Follow Us On

20

May

2022

Friday

ലക്ഷ്യം പഴയപടിതന്നെ; മാർഗം മാറ്റി സാത്താൻ!

ലക്ഷ്യം പഴയപടിതന്നെ; മാർഗം മാറ്റി സാത്താൻ!

സഹജീവികളോടുള്ള സ്‌നേഹവും അനുകമ്പയും മനുഷ്യത്വത്തിന്റെ അടിസ്ഥാന ഗുണങ്ങളാണ്. അവ നഷ്ടപ്പെട്ടാൽ പിന്നീട് പ്രവർത്തിച്ചു തുടങ്ങുക പിശാചായിരിക്കും. ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ പുതിയ രക്തപ്പുഴ ഈ ഭീതിജനകമായ യാഥാർത്ഥ്യമാണ് വെളിപ്പെടുത്തുന്നത്.

എം. സക്കേവൂസ്

മതവിശ്വാസത്തിന്റെ പേരിൽ നിരപരാധികളെ കൊന്നൊടുക്കുന്ന നരാധമരെ കിരാതർ എന്നല്ലാതെ മറ്റെന്താണ് സംസ്‌ക്കാര ചിത്തർ വിളിക്കുക. സകല തിന്മകളുടെയും സ്വരൂപമായ സാത്താനല്ലാതെ മറ്റാർക്കും ഇത്രയും ഭ്രാന്തമായ ഒരു ചിന്ത മനുഷ്യന്റെ ബുദ്ധിയിലേക്ക് കടത്തിവിടാനാവില്ല. സഹജീവികളോടുള്ള സ്‌നേഹവും അനുകമ്പയും മനുഷ്യത്വത്തിന്റെ അടിസ്ഥാന ഗുണങ്ങളാണ്. അവ നഷ്ടപ്പെട്ടാൽ പിന്നീട് പ്രവർത്തിച്ചു തുടങ്ങുക പിശാചായിരിക്കും. ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ പുതിയ രക്തപ്പുഴ ഈ ഭീതിജനകമായ യാഥാർത്ഥ്യമാണ് വെളിപ്പെടുത്തുന്നത്.

സൂത്രവിദ്യ ആസൂത്രണത്തോടെ

കൃത്യമായി ആസൂത്രണം ചെയ്തുതന്നെയാണ് തിന്മയുടെ ശക്തികൾ എക്കാലത്തും മനുഷ്യനാശത്തിനായുള്ള പദ്ധതികൾ നടപ്പാക്കുക. പറുദീസയിൽ പുരുഷനെയും സ്ത്രീയെയും തമ്മിൽ ഭിന്നിപ്പിക്കാനുള്ള പദ്ധതി എത്രമാത്രം ആസൂത്രണ പാടവത്തോടെ സാത്താൻ നടപ്പാക്കിയെന്ന് ബൈബിൾ വായിച്ചാൽ മനസിലാക്കാനാവും. നാം ജീവിക്കുന്ന നവശാസ്ത്ര സാങ്കേതിക യുഗത്തിൽ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളുടെ സഹകരണത്തോടെയാകും പഴയ സൂത്രവിദ്യകൾ പിശാച് നടപ്പാക്കുക.

ഭിന്നിപ്പിച്ചും ഭീതിപ്പെടുത്തിയും കൊന്നും കൊലവിളിച്ചും മനുഷ്യവർഗത്തെ ഉന്മൂലനം ചെയ്തുകൊണ്ടിരിക്കുന്നു അവൻ. ശാന്തിയും സമാധാനവും ഐക്യവും നിലനിൽക്കേണ്ടയിടങ്ങളിൽ അരാജകത്വവും അനൈക്യവും സൃഷ്ടിക്കുന്നു ദുഷ്ടശക്തികൾ. പുതിയ ആഗോള ഭീകരവാദം പ്രചരിപ്പിക്കുന്നതുതന്നെ നവ സാങ്കേതിക വിദ്യകൾ ദുരുപയോഗപ്പെടുത്തിക്കൊണ്ടാണല്ലോ! നയം നടപ്പാക്കാൻ സാത്താൻ എപ്പോഴും നൂതന വിദ്യകൾ ഉപയോഗപ്പെടുത്തുമെന്നത് തീർച്ചയാണ്. അതുകൊണ്ട്, മനസിലും ബുദ്ധിയിലും വികാര വിചാരങ്ങളിലും വെറുപ്പും വിദ്വേഷവും സൃഷ്ടിക്കുന്ന കപട ശക്തികളെ നാം തിരിച്ചറിഞ്ഞ് തടയണം.

ദൈവത്തെ അറിഞ്ഞ് സന്തോഷത്തിലും സമാധാനത്തിലും സംതൃപ്തിയോടെ ജീവിക്കാൻ വേണ്ട വഴികൾ പറഞ്ഞു കൊടുക്കേണ്ട മതവിശ്വാസം ഒരിക്കലും സഹജീവിയെ ഉന്മൂലനം ചെയ്യാനുള്ള മാർഗം തുറന്ന് കൊടുക്കില്ല. ആത്മീയത സത്യത്തിൽ ഉൾക്കൊണ്ട ഒരു മതവിശ്വാസിക്കും സഹാനുഭൂതിയില്ലാതെ പ്രവർത്തിക്കാനുമാവില്ല. അപ്പോൾ പിന്നെ നാം പഴിക്കേണ്ടത് ആരെയാണ്? സഹോദര മതസ്ഥരെയല്ല. മറിച്ച്, വിശ്വാസത്തിന്റെ പേരിൽ വിദ്വേഷത്തിന്റെയും പ്രതികാരത്തിന്റെയും പൈശാചിക ചിന്ത തലയിലേറ്റി ഭ്രാന്തൻമാരായിത്തീരുന്ന ഭീകരവാദികളെയും അവരെ പിന്തുണയ്ക്കുന്ന നിഗൂഢ ശക്തികളെയുമാണ് കുറ്റപ്പെടുത്തേണ്ടത്.

ലക്ഷ്യം ക്രൈസ്തവരോ?

പ്രത്യാശയുടെ തിരുനാളാണ് ക്രൈസ്തവർക്ക് ഈസ്റ്റർ. മനുഷ്യൻ മരണത്തെയും അതിജീവിക്കുമെന്ന സന്ദേശം ഉയിർത്തെഴുന്നേൽപ്പിലൂടെ ദൈവപുത്രൻ തന്നെ മനുഷ്യവർഗത്തിന് നൽകിയ ദിവസം. ഈ മഹാദിനത്തിന്റെ ഓർമയാഘോഷിക്കുന്ന ക്രൈസ്തവ ദൈവാലയങ്ങളിൽ അതും ഈസ്റ്റർ തിരുക്കർമ സമയത്തുതന്നെ കുഞ്ഞുങ്ങൾ ഉൾപ്പെടെ 350ൽപ്പരം പേരെ കൊന്നൊടുക്കിയ ചാവേർ ബോംബ് സ്‌ഫോടനമുണ്ടായി എന്നത് കൃത്യമായി തയാറാക്കിയ ഗൂഢാലോചനയുടെ ഫലം തന്നെയാണ്.

ഇതിനുമുമ്പും ലോകത്ത് പലയിടങ്ങളിലായി ക്രിസ്മസ്, ഈസ്റ്റർ ദിനങ്ങളിൽ ക്രൈസ്തവ ആരാധനാ കേന്ദ്രങ്ങളിൽ സമാനമായ ഭീകരാക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ക്രൈസ്തവരെ ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ അതിമൃഗീയമായി ആസൂത്രണം ചെയ്യപ്പെടുന്നവയാണ് ഇത്തരം തീവ്രവാദി ആക്രമണങ്ങൾ. ലോകത്തിന്ന് മതവിശ്വാസത്തിന്റെ പേരിൽ ഏറ്റവും ക്രൂരമായി പീഢിപ്പിക്കപ്പെടുന്നത് ക്രൈസ്തവരാണെന്ന സർവേ റിപ്പോർട്ടുകളും ഇതോട് ചേർത്തുവെച്ച് പ~ിക്കണം.

ഒരുപക്ഷേ, ഭീതിയുടെ നിമിഷങ്ങളിൽ മനുഷ്യമനസ് ഒന്ന് തളർന്ന് പോയേക്കാം. എന്നാൽ, ഈ വക പ്രവർത്തനങ്ങൾ വഴി ക്രൈസ്തവരാകെ ഇല്ലായ്മ ചെയ്യപ്പെടുമെന്ന് കരുതുന്നുവെങ്കിൽ, അവർ വിഡ്ഢികളുടെ സ്വർഗത്തിലെ രാജാക്കന്മാരാണ്. വിശ്വാസത്തിന്റെ പേരിൽ കൊലചെയ്യപ്പെട്ട നിഷ്‌ക്കളങ്കരുടെ ചുടുനിണമാണ് ക്രൈസ്തവികതയുടെ വളർച്ചയ്ക്ക് വളമായതെന്നതിന് ചരിത്രം സാക്ഷി.

ശ്രീലങ്കയിലെ കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയ പാപശക്തികളോടും ക്രൈസ്തവർക്ക് പറയാനുള്ളത് ഇതുമാത്രമാണ്. നിങ്ങളുടെ ചാവേറുകൾക്കൊപ്പം പൊട്ടിത്തെറിച്ച നിരപരാധികൾ രക്തസാക്ഷികളാണ്. നിങ്ങളുടെ മൃഗയാവിനോദത്തിന് ഇരകളായി തീർന്ന മനുഷ്യർ ജീവിക്കുന്ന വിശ്വാസത്തിന്റെ നേർക്കാഴ്ചയാണ്.

വൈരുദ്ധ്യംതന്നെ

മനുഷ്യർ സമാധാനവും സന്തോഷവും പങ്കുവെക്കാനും സംതൃപ്തി നിലനിർത്താനും ഒരുമിച്ച് കൂടുന്നിടങ്ങളാണല്ലോ ആരാധനാലയങ്ങൾ. എന്നാൽ, വേട്ടക്കാർ നിരപരാധികളായ ഇരകളെ തേടിയെത്തുന്നത് ഇത്തരം പ്രാർത്ഥനാലയങ്ങളിലാണെന്നത് ഒരു വൈരുദ്ധ്യമായി തോന്നുന്നില്ലേ? ഒരു പക്ഷേ, സാത്താന്റെ മികച്ച സൂത്രവിദ്യകൾ ഏറ്റവും ഫലപ്രദമായി നടപ്പാക്കാനാകുന്നത് മനുഷ്യൻ ദൈവത്തെ ആശ്രയിച്ചെത്തുന്ന ഇടങ്ങളിലായിരിക്കും. ഭിന്നിപ്പിക്കുകയെന്ന ലക്ഷ്യത്തോടെപിശാച് ആദ്യമായി കടന്നുചെന്നത് പറുദീസയിലാണല്ലോ. അതീവ ജാഗ്രതയോടെ ദൈവത്തിലാശ്രയിച്ച് നിലയുറപ്പിച്ചില്ലെങ്കിൽ, തിന്മയുടെ ശക്തികളെ നമുക്ക് ക്രൈസ്തവോചിതമായി തടഞ്ഞു നിർത്താനാവില്ല.

പ്രശ്‌നം മതമല്ല

മത, ജാതി, വംശ രാഷ്ട്രീയങ്ങൾക്ക് അതീതമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന നന്മയുള്ള മനുഷ്യരുടെ സത്പ്രവർത്തികൾ നമുക്ക് ജീവിക്കാൻ പ്രത്യാശയും ഊർജവും നൽകുന്നുണ്ടെന്നതാണ് സത്യം. ഇവർ ലോകത്തിൽ ഏറെ പ്രകാശം പരത്തുന്നവരാണ്. എന്നാൽ ഇതിനിടയിലും മതവിശ്വാസമാണ് ഇന്നത്തെ കുഴപ്പങ്ങൾക്കെല്ലാം കാരണമെന്ന മട്ടിൽ പ്രസ്താവനയുമായി ഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ട് ചില സ്ഥിരം മതവിരോധികൾ.

തീവ്രവാദത്തിന് കാരണം മതമെന്ന് സ്ഥാപിക്കാനാണ് ഇക്കൂട്ടരുടെ ശ്രമം. അങ്ങനെയെങ്കിൽ, മതമൊന്നുമില്ലാത്ത നക്‌സലേറ്റുകളും മാവോവാദികളും എന്തുകൊണ്ടാണ് ഭീകരാക്രമണങ്ങൾ നടത്തുന്നത്? രാഷ്ട്രീയ, സാമ്പത്തിക അസമത്വങ്ങളുടെ പേരിൽ സായുധാക്രമണം സംഘടിപ്പിക്കുന്ന ഒളിപ്പോരാളികൾ ഇന്നും ലോകത്തിന്റെ വിവിധയിടങ്ങളിൽ സജീവമായിരിക്കുന്നത് എന്തുകൊണ്ടാണ്?

ശ്രീലങ്കപോലുള്ള രാജ്യങ്ങളിൽ വംശത്തിന്റെയും ഭാഷയുടെയും പേരിൽ ഭീകരവാദ പ്രവർത്തനങ്ങൾ രാജ്യത്തിന്റെ വളർച്ചയെ തന്നെ മുരടിപ്പിച്ചുകൊണ്ട് വർഷങ്ങളോളം നീണ്ടുനിന്നു? മതവിമർശകർ ഇനിയും കൃത്യമായ ഉത്തരം നൽകാത്ത ചോദ്യങ്ങളാണിവ. എന്തിന്റെ പേരിലായാലും ശരി, പ്രതികാരം ചെയ്യുന്നതിലൂടെ നീതി നടപ്പാക്കാമെന്നത് എത്രയോ പ്രാചീനമായ ‘ധർമ’ സങ്കൽപ്പമാണ്! വ്യക്തിയുടെ മാത്രമല്ല, മനുഷ്യവർഗത്തിന്റെയാകെ സർവ്വനാശത്തിനാകും ഈ പ്രാകൃത നീതി സങ്കൽപ്പം നമ്മെ കൊണ്ടുചെന്നെത്തിക്കുക.

‘അവൻ വീണ്ടും പറഞ്ഞു: അവർ ആയുധത്തിലും സാഹസകൃത്യങ്ങളിലും ആശ്രയിക്കുന്നു. നമുക്കെതിരെ വരുന്ന ശത്രുക്കളെയും ലോകം മുഴുവനെത്തന്നെയും ആംഗുലീചലനം കൊണ്ട് തറപറ്റിക്കാൻ കഴിയുന്ന സർവശക്തനായ ദൈവത്തിലാണ് നമ്മുടെ പ്രത്യാശ,’ (2 മക്കബയാർ 8:18).

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?