Follow Us On

24

May

2019

Friday

കാണ്ടമാല്‍ കലാപത്തെ അതിജീവിച്ച സഹോദരിമാര്‍ നിത്യവ്രതവാഗ്ദാനം സ്വീകരിച്ചു

കാണ്ടമാല്‍ കലാപത്തെ അതിജീവിച്ച  സഹോദരിമാര്‍ നിത്യവ്രതവാഗ്ദാനം സ്വീകരിച്ചു

റെയ്കിയ(ഒഡീഷ): ഒഡീഷയിലെ കാണ്ടമാല്‍ ജില്ലയിലുണ്ടായ കലാപത്തില്‍ കാട്ടില്‍ കഴിയേണ്ടി വന്ന ഒരു കുടുംബത്തിലെ സഹോദരിമാര്‍ നിത്യവ്രതവാഗ്ദാനം സ്വീകരിച്ചു. ഏപ്രില്‍ 27നാണ് സഹോദരിമാരില്‍ ഇളയവളായ മഞ്ജുത പ്രധാന്‍ ഫ്രാന്‍സിസ്‌ക്കന്‍ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് സന്യാസസഭയില്‍ നിത്യവ്രതവാഗ്ദാനം നടത്തിയത്. മൂത്ത സഹോദരി ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റി സന്യാസ സഭയില്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിത്യവ്രതവാഗ്ദാനം നടത്തിയിരുന്നു. കാണ്ടമാല്‍ കലാപത്തില്‍ ഇവരെ വനത്തിലേക്ക് ആട്ടിപ്പായിച്ച അയല്‍ക്കാര്‍ ഉള്‍പ്പെടെ രണ്ടായിരത്തിലധികമാളുകള്‍ സഹോദരിമാരുടെ നിത്യവ്രതവാഗ്ദാനത്തിന്റെ നന്ദി സൂചകമായി അര്‍പ്പിച്ച ദിവ്യബലിയില്‍ പങ്കെടുത്തു.

പുറത്തു നിന്നെത്തിയവര്‍ കുത്തിവച്ച വര്‍ഗീയവിഷത്തിന്റെ പ്രേരണയാലാണ് അന്ന് അങ്ങനെ സംഭവിച്ചതെന്ന് ഇവരെ ഭീഷണിപ്പെടുത്തി നാട്ടില്‍ നിന്നോടിച്ച അയല്‍വാസിയായ പ്രതാപ് പ്രധാന്‍ പറഞ്ഞു. ഭീഷണിക്കോ മരണത്തിനോ ജീവനോ തങ്ങളെ ക്രിസ്തുവിനോടുള്ള സ്‌നേഹത്തില്‍ നിന്ന് വേര്‍പിരിക്കാനാവില്ലെന്ന് സഹോദരിമാര്‍ പറയുന്നു. കലാപകാലഘട്ടത്തില്‍ ഒരാഴ്ച കാട്ടില്‍ കഴിയേണ്ടി വന്ന ഫാ. പ്രബോധ് പ്രധാന്‍ ദിവ്യബലിയില്‍ പ്രസംഗിച്ചു. ദൈവരാജ്യശുശ്രൂഷയ്ക്കായി തന്റെ മക്കളെ വിളിച്ചതില്‍ സഹോദരിമാരുടെ അമ്മയായ സാറാ പ്രധാന്‍ ആഹഌദം പ്രകടിപ്പിച്ചു. അപ്പനായ റാഫേല്‍ പ്രധാനും സഹോദരങ്ങളായ റുദീരോയും രാജനും ബലിയില്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?