയോ കഥകളോ അനുഭവങ്ങളോ പങ്കുവയ്ക്കാനുള്ള അവസരം നെറ്റ് തരുമ്പോള്‍ അത് വിഭവമാണ്. ഒന്നിച്ചു പ്രാര്‍ത്ഥിക്കാനും നന്മ അന്വേഷിക്കാനും ഐക്യപ്പെടുത്തുന്നവയെ കണ്ടെത്താനും നെറ്റ് സഹായിക്കുന്നു.

ഈ വിധത്തില്‍ നമുക്ക് രോഗനിര്‍ണയത്തില്‍ നിന്ന് ചികിത്സയിലേക്കു കടക്കാം. സംവാദത്തിനും കണ്ടുമുട്ടലിനും ”പുഞ്ചിരികള്‍ക്കും” വാത്സല്യപ്രകടനങ്ങള്‍ക്കും ഉള്ള വഴി തുറക്കുന്നു. ഈ നെറ്റ്‌വര്‍ക്കാണ് നമുക്കും വേണ്ടത് – കെണിയില്‍പെടാനുള്ളതല്ല, വിമോചിപ്പിക്കാനുള്ളത്, സ്വതന്ത്രജനതയുടെ ഐക്യം സംരക്ഷിക്കാനുള്ളത്. സഭതന്നെ ദിവ്യകാരുണ്യ ഐക്യം വഴി ഒന്നിച്ചു നെയ്യപ്പെട്ട ഒരു നെറ്റ്‌വര്‍ക്കാണ്. അവിടെ ഐക്യത്തിന്റെ അടിസ്ഥാനം ”ലൈക്ക്” അല്ല പിന്നെയോ സത്യത്തില്‍ ”ആമ്മേന്‍” ആണ്. അതുവഴി ഓരോ വ്യക്തിയും ക്രിസ്തുവിന്റെ ശരീരത്തോട് ഒട്ടിച്ചേരുകയും മറ്റുള്ളവര്‍ക്ക് സ്വാഗതമരുളുകയും ചെയ്യുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?