Follow Us On

18

April

2024

Thursday

ഹൃത്തിലുള്ള വിശ്വാസമാണ് പരമപ്രധാനം

ഹൃത്തിലുള്ള വിശ്വാസമാണ് പരമപ്രധാനം

ഈശോയുടെസ്വർഗാരോഹണ തിരുനാളിന് (മേയ് 30 ) സഭ ഒരുങ്ങുമ്പോൾ, വിശ്വാസജീവിതത്തിൽ പുലർത്തേണ്ട സുപ്രധാന മനോഭാവം എന്താവണം എന്ന് ഉദ്‌ബോധിപ്പിക്കുന്നു പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്.

ക്രിസ്തീയ ജീവിതത്തിന്റെ അടിസ്ഥാനവും വരാനിരിക്കുന്ന നിത്യജീവിതത്തിന്റെ അച്ചാരവുമാണ് ഈശോയുടെ ഉയിർപ്പും സ്വർഗാരോഹണവും. വിശുദ്ധ ലൂക്കായുടെ സുവിശേഷം 24:5-6ൽ വായിക്കുന്നു: ‘ജീവിച്ചിരിക്കുന്നവനെ നിങ്ങൾ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നത് എന്തിന്? അവൻ ഇവിടെയില്ല. ഉയിർപ്പിക്കപ്പെട്ടു.’

ശൂന്യമായ കല്ലറയുടെ മുമ്പിൽ കരഞ്ഞുകൊണ്ടുനിന്ന സ്ത്രീകൾക്ക് കിട്ടിയ സന്ദേശമാണിത്. ഈശോയുടെ കുരിശുമരണം ശിഷ്യന്മാർക്ക് വലിയ ഇടർച്ചപോലെയായിരുന്നു. അവിടുത്തെ വിധിയിലും മരണത്തിലും അവർ ചിതറിക്കപ്പെട്ടു. എന്നാൽ ഉത്ഥാനത്തിൽ വീണ്ടും അവർ ഒരുമിച്ച് ചേർക്കപ്പെട്ടു.

‘കല്ലറയിൽനിന്ന് തിരിച്ചുചെന്ന് അവർ ഇതെല്ലാം പതിനൊന്നുപേരെയും മറ്റെല്ലാവരെയും അറിയിച്ചു. മഗ്ദലനാമറിയവും യവാന്നയും യാക്കോബിന്റെ അമ്മയായ മറിയവും അവരുടെകൂടെ ഉണ്ടായിരുന്ന മറ്റു സ്ത്രീകളുമാണ് ഇക്കാര്യങ്ങൾ ശ്ലീഹന്മാരോട് പറഞ്ഞത്,’ (ലൂക്കാ 24:9-10). പൂർണമായും ശ്ലീഹന്മാർ ഇത് വിശ്വസിച്ചില്ലെങ്കിലും ‘പത്രോസ് എഴുന്നേറ്റ് കല്ലറയിങ്കലേക്ക് ഓടി,’ (24:12). എല്ലാം കണ്ട് വിസ്മയത്തോടെ മടങ്ങിപ്പോയി.

പിന്നീട് പല പ്രാവശ്യം ഉത്ഥിതൻ പ്രത്യക്ഷപ്പെട്ട് ശിഷ്യരെ ഒരുമിച്ചു കൂട്ടി. ഇത് വെറും തോന്നലോ കഥയോ അല്ല. ‘ഈശോ വന്ന് അവരുടെ മധ്യേനിന്ന് അവരോട് പറഞ്ഞു. നിങ്ങൾക്കു സമാധാനം,’ (യോഹ. 20:19). നഷ്ടപ്പെട്ടുകൊണ്ടിരുന്ന അവരുടെ വിശ്വാസം ചൈതന്യവത്തായി. ഉത്ഥാനത്തിന്റെ സാക്ഷികളായി ഉത്ഥിതൻ അവരെ മാറ്റുകയായിരുന്നു.

ഉത്ഥാനരഹസ്യം ശിഷ്യരുടെ ഹൃദയത്തിൽ സ്ഥിര നിക്ഷേപമാക്കാനുള്ള പരിശ്രമമായിരുന്നു അത്. ഉത്ഥിതൻ അവരുടെയും നമ്മുടെയും ഹൃദയത്തിൽ ആകാൻ വേണ്ടിയാണ് ബാഹ്യനേത്രങ്ങളിൽനിന്ന് അപ്രത്യക്ഷനാകുന്നത്. കണ്ണുകൾകൊണ്ട് കാണുന്നതിനെക്കാൾ ഹൃദയം കൊണ്ട് വിശ്വസിക്കുന്നതാണ് പ്രധാനപ്പെട്ടതെന്ന് ഈശോ പ~ിപ്പിക്കുന്നു. സജീവത ഇതിലാണ്. ഹൃദയത്തിലുള്ളതിനാണ് പ്രാധാന്യം.

ഈശോയുടെ മരണം ശിഷ്യന്മാരെ ചിതറിച്ചെങ്കിൽ അവിടുത്തെ ഉത്ഥാനവും സ്വർഗാരോഹണവും അവരെ തിരിച്ചു വിളിക്കുകയാണ്. കർദിനാൾ മരിയ മർത്തീനിയുടെ സുന്ദരമായ വാക്കുകൾ പ്രസക്തമാണിവിടെ: ‘ഞങ്ങൾ ഓടുന്നത് ഞങ്ങൾ അൽപ്പവിശ്വാസികളായതുകൊണ്ടാണ്, വിശ്വാസത്തിൽ ഞങ്ങൾക്ക് സ്ഥിരതയില്ലാത്തതുകൊണ്ടാണ്. ഞങ്ങൾ ഒരുമിച്ചോടുമ്പോൾ ഞങ്ങളെ സന്ദർശിക്കാൻ നിന്റെ (പരിശുദ്ധ അമ്മയുടെ) മകനോട് പ്രാർത്ഥിക്കണേ.’

വാസ്തവത്തിൽ ഉത്ഥാനശേഷമുള്ള ഈശോയുടെ പ്രത്യക്ഷപ്പെടലെല്ലാം ഇതാണ്. ഈ വിളിയിലാണ് ശിഷ്യന്മാരെല്ലാം നവ സൃഷ്ടികളായത്. ‘മിശിഹായിൽ ആയിരിക്കുന്നവൻ പുതിയ സൃഷ്ടിയാണ്. പഴയതു കടന്നുപോയി. ഇതാ പുതിയത് വന്നു കഴിഞ്ഞു (2 കോറി. 5:17). വിശുദ്ധ പൗലോസ് പറയുന്നു: ‘സൃഷ്ടി ജീർണതയുടെ അടിമത്വത്തിൽനിന്നും മോചിതരാവുകയും ദൈവമക്കളുടെ സ്വാതന്ത്ര്യം പ്രാപിക്കുകയും ചെയ്യും’ (റോമ 8:21).

ഓരോ ഈസ്റ്ററും നാം ‘പുനരുത്ഥാനത്തിന്റെ മക്കൾ’ (ലൂക്കാ 20:26) ആകാനുള്ള ക്ഷണമാണ്. പുനരുത്ഥാനമാകുന്ന ഉലയിലിട്ട് പുത്രന്റെ സാദൃശ്യത്തോട് അനുരൂപപ്പെടുത്തുവാൻ (റോമ 8:29) സഭ നടത്തുന്ന കാറ്റക്കേസിസാണ് ഈസ്റ്റർ ആഘോഷം. ഈ മാറ്റം നമ്മിൽ സംജാതമാകുമ്പോൾ പ്രിയ ശിഷ്യനെപ്പോലെ ‘അതു കർത്താവാണ്’ എന്നു വ്യക്തമായി പറയാൻ നമുക്ക് കഴിയും. ഈ തിരിച്ചറിവാണ് ഉത്ഥാനാനുഭവം.

ഉത്ഥിതനിലുള്ള നമ്മുടെ വിശ്വാസം നവീകരിക്കുകയും ഉണർവോടുകൂടി സാക്ഷികളാവുകയും ചെയ്യേണ്ട അവസരമാണിത്. ഉത്ഥാനാനുഭവത്തിലേക്കുള്ള ഏറ്റവും നല്ല ക്ഷണം തോമാശ്ലീഹായുടെ ‘എന്റെ കർത്താവേ, എന്റെ ദൈവമേ’ എന്ന മനംകവരുന്ന വചനങ്ങളത്രേ. ലോകം ക്രൈസ്തവരിൽനിന്നും പ്രതീക്ഷിക്കുന്നതും മിശിഹായുടെ ഉയിർപ്പിലുള്ള നവീകൃതമായ സാക്ഷ്യമാണ്.

ഒരിക്കൽക്കൂടി നാം ഈശോയെ സത്യദൈവവും സത്യമനുഷ്യനുമായി കാണണം. ശ്ലീഹന്മാർ ഉത്ഥിതനെ കണ്ട് ബോധ്യപ്പെട്ടപ്പോൾ അവർ നമുക്ക് കൈമാറ്റം ചെയ്ത സന്ദേശം ഉത്ഥിതൻ ഇനിമേൽ മരിക്കുകയില്ല എന്നതത്രേ. മരണത്തിന്റെമേലുള്ള അവിടുത്തെ വിജയമാണ് ഉത്ഥാനം. തോമായുടെ ‘അവിശ്വാസം’ എല്ലാവരെയും സഹായിച്ചു.

മിശിഹായെക്കുറിച്ചുള്ള തെറ്റായ ധാരണകൾ മാറ്റിയെടുക്കാൻ കഴിഞ്ഞു.നാഥനിൽനിന്നും സ്വീകരിച്ച്, വിശുദ്ധ തോമാ ശ്ലീഹാ സഭയ്ക്ക് നൽകിയത് ശുദ്ധിയുള്ള വിശ്വാസമാണ്. പരീക്ഷിച്ചു തെളിയിക്കപ്പെട്ട വിശ്വാസമാണ്. തോമാ ഉത്ഥിതനെ കണ്ടുമുട്ടി ഉറപ്പിച്ചെടുത്ത വിശ്വാസമാണത്. തോമായുടെ വിശ്വാസം ഏതാണ്ട് നിർജീവമായിരുന്നു. പക്ഷേ ഉത്ഥിതന്റെ മുറിവുകളിൽ സ്പർശിച്ചപ്പോൾ അത് പുനർജീവിച്ചു. ഉത്ഥിതൻ മുറിവുകൾ മറച്ചുവച്ചില്ല. എന്നു മാത്രമല്ല ഉത്ഥാനത്തിന്റെ അടയാളമായി അതിനെ ഉയർത്തിപ്പിടിച്ചു.

ഈ ലോകത്തിലെ വേദനകൾ, സങ്കടങ്ങൾ, പരീക്ഷണങ്ങൾ എല്ലാം തരണം ചെയ്യാൻ ഈ മുറിവാണ് നമുക്ക് ശക്തി നൽകേണ്ടത്. 1 പത്രോസ് 2:24ൽ വായിക്കുന്നു: ‘അവന്റെ മുറിവിനാൽ നിങ്ങൾ സൗഖ്യമുള്ളവരാക്കപ്പെട്ടിരിക്കുന്നു.’ ആദിമക്രൈസ്തവർക്ക് പത്രോസ് കൊടുത്ത ഈ സന്ദേശം സഭയുടെ സ്ഥിരമായ കാറ്റക്കേസിസാണ്. ഈശോയ്ക്ക് മുറിവേറ്റപ്പോൾ തോമായെയും മറ്റു ശിഷ്യരെയും അത് അവിശ്വാസത്തിലേക്കും ആശങ്കയിലേക്കും നയിച്ചെങ്കിൽ ഉത്ഥാനശേഷം മുറിവുകളോടെ പ്രത്യക്ഷപ്പെട്ട മിശിഹ അവരെ വിശ്വാസത്തിന്റെ പ്രഘോഷകരും സാക്ഷികളുമാക്കി.

പരാജയമെന്ന് ബാഹ്യമായി തോന്നുന്ന പലതുമാണ് ഉന്നതിയും വിജയവും നൽകുന്നത്. നമ്മോടുള്ള സ്‌നേഹത്തെപ്രതിയാണ് അവൻ മുറിവേറ്റത്. അത് ഇന്ന് ദൈവം ആരാണെന്നും സ്വർഗം എന്താണെന്നും മനസിലാക്കാൻ കാരണമാകുന്നു. ഉത്ഥിതന്റെ മഹത്വമുള്ള ശരീരം സ്വർഗമാണ്. മനുഷ്യവർഗത്തിന്റെ വേദനകളും മുറിവുകളും എല്ലാം ഉൾക്കൊള്ളുന്ന ദൈവമാണ് നമ്മുടേത്.

മനുഷ്യനെ തകർക്കുന്ന എല്ലാ തിന്മകളെയും ഈ മുറിവിലൂടെ നോക്കിക്കാണണം. മരണത്തെ ഭയപ്പെടാത്ത സ്‌നേഹമാണ് ഈശോ തന്നിട്ടുപോയത്. ‘ഞാൻ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിൻ.’ ഉത്ഥിതനെ ആദ്യം കണ്ടത് സ്ത്രീകളാണ്. കാരണം അവിടുത്തെ വേദനകളിൽ അവസാനംവരെ നിന്നത് അവരായിരുന്നു. നമ്മുടെ ജീവിതം യേശുവിന്റെ സ്വർഗാരോഹണത്തിന്റെ പ്രഘോഷണമായി മാറട്ടെ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?