Follow Us On

29

March

2024

Friday

ദൈവം മാനവരാശിക്ക് നല്‍കിയ അമൂല്യസമ്മാനമാണ് പരിശുദ്ധാത്മാവ്‌

ദൈവം മാനവരാശിക്ക് നല്‍കിയ അമൂല്യസമ്മാനമാണ് പരിശുദ്ധാത്മാവ്‌

ഈസ്റ്റര്‍ ആഘോഷത്തിനുശേഷം വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബെസ്ലിക്കാ അങ്കണത്തില്‍ വിശ്വാസികള്‍ക്കും തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമായി നല്‍കിയ വിവിധ കൂടികാഴ്ചകളില്‍ ഉത്ഥിതനായ ക്രിസ്തുവിലുള്ള നവജീവിതത്തിനുതകുന്ന വിചിന്തനങ്ങളാണ് ഫ്രാന്‍സിസ് പാപ്പാ നല്‍കിയത്.. ഉത്ഥാനശേഷം തന്റെ ശിഷ്യര്‍ക്ക് നല്‍കിയ ആദ്യദര്‍ശനത്തിലും വെളിപ്പെടുത്തലിലും അവിടുന്ന് അവരിലേക്ക് നിശ്വസിച്ചുകൊണ്ട് ”നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍” എന്ന് യേശു ആഹ്വാനം ചെയ്യുന്നു.

എന്തിനാണ് ദൈവം നമുക്ക് സഹായകനെ നല്‍കിയത്? നമുക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാവില്ല എന്നതിനാലാണത്. ക്രിസ്തുവിനെ മരണത്തില്‍നിന്ന് ഉയര്‍പ്പിച്ച അതേ ദൈവിക ആന്മാവ് നമ്മളെയും ജീവിതവഴികളില്‍ മുന്നോട്ട് പോവുവാന്‍ സഹായിക്കുന്നു. കാരണം പരിശുദ്ധാന്മാവ് ശക്തിയാണ്. പരിശുദ്ധാത്മാവില്ലാതെ ക്രൈസ്തവജീവിതത്തില്‍ ചരിക്കുവാനും വളരുവാനും ഒരാള്‍ക്കും സാധ്യമല്ല. അതുകൊണ്ട് നമ്മുടെ അനുദിനജീവിതത്തിന് സഹായിയായി ദൈവം നമുക്ക് നല്കിയ അമൂല്യസമ്മാനമാണ് പരിശുദ്ധാന്മാവ്. പരിശുദ്ധാന്മാവിനാല്‍ നമ്മള്‍ അനുദിനം നയിക്കപ്പെടണം. ജീവിതത്തില്‍ നമ്മളെതന്നെ പരിശുദ്ധാന്മാവിന്റെ ഇടപെടലുകള്‍ക്കായി സ്വമേധയാ അനുവദിക്കണം.

ധൈര്യത്തോടെ പ്രാര്‍ത്ഥിക്കുവിന്‍
സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥനയെക്കുറിച്ച് പാപ്പാ നല്‍കിവരുന്ന പഠനപരമ്പരയില്‍ പ്രാര്‍ത്ഥനയിലുണ്ടാവേണ്ട ധൈര്യത്തെക്കുറിച്ചും നിലപാടുകളെകുറിച്ചും പാപ്പാ ഉദ്‌ബോധിപ്പിച്ചു. പ്രാര്‍ത്ഥിക്കുവാന്‍ ധൈര്യം ആവശ്യമാണ്. കാരണം ജീവിതത്തെ ക്രമപ്പെടുത്താന്‍ പ്രാര്‍ത്ഥന നമ്മളോട് ആവശ്യപ്പെടുന്നു. മന്ദോഷ്ണരാകാതെ എല്ലാം നേര്‍രേഖയിലാക്കുന്നവര്‍ക്കാണ് അല്ലെങ്കില്‍ അതിനായി ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്നവര്‍ക്കാണ് പ്രര്‍ത്ഥന ഫലദായകമാവുന്നത്. പ്രാര്‍ത്ഥിക്കുവാനുള്ള ധൈര്യമാണ് ഇവിടെ ഉണ്ടാവേണ്ടത്.

ക്രൈസ്തവജീവിതം എന്നും വെല്ലുവിളി നിറഞ്ഞതാണ്. സഭയിലെ പ്രശ്‌നങ്ങള്‍ ഇന്നിന്റെ മാത്രം പ്രത്യേകതയല്ല. ഓരോ കാലഘട്ടത്തിലും വ്യത്യസ്ഥമായ വെല്ലുവിളികള്‍ സഭ നേരിടുന്നു എന്നുമാത്രം. അതുകൊണ്ട് സഭയ്ക്കുവേണ്ടിയും മറ്റുള്ളവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുവിന്‍. തിന്മക്കെതിരെയുള്ള നമ്മുടെ പരിശ്രമങ്ങളില്‍ കൃപയുടെ ഒഴുക്ക് സ്‌നേഹത്തിലൂടെയാണ് കൈവരുന്നത്.

പ്രലോഭനങ്ങളില്‍നിന്ന്
ഞങ്ങളെ പ്രലോഭനങ്ങളില്‍ ഉള്‍പ്പെടുത്തരുതേ എന്നത് സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥനയുടെ തര്‍ജമ മൂലം കടന്നുവന്ന തെറ്റാണ്. ദൈവം ആരെയും പ്രലേഭനങ്ങളില്‍ ഉള്‍പ്പടുത്തുന്നില്ല. സ്‌നേഹിക്കുന്ന പിതാവ് ഒരിക്കലും തന്റെ മക്കള്‍ക്ക് പ്രലോഭനങ്ങളുടെ കെണി ഒരുക്കുന്നില്ല. എന്നാല്‍ ലോകത്തില്‍ എന്നും എപ്പോഴും മനുഷ്യജീവിതത്തില്‍ സ്വാതന്ത്ര്യവും ദുഷ്ടാത്മാവുമായുള്ള യുദ്ധം ഉണ്ടായിരിക്കും. പ്രലോഭനങ്ങള്‍ യേശുവിന്റെ ജീവിതത്തിലും പലരൂപത്തിലും എത്തുമായിരുന്നു. എന്നാല്‍ അവിടുന്ന് ദൈവവചനത്താലും ദൈവികശക്തിയാലും അവയെ പിന്തള്ളിയതായിട്ടാണ് വചനം പറയുന്നത്.

ഗദ്‌സമേനിയിലും പ്രലോഭനങ്ങളെ അതിജീവിക്കുന്ന യേശു മാതൃകയാണ്. തന്റെ പീഡാനുഭവവും കുരിശുമരണവും അടുത്തെത്തിയ നിമിഷത്തിലാണ് യേശു ദൈവത്തെ മഹത്വപ്പെടുത്തി പ്രാര്‍ത്ഥിക്കുന്നത്. സ്വര്‍ഗത്തിലേക്ക് കണ്ണുകള്‍ ഉയര്‍ത്തികൊണ്ട് അവിടുന്ന് ഇപ്രകാരം പ്രാര്‍ത്ഥിച്ചു. ”പിതാവേ സമയമായി. പുത്രനെ അവിടുന്ന് മഹത്വപ്പെടുത്തേണമേ.” (യോഹ 17.1-5). ഇത് പ്രാര്‍ത്ഥനയുടെ കൃത്യതയെക്കുറിച്ചും പിതൃപുത്രബന്ധത്തിന്റെ തീവ്രതയെക്കുറിച്ചുമുള്ള അതീവഹൃദ്യമായ വിവരണമാണ്.

ദൈവം തന്റെ മക്കളെ ഒരുനാളും ഉപേക്ഷിക്കുകയില്ല. നമ്മുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലും നമ്മോടൊപ്പം കര്‍ത്താവ് ഉണ്ട്. നമ്മള്‍ പാപാവസ്ഥയില്‍ തുടരുമ്പോഴും അവിടുന്ന് നമ്മളെ തേടുന്നു. പരീക്ഷണങ്ങളുടെ സമയത്ത് ദൈവത്തില്‍ ആശ്രയിക്കുവാനും അവിടുത്തെ മഹത്വപ്പെടുത്തുവാനുമാണ് നമ്മള്‍ പരിശ്രമിക്കേണ്ടത്. അതാണ് യേശു പഠിപ്പിച്ചത്.

അതിനാല്‍ പ്രര്‍ത്ഥന ദൈവവുമായുള്ള ആഴമേറിയ ബന്ധത്തിന്റെ സ്തുത്യര്‍ഹമായ വിധത്തിലുള്ള ആശ്രയിക്കലാണ്. തന്മൂലം വേദനയുടെ നിമിഷങ്ങളിലും ദൈവമഹത്വത്തിലേക്കാണ് നമ്മുടെ പ്രാര്‍ത്ഥന ഉയരേണ്ടത്. ഇത് കേവലം വിരോധാഭാസമല്ല, പ്രത്യുത മനുഷ്യരുടെ ഇടയിലുള്ള ദൈവത്തിന്റെ സാന്നിദ്ധ്യത്തിന്റെയും വെളിപ്പെടുത്തലിന്റെയും കൃത്യവും വ്യക്തവുമായ അടയാളമാണ്. ലൗകികമഹത്വത്തിന്റെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലല്ല ഇത് മനസ്സിലാക്കേണ്ടത്.

ഞങ്ങളോട് ക്ഷമിക്കണമേ
സ്വര്‍ഗസ്ഥനായ പിതാവേ എന്ന യേശു പഠിപ്പിച്ച പ്രാര്‍ത്ഥനയില്‍ നമ്മുടെ കടങ്ങളും പാപങ്ങളും ക്ഷമിക്കണമേ എന്ന് നമ്മള്‍ പ്രാര്‍ത്ഥിക്കുന്നു. ഒരു വ്യവസ്ഥ വച്ചുകൊണ്ടാണ് ആ പ്രാര്‍ത്ഥന ചെല്ലുന്നത്. ഞങ്ങളുടെ കടക്കാരോട് ഞങ്ങള്‍ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങള്‍ ഞങ്ങളോടും ക്ഷമിക്കണമേ എന്നതാണ് ആ വ്യവസ്ഥ. അങ്ങനെയെങ്കില്‍ നമ്മള്‍ ക്ഷമിക്കുന്ന അളവില്‍ മാത്രമേ നമുക്ക് ക്ഷമ ലഭിക്കുകയുള്ളു. വലിയ ലക്ഷ്യത്തോടെയാണ് പ്രാര്‍ത്ഥനയില്‍ യേശു ഈ ഭാഗം ചേര്‍ത്തിരിക്കുന്നത്.

ദൈവമനുഷ്യബന്ധങ്ങളുടെ ലംബവും തിരശ്ചീനവുമായ തലങ്ങള്‍ ഇതിലുള്‍പ്പെടുത്തിയിരിക്കുന്നു. ആദ്യത്തേത് മനുഷ്യനും ദൈവവുമായുള്ള ബന്ധത്ത സൂചിപ്പിക്കുന്നു. രണ്ടാമത്തേത് മനുഷ്യര്‍ പരസ്പരം ഉണ്ടാവേണ്ട ബന്ധത്തിന്റെ തലമാണ്.  സ്വയം നിര്‍മിത മനുഷ്യന്‍ (self made man) അഥവാ എല്ലാം ഞാന്‍ സ്വയം നേടിയതാണ് എന്ന് ചില വ്യക്തികള്‍ അവരെക്കുറിച്ച് തന്നെ പറയാറുണ്ട്. ആ പദപ്രയോഗം തന്നെ ശരിയല്ല. ദൈവത്തില്‍നിന്നാണ് നമ്മള്‍ എല്ലാം സ്വീകരിച്ചത്. നമ്മുടെ ജീവനും ജീവിതം തന്നെയും ദൈവദാനമാണ്. അനേകരുടെ നന്മയിലൂടെയാണ് ജീവിതം മുന്നോട്ടുപോവുന്നത്. അതിനാല്‍ ദൈവത്തോടും മറ്റുള്ളവരോടും നന്ദിയുള്ളവരാവുക.

മനുഷ്യന്‍ കടക്കാരനോ? എല്ലാത്തിനും മനുഷ്യന്‍ ദൈവത്തിനുമുന്നില്‍ കടപ്പെട്ടിരിക്കുന്നു. നമ്മള്‍ ദൈവത്തെ സ്‌നേഹിക്കുന്നതിനേക്കാളധികമായി അവിടുന്ന് മനുഷ്യരെ സ്‌നേഹിക്കുന്നു. അതുകൊണ്ട് പുനഃസ്ഥാപിക്കാനാവാത്തവിധം മനുഷ്യന്‍ ദൈവതിരുമുമ്പില്‍ കടക്കാരനാണ്. ഇതിന്റെ ഏറ്റവും പ്രകടമായ തലം ദൈവത്തില്‍നിന്നു സ്വീകരിക്കുന്ന ക്ഷമയാണ്. പല കാര്യങ്ങള്‍ക്കും മനുഷ്യന്‍ ദൈവത്തോട് ക്ഷമ ചോദിക്കേണ്ടതുണ്ട്. അലസതയാല്‍ ജീവിതം നയിച്ച നിമിഷങ്ങള്‍, മറ്റുള്ളവരോടുള്ള വെറുപ്പും വൈരാഗ്യവും നിറഞ്ഞ് കഴിച്ചു കൂട്ടിയ നാളുകള്‍ എന്നിങ്ങനെ പലതിനും ക്ഷമചോദിക്കുവാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്.

ക്ഷമ നല്‍കുന്നതുകൊണ്ടാണ് മനുഷ്യബന്ധങ്ങള്‍ നിലനില്‍ക്കുന്നത്. ദൈവത്തില്‍നിന്ന് ലഭിച്ച കൃപയുടെ സമൃദ്ധി നമ്മില്‍നിന്ന് പലതും ആവശ്യപ്പെടുന്നു. കൂടുതല്‍ ലഭിച്ചവന്‍ കൂടുതലായി നല്‍കാന്‍ ബാധ്യസ്ഥനാണ്. അപ്പോഴാണ് ലോകത്തില്‍ നീതി നടപ്പാവുന്നത്. നീതിക്കപ്പുറമാണ് ക്ഷമയും കാരുണ്യവും. അതുകൊണ്ട് കൃപയുടെ സമൃദ്ധമായ ഒഴുക്കിന് വ്യവസ്ഥകള്‍ക്കതീതമായി മറ്റുള്ളവരെ അവരര്‍ഹിക്കുന്നതി ലധികമായി കരുതുവാനും ക്ഷമിക്കുവാനും നമുക്ക് സാധിക്കണം.

പകരംവീട്ടുവാന്‍ ആഗ്രഹിക്കുന്നവര്‍ തിന്മയെ മുറുകെപിടിക്കുന്നവരാണ്. പ്രതികാരം തിന്മയാണ്. അതിന് വിധേയപ്പെടുന്നവര്‍ തിന്മയെ തന്നെയാണ് വളര്‍ത്തുന്നത്. ആവശ്യത്തിലധികവും മറ്റുള്ളവര്‍ അര്‍ഹിക്കുന്നതിലപ്പുറവും നന്മചെയ്ത് തിന്മയെ ഇല്ലാതാക്കുവിന്‍. ക്ഷമ ഏറെ ലഭിച്ചവര്‍ ക്ഷമ അധികമായി നല്‍കണം. ഈ ആഹ്വാനത്തോടെയാണ് സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥനയെകുറിച്ച് പാപ്പാ നല്‍കിവരുന്ന മതബോധനം അവസാനിപ്പിക്കുന്നത് .

ആഗോളതലത്തില്‍ തൊഴിലില്ലായ്മയുടെ നിരക്ക് വര്‍ദ്ധിക്കുന്നതില്‍ പാപ്പാ ഉല്‍ക്കണ്ഠ രേഖപ്പെടുത്തി. തൊഴിലിലൂടെയാണ് മനുഷ്യനന്മയ്ക്കും മാനവസമൂഹത്തിനും ആവശ്യമായ കാര്യങ്ങള്‍ ക്രമീകരിക്കപ്പെടുന്നത്. തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കുവേണ്ടിയും തൊഴില്‍ അന്വേഷകര്‍ക്കുവേണ്ടിയും തൊഴിലിന്റെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പ് പിതാവിനോട് പ്രാര്‍ത്ഥിക്കുവാന്‍ പാപ്പ ആഹ്വനം ചെയ്തു.

പ്രഫ. കൊച്ചുറാണി ജോസഫ്

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?