Follow Us On

25

August

2019

Sunday

പരസ്പര സ്‌നേഹത്തിന്റെ ചില അളവുകോലുകള്‍

പരസ്പര സ്‌നേഹത്തിന്റെ ചില അളവുകോലുകള്‍

തന്റെ പീഡാസഹനം ആരംഭിക്കുന്നതിന് മുമ്പ് യേശു നമുക്കൊരു പുതിയ പ്രമാണം തന്നു. ആ പുതിയ പ്രമാണം യോഹന്നാന്‍ 13:35-ല്‍ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുവിന്‍. ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിന്‍.
പരസ്പരം സ്‌നേഹിക്കുക എന്നുള്ളതാണ് പുതിയ പ്രമാണം. പഴയ നിയമകാലത്ത് നിലവിലിരുന്ന രീതി ഇതാണ്: കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്. എന്നുവച്ചാല്‍ ഇങ്ങോട്ട് എങ്ങനെ പെരുമാറുന്നുവോ അതുപോലെ അങ്ങോട്ടും പെരുമാറുക.

ഇങ്ങോട്ട് സ്‌നേഹമെങ്കില്‍ അങ്ങോട്ടും സ്‌നേഹം. ഇങ്ങോട്ട് നിസംഗത എങ്കില്‍ അങ്ങോട്ടും നിസംഗത, ഇങ്ങോട്ട് പകയെങ്കില്‍ അങ്ങോട്ടും പക. ഇങ്ങോട്ട് ഉപദ്രവം ചെയ്താല്‍ അങ്ങോട്ടും ഉപദ്രവം. ഇങ്ങോട്ട് സഹായം ചെയ്താല്‍ അങ്ങോട്ടും സഹായം. ഈ പ്രവര്‍ത്തനരീതിയെ തള്ളിക്കൊണ്ടാണ് യേശു പുതിയ പ്രവര്‍ത്തനരീതി നിര്‍ദേശിക്കുന്നത്. യേശു സ്‌നേഹിച്ചത് സ്വയം സഹിച്ചുകൊണ്ടും മരിച്ചുകൊണ്ടുമാണ്. മറ്റുള്ളവരെ സ്‌നേഹിക്കുവാന്‍ നമ്മളും മുറിവേല്‍ക്കേണ്ടിവന്നാല്‍ മുറിവേല്‍ക്കണം. അതായത് മറ്റൊരാള്‍ക്കുവേണ്ടി സഹിക്കേണ്ടി വന്നാല്‍ സഹിക്കണം.

നമ്മള്‍ മറ്റുള്ളവരെ സ്‌നേഹിക്കുന്നുണ്ടോ ഇല്ലയോ എത്രമാത്രം സ്‌നേഹിക്കുന്നുണ്ട്, സ്‌നേഹിക്കുന്നതിന്റെ ഭാഗമായി മുറിവേല്‍ക്കുവാന്‍, സഹിക്കുവാന്‍, വിട്ടുവീഴ്ചകള്‍ ചെയ്യുവാന്‍, സ്വന്തം ഇഷ്ടങ്ങള്‍ ത്യജിക്കുവാന്‍ തയാറുണ്ടോ എന്ന് പരിശോധിച്ചാല്‍ അറിയാം. ഞാന്‍ കണ്ട ഒരു ഉദാഹരണം പറയട്ടെ. ഒരു ധ്യാനത്തിനുപോയപ്പോള്‍ എനിക്ക് താമസം ഒരുക്കിയിരുന്നത് ഒരു വീട്ടിലാണ്. രാവിലെ പ്രഭാതഭക്ഷണം കഴിക്കുകയാണ്. അതുകഴിഞ്ഞ് ഒരുങ്ങി ആ കുടുംബാംഗങ്ങളും ഞാനും ഒന്നിച്ച് ഒരു വണ്ടിയില്‍ ധ്യാനസ്ഥലത്തേക്ക് പോകണം.

കുടുംബനാഥനും ഞാനും ഭക്ഷണത്തിനിരുന്നു. കുടുംബനാഥ ഞങ്ങള്‍ രണ്ടുപേര്‍ക്കും വിളമ്പിത്തന്നു. പക്ഷേ അവര്‍ ഭക്ഷണം എടുത്തില്ല. സംസാരിച്ചുകൊണ്ട് ഞങ്ങളുടെ കൂടെ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് ഭാര്യയുടെ പേര് വിളിച്ച് എന്തെങ്കിലും കഴിക്കാന്‍ പറഞ്ഞു. ഭാര്യ പറഞ്ഞു: ഞാന്‍ ഇന്നു രാവിലെ ഒന്നും കഴിക്കണ്ട എന്ന് വിചാരിച്ചിരിക്കുകയാണ്. അതായത് രാവിലെ ഫാസ്റ്റിങ്ങ്. പലവിധ രോഗങ്ങളുള്ള സ്ത്രീയാണ്. കുറച്ച് കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് വീണ്ടും പറഞ്ഞു: അസുഖമുള്ള ആളല്ലേ; എന്തെങ്കിലും ഇത്തിരി കഴിക്ക്. അപ്പോഴും ഭാര്യ കഴിക്കാന്‍ തയാറായില്ല.

കുറച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹം മൂന്നാമതും പറഞ്ഞു. അപ്പോള്‍ ഫാസ്റ്റിങ്ങ് വേണ്ടെന്നുവച്ച് ആ സ്ത്രീ കുറച്ചു ഭക്ഷണം കഴിച്ചു. ഇവിടെ ഭര്‍ത്താവ് ഭാര്യയെ സ്‌നേഹിക്കുന്നതുകൊണ്ടാണ് മൂന്നാം പ്രാവശ്യവും ഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിച്ചത്. ഈ ഭാര്യ ഭര്‍ത്താവിനെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ഫാസ്റ്റ് ചെയ്യാനുള്ള തീരുമാനം ഉപേക്ഷിച്ച് ഭക്ഷണം കഴിച്ചത്. ഭര്‍ത്താവിനെ സ്‌നേഹിക്കുന്ന ഈ ഭാര്യ, ആ സ്‌നേഹം പ്രകടിപ്പിക്കുവാന്‍വേണ്ടി സ്വയം മുറിവേല്‍ക്കുവാന്‍ തയാറായി. അതായത് ഭക്ഷണം രാവിലെ കഴിക്കേണ്ട എന്ന ആഗ്രഹത്തെ, നിയോഗത്തെ ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ ആഗ്രഹത്തിന് വഴങ്ങി.

വേറൊരു വീട്ടില്‍ ഇതുപോലെ ഭക്ഷണത്തിനിരിക്കുകയാണ്. ആ ഭര്‍ത്താവും ഭാര്യയും തമ്മില്‍ എന്തോ വഴക്ക് ഉണ്ടാക്കിയിരുന്നു. ഭക്ഷണസമയത്ത് ഭര്‍ത്താവ് ഭാര്യയോട് പറഞ്ഞു: വാ, നീയുംകൂടി ഇരിക്ക്. ഭാര്യ ഉടന്‍ പ്രതികരിച്ചു: ഓ, എന്തൊരു സ്‌നേഹം! നിങ്ങളു വേണേല്‍ തിന്നേച്ച് ഏറ്റുപോ. എന്നെ ഊട്ടാന്‍ നോക്കണ്ട. അതോടെ രണ്ടാളും നിശബ്ദരായി. ഇവിടെ ഭര്‍ത്താവ് ഭാര്യയെ ആന്തരികമായി മുറിവേല്‍പിച്ചിരുന്നു എന്നത് വ്യക്തം. ആ അവസരത്തില്‍ മുറിവേറ്റും (ത്യാഗം അഥവാ വിട്ടുവീഴ്ച ചെയ്തും) ഭര്‍ത്താവിനെ സ്‌നേഹിക്കുവാന്‍ ഭാര്യയ്ക്ക് കഴിഞ്ഞില്ല.

യേശു പറഞ്ഞതുപോലെ മുറിവേറ്റുകൊണ്ട്, ത്യാഗം സഹിച്ചുകൊണ്ട് സ്‌നേഹിക്കുന്നതില്‍ നാം ഒത്തിരി വളരേണ്ടിയിരിക്കുന്നു. മനുഷ്യരെ സ്‌നേഹത്തില്‍ ഒന്നിപ്പിക്കുവാനും വളര്‍ത്തുവാനുമുള്ള ശ്രമങ്ങളെക്കാള്‍, ശത്രുക്കള്‍ ആക്കാനും ഭിന്നിപ്പിക്കുവാനും ഉപദ്രവിക്കുവാനും പ്രേരിപ്പിക്കുന്ന വാക്കുകളും പ്രവൃത്തികളുമാണ് ഇന്ന് നാം കൂടുതല്‍ കാണുന്നത്.

പണ്ടൊരു വികാരിയച്ചന്‍ സ്ഥലംമറി പോയ ദിവസം ഇടവകക്കാരില്‍ കുറെപ്പേര്‍ പഴയ ചെരിപ്പുകള്‍കൊണ്ട് വഴിയില്‍ തോരണം കെട്ടിയതായി പറഞ്ഞു കേട്ടിട്ടുണ്ട്. ഒരുപക്ഷേ ആ അച്ചന്‍ ആ ഇടവകക്കാര്‍ പലരെയും മുറിപ്പെടുത്തിയിട്ടുണ്ടാകാം. ഇന്ന് ആളുകള്‍ തിരിച്ച് അച്ചനെ മുറിപ്പെടുത്തുകയാണ്. യേശു സ്‌നേഹിച്ചതുപോലെയും പഠിപ്പിച്ചതുപോലെയും സ്‌നേഹിക്കുവാന്‍ രണ്ടുകൂട്ടരും പരാജയപ്പെട്ടു. ജനങ്ങളില്‍ ചിലരോടുള്ള ദേഷ്യം മുഴുവന്‍ ഞായറാഴ്ചകളിലെ മുനവച്ചുള്ള പ്രസംഗത്തിലൂടെ ചില വൈദികര്‍ പ്രകടിപ്പിക്കാറുണ്ട് എന്ന് പറഞ്ഞുകേള്‍ക്കാറുണ്ട്. ക്രിസ്തു കാണിച്ചതുപോലെയും പഠിപ്പിച്ചതുപോലെയും ഇടവകക്കാരെ സ്‌നേഹിക്കാന്‍ കഴിയാത്തതിന്റെ മറ്റൊരു ഉദാഹരണം.

നമ്മുടെ കുടുംബബന്ധങ്ങള്‍ നല്ലതായി മുന്നോട്ടുപോകണമെങ്കില്‍ കുടുംബാംഗങ്ങള്‍ പരസ്പരം എത്രയെത്ര ത്യാഗങ്ങള്‍ അനുഷ്ഠിക്കേണ്ടിവരും. എല്ലാ കുടുംബാംഗങ്ങളും വിട്ടുവീഴ്ചകള്‍ ചെയ്താല്‍ ആ കുടുംബം സ്വര്‍ഗംപോലെ മനോഹരമാകും. ആളുകള്‍ ഒന്നിച്ചുകൂടുന്നിടത്ത് എത്രയോ പേരുടെ കുറ്റങ്ങള്‍ പറയുന്നു. എത്രയോ പേരെ തരംതാണ രീതിയില്‍ കളിയാക്കുന്നു. യേശു പറഞ്ഞതുപോലെ സ്‌നേഹിക്കുകയാണെങ്കില്‍ ഇങ്ങനെ കുറ്റം പറയാനും കളിയാക്കാനും സാധിക്കുകയില്ല. പൊതുജനത്തിനുവേണ്ടി സേവനം ചെയ്യുന്ന മനുഷ്യര്‍ കുറച്ചുകൂടി സ്‌നേഹവും ത്യാഗമനോഭാവവും കാണിച്ചാല്‍, അവരുടെ സേവനത്തിന്റെ നിലവാരം എത്രമാത്രം കൂടും എന്ന് ധ്യാനിക്കുക.

ഫാ. ജോസഫ് വയലില്‍ CMI

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?