Follow Us On

28

March

2024

Thursday

മെജ്യുഗോറിയ മരിയഭക്തരുടെ തീര്‍ത്ഥാടനകേന്ദ്രം

മെജ്യുഗോറിയ  മരിയഭക്തരുടെ തീര്‍ത്ഥാടനകേന്ദ്രം

യൂറോപ്പിലെ ബോസ്‌നിയ-ഹെര്‍സഗോവിന എന്ന രാജ്യത്തെ കൊച്ചു ഗ്രാമമായ മെജ്യുഗോറി ഇന്ന് ലോകമെമ്പാടുമുള്ള മരിയഭക്തരുടെ പ്രധാന തീര്‍ത്ഥാടനകേന്ദ്രമായി മാറിയിരിക്കുകയാണ്.

1981 ജൂണ്‍ 24, വൈകുന്നേരം ആറുമണി മണിയോടുകൂടി മെജ്യുഗോറി ഗ്രാമത്തിലെ ആറു കുട്ടികള്‍ക്ക് പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷപ്പെട്ടു സന്ദേശം നല്കി എന്ന വാര്‍ത്ത പുറത്തായതോടെയാണ് മെജ്യുഗോറി ലോകശ്രദ്ധ നേടിത്തുടങ്ങിയത്. ഇവാന്‍ക ഇവാന്‍കോവിക്, മിര്‍ജന ഡ്രാജിസെവിക്, വികാ ഇവാന്‍കോവിക്, ഇവാന്‍ ട്രാജിനിസിവിക്, ഇവാന്‍ ഇവാന്‍കോവിക്, മില്‍ക പവ്‌ലോവിക് എന്നീ കുട്ടികള്‍ക്കാണ് പ്രോഡ്‌ബ്രോ എന്ന സ്ഥലത്തുള്ള ക്രിനിക മലമുകളില്‍ പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടത്.

തൂവെള്ള വസ്ത്രംധരിച്ച അതിസുന്ദരിയായ യുവതി കൈക്കുഞ്ഞുമായി നില്‍ക്കുന്ന ദൃശ്യമാണ് അവര്‍ കണ്ടത്. ഒന്നും സംസാരിച്ചില്ലെങ്കിലും അടുത്തേക്കുവരാന്‍ യുവതി ആംഗ്യംകാണിച്ചു. പരിശുദ്ധ അമ്മയാണെന്ന് മനസിലായെങ്കിലും അത്ഭുതംകൊണ്ടും സംഭ്രമംകൊണ്ടും ഇവര്‍ പക്ഷേ, അടുത്തേക്ക് ചെല്ലാന്‍ ധൈര്യപ്പെട്ടില്ല. പരിശുദ്ധ അമ്മയെ വീണ്ടും കാണണമെന്ന തീവ്രമായ ആഗ്രഹത്താല്‍ അടുത്ത ദിവസം അതേ സ്ഥലത്ത് വീണ്ടും ഒന്നിച്ചുകൂടാന്‍ ഇവര്‍ തീരുമാനിച്ചു പിരിഞ്ഞു.

ഇവിടെവച്ച് പരിശുദ്ധ അമ്മ ഇവര്‍ക്ക് രണ്ടാമതും ദര്‍ശനം നല്‍കി. കണ്ണഞ്ചിപ്പിക്കുന്ന പ്രകാശവലയത്തോടൊപ്പം പ്രത്യക്ഷപ്പെട്ട പരിശുദ്ധ അമ്മയുടെ കൈകളില്‍ ഇത്തവണ കുഞ്ഞുണ്ടായിരുന്നില്ല. ആദ്യദിവസം ഉണ്ടായിരുന്നവരില്‍ ഇവാന്‍ ഇവാന്‍കോവിക്, മില്‍ക പവ്‌ലോവിക് എന്നിവര്‍ ഏതോ കാരണത്താല്‍ എത്തിയില്ല. പിന്നീടൊരിക്കലും ഈ രണ്ടുപേര്‍ക്ക് പരിശുദ്ധ അമ്മയുടെ ദര്‍ശനം ലഭിച്ചിട്ടില്ല. ഇവര്‍ക്കു പകരമായി മരീജ പൗലോവിക്, ജാക്കോവ് കോളോ എന്നിവര്‍ പിന്നീട് ഈ സംഘത്തില്‍ ചേര്‍ന്നു.

ദാര്‍ശനികര്‍ എന്ന് വിളിക്കപ്പെടാന്‍ തുടങ്ങിയ ഈ ആറുപേരുടെ സംഘം പരിശുദ്ധ അമ്മയോട് സംസാരിക്കുകയും അമ്മയോടൊത്ത് പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഇത് ഇന്നും തുടരുന്നു. സമാധാനത്തിന്റെ ദൗത്യവുമായാണ് പരിശുദ്ധ അമ്മ മെജ്യുഗോറിയിലെ കുട്ടികള്‍ക്ക് പ്രത്യക്ഷപ്പെട്ടത്. മൂന്നാം ദിവസം മരീജയ്ക്കു നല്‍കിയ ദര്‍ശനത്തില്‍ പരിശുദ്ധ അമ്മ ഇക്കാര്യം പറയുന്നുണ്ട്. താന്‍ ഭൂമിയിലേക്ക് വന്നത് ദൈവം ഒരു യാഥാര്‍ത്ഥ്യമാണെന്ന് ലോകത്തെ പഠിപ്പിക്കാനും മനുഷ്യ ജീവിതത്തെ ഹൃദയപരിവര്‍ത്തനത്തിലൂടെയും മാനസാന്തരത്തിലൂടെയും പ്രിയപുത്രന്‍ യേശുവഴി ദൈവത്തിലേക്ക് പുനഃകേന്ദ്രീകരിക്കുന്നതിനും അതുവഴി ലോകജനതകള്‍ക്കിടയില്‍ സമാധാനം സൃഷ്ടിക്കാനുമാണെന്ന് ദാര്‍ശനികരിലൂടെ പല അവസരങ്ങളിലായി പരിശുദ്ധ അമ്മ ലോകത്തിനു വെളിപ്പെടുത്തി.

ദാര്‍ശനിക സംഘം നല്‍കുന്ന സാക്ഷ്യങ്ങള്‍ അനുസരിച്ച് ഓരോ തവണ ദര്‍ശനം നല്‍കുമ്പോഴും ലോകജനതയ്ക്കായി പല സന്ദേശങ്ങളും പരിശുദ്ധ അമ്മ നല്‍കാറുണ്ട്. ആ സന്ദേശങ്ങള്‍ പലപ്പോഴായാണ് നല്‍കപ്പെട്ടിട്ടുള്ളതെങ്കിലും അവയുടെ ഉള്ളടക്കമനുസരിച്ച് അഞ്ച് വിഷയങ്ങളായി തിരിക്കാം.
പരിശുദ്ധ അമ്മയുടെ സന്ദേശങ്ങളിലെ ഏറ്റവും പ്രധാന വിഷയം സമാധാനവും ശാന്തിയുമാണ്. മൂന്നാം ദിവസം പരിശുദ്ധ അമ്മ മരീജയ്ക്കു പ്രത്യക്ഷപ്പെട്ടു പറഞ്ഞു: സമാധാനം, സമാധാനം മാത്രം. പിന്നീട് കണ്ണീരൊഴുക്കിക്കൊണ്ട് തുടര്‍ന്നു: ദൈവവും മനുഷ്യരും തമ്മിലും ലോക ജനതകള്‍ തമ്മിലും സമാധാനത്താല്‍ ഭരിക്കപ്പെടട്ടെ. പരിശുദ്ധ അമ്മ ഈ വാക്കുകള്‍ ഉരുവിടുമ്പോള്‍ പിന്നില്‍ ഒരു കുരിശുരൂപം മരീജയ്ക്കു കാണാമായിരുന്നു.

പരിശുദ്ധ അമ്മ മെജ്യുഗോറിയയില്‍ നല്‍കിയ സന്ദേശങ്ങളിലെ രണ്ടാമത്തെ പ്രധാനവിഷയം വിശ്വാസത്തെക്കുറിച്ചാണ്. പരിശുദ്ധ അമ്മ നാലാമത്തെയും അഞ്ചാമത്തെയും ആറാമത്തെയും ദിവസങ്ങളില്‍ കുട്ടികള്‍ക്ക് പ്രത്യക്ഷപ്പെട്ടപ്പോള്‍ ശക്തമായ ദൈവവിശ്വാസത്തിന്റെ ആവശ്യകതയെപ്പറ്റി ഗാഢമായി പഠിപ്പിക്കുന്നുണ്ട്. ഇക്കാര്യത്തെക്കുറിച്ച് പരിശുദ്ധ അമ്മ പിന്നീട് പല അവസരങ്ങളിലും ഉദ്‌ബോധിപ്പിക്കുന്നുണ്ട്.

മൂന്നാമതായി പരിശുദ്ധ അമ്മ നല്‍കുന്ന വിഷയം മാനസിക പരിവര്‍ത്തനമാണ്. ലോകജനതയ്ക്കിടയില്‍ വര്‍ധിച്ചുവരുന്ന വിശ്വാസരാഹിത്യത്വത്തെപ്പറ്റി പരിശുദ്ധ അമ്മ അതീവ ദുഃഖത്തോടെയാണ് പറയുന്നത്. പൂര്‍ണമായ അനുതാപത്തിലൂടെ നേടിയ മാനസിക പരിവര്‍ത്തനത്തിലൂടെയല്ലാതെ സമാധാനം കൈവരിക്കുക സാധ്യമല്ല. പരിവര്‍ത്തനമെന്നാല്‍ ഹൃദയത്തിലെ മാലിന്യങ്ങളെ തുടച്ചുനീക്കി പൂര്‍ണമായി വിശുദ്ധീകരിക്കുകയെന്നതാണ്.

പ്രാര്‍ത്ഥനയുടെ ആവശ്യകതയെക്കുറിച്ചാണ് പരിശുദ്ധ അമ്മ നല്‍കുന്ന സന്ദേശങ്ങളിലെ അടുത്ത പ്രധാന വിഷയം. അഞ്ചാം ദിവസം കുട്ടികള്‍ക്ക് പ്രത്യക്ഷപ്പെട്ടതുമുതല്‍ എല്ലാ ദിവസവും പ്രാര്‍ത്ഥനയുടെ പ്രാധാന്യത്തെപ്പറ്റി അമ്മ പഠിപ്പിക്കുന്നുണ്ട്. യേശു കാണിച്ചുതന്ന മാതൃകയനുസരിച്ച് തുടര്‍ച്ചയായി ഇടവിടാതെ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കാന്‍ അമ്മ ലോകത്തോട് ആവശ്യപ്പെടുന്നു. പ്രാര്‍ത്ഥന വിശ്വാസത്തെ വര്‍ധിപ്പിക്കുന്നു; ദൈവവുമായുള്ള ബന്ധം കൂടുതല്‍ ആഴപ്പടുത്താന്‍ സഹായിക്കുന്നു. പ്രാര്‍ത്ഥനയിലൂടെ ദൈവത്തെ നമ്മള്‍ അംഗീകരിക്കുന്നു, ലഭിച്ച ദാനങ്ങള്‍ക്ക് നന്ദിപറയുന്നു, ഇതിലൂടെ നമുക്ക് പുതിയൊരു സമാധാനവും വീണ്ടെടുപ്പിലുള്ള പ്രതീക്ഷയും ലഭിക്കുന്നു.

ഉപവാസമാണ് പരിശുദ്ധ അമ്മ ആവശ്യപ്പെടുന്ന അഞ്ചാമത്തെ കാര്യം. പരിശുദ്ധ അമ്മ നല്‍കുന്ന പൊതുവായ സന്ദേശങ്ങള്‍ക്കു പുറമേ ആറു ദാര്‍ശനികരില്‍ ഓരോരുത്തര്‍ക്കും സമീപഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന പത്തു രഹസ്യങ്ങള്‍വീതവും നല്‍കുന്നുണ്ട്. ഈ രഹസ്യങ്ങളില്‍ ചിലത് ലോകത്തെ മൊത്തത്തില്‍ സംബന്ധിക്കുന്നതും ചിലത് ലഭിക്കുന്ന ദാര്‍ശനികനെ സംബന്ധിച്ചോ മറ്റു കാര്യങ്ങളെ സംബന്ധിച്ചോ ആണ്. ആറു ദാര്‍ശനികര്‍ക്കും പത്തു രഹസ്യങ്ങള്‍വീതം വെളിപ്പെടുത്തിക്കഴിഞ്ഞാല്‍ പരിശുദ്ധ അമ്മ ഇവര്‍ക്കു നല്‍കുന്ന ദിവസേനയുള്ള ദര്‍ശനം നിര്‍ത്തും.

ഇതുവരെ മരീജ, വികാ, ഇവാന്‍ എന്നിവര്‍ക്ക് ഒമ്പതുവീതം രഹസ്യങ്ങള്‍ ലഭിച്ചുകഴിഞ്ഞു. ലോകത്തിലെവിടെയായിരുന്നാലും ഈ മൂന്നു ദാര്‍ശനികര്‍ക്ക് പരിശുദ്ധ അമ്മ എല്ലാദിവസവും ദര്‍ശനം നല്‍കുന്നു. പത്താം രഹസ്യം സ്വീകരിക്കുന്നതുവരെ ഇതു തുടരും.

മിര്‍ജാന, ജാക്കോവ്, ഇവാന്‍ക എന്നിവര്‍ ഇതിനകം പത്തു രഹസ്യങ്ങളും സ്വീകരിച്ചുകഴിഞ്ഞതിനാല്‍ വര്‍ഷത്തില്‍ ഒരു പ്രാവശ്യംമാത്രമേ പരിശുദ്ധ അമ്മ ഇവര്‍ക്ക് ദര്‍ശനം നല്‍കുന്നുള്ളൂ. ഇവാന്‍ക 1985 മേയ് ഏഴാം തീയതിയും ജാക്കോവ് 1998 സെപ്റ്റംബര്‍ 12-ാം തീയതിയും മിര്‍ജാന 1982 ഡിസംബര്‍ 25-ാം തീയതിയിലുമാണ് 10-ാം രഹസ്യം ദൈവമാതാവില്‍നിന്ന് ലഭിച്ചത്. മരിജ, ഇവാന്‍, വിക എന്നിവര്‍ക്ക് പത്താം രഹസ്യം എന്നു ലഭിക്കുമെന്നത് ഇന്നും വ്യക്തമല്ല.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?