Follow Us On

24

August

2019

Saturday

ക്ഷമയുടെ വിജയം

ക്ഷമയുടെ വിജയം

1995 ഫെബ്രുവരി 25-നാണ് സിസ്റ്റര്‍ റാണി മരിയ വധിക്കപ്പെടുന്നത്. കുറ്റകൃത്യം നടത്തിയ സമന്ദര്‍സിങ് ജയിലിലടയ്ക്കപ്പെട്ടിട്ട് അത് എട്ടാം വര്‍ഷമായിരുന്നു.
റാണി മരിയയുടെ മുറിവുകളത്രയും അതേ തീവ്രതയില്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങിയ സഹോദരി സെല്‍മി പോള്‍ പതുക്കെ സമന്ദര്‍സിങ്ങിന്റെ സെല്ലിലേക്ക് കടന്നുചെന്നു – ഓഗസ്റ്റ് 18-ന്.

വിഷയമെന്താണെന്നറിയാതെ പരുങ്ങിയ സമന്ദര്‍ തെല്ലൊരു ഗൗരവത്തോടെ ചോദിച്ചു: ”ഉം, എന്താണ് വന്നതിന്റെ കാര്യം?” ”ഇന്ന് രക്ഷാബന്ധന്‍ ദിനമാണല്ലോ – സ്ത്രീകള്‍ തങ്ങള്‍ക്ക് വിശ്വാസമുള്ള പുരുഷന്മാരുടെ കൈത്തണ്ടയില്‍ രാഖി കെട്ടുന്ന ദിവസം” സെല്‍മി പറഞ്ഞുനിര്‍ത്തി. ”അതിന്?” സമന്ദര്‍ വീണ്ടും ചോദിച്ചു. ”ഞാന്‍ റാണിയുടെ ഇളയ സഹോദരിയാണ്.

എല്ലാം ക്ഷമിച്ച് താങ്കളെ ഞാന്‍ എന്റെ സഹോദരനും സംരക്ഷകനുമായി സ്വീകരിക്കുന്നു.” തുടര്‍ന്ന് അവള്‍ സമന്ദര്‍സിങ്ങിന്റെ കൈയില്‍ രാഖി കെട്ടി. തികച്ചും അപ്രതീക്ഷിതമായ നിമിഷങ്ങള്‍. സമന്ദര്‍സിങ്ങിന് ശ്വാസംമുട്ടുന്നതുപോലെ! അയാള്‍ തരിച്ചിരുന്നുപോയി. എങ്കിലും അയാള്‍ക്ക് ആ വികാരം മനസിലായി. അയാള്‍ രാഖി സ്വീകരിച്ചു.

തുടര്‍ന്നൊരു ദിവസം റാണിയുടെ അമ്മ ഏലീശ്വായും സിങ്ങിന്റെ ജയില്‍മുറി സന്ദര്‍ശിച്ചു. സര്‍വതും മറന്ന് അവളും അയാളുടെ കരതലം ചുംബിച്ചു… അതില്‍ എല്ലാം ഉണ്ടായിരുന്നു. സമന്ദര്‍ ഒരു പുതിയ മനുഷ്യനായി. സുപ്രസിദ്ധ പത്രപ്രവര്‍ത്തകനായ മാല്‍ക്കം മഗറിഡ്ജ് മദര്‍ തെരേസയുടെ പ്രവര്‍ത്തനങ്ങളില്‍ അങ്ങേയറ്റം ആകൃഷ്ടനാവുകയാണ്.

ആ ജീവിതവും പ്രവര്‍ത്തനങ്ങളും സമഗ്രമായി പഠിച്ച് അദ്ദേഹം ഒരു ഗ്രന്ഥം തയാറാക്കി. അതിന് അദ്ദേഹം കൊടുത്ത പേര്: സംതിങ്ങ് ബ്യൂട്ടിഫുള്‍ ഫോര്‍ ഗോഡ്’ എന്നാണ് – ദൈവത്തിനുവേണ്ടി മനോഹരമായ ഒന്ന്.

മദര്‍ ചെയ്തത് – ചെയ്തുകൊണ്ടിരിക്കുന്നത് അതിമനോഹരമായ ഒന്നാണെന്ന തിരിച്ചറിവില്‍നിന്നാണ് അദ്ദേഹം അങ്ങനെ എഴുതിയിട്ടത്. സെല്‍മി പോളിനെയും അമ്മ ഏലീശ്വായെയും നിരീക്ഷിക്കുമ്പോള്‍, നമുക്കും തോന്നുക മാല്‍ക്കം പറഞ്ഞുവച്ച മനോഹരമായ ആ ഒന്ന് ഇതാ ഇവിടെയുണ്ട് എന്നാണ്.

മനാസേ എന്ന ഹീബ്രു പദത്തിന് മറക്കുക എന്നാണര്‍ത്ഥം. പൂര്‍വ യൗസേപ്പ് തന്റെ കടിഞ്ഞൂല്‍ പുത്രന് കൊടുത്ത പേരാണത്. ഈജിപ്തുകാരില്‍നിന്നും ഒടുവില്‍ പൊത്തീഫറിന്റെ ഭാര്യയില്‍നിന്നും ഒത്തിരിയേറെ സഹിക്കേണ്ടിവന്ന വ്യക്തിയാണ് ജോസഫ്.

എല്ലാറ്റിനും കാരണക്കാര്‍ തന്നെ വെറുമൊരു അടിമയുടെ വിലയ്ക്ക് കൊടുത്ത (ഉല്പ. 37:28) സ്വന്തം സഹോദരങ്ങള്‍തന്നെയാണ്. എങ്കിലും സര്‍വതും മറക്കുവാനും പൊറുക്കുവാനും ദൈവം അദ്ദേഹത്തെ പ്രാപ്തനാക്കി (ഉല്പ. 41:51). എല്ലാം മറന്നു എന്ന് കാണിക്കാന്‍ വേണ്ടിയാണ് തന്റെ മകന് മനാസേ എന്ന് അദ്ദേഹം പേര് നല്‍കിയത്.

ക്ഷമാബല മശക്തനാം ശക്താനാം ഭൂഷണം. ഈജിപ്തിലെ കരുത്തനായ ഭരണാധികാരിയായിത്തീര്‍ന്നപ്പോള്‍ ക്ഷമ അവന് ഭൂഷണമായിത്തീര്‍ന്നു.
ദൈവത്തെപ്രതി, ദൈവത്തെ മുന്‍നിര്‍ത്തിയാണ് നാം അതു ചെയ്യുക. 54 മുറിവുകളേറ്റ് തെരുവില്‍ കിടന്ന് പിടഞ്ഞു മരിക്കുമ്പോഴും റാണി മരിയ ഉരുവിട്ടുകൊണ്ടിരുന്നത് ‘യേശുവേ, യേശുവേ’ എന്നായിരുന്നു. യേശുവായിരുന്നു അവളുടെ ആരാധനാപാത്രം.

കുരിശില്‍ തൂക്കപ്പെടുന്നവര്‍ മരണവെപ്രാളം കാണിക്കും, അലമുറയിടും, തന്നെ ക്രൂശിച്ചവരെയും ബന്ധപ്പെട്ടവരെയും ശപിക്കും – നിഘണ്ടുവിലില്ലാത്ത ദൂഷണങ്ങള്‍ വിളിച്ചുപറയും. അതുതന്നെ യേശുവില്‍നിന്നും പ്രതിയോഗികള്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, തിരുമുഖത്തുനിന്ന് പുറപ്പെട്ട ആദ്യത്തെ വചനം ആരെയും അമ്പരപ്പിക്കുന്നതായിരുന്നു – ലോകചരിത്രത്തില്‍ ഒരു ക്രൂശിതനും ഒരിക്കലും ഉച്ചരിക്കാത്ത വാചകം.

”പിതാവേ, ഇവരോട് (തന്നെ മര്‍ദ്ദിച്ചവരോട്, ക്രൂശിച്ചവരോട്, പരിഹസിച്ചുകൊണ്ടിരുന്നവരോട്) ക്ഷമിക്കണമേ; ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല” (ലൂക്കാ 24:34). ശത്രുക്കളോട് ക്ഷമിക്കുവാന്‍ പഠിപ്പിച്ചവന്റെ ആത്മാവാണ് സെല്‍മി പോളിലും ആവസിച്ചത് – സാഹോദര്യത്തിന്റെ രാഖികെട്ടി ശത്രുവിനെ ബന്ധത്തിലും അങ്ങനെ ബന്ധനത്തിലുമാക്കാന്‍ അവള്‍ക്ക് പ്രചോദനമായത്. ഇവിടെയാണ് സെല്‍മി പോള്‍ ആകാശംമുട്ടെ ഉയര്‍ന്നുനില്‍ക്കുന്നത്.

ഒരു തെറ്റും ചെയ്യാത്ത തന്റെ സഹോദരിയെ നിര്‍ദയം കുത്തിമലര്‍ത്തിയ ഘാതകനോട് ക്ഷമിക്കുക മാത്രമല്ല, സാഹോദര്യത്തിന്റെ രാഖിയണിയിച്ചതിനും പുറമേ, അയാളുടെ ശിക്ഷ ഇളവു ചെയ്ത് കിട്ടുവാന്‍ കോടതി കയറി വാദിക്കുകകൂടി ചെയ്യുന്നു.  അവളുടെയും കുടുംബത്തിന്റെയും അഭ്യര്‍ത്ഥന കണക്കിലെടുത്ത് കോടതി അയാളുടെ ശിക്ഷ ഇളവു ചെയ്തുകൊടുത്തു.

അത് സമന്ദര്‍സിങ്ങിനെ പുതിയൊരു മനുഷ്യനാക്കി. സമന്ദര്‍സിങ് ജയിലില്‍നിന്ന് പുറത്തിറങ്ങിയത് റാണിയുടെ കുടുംബത്തിലെ അംഗമായിട്ടാണ്. ”ഞാന്‍ പതിവായി റാണിയുടെ ശവകുടീരം സന്ദര്‍ശിക്കുന്നു. അതാണ് എനിക്ക് സമാധാനം പ്രദാനം ചെയ്യുന്നത്” എന്നായിരുന്നു അയാള്‍ പിന്നീട് പ്രതികരിച്ചത്.

ഫാ. ജോസഫ് നെച്ചിക്കാട്ട്‌

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?